UPDATES

ട്രെന്‍ഡിങ്ങ്

അവര്‍ നുണയും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിക്കും, നിങ്ങളെ ദേശദ്രോഹിയാക്കും; നാം അപകടത്തിലാണ്

എതിരഭിപ്രായം നടത്തിയ വിദ്യാർത്ഥികളെ അധിക്ഷേപിക്കാനും രാജ്യദോഹി എന്ന് മുദ്ര കുത്താനും കേന്ദമന്ത്രിമാരും ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും തയ്യാറാവുന്നു എന്നത് ഒരേസമയം ലജ്ജിപ്പിക്കുകയും ഭീതി ഉളവാക്കുകയും ചെയ്യുന്നു

ചിന്ത ടി.കെ

ചിന്ത ടി.കെ

                       

അധികാരസ്ഥാപനങ്ങൾ തെറ്റായ തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങൾ ശരിയെ തേടുകയാണെങ്കിൽ ഓർത്തോളൂ, നിങ്ങൾ അപകടത്തിലാണ്‘, ഫ്രഞ്ച് ചിന്തകൻ വോൾട്ടയറിന്റെ ഈ വാക്കുകളുടെ പ്രസക്തിയാണ് ഗുർമെഹർ കൗർ എന്ന ഡല്‍ഹി സർവകലശാല വിദ്യാർത്ഥിനി നമ്മെ ഓർമ്മപ്പെടുത്തുന്നത്. കപട ദേശീയതാവാദവും പൊള്ളയായ ദേശഭക്തിയും അധികാരകേന്ദ്രങ്ങളുടെ നിലനിൽപ്പിനായി പ്രചോദിപ്പിക്കപ്പെടുമ്പോൾ അതിനെതിരായ ശബ്ദങ്ങളെല്ലാം വ്യാജപ്രചാരണങ്ങളാലും നിയമസംവിധാനങ്ങളുടെ ദുരുപയോഗത്താലും ഉരുക്കു മുഷ്ടിയാലും അമർച്ച ചെയ്യപ്പെടുമ്പോൾ അതിനെതിരെ പൊരുതാൻ അസാമാന്യമായ ധൈര്യവും കരുത്തും വേണം.

ആ ധൈര്യം പ്രകടിപ്പിച്ചതിന് ഗുർമെഹറിനു നേരിടേണ്ടി വന്ന ആക്രമണം എത്രമാത്രം അരക്ഷിതമായ, അപകടകരമായ നാളുകളിലൂടെയാണ് രാജ്യം കടന്നു പോകുന്നത് എന്നതിന്റെ വ്യക്തമായ നേർചിത്രമാണ്. ഡല്‍ഹി സർവ്വകലാശാലയിൽ നടന്നു കൊണ്ടിരിക്കുന്ന അത്യന്തം ഗുരുതരമായ സംഭവവികാസങ്ങൾ ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനവും ജനാധിപത്യത്തിന്റെ സാങ്കേതിക പിഴവുകൾ കൊണ്ട് മാത്രം അധികാരത്തിലെത്തിയ ഒരു സർക്കാരിന്റെ നിയമത്തോടും നീതിയോടുമുള്ള നിഷേധാത്മകസമീപനവുമാണ് വെളിവാക്കുന്നത്.

ജെഎന്‍യു വിദ്യാർത്ഥിയായ ഉമർ ഖാലിദ് പങ്കെടുക്കുന്നു എന്ന ഒറ്റകാരണത്താൽ ഡല്‍ഹി സർവകലാശാലയിലെ രാംജാസ് കോളേജിൽ നടക്കാനിരുന്ന സെമിനാർ റദ്ദാക്കണം എന്ന് സംഘപരിവാർ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത് (എബിവിപി) ആവശ്യം ഉന്നയിക്കുന്നതിലൂടെയാണ് പ്രശനങ്ങളുടെ തുടക്കം. സമാധാനമായി സെമിനാർ നടക്കണം എന്നുള്ള ആഗ്രഹത്താലാവും കോളേജ് അധികൃതർ ഉമര്‍ ഖാലിദിനെ ഒഴിവാക്കി സെമിനാർ ആരംഭിച്ചു. പക്ഷെ സെമിനാർ ഹാളിലേക്ക് കല്ലേറും അസഭ്യവുമായി എബിവിപി തങ്ങളുടെ മുഷ്ക്കും കയ്യൂക്കും പ്രകടമാക്കുകയായിരുന്നു.

