Continue reading “വിശ്വാസികളോട്, ഈ കളിയാക്കല്‍ നിങ്ങള്‍ നിര്‍ത്തുകതന്നെ വേണം”

" /> Continue reading “വിശ്വാസികളോട്, ഈ കളിയാക്കല്‍ നിങ്ങള്‍ നിര്‍ത്തുകതന്നെ വേണം”

"> Continue reading “വിശ്വാസികളോട്, ഈ കളിയാക്കല്‍ നിങ്ങള്‍ നിര്‍ത്തുകതന്നെ വേണം”

">

UPDATES

ഓഫ് ബീറ്റ്

വിശ്വാസികളോട്, ഈ കളിയാക്കല്‍ നിങ്ങള്‍ നിര്‍ത്തുകതന്നെ വേണം

                       

നമ്മുടെ ഭൂമിയിൽ ജീവിക്കുന്ന ചിലരുടെ ചിന്ത മരിച്ചശേഷം എങ്ങനെ സ്വർഗത്തിൽ എത്താമെന്നതാണ്. മരണാനന്തരം ഒരു ജീവിതം ഉണ്ടോന്ന് ചോദിച്ചാൽ അതിന് ആധികാരികമായൊരു ഉത്തരം നൽകാൻ ആർക്കും കഴിയില്ല. തെളിവുകളോടെ സാക്ഷ്യപ്പെടുത്താൻ രണ്ട് വാദങ്ങൾക്കും തെളിവുകളുമില്ല. ഉണ്ടെന്നും ഇല്ലെന്നും വിശ്വാസങ്ങൾ മാത്രം. ഓരോരുത്തർക്കും എന്താണോ ഇഷ്ടം അത് അവർ വിശ്വസിക്കുന്നു. നല്ലത് തന്നെ.

മനുഷ്യനുണ്ടായതിനും ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് മതങ്ങളും ദൈവങ്ങളുമുണ്ടായത്. ഗോത്ര സംസ്കാരത്തിന്റെ ഇരുണ്ട കാലഘട്ടം മുതലെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമാണ് അത്. അതായത് മനുഷ്യൻ ചേരി തിരിയാൻ തുടങ്ങിയ ശേഷമാണ് ഇത്തരം സംസ്കാരങ്ങൾ രൂപം കൊണ്ടത്. മനുഷ്യൻ മതങ്ങൾ സൃഷ്ടിച്ചു, ശേഷം അവയ്ക്ക് ഉതകുന്ന പ്രാർത്ഥനാരീതികളും വിശ്വാസങ്ങളും അവനുണ്ടാക്കി. ദൈവം എന്ന സങ്കല്പത്തിൽ ഞാനും വിശ്വസിക്കുന്നു. എന്നാൽ ഈ പറയുന്നതൊക്കെയാണ് ദൈവം എന്ന വിശ്വാസങ്ങളെ ഞാൻ അംഗീകരിക്കുന്നില്ല. സ്നേഹവും നന്മയും സഹജീവികളോടുള്ള അനുകമ്പയും പ്രകൃതിയോടുള്ള ആദരവുമൊക്കെയാണ് എന്റെ മനസ്സിലെ ദൈവം.

എന്നാൽ വിശ്വാസങ്ങൾ മനുഷ്യരെ തമ്മിലടിപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും. അത്തരത്തിൽ ഒരു അവസ്ഥയെ പറ്റിയാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.

നാളെ (ഓഗസ്റ്റ് 12 ന്) ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര കോഴിക്കോട്ട് നടക്കുന്ന സാഹചര്യത്തിൽ, അതിനെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കിലെ ഒരു ട്രോൾ കൂട്ടായ്മ ഒരു പോസ്റ്റ് ഇട്ടു. എന്നാൽ അതിന് താഴെ വന്ന കമന്റുകൾ ആണ് ഈ ആർട്ടിക്കിൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

അതിലൊന്ന് ഇങ്ങനെ: “സ്വവർഗാനുരാഗം ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരാണ്… ഓർത്തോളൂ, വിശ്വാസങ്ങളെ തൊട്ടു കളിച്ചാൽ നിങ്ങളെ ഞങ്ങൾ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും.” ഈ കമന്റ് വായിച്ചപ്പോൾ, എന്തുകൊണ്ടാണ് അമേരിക്കയിലെ ഒർലാണ്ടോയിൽ സ്വവർഗാനുരാഗികളുടെ നിശാ ക്ലബ്ബിൽ ആക്രമണം നടന്നതെന്നും 49 പേർ വളരെ ദാരുണമായി കൊല്ലപ്പെട്ടതെന്നും വ്യക്തമായി.

