UPDATES

മരണത്തിലേക്ക് എന്നറിയാതെ അവര്‍ ശാന്തരായിരുന്നു…

രഹസ്യമായി പകര്‍ത്തിയ ഈ ഫോട്ടോകള്‍ ഹോളോകോസ്റ്റിന്റെ ആദ്യ തെളിവുകളാണ്

                       

ആകസ്മികമായി കണ്ടെത്തിയ ചില ഫോട്ടോഗ്രാഫുകള്‍ ചരിത്രത്തിലെ ഏറ്റവും ഹീനമായ മനുഷ്യക്രൂരതയുടെ ഓര്‍മകളെ വിളിച്ചുണര്‍ത്തുകയാണ്. രണ്ടാംലോക മഹായുദ്ധത്തിന്റെ മധ്യത്തില്‍ ജര്‍മനിയില്‍ നിന്നും വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായ ജൂത കുടുംബങ്ങളാണ് ചിത്രങ്ങളിലുള്ളത്. ഒരു അമേച്വര്‍ ഫോട്ടോഗ്രഫര്‍ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ഹോളോകോസ്റ്റ് ഉയര്‍ത്തിയ കോളിളക്കത്തിന്റെയും ഭീകരതയുടെയും ശ്രദ്ധേയമായ പുതിയ തെളിവുകളായാണ് ലോകം വീക്ഷിക്കുന്നത്. അപകട സാധ്യത മനസിലാക്കി കൊണ്ടു തന്നെയാണ് ആ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍ തയ്യാറായതെന്നു ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തതായി കരുതപ്പെടുന്ന ഈ ഫോട്ടോകള്‍ അന്താരാഷ്ട്ര ഹോളോകോസ്റ്റ് റിമംബറന്‍സ് ഡേ-യോട് അനുബന്ധിച്ചാണ് ആദ്യമായി പുറത്തു വിടുന്നത്.

നിലവില്‍ പോളണ്ടിലെ വ്രോക്ലാവിലുള്ള സൈലേഷ്യന്‍ നഗരമായ ബ്രെസ്‌ലോവിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു റെസ്റ്റോറന്റിന് പുറത്ത് കൂട്ടംകൂടി നില്‍ക്കുന്ന ജൂതരാണ് ചിത്രങ്ങളിലുള്ളത്. ആണും പെണ്ണും കുട്ടികളുമെല്ലാം അടങ്ങിയ ജൂതരെയെല്ലാം അവിടെ നിന്നും ട്രെയിനില്‍ കയറ്റി നാടുകടത്തുന്നതിനു മുമ്പായി കുറച്ചു ദിവസം ഇവിടെ തടവിലാക്കിയിരുന്നുവെന്നാണ് ഈ ഫോട്ടോഗ്രാഫുകള്‍ തെളിയിക്കുന്നത്. ഈയാളുകളില്‍ ഭൂരിഭാഗത്തെയും ലിത്വാനയില്‍ വച്ച് വെടിവച്ചു കൊന്നതായി രേഖകളുണ്ട്. ബാക്കിയുള്ളവര്‍ പിന്നീട് പോളണ്ടില്‍ വച്ചും കൊല്ലപ്പെട്ടു.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഫോട്ടോഗ്രാഫുകളിലുള്ളവരെ കണ്ടെത്താന്‍ ഹോളോകോസ്റ്റിനെ അതിജീവിച്ചവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരോ അതല്ലെങ്കില്‍ അവരുടെ പുതിയ തലമുറയില്‍പ്പെട്ടവരോ സഹായിക്കാമെന്നാണ് ജര്‍മന്‍ ചരിത്രകാരനായ സ്റ്റീഫന്‍ ഹെയ്ഡ്രിച്ച് ഒബ്‌സര്‍വറിനോട് പറഞ്ഞത്. ഫോട്ടോയിലുള്ള ചിലരെ ഇതിനകം തിരിച്ചറിയുകയും അവരെല്ലാം മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഫോട്ടോയിലുള്ളവര്‍ എല്ലാവരും തികച്ചും ശാന്തമായ ഭാവത്തിലാണ്, അതിനര്‍ത്ഥം അവര്‍ക്കാര്‍ക്കും തങ്ങള്‍ കൊല്ലപ്പെടാന്‍ പോവുകയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഫോട്ടോഗ്രാഫുകള്‍ പരിശോധിച്ചശേഷം ഹെയ്ഡ്രിച്ച് നിരീക്ഷിച്ചത്. ജൂതരെ സ്വന്തം നാട്ടില്‍ നിന്നും ആട്ടിയോടിക്കുന്നതിന്റെ തുടക്കകാലമായിരിക്കണമതെന്നും അതിനാലാണ് അവരുടെ മുഖത്ത് എന്താണു തങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള ആശങ്കകളൊന്നും ഇല്ലാതെ പോയതെന്നുമാണ് ഹെയ്ഡ്രിച്ച് പറയുന്നത്. അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് പ്രസ്തുത ചിത്രങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്. ജര്‍മ്മന്‍ ഗവേഷണ പ്രോജക്റ്റ് ആയ #LastSeen അതിന്റെ വെബ്സൈറ്റില്‍ ഈ ചിത്രങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ചിത്രങ്ങളില്‍ കാണുന്നതിലാരെയെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നവരുണ്ടെങ്കില്‍ പ്രൊജക്ടുമായി ബന്ധപ്പവരെ ഇമെയ്ല്‍ വഴി ബന്ധപ്പെടണമെന്നും സ്റ്റീഫന്‍ ഹെയ്ഡ്രിച്ച് അറിയിച്ചിട്ടുണ്ട്. ബെര്‍ലിനിലെ ഫ്രിയെ സര്‍വകലാശാലയ്ക്ക് കീഴിലാണ് ഈ ജര്‍മന്‍ പ്രൊജക്ട് നടക്കുന്നത്. ഇവരുടെ ലൈബ്രറിയില്‍ നാസികള്‍ നടത്തിയ കുടിയൊഴിപ്പിക്കലുകള്‍ രേഖപ്പെടുത്തിയ ഫോട്ടോകളുടെ ഒരു ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.