ആശയങ്ങളെ ആശയം കൊണ്ട് നേരിടുന്നതിന് പകരം എതിർശബ്ദം ഉയർത്തുന്നവരെ മുഴുവൻ രാജ്യദ്രോഹികളായും പാകിസ്ഥാൻ ചാരന്മാരായും മുദ്രകുത്തി അവർക്കെതിരെ പൊതുജന വികാരം ഉണർത്തുകയും അതുവഴി തങ്ങൾ മാത്രമാണ് ഇന്ത്യയുടെ രക്ഷകർ എന്ന് വരുത്തിത്തീർക്കാനുമുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും ഗൂഢതന്ത്രം അവർ ഇവിടെയും നടപ്പാക്കുന്നു എന്നതാണ് സത്യം. ആശയങ്ങൾക്ക് പകരം വ്യക്തികളെ ശത്രുക്കൾ ആക്കുന്നവർക്ക് ശാരീരീരികമായി അവരെ ആക്രമിക്കുന്നതിനെക്കുറിച്ചു മാത്രമേ ചിന്തിക്കാനാവൂ. ബൗദ്ധികമായി ആശയപ്രകാശനം നടത്താൻ സാധിക്കാത്ത നേതാക്കൾ വിദ്യാർത്ഥി സമൂഹത്തെ വികാരപരമായി നയിക്കുകയാണവിടെ ചെയ്തത്.

ഈ കയ്യേറ്റത്തെയും അക്രമത്തെയും ചോദ്യം ചെയ്ത വിദ്യാർത്ഥികളെയും അധ്യാപകരെയും വീണ്ടും ആക്രമിക്കുകയായിരുന്നു അടുത്ത ദിവസം എബിവിപ്പിക്കാർ. അധ്യാപകനായ പ്രശാന്താ ചക്രവർത്തിയ്ക്കു അതിക്രൂരമായ മർദ്ദനവും ഏൽക്കേണ്ടി വന്നു. ഈ വിദ്യാർത്ഥി സംഘടന അഖില ഭാരതീയ വിധ്വംസക പരിഷത്ത് എന്ന് പേര് മാറ്റുന്നതാവും അവരുടെ പ്രവർത്തികളെ സാധൂകരിക്കാൻ നല്ലത്.

ഇത്രയേറെ അതിക്രമങ്ങൾ നടന്നിട്ടും ഒരു കേസ് രജിസ്റ്റർ ചെയ്യാൻ പോലും ഡല്‍ഹി പോലീസ് തയ്യാറായില്ല എന്നുള്ളതു മാത്രമല്ല, ഈ ആവശ്യം ഉന്നയിച്ച് ധർണ നടത്തിയ വിദ്യാർത്ഥികളെ അതിക്രൂരമാം വിധം ശാരീരികമായി നേരിടുകയും ചെയ്തു എന്നിടത്താണ് പ്രശ്നത്തിന്റെ കാതൽ. നിയമവും നീതിയും ഭരിക്കുന്നവരുടെ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കപ്പെടുമ്പോൾ എവിടെയാണ് പ്രതീക്ഷ? ആരോടാണ് പരാതി പറയുക?

