UPDATES

ഡോ. റീന എന്‍ ആര്‍

കാഴ്ചപ്പാട്

നാരീ ആരോഗ്യം

ഡോ. റീന എന്‍ ആര്‍

കൗമാര പ്രായക്കാരുടെ ആരോഗ്യം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

രക്തദാനത്തിന് തയ്യാറായി എത്തുന്ന 90 % പെൺകുട്ടികളിലും 50% ആൺ കുട്ടികളിലും വിളർച്ച കാണുന്നു എന്നത് ആശങ്കാജനകം

                       

ശൈശവം കഴിഞ്ഞാൽ ദ്രുതഗതിയിൽ വളർച്ചയുണ്ടാകുന്ന സമയമാണ്  കൗമാരം. ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം 11 വയസ്സു മുതൽ 19 വയസ്സു  വരെയുള്ള കാലഘട്ടമാണ് കൗമാരം.

ആൺകുട്ടികളിൽ കൗമാര പ്രായത്തിൽ  നീളം കൂടുകയും വണ്ണം കുറയുകയും ചെയ്യുന്നു. Lean body mass അഥവാ കൊഴുപ്പു കഴിഞ്ഞുള്ള ശരീരഭാരം ഇരട്ടിയാകുന്നു. 18 വയസ്സോടെ എല്ലുകളുടെ വളർച്ച ഏകദേശം പൂർണ്ണതയിലെത്തുന്നു. മുതിർന്ന പുരുഷൻറ ഉയരത്തിൻറെ15% വും ഉണ്ടാകുന്നത് ഈ സമയത്താണ്.

പെൺകുട്ടികളിലാകട്ടെ മുതിർന്ന സ്ത്രീകൾക്ക് ഉണ്ടായിരിക്കേണ്ട ഭാരത്തിന്റെ 50%വും ഉണ്ടാകേണ്ടത് ഈ സമയത്താണ് . പെൺകുട്ടികളിൽ  ഉയരം പ്രധാനമായും  വർദ്ധിക്കുന്നത് പ്രായപൂർത്തി ആകുന്നതിന് മുൻപുള്ള ഒരു വർഷ കാലയളവിലാണ്.

അസ്ഥികൾക്ക് പൂർണ്ണ  വളർച്ച എത്തുന്ന ഈ സമയത്ത് അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ കാൽസിയം അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. പാല്‍, പാലുല്പന്നങ്ങൾ, ഫിഗ്, ചീര മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ എന്നിവ കാൽസിയം സമ്പുഷ്ടമായ ആഹാരങ്ങളാണ്. ശരിയായ രീതിയിലുള്ള പോഷണം ഈ സമയത്ത് ലഭിച്ചില്ലെങ്കിൽ വളർച്ച മുരടിപ്പിനും ഉയരക്കുറവിനും വിളർച്ചക്കും കാരണമാകുന്നു. വളർച്ചക്ക് അത്യന്താപേഷിതമായ protein അഥവാ മാംസ്യം മതിയായ അളവിൽ കഴിക്കേണ്ടതാണ്.
പാൽ, മുട്ട, മൽസ്യം, മാംസം, കപ്പലണ്ടി പയറു വർഗ്ഗങ്ങൾ തുടങ്ങിയവ പ്രോട്ടീൻ ധാരാളം  അടങ്ങിയിട്ടുള്ള ആഹാര പദാർത്ഥങ്ങളാണ്.

മറ്റൊരു ആശങ്കാജനകമായ വസ്തുത രക്തദാനത്തിന് തയ്യാറായി എത്തുന്ന 90 % പെൺകുട്ടികളിലും 50% ആൺ കുട്ടികളിലും  വിളർച്ച കാണുന്നു എന്നതാണ്. കൗമാരക്കാരിൽ ശരീരത്തിൻറെ തൂക്കം വർദ്ധിക്കുന്നതിന് ആനുപാതികമായി രക്തത്തിൻറെ അളവും വർദ്ധിക്കുന്നു. എന്നാൽ രക്തത്തിലെ ഓക്സിജൻ വാഹകരായ ചുവന്ന രക്താണുക്കളിലെ ഹീമോഗ്ളോബിൻ മതിയായ അളവിൽ ഉണ്ടാകണമെങ്കിൽ Iron അഥവാ ഇരുമ്പ് സത്ത് അടങ്ങിയ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.  Iron ൻറെ അഭാവത്തിൽ ഹീമോഗ്ളോബിൻറെ ഉൽപാദനം കുറയുകയും  വിളർച്ച ഉണ്ടാവുകയും ചെയ്യുന്നു. ആൺകുട്ടികളിൽ  ഹീമോഗ്ളോബിൻ  14g/dl -ൽ താഴെ  ആയാൽ വിളർച്ച ഉള്ളതായി കണക്കാക്കുന്നു. പെൺകുട്ടികളിൽ ഇത് 12g/dl ആണ്.