ബ്രസ്‌ലോവില്‍ നിന്നുള്ള പന്ത്രണ്ട് ചിത്രങ്ങളും 1941 നവംബറില്‍ പകര്‍ത്തിയതാണ്. കൂട്ടത്തിലുള്ള മറ്റു ചിത്രം 1942 ഏപ്രിലില്‍ പകര്‍ത്തിയതായും കരുതുന്നു. നാടുകടത്താന്‍ കൊണ്ടുവന്നിരിക്കുന്നവരുടെയെല്ലാം കൈകളില്‍ നിരവധി ലഗേജുകളും സ്യൂട്ട്‌കേസുകളുമൊക്കെ കാണാം, ഇവരെ നിരീക്ഷിച്ചുകൊണ്ട് ആയുധധാരികളായ ഗസ്റ്റപ്പോ രഹസ്യ പോലീസുകാരെയും ചിത്രങ്ങളില്‍ കാണാം.

ആ ചിത്രങ്ങള്‍ ആദ്യം കൈയിലെടുത്തപ്പോള്‍ ശരീരത്തില്‍ വൈദ്യുതിപ്രവാഹം ഉണ്ടായതുപോലെ അനുഭവപ്പെട്ടെന്നാണ് ഹെയ്ഡ്രിച്ച് പറയുന്നത്. ‘ അവ നാടുകടത്തലിന്റെ ദൃശ്യങ്ങളാണെന്ന് വ്യക്തമായിരുന്നു. ചിത്രത്തില്‍ കാണുന്ന റെസ്റ്ററൊന്റിന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ആ സ്ഥലം ഞാന്‍ സ്ഥിരീകരിച്ചു. മറ്റ് ഫോട്ടോകള്‍ മിക്കതും വളരെ മോശം അവസ്ഥയിലുള്ളതായിരുന്നു. ആ ചിത്രങ്ങളില്‍ കാണാനായത്, കിഴക്കന്‍ ജര്‍മനയിലെ ജൂത ജീവിതങ്ങളോ അതല്ലെങ്കില്‍ ഹോളോകോസ്റ്റിനു മുമ്പുള്ള ഡ്രെസ്‌ഡെനിലെ ജൂത ജീവിതങ്ങളോ ആയിരുന്നു, അതുകൊണ്ട് തന്നെ ഇത്തരമൊരു നാടുകടത്തല്‍ ദൃശ്യങ്ങള്‍ കാണാനായത് വളരെ അപ്രതീക്ഷീതമായിരുന്നു”-ഹെയ്ഡ്രിച്ച് ചൂണ്ടിക്കാണിക്കുന്നു.

ആര്‍കിടെക്റ്റ് ആയ ആല്‍ബര്‍ട്ട് ഹഡ്ഡയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് കരുതുന്നു. അദ്ദേഹം രഹസ്യമായി ചുമരുകള്‍ക്ക് മറവില്‍ നിന്നോ കാറിന്റെ വിന്‍ഡോയില്‍ കൂടിയോ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കാമെന്നാണ് യുണിവേഴ്സ്റ്റി പ്രൊജക്ട് ഡയറക്ടര്‍ അലീന ബോതെ പറയുന്നത്. ആകസ്മികമായതും ഉദ്വേഗജനകവുമായ പുതിയ കണ്ടെത്തല്‍ ബ്രെസ്ലോവില്‍ പീഡിപ്പിക്കപ്പെട്ട ജൂതന്മാരെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ കാഴ്ചപ്പാടുകള്‍ തുറക്കുന്നതാണെന്നാണ് അലീന ഇസ്രയേലി പത്രമായ ഹാരെറ്റ്സിനോട് പറഞ്ഞത്.