എതിരഭിപ്രായം നടത്തിയ വിദ്യാർത്ഥികളെ അധിക്ഷേപിക്കാനും രാജ്യദോഹി എന്ന് മുദ്ര കുത്താനും കേന്ദമന്ത്രിമാരും ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും തയ്യാറാവുന്നു എന്നത് ഒരേസമയം ലജ്ജിപ്പിക്കുകയും ഭീതി ഉളവാക്കുകയും ചെയ്യുന്നു. ഡൽഹി സർവകലശാല അധ്യാപകനായ എൻപി ആഷ്‌ലി പറയുന്നത് ജെഎന്‍യുവിൽ സംഭവിച്ചതിനെക്കാളേറെ ഭയാനകമാണ് ഡി.യുവിലെ സംഭവവികാസങ്ങൾ എന്നാണ്. കാരണം ജെഎന്‍യു എന്നത് ഒരു ഭൂമിശാസ്ത്രപരമായി കൃത്യമായി അതിരുകളുള്ള ഒരു ക്യാമ്പസ് ആണ്. അവിടെ ആക്രമണകാരികളെ കാണാനും തിരിച്ചറിയാനും പ്രതിരോധം ചമയ്ക്കാനും സാധിക്കുന്നു. പക്ഷേ ഡല്‍ഹി സർവകലാശാല എന്നത് ഡല്‍ഹിയിലെ പൊതുവിടങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ശൃംഖലയാണ്. അതിനെ ആക്രമിക്കുന്നവരുടെ കൂട്ടം മുഖമില്ലാത്ത ആൾക്കൂട്ടത്തിന്റേതാണ്. എവിടെനിന്നും എപ്പോൾ വേണമെങ്കിലും ചാടിവീഴാവുന്ന, എങ്ങോട്ടു വേണമെങ്കിലും ഒളിക്കാൻ സാധിക്കുന്ന ആക്രമണകാരികളെയാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരിക. അത്തരം ആക്രമണകാരികൾക്കു നിയമപാലകരുടെ പിന്തുണ കൂടി ഉണ്ടാവുന്നതിനപ്പുറം ഭയാനകമായ ഒരവസ്ഥ മറ്റെന്താണ്?

ഉന്നതവിദ്യാഭ്യാസ രംഗത്ത് തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനായി സർവകലാശാലകളുടെ നിയന്ത്രണം തങ്ങളുടെ അധീനതയിൽ ആക്കുവാനും അതുവഴി യുവാക്കളുടെ ചിന്താഗതിയെയും ആശയവിനിമയത്തേയും സ്വാധീനിക്കുവാനുമുള്ള സംഘപരിവാർ പ്രഭൃതികളുടെ ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. നരേന്ദ്ര മോദി സർക്കാരിന്റെ പിന്തുണ കൂടിയായപ്പോൾ കാര്യങ്ങൾ അവർക്കു കുറേക്കൂടി എളുപ്പമാകുന്നു. ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇവയൊന്നും തന്നെ. വ്യക്തമായ ആലോചനയും പദ്ധതിയും ഈ പ്രവർത്തനങ്ങളുടെ പിന്നിലുണ്ട്.

ഒപ്പം, പൊള്ളയായ പൊതുബോധ സിദ്ധാന്തങ്ങളെ ഇവർ വളരെ കൃത്യമായി ഉപയോഗിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാരാമാധ്യമങ്ങളിലും നിരന്തരമായി ജെഎന്‍യു സർവ്വകലാശാലയ്ക്കും അവിടുത്തെ അധ്യാപക, വിദ്യാർത്ഥി സമൂഹത്തിനുമെതിരായി നടത്തിയ, ഇപ്പോഴും തുടരുന്ന പ്രചാരണങ്ങൾ, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ദളിത് വിരുദ്ധതയ്‌ക്കെതിരായി പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവങ്ങൾ, മോദിയെ വിമർശിക്കുന്നു എന്നതിനാൽ മാത്രം ഡല്‍ഹി സർവകലശാല അധ്യാപിക നന്ദിനി സുന്ദറിനെയും ജെഎന്‍യു അദ്ധ്യാപിക അർച്ചന പ്രസാദിനെയും കള്ളക്കേസിൽ കുടുക്കിയത്, ദേശീയതയെപ്പറ്റി സ്വതന്ത്രമായി അഭിപ്രായം പറയുന്ന, ഹിന്ദു വർഗീയതയ്‌ക്കെതിരെ സംസാരിക്കുന്ന, സംഘാപരിവാറിനാല്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട ജെഎന്‍യു പ്രൊഫസർ നിവേദിത മേനോനെ സെമിനാറിനായി ക്ഷണിച്ചു എന്ന കാരണത്താൽ ജോധ്പുർ യൂണിവേഴ്സിറ്റി അദ്ധ്യാപിക രാജശ്രീ റണൗത് സസ്‌പെൻഡ് ചെയ്യപ്പെട്ട സംഭവം തുടങ്ങിയവയെല്ലാം തന്നെ ഹിന്ദു വർഗീയ ശക്തികൾ എത്രമാത്രം വ്യാപകമായാണ് തങ്ങളുടെ സ്വാധീന ശക്തിയും അധികാരവും ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്.

