UPDATES

സിനിമയല്ലിത് ജീവിതം

ചവിട്ടി നിൽക്കുന്ന മണ്ണിനല്ലാതെ മറ്റാർക്കാണ് മനുഷ്യന്റെ ഉള്ള് തൊട്ടറിയാനാവുക

                       

അറ്റം കാണാത്ത തുരുത്തിൽ അകപ്പെട്ടു പോയ മനുഷ്യരുടെയും, അവരുടെ അതിജീവനത്തിന്റെയും കഥ കേട്ടിട്ടുണ്ടോ? ജീവിക്കാനായി മനുഷ്യരോട് തന്നെ  സമരം നടത്തേണ്ടി വരുന്ന അവരെ ഒന്ന് കൂടി ചേർത്ത് പിടിച്ചിട്ടുണ്ടാവുക പ്രകൃതിയും ചുറ്റിനുമുള്ള ജീവ ജാലങ്ങളുമായിരിക്കും. നജീബും ചൂടിയിട്ടുണ്ട് ആ കുട. ഒന്നും രണ്ടും തവണയല്ല, ജീവൻ കൈ പിടിയിൽ നിന്ന് ചോർന്നു പോയെന്ന് തോന്നി തുടങ്ങുന്ന ഓരോ നിമിഷവും, അതിനനുവദിക്കാതെ മാറോടണക്കി പിടിച്ചുകൊണ്ട്. അതിലും ശക്തമായി വീണ്ടും പോരാടാനായി തള്ളി വിട്ടുകൊണ്ട്. നജീബിന്റെ ജീവനും, അതിജീവനത്തിനും കാവൽ നിന്നത് ചുറ്റുമുള്ള മണ്ണും,ഭൂമിയും ജീവജാലങ്ങളുമായിരുന്നു.

ബെന്യാമിന്റെ ആട് ജീവിതം അതെ പേരിൽ സംവിധായകൻ ബ്ലെസ്സി സിനിമയാക്കി തിരശീലയിലെത്തിക്കുമ്പോൾ ആറാട്ടുപുഴക്കാരൻ നജീബിന്റെ അതിജീവനം ഒരുപക്ഷെ കെട്ടുകഥയായി കാണികൾക്ക് തോന്നിയിരിക്കില്ല. അതിജീവനത്തിന്റെ വഴികളിലെ ആളിക്കത്തുന്ന ചൂടത്രയും കാണികളുടെ നെഞ്ചിൽ തങ്ങി നിൽക്കും. പ്രേക്ഷകരെ ആ മരീചികയിലേക്ക് തള്ളി വിടുന്നത് ബ്ലെസ്സിയുടെ കഥ പറച്ചിലിന്റെ രീതി കൊണ്ട് കൂടിയാണ്. പതിനാറ് വർഷം നീണ്ടുനിന്ന ബ്ലെസ്സിയുടെ പരിശ്രമത്തിന്റെ അകെ തുകയാണ് ദി ഗോട്ട് ലൈഫ്. ആടിനെ പോലെ മണക്കുന്ന, ഒച്ചയുണ്ടാകുന്ന, വെള്ളം കുടിക്കുന്ന ചെമ്മരിയാടുകൾക്ക് സമാനമായ രൂപ സാദൃശ്യമുള്ള നജീബിനെ ടൈറ്റിലിൽ കാണിക്കുന്നത് മുതൽ സിനിമ അവസാനിക്കുംവരെ തെളിഞ്ഞുകാണുന്നത് ബ്ലെസ്സിയുടെ സംവിധയക മികവ് കൂടിയാണ്. നജീബിന്റെ ജീവിതം 3 മണിക്കൂറുകൊണ്ട് ആടിത്തീർത്ത എല്ലും തോലുമായി കഥാപാത്രത്തിൽ പരകായ പ്രവേശം നടത്തിയ പൃഥ്വിരാജിന്റെ കലാവൈഭവം കൊണ്ട് കൂടിയാണ്. ഉറ്റവരുടെയും ഉടയവരുടെയും ഓർമകളിൽ ഉരുകി തീരുന്ന നജീബിന്റെ മൂവന്തി നേരം മുതൽ ഒട്ടകത്തിന്റെ അകക്കണ്ണിലൂടെ വരെ ആ ദിവസങ്ങൾ ഒപ്പിയെടുത്ത ഛായാഗ്രാഹകന്റെ മികവ് കൊണ്ട് കൂടിയാണ്. പശ്ചാത്തല സംഗീതം മുതൽ കലാസംവിധാസനം, എഡിറ്റിംഗ് തുടങ്ങി എണ്ണി തിട്ടപ്പെടുത്തിയാൽ ആട് ജീവിതം സിനിമയാക്കാൻ ചുക്കാൻ പിടിച്ച അണിയറപ്രവർത്തകരുടെയും കഠിനാധ്വാനം കൊണ്ട് കൂടിയാണ്.