Red Meat അഥവാ മാട്ടിറച്ചി, മൽസ്യം, ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ  പഴവർഗ്ഗങ്ങളായ മുന്തിരി, ആപ്രിക്കോട്ട് തുടങ്ങിയവ,  പയർ വർഗ്ഗങ്ങൾ  എന്നിവയൊക്കെ ഇരുമ്പ് സത്ത് ധാരാളം  അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളാണ്.

വേണ്ടുന്ന അളവിൽ ഹീമോഗ്ളോബിൻ രക്തത്തിൽ അടങ്ങിയിട്ടില്ലെങ്കിൽ മതിയായ അളവിൽ ശുദ്ധവായു കലകളിലേക്ക് എത്തിക്കാൻ കഴിയാതെ വരുന്നു. ഇത്തരം കുട്ടികളിൽ  ക്ഷീണം, കിതപ്പ്, വളർച്ച, മുരടിപ്പ്, തുടങ്ങിയവ ഉണ്ടാവുകയും പഠന കാര്യങ്ങളിലും മറ്റ്പ്രവർത്തനങ്ങളിലും കുട്ടികൾ പിന്നാക്കം പോവുകയും  ചെയ്യുന്നു.

ഇന്നത്തെ കുമാരിമാർ ആണല്ലോ നാളത്തെ അമ്മമാർ. വിളർച്ച ശരിയായ  രീതിയിൽ  പരിഹരിച്ചില്ലെങ്കിൽ ഗർഭധാരണ സമയത്തും പ്രസവ സമയത്തും ഗുരുതരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാകാം. കുഞ്ഞിന് വളർച്ച കുറവ് , മാസം തികയാതെയുള്ള പ്രസവം, അമിത  രക്ത സ്രാവം തുടങ്ങി മാതൃമരണങ്ങളിലേക്ക് തന്നെ നയിക്കാവുന്ന പ്രശ്നമാണിത്. കൂടാതെ മുലയൂട്ടൽ ശരിയായി  നടക്കാത്തതിനാൽ അടുത്ത തലമുറയിലേക്ക് വരെ വിളർച്ചയുടെ പ്രതിഫലനങ്ങൾ ഉണ്ടാകാം .

ഇനി എന്തു കൊണ്ടാണ്  കൗമാരക്കാരിൽ ഇത്രയധികം വിളർച്ച  ഉണ്ടാകുന്നതെന്ന് നോക്കാം.

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തന്നെയാണ്  പ്രധാന  കാരണം.
1. ഭക്ഷണ നിയന്ത്രണം അഥവാ dieting ഇടക്കിടെ ചെയ്യുന്നത്
2.പ്രാതൽ ഒഴിവാക്കൽ
3. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപഭോഗം
4. ഇരുന്നു ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാത്ത വണ്ണം തിക്കേറിയതാണ് കൗമാരക്കാരുടെ ജീവിതം. ഭക്ഷണം ഒരു ബിസ്കറ്റിലോ ഓംലെറ്റിലോ ഒതുക്കുന്നു.
5. പുറത്തു നിന്ന് ഭക്ഷണം കഴിക്കൽ. ഫാസ്റ്റ് ഫുഡുകൾ തന്നെയാണ് ഏറ്റവും വലിയ  വില്ലൻ. ഇവ കൊഴുപ്പ് അമിതമായി  അടങ്ങിയവയും നാരുകളും വിറ്റാമിനുകളും വളരെ കുറഞ്ഞ നിരക്കിൽ അടങ്ങിയവയും ആണ്.

കൗമാര പ്രായക്കാരിൽ പോഷണക്കുറവ് ഉണ്ടാകുന്നതെന്തു കൊണ്ടെന്ന് നമുക്ക് മനസ്സിലായി. ഇനി ഇത് എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.
1.മാതാപിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവൽകരണം തന്നെയാണ് പ്രധാനം.
2. Time management: ഫലപ്രദമായി സമയം വിനിയോഗിക്കുന്നതെങ്ങനെയെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.
3. വിദ്യാലയങ്ങളിലെത്തി ഒരു മണിക്കൂർ പഠനം കഴിഞ്ഞതിനു ശേഷം 15 മിനിറ്റ് ആഹാരം കഴിക്കാൻ നൽകുകയും നിർബന്ധമായും ഭക്ഷണം കൊണ്ട് വരാൻ നിർദ്ദേശിക്കുകയും ചെയ്യുക.
4. ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ നൽകുന്ന അയൺ ഗുളികകൾ കഴിക്കാൻ കുട്ടികളെ  പ്രേരിപ്പിക്കുക

ഡോ. റീന എന്‍ ആര്‍

ഡോ. റീന എന്‍ ആര്‍

കൊല്ലം ഗവ. വിക്ടോറിയ ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ. റീന എന്‍ ആര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