1941 നവംബര്‍ 21 ന് ബ്രസ്‌ലോവിലുള്ള ആയിരത്തിനു മുകളില്‍ പ്രദേശവാസികളെയാണ് നാസി പൊലീസ് അറസ്റ്റ് ചെയ്യുകയും അവരെ നാടുകടത്താനായി ചിത്രത്തില്‍ കാണുന്ന റസ്റ്ററൊന്റിന് സമീപത്തേക്ക് കൊണ്ടുവന്നതും. നാല് ദിവസത്തിനുശേഷമാണ് അവരെ ലിത്വാനിയയിലെ കോവ്‌നോയിലേക്കുള്ള ട്രെയിനില്‍ കയറ്റുന്നത്. അവിടെ എത്തിയപാടെ എല്ലാവരെയും വെടിയുണ്ടകള്‍ക്ക് ഇരകളാക്കി. ആരും രക്ഷപ്പെട്ടതായി രേഖകളില്ല. 1942 ഏപ്രില്‍ 9 ന് അതേ റെസ്റ്ററൊന്റിന് ചുറ്റുമായി വീണ്ടും ആയിരത്തിനു മുകളില്‍ ജൂതന്മാരെ എത്തിച്ചിരുന്നു. അവരെയെല്ലാം കിഴക്കന്‍ പോളണ്ടിലെ ഇസ്ബികയിലേക്കുള്ള ട്രെയിനിലാണ് കുത്തിനിറച്ചത്. ആ മനുഷ്യരിലാരെങ്കിലും നാസി ക്രൂരതയെ അതിജീവിച്ചിരുന്നോ എന്നതിന് വ്യക്തമായ യാതൊരു തെളിവുകളുമില്ല.

ജൂതരെ നിഷ്‌കാസനം ചെയ്യാനായി കൂട്ടമായി എത്തിച്ചിരുന്ന ആ നഗരപ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നുവെങ്കിലും ആല്‍ബര്‍ട്ട് ഹഡ്ഡയ്ക്ക് അവിടേക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആല്‍ബര്‍ട്ട് ഹഡ്ഡ ഒരു ജൂതനായിരുന്നു. 1934 മുതല്‍ ഒരു ആര്‍ട്ടികെറ്റ് ആയി പ്രവര്‍ത്തിക്കാന്‍ തന്റെ ജൂത സ്വത്വം ഹഡ്ഡയ്ക്ക് തടസമായി. എന്നിരുന്നാലും മരണത്തില്‍ നിന്നും നാടുകടത്തലില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടു. അതിന്റെ കാരണം ഹഡ്ഡ വിവാഹം കഴിച്ചത് ഇതരമതത്തില്‍ നിന്നായിരുന്നു എന്നതാണ്. ഷിപ്പ്‌മെന്റുകളുടെ മേല്‍നോട്ടം ഉള്‍പ്പെടെ ബ്രസ്‌ലോവില്‍ ജൂതസമൂഹത്തിന്റെ ഭാഗമായി ചില പാര്‍ട്ട് ടൈം ജോലികള്‍ ഹഡ്ഡ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 1944 ല്‍ അദ്ദേഹത്തെ ലേബര്‍ കാമ്പിലേക്ക് നാടുകടത്തിയിരുന്നുവെങ്കിലും അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ട് വീണ്ടും ബ്രസ്‌ലോവിലേക്ക് തന്നെ വന്നു. പിന്നീട് ഹിറ്റ്‌ലറിന്റെ അന്ത്യം വരെ അദ്ദേഹം അവിടെ ഉളിവില്‍ കഴിഞ്ഞുകൂടുകയാണ് ചെയ്തത്. നാസി ഭരണത്തില്‍ നിന്നും മോചിതനായശേഷം ബൗഹൗസ് സ്ഥാപകന്‍ വാള്‍ട്ടര്‍ ഗ്രോപ്യസിനു വേണ്ടി ജോലി ചെയ്ത് അല്‍ബര്‍ട്ട് ഹഡ്ഡ ഫ്രാങ്ക്ഫര്‍ട്ടില്‍ കുറെ നാള്‍ ജീവിച്ചുവെങ്കിലും പിന്നീട് ഇസ്രയേലിലേക്ക് കൂടിയേറുകയാണുണ്ടായത്.

Share on

മറ്റുവാര്‍ത്തകള്‍