കാശ്മീരിനു വേണ്ടി സംസാരിച്ചു എന്നതു കൊണ്ടും മുസ്ലിം ആണ് എന്നത് കൊണ്ടും മാത്രം രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടവരാണ് ഉമർ ഖാലിദും ഷെഹ്ല റഷീദും. ബ്രാഹ്മണീയ അധീശത്വത്തിനെതിരെ ശബ്ദമുയർത്തിയത് കൊണ്ട് മാത്രം ജീവിതം അവസാനിപ്പിക്കേണ്ടി വന്നു രോഹിത് വെമുലയ്ക്ക്. സംഘപരിവാറിനെതിരെ ശബ്ദമുയർത്തിയതിനാൽ ശാരീരീരികാക്രമണവും രാജ്യദ്രോഹകുറ്റവും നേരിട്ടയാളാണ് കനയ്യ കുമാര്‍.

നമ്മുടെ യുവജനങ്ങളിൽ അരാഷ്ട്രീയതയും ഉപഭോഗസംസ്കാരവും പിടിമുറുക്കുന്നു എന്നാശങ്കപ്പെടുമ്പോൾ നമ്മൾ കാണേണ്ടത് ഇവരെയാണ്. ചെന്നൈ ഐഐടിയിലും ജാദവ്‌പ്പൂർ സർവ്വ കലാശാലയിലുമൊക്കെ ചിന്തിക്കുന്ന, പ്രതികരിക്കുന്ന യുവതയുണ്ട്. പ്രതികരിക്കുന്ന വിദ്യാര്‍ഥിനി, വിദ്യാർത്ഥികളെ ലൈംഗികമായി അധിക്ഷേപിക്കാനും രാജ്യദ്രോഹികളായി മുദ്രകുത്താനുമൊക്കെയുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കുത്തിവയ്ക്കപ്പെടുന്ന വ്യാജപൊതുബോധധാരണകളെ നിരാകരിക്കാനും തള്ളിക്കളയാനുമുള്ള ഇവരുടെ ശ്രമങ്ങൾക്ക് നിരുപാധികമായ പിന്തുണയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും നൽകേണ്ടത്. രാജ്യസ്നേഹത്തിന്റെയും ദേശീയതയുടേയും കുത്തകാവകാശം സ്വയം ഏറ്റെടുത്ത്‌ തങ്ങളെ ആശയപരമായി എതിർക്കുന്നവരെ നുണയുടെയും അർദ്ധസത്യങ്ങളുടെയും പ്രചാരണത്തിലൂടെ ഒറ്റപ്പെടുത്താനുള്ള എബിവിപി യുടെ അപ്രഖ്യാപിതശ്രമങ്ങൾക്ക് സേവ് ഡൽഹി യൂണിവേഴ്സിറ്റി മാർച്ചിലൂടെ ചിന്തിക്കുന്ന വിദ്യാർഥിസമൂഹം പ്രതിരോധം തീർക്കുമ്പോൾ നമ്മൾ അടങ്ങിയിരുന്നു കൂടാ.

(കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയാണ് ചിന്ത)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ചിന്ത ടി.കെ

ചിന്ത ടി.കെ

കെ.എസ്.ഇ.ബിയില്‍ ഉദ്യോഗസ്ഥയാണ് ചിന്ത

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