റിസര്‍ച്ച് ആന്‍ഡ് അഡ്വക്കസി ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ഓഫീസിലും സ്ഥാപനത്തിന്റെ ഡയറക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറിന്റെ വീട്ടിലും സിബിഐ റെയ്ഡ്. വിദേശ ധനസഹായം സ്വീകരിക്കല്‍ നിയമവുമായി(ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍(റെഗുലേഷന്‍)ആക്ട്) ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുമായി ബന്ധപ്പെട്ട് ചില വ്യക്തികളെ സിബിഐ സംഘം ചോദ്യം ചെയ്‌തെന്നും വിവരമുണ്ട്.
ഡല്‍ഹിയിലെ അഡ്ചിനിയില്‍ സ്ഥിതി ചെയ്യുന്ന സെന്റര്‍ ഫോര്‍ ഇക്വറ്റി സ്റ്റഡീസിന്റെ ഓഫിസിലാണ് സിബിഐ സംഘം വെള്ളിയാഴ്ച്ച (2024 ഫെബ്രുവരി 2) ആദ്യം എത്തുന്നത്. പിന്നീടാണ് വസന്ത്കുഞ്ജിലുള്ള ഹര്‍ഷ് മന്ദേറിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തുന്നത്.
സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന് ലഭിച്ച വിദേശ ധനസാഹയത്തില്‍ നിന്നും ഹര്‍ഷ് മന്ദേര്‍ 2011-12 മുതല്‍ 2017-18 കാലം വരെ 12,64, 671 രൂപ സ്വകാര്യ ഫീസായി വാങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നത്. എഫ്‌സിആര്‍എ ലംഘനമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്.
കഴിഞ്ഞ ജൂണില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെന്റര്‍ ഫോര്‍ ഇക്വറ്റി സ്റ്റഡീസിന് വിദേശ ധനസഹായം സ്വീകരിക്കുന്നത് വിലക്കി കൊണ്ട് 180 ദിവസത്തേക്ക് സ്ഥാപനത്തിന്റെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍(റെഗുലേഷന്‍)ആക്ട് ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതികളിലൊന്ന് ഹര്‍ഷ് മന്ദേര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്, ദ വയര്‍, ദ ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ക്വിന്റ്, സ്‌ക്രോള്‍ എന്നീ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി കോളങ്ങള്‍ എഴുതുന്നുണ്ട് എന്നതായിരുന്നു.
റെയ്ഡ് വിവരം ഹര്‍ഷ് മന്ദേര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഹര്‍ഷ് മന്ദേറ് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതെന്നാണ് റെയ്ഡുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ എക്‌സില്‍ കുറിച്ചത്. ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഒരു മാന്യനായ വ്യക്തിയാണ് മന്ദേര്‍ എന്നും ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാര്‍ വിമര്‍ശകന്മാരെ ലക്ഷ്യമിടാന്‍ എല്ലാ ഏജന്‍സികളെയും ദുര്യുപയോഗം ചെയ്യുകയാണെന്നും സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ തന്റെ എക്‌സ് പോസ്റ്റില്‍ എടുത്തു പറയുന്നുണ്ട്.
2021-ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി)വക കള്ളപ്പണക്കേസിന്റെ അന്വേഷണവും പരിശോധനയും മന്ദേറിനെ കേന്ദ്രീകരിച്ച് ഡല്‍ഹിയിലെ ഓഫിസുകളിലും വീടുകളിലും നടന്നിരുന്നു. സെന്റര്‍ ഫോര്‍ ഇക്വറ്റി സ്റ്റഡീസിനെതിരേ(സിഇഎസ്)ഡല്‍ഹി പൊലീസിന്റെ രണ്ടു കേസുകളുണ്ട്. ഒരെണ്ണം ജുവനൈല്‍ ജസ്റ്റീസ് പ്രകാരവും മറ്റൊരെണ്ണം സാമ്പത്തിക ക്രമക്കേടുമാണ്. 2020-ല്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സിഇഎസ് നടത്തുന്ന രണ്ടു ബാലസദനങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.