UPDATES

‘അവര്‍ അന്നദാതാക്കളാണ് ക്രിമിനലുകളല്ല’

അഭ്യര്‍ത്ഥനയുമായി എം എസ് സ്വാമിനാഥന്റെ മകള്‍

                       

രാജ്യം വീണ്ടുമൊരു കര്‍ഷക പ്രക്ഷോഭത്തിലേക്ക് നീങ്ങുമ്പോള്‍, കര്‍ഷകരെ ഡല്‍ഹിയിലേക്ക് എത്തിക്കാതെ ഏതുവിധേനയും തടയാനാണ് ഭരണകൂടം ശ്രമിക്കുന്നത്. സംസ്ഥാനാതിര്‍ത്തികളില്‍ മുള്ളുവേലികള്‍ അടക്കമുള്ള തടസങ്ങള്‍ സൃഷ്ടിച്ചാണ് കര്‍ഷകരെ തടയാന്‍ ശ്രമിക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ കേന്ദ്രസര്‍ക്കാരിനെതിരേ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അക്കൂട്ടത്തില്‍ മുഴങ്ങിക്കേട്ടൊരു ശബ്ദമാണ് മധുര സ്വാമിനാഥന്റെത്. രാജ്യം ഇത്തവണ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചിരിക്കുന്ന വിഖ്യാത കാര്‍ഷിക ശാസ്്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്റെ മകളാണ് മധുര.

സ്വാമിനാഥന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ഐ എ ആര്‍ ഐ) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സാമ്പത്തിക വിദഗ്ധയായ മധുര സ്വാമിനാഥന്‍ സമരരംഗത്തുള്ള കര്‍ഷകരെ പിന്തുണച്ച് സംസാരിച്ചത്.

സമരത്തിനിറങ്ങിയിരിക്കുന്ന കര്‍ഷകരെ ഡല്‍ഹിയില്‍ എത്തുന്നതില്‍ നിന്ന് തടയുന്ന വാര്‍ത്തകള്‍ പരാമര്‍ശിച്ചാണ് അവര്‍, രാജ്യത്തെ ശാസ്ത്രജ്ഞര്‍ കര്‍ഷകരുമായി കൂടിയാലോചന നടത്തണമെന്നും അവരെ കുറ്റവാളികളെപ്പോലെ പരിഗണിക്കരുതെന്നും അഭ്യര്‍ത്ഥിച്ചത്.

‘പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. പത്രവാര്‍ത്തകള്‍ പ്രകാരം, ഞാന്‍ വിശ്വസിക്കുന്നത് ഹരിയാനയില്‍ അവര്‍ക്കായി ജയിലുകള്‍ ഒരുക്കുകയാണ്, ബാരിക്കേഡുകളുണ്ട്, അവരെ തടയാന്‍ എല്ലാക്കാര്യങ്ങളും നടക്കുന്നുണ്ട്’.

‘ അവര്‍ കര്‍ഷകരാണ്, ക്രിമിനലുകളല്ല’ – മധുര സ്വാമിനാഥന്‍ പറയുന്നു.

അവരുടെ വാക്കുകള്‍ക്ക് സദസ്സില്‍ നിന്നും നിറഞ്ഞ കൈയടികളാണ് ഉയര്‍ന്നത്. തുടര്‍ന്ന് മധുര സ്വാമിനാഥന്‍ അഭ്യര്‍ത്ഥിക്കുന്നത് ഇങ്ങനെയാണ്’
‘ ഇന്ത്യയിലെ മുതര്‍ന്ന ശാസ്ത്രജ്ഞരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്, നമ്മുടെ അന്നദാതാക്കളോട് സംസാരിക്കണം, നമ്മളവരെ ക്രിമിനലുകളെപ്പോലെ കാണരുത്, നമുക്ക് പ്രശ്‌നപരിഹാരം കണ്ടെത്തണം’.

‘ ഇതെന്റെ അപേക്ഷയാണ്, എം എസ് സ്വാമിനാഥനോടുള്ള ബഹുമാനം തുടരുമെങ്കില്‍, കര്‍ഷകര്‍ക്കൊപ്പം നമ്മളുണ്ടാകണം, ഭാവിയിലേക്ക് നമ്മളൊരു പരിഹാരമാര്‍ഗം കണ്ടെത്തണം’- തന്റെ വാക്കുകള്‍ ചുരുക്കിക്കൊണ്ട് അവര്‍ എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു.

വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, കര്‍ഷകരുടെയും തൊഴിലാളികളുടെയും കടം സമ്പൂര്‍ണമായി എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കര്‍ഷകര്‍ ഡല്‍ഹിയിലെത്താതിരിക്കാന്‍ പൊലീസ് കനത്ത പ്രതിരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹരിയാന അതിര്‍ത്തിയില്‍ അവര്‍ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. മുള്ളുകമ്പികള്‍ കൊണ്ടുള്ള ബാരിക്കേഡുകള്‍ അടക്കം നിരത്തിയാണ് കര്‍ഷകരെ തടയാന്‍ ശ്രമിക്കുന്നത്. പൊലീസ് തങ്ങള്‍ക്കു നേരെ റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചുവെന്നും കര്‍ഷകര്‍ ആരോപിക്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