മതവിശ്വാസങ്ങൾ മനുഷ്യനെ തമ്മിൽ അകറ്റാനുള്ളതല്ല എന്നും അവ മനുഷ്യനെ യോജിപ്പിക്കാനുള്ളതാണെന്നും ഇവരൊക്കെ എന്നാണ് മനസ്സിലാക്കുക? പരസ്പരം സ്നേഹിക്കുന്നത് തെറ്റല്ല എന്നും സ്നേഹത്തിന് ലിംഗമില്ല എന്നും മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മറ്റൊരാളുടെ കമന്റ് ഇങ്ങനെ: “ലോകം നശിച്ചു തുടങ്ങിയതിന്റെ തെളിവാണിത്…” മനുഷ്യരാശിയുടെ ഉത്പത്തികാലം മുതൽ തന്നെ സ്വവർഗാനുരാഗവും സ്വവർഗാനുരാഗികളും ഉണ്ട്. അതിന് ശേഷമാണ് ഈ പറയുന്ന മതങ്ങളും ദൈവങ്ങളുമുണ്ടായതെന്ന് ഈ മത-അന്ധവിശ്വാസികൾ പലപ്പോഴും മറക്കുന്നു. അല്ലാതെ ഈ അടുത്ത കാലത്തായി പൊട്ടി മുളച്ച ഒന്നല്ല സ്വവർഗാനുരാഗം.

ഇനി മത വിശ്വാസങ്ങളിലേക്ക് വരാം. എല്ലാ മതങ്ങളിലും ഒരേ വിശ്വാസമാണ്, മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണ്. ദൈവം എന്ന സങ്കൽപം മാത്രമാണ് പൂർണത. ദൈവസൃഷ്ടികൾക്കെല്ലാം തന്നെ ഒരു പരിപൂര്‍ണ്ണത ഉണ്ട്. എങ്കിൽ അങ്ങനെയല്ലാതെ ട്രാൻസ്ജെന്ററുകളെ സൃഷ്‌ടിച്ച ദൈവം അവരോട് മാപ്പ് പറയേണ്ടതല്ലേ? പോട്ടെ, അല്ലെങ്കിൽ അങ്ങനെ ദൈവം സൃഷ്ടിച്ചവരെ എന്തുകൊണ്ടാണ് ഈ പറയുന്ന വിശ്വാസികൾ അവരുടെ സമൂഹത്തിൽ അംഗീകരിക്കാത്തത്?

വെറും രണ്ടു പേരുടെ അഭിപ്രായമല്ലേ ഇതെന്ന് ചോദിക്കും മുൻപ്, ഓർക്കുക ഈ രണ്ടുപേർ ഒരു വലിയ സമൂഹത്തിന്റെ പ്രതിനിധികളാണ്. അഭിപ്രായ സ്വാതന്ത്ര്യം എന്നത് വ്യക്തിഹത്യയോ സാമൂഹിക നീതിനിഷേധമോ നടത്താനുള്ള ലൈസൻസ് ആയി ഈ രാജ്യം പ്രഖ്യാപിച്ചിട്ടില്ല.

ഈ വിഷയങ്ങൾ വളരെ ആധികാരികതയോടെ പറയാൻ പൂർണ അവകാശം എനിക്കുണ്ട്. കാരണം ജന്മനാ ജെന്റർ ഐഡന്റിറ്റി ഡിസോർഡർ (GID) എന്ന അവസ്ഥയിൽ ജനിച്ച ഒരാളാണ് ഞാൻ. ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ച് ഞാൻ അറിയുന്നതിനോ ചിന്തിക്കുന്നതിനോ മുൻപുള്ള കാലം മുതൽ തന്നെ, ദൈവസൃഷ്ടിയായ എന്നെ ഈ സമൂഹത്തിലെ വിശ്വാസികൾ കളിയാക്കിയിരുന്നു, അധിക്ഷേപിച്ചിരുന്നു. അന്ന് എന്തുകൊണ്ട് ഞാനും ദൈവസൃഷ്ടിയാണെന്ന് കരുതി എന്നെ അവർ അവരിൽ ഒരാളായി കണ്ടില്ല?

തരത്തിനൊത്ത് എടുത്ത് ഉപയോഗിക്കാവുന്നതും സന്ദർഭത്തിനൊത്ത് മനഃപൂർവം മറക്കാൻ കഴിയുന്ന ഒന്നുമാണ് ഈ പറയുന്ന വിശ്വാസികൾക്ക് അവരുടെ വിശ്വാസങ്ങൾ എന്നത്. ഞങ്ങൾ കപടമായ പുറംമോടിയോടെ ജീവിക്കാതെ, അപമാനവും അവഗണനയും അനുഭവിക്കാൻ തയ്യാറായി തന്നെ, സ്വത്വബോധത്തോടെ കപടതയില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നു. അതിന് ഞങ്ങളെ അനുവദിക്കുക.

കാപട്യമില്ലാതെ പരസ്പരം സ്നേഹിച്ചാൽ സ്വർഗം ഈ ഭൂമിയിൽ തന്നെയെന്ന് ഓർക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

 

സുകന്യ കൃഷ്ണ

സുകന്യ കൃഷ്ണ

എഴുത്തുകാരിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുമാണ് സുകന്യ കൃഷ്ണ

More Posts

Share on

മറ്റുവാര്‍ത്തകള്‍