ഉള്ളതെല്ലാം വിറ്റുപെറുക്കി ജീവിതം പച്ചപിടിപ്പിക്കാൻ നജീബ് മരുഭൂമിയിലേക്ക്  ഇറങ്ങി പുറപ്പിടുന്ന ദിവസം റെയിൽവെ സ്റ്റേഷനിൽ ഉടല് വിറപ്പിക്കുന്ന മഴയായിരുന്നു. നജീബിന്റെ ഭാര്യ സൈനുവിനത് ഇനിയുള്ള കാത്തിരിപ്പിന്റെ നനവായിരുന്നെങ്കിൽ, നജീബിനത്  കനൽ പോലെ ചുട്ടു പഴുത്ത വേനലിനു മുമ്പുള്ള ഓർമ്മകളുടെ മഴയായിരുന്നു. കേട്ട് പരിചയിച്ച ആട് ജീവിതത്തിനെ തിരശീലയിൽ പുതുമയുള്ള സിനിമാനുഭവമായി തീർക്കുന്നത് ഈ വിധമുള്ള ബ്ലെസ്സിയുടെ സൂക്ഷ്മനിരീക്ഷണം കൂടിയാണ്.

പിന്നീടങ്ങോട്ട് അയാൾക്ക് ചുറ്റിനും കാവലായി അയാളറിയാതെ പ്രകൃതി അയാളെ പിന്തുടരുന്നുണ്ട്. മരുഭൂമിക്ക് നടുവിലുള്ള ഒരു അറബാബിന്റെ കന്നുകാലി തൊഴുത്തിലെ പ്രായമായ ജോലിക്കാരന്റെ അവസാന ദിനങ്ങൾ എണ്ണപെട്ട് തുടങ്ങിയിരുന്നു. അയാളേക്കാൾ കാര്യക്ഷമനായ പുതിയ പണിക്കാരനെയും തേടിയിറങ്ങിയ അറബാബിനു മുന്നിലാണ് ബോംബയിൽ നിന്ന് വിമാനമിറങ്ങിയ നജീബും ഹക്കീമും ഭാഷയറിയാതെ ചെന്ന് പെടുന്നത്. ഭയം ഭാഷ മുതൽ നജീബിന്റേയും ഹക്കീമിന്റെയും എല്ലാവിധ നിസ്സഹായവസ്ഥകളും ചൂഷണം ചെയ്ത അറബാബ് അവരെ എത്തിക്കുന്നത് അവർ കേട്ടറിഞ്ഞ പ്രവാസ ലോകത്തിലേക്കായിരുന്നില്ല. ആരും സഹായത്തിനില്ലാത്ത, തന്നെ കേൾക്കാൻ ആളില്ലാത്ത, ഭക്ഷണമില്ലാത്ത, ദയയുടെ കണിമ്പ് പോലുമില്ലാത്ത, മറ്റൊരു ലോകം.

വലിച്ചു നീട്ടലില്ലാതെ തന്മയത്വത്തോടെ സിനിമയുടെ ആദ്യ പകുതിയിലേക്ക് പ്രേക്ഷകർ ഇറങ്ങി ചെല്ലുന്ന മുഹൂർത്തങ്ങൾ. മരുഭൂമിയിലെ മരുപ്പച്ചകൾ നജീബിനെ സംബന്ധിച്ച് നാട്ടിലെ ഓർമ്മകളാണ്. സൈനുവുമൊത്തു നെയ്തു കൂട്ടിയ ജീവിത സ്വപ്നങ്ങളും, ഉമ്മയുടെ കരുതലും നിറഞ്ഞ സ്നേഹവും അയാൾ കടകണ്ണിൽ അനുഭവിച്ചറിയുന്നത് ആ ഓർമ്മകളിലൂടയും, വീട്ടിൽ നിന്ന് തന്നയച്ച അച്ചാറ് കുപ്പിയിലെ അവസാന തുള്ളി
രുചിയിലൂടെയുമായിരുന്നു. വെള്ളത്തിലൂടെയും തേങ്ങാ പൂള് പോലെയുള്ള ചന്ദ്രനിലൂടെയും, പുഴവക്കിലുള്ള വീടും, ഭാര്യയും, ഉമ്മയും അയാളുടെ അകക്കണ്ണിൽ തെളിയുമ്പോൾ ആ വ്യഥകളത്രയും നോവ് ചോരാതെ ഒപ്പിയെടുക്കാൻ സിനിമക്കായിട്ടുണ്ട്.

അറബാബിന്റെ കന്നുകാലിത്തൊഴുത്തിലെ മുഴുവൻ ജോലിയും ഒറ്റക്ക് ഏറ്റെടുക്കേണ്ടി വരുന്ന നജീബ്. അനുകമ്പയോടെ ഒരിറ്റു കണികയില്ലാതെ മനുഷ്യൻ സഹജീവിയോട് തന്നെ അതിക്രൂരമായി മാറുന്ന നേരമത്രയും നജീബിനെ മനോഹരമായി മനസിലാക്കുന്നതും അയാളോട് സംവദിക്കുന്നതും അയാൾക്ക് ചുറ്റുമുള്ള മൃഗങ്ങളായിരുന്നു. തനിക്ക് നേരെ ആള് മാറി വീശിയെറിയപ്പെട്ട വിധിയുടെ ചുഴലികാറ്റിൽ വഴങ്ങി ജീവിക്കാനൊരുങ്ങുമ്പോഴും നജീബിനെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതും രക്ഷപ്പെടാനുള്ള തീ എറിഞ്ഞു നൽകുന്നതും ഇതേ ജീവജാലങ്ങൾ തന്നെയാണ്. കൂടുതൽ വിവരണങ്ങൾ കഥയുടെ രസച്ചരട് മുറിക്കുമെന്നതിനാൽ ഇവിടെ ചേർക്കുന്നില്ല. ” ഇതിനുളളിൽ ഒരിക്കൽ അകപ്പെട്ടാൽ പുറത്തുകടക്കാനാവില്ലെന്ന” വയോധികനായ ജോലിക്കാരന്റെ വാക്കുകൾ തീർത്ത നിരാശയിൽ ജീവിതം തള്ളിനീക്കിയിരുന്ന നജീബിൽ അതിജീവനത്തിന്റെ ആശ പകരുന്നത് ഒരു മഴയാണ്.

ആ മഴയിലാണ് അയാൾ തന്റെ സുഹൃത്ത് ഹക്കീമിനെ വീണ്ടും കാണുന്നതും രക്ഷപ്പടാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിക്കുന്നതും. ഏറ്റവുമൊടുവിൽ ആ ശ്രമങ്ങൾ വിജയിക്കുക തന്നെ ചെയ്യും. മനുഷ്യന് സഹജീവികളെ തള്ളിക്കളയാനായാലും ആവാസവ്യവസ്ഥയെ ചുറ്റി പിടിച്ചുനിൽക്കുന്ന പ്രകൃതിയ്ക്കും ജീവ ജാലങ്ങൾക്കുമെങ്ങനെയാണ് തങ്ങളിലൊരാളെ വിധിക്ക് വിട്ടു കൊടുക്കാനാവുക ? വരണ്ട ഉഷ്‌ണകാറ്റിൽ അതിനേക്കാൾ വരണ്ട മനസ്സുമായി നജീബും സുഹൃത്തുക്കളും ജീവിതം തിരികെ പിടിക്കാൻ  യാത്ര തിരിക്കുന്നു. ഈ യാത്രയുടെ ഭീകരതയും, ആശങ്കയും,പ്രതീക്ഷകളുടെ  കനലും  പേറിയാണ് പ്രേക്ഷകർ ആ മണലാരണ്യത്തിലൂടെ ചവിട്ടി നടക്കുക. വഴിയിൽ മൃതപ്രായരാകുന്ന തന്റെ സുഹൃത്തുക്കളെ ഇബ്രാഹിം കാദിരി ഗുണപ്പെടുത്താൻ ശ്രമിക്കുന്നതും മണലുകൊണ്ടാണ്. ചവിട്ടി നിൽക്കുന്ന മണ്ണിനല്ലാതെ മറ്റാർക്കാണ് മനുഷ്യന്റെ ഉള്ള് തൊട്ടറിയാനാവുക.

സുഹൃത്തുക്കൾ വേണ്ടി തനിക്കാവുന്ന പോൽ വസ്ത്രം കൊണ്ട് തണൽ ഒരുക്കി നൽകുന്ന, ഊർജം പകുത്തെടുത്തു നൽകുന്ന ജിമ്മി ജീൻ ലൂയിസിന്റെ കാദിരി എന്ന കഥാപാത്രം സിനിമക്ക് ശേഷവും ഉള്ളിൽ നിറഞ്ഞു നിൽക്കും. ആട് ജീവിതം ഒരു മികച്ച സിനിമാനുഭവം കൂടിയാവുന്നത് കഥയ്ക്കപ്പുറം പ്രേക്ഷകരെ പിടിച്ചു നിർത്തുന്ന പശ്ചാത്തലസംഗീതവും, മരുഭൂമിയുടെ വന്യതയും, കേരളത്തിന്റെ തനതു സൗന്ദര്യവും ഇടകലർത്തി മനോഹരമായി പകർത്തിയെടുത്ത വിഷ്വൽസും കൂടി ചേരുമ്പോഴാണ്. മേക്കിങ് കൊണ്ടും, പ്രമേയം കൊണ്ടും അതിരുകളില്ലാത്ത വാനം വെട്ടുകയാണ് മലയാള സിനിമയെന്ന് പ്രേക്ഷകർക്ക് ഒരിക്കൽ കൂടി ഉറപ്പിച്ചു പറയാൻ സാധിക്കും.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