UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

(അപ)ശബ്ദങ്ങള്‍

ഡോ. വീണാ മണി

മോദിക്കാലത്തെ ഇന്ത്യയിലുള്ള കൂട്ടുകാരിക്ക് ട്രംപ് കാലത്തെ അമേരിക്കയില്‍ നിന്നൊരു കത്ത്

അമേരിക്കൻ ചരിത്രം കൊലപാതകങ്ങളുടെ ചരിത്രമെന്നതിൽ നിന്നും, നാസികളുടെ രാജ്യസ്നേഹത്തിലൂടെ ടേൺ ചെയ്ത്, ഫാഷൻ അല്ലാത്ത സ്നേഹത്തിൽ എങ്ങനെയെത്തിയെടീ എന്ന് നീ ചോദിക്കില്ല എന്നുറപ്പുണ്ട്.

                       

പ്രിയപ്പെട്ട കൂട്ടുകാരി,

സുഖമല്ലേ?
യാത്രയിലാണ്. ഒരു വിമാനത്താവളത്തിലിരുന്നാണ് ഇതെഴുതുന്നത്. അവരുടെ വൈഫൈ ഉപയോഗിച്ചാണിത് മലയാളത്തിൽ എഴുതുന്നത്. ആയിരത്തോളം കിലോമീറ്ററുകൾക്കും കടലിനുമിപ്പുറമിരുന്ന് ഇതെഴുതുമ്പോൾ ഒരു രസമുണ്ട്. ഇപ്പോൾ സമയം രാത്രി 11.20. ഓസ്റ്റിനിൽ എത്തുമ്പോൾ രാവിലെ എട്ടുമണിയോടടുക്കും; ഒപ്പം രണ്ടുമണിക്കൂറോളം സമയവും നഷ്ടമാകും. ഉറക്കത്തിനുള്ള  നീക്കിയിരിപ്പിൽ  നിന്നുമാണ് അത് കുറയുന്നത്. എന്തൊരു സങ്കൽപ്പമാണല്ലേ, സമയം നഷ്ടപ്പെടുമെന്നുള്ളത്.

അതൊക്കെ പോട്ടെ. അവിടുത്തെ നോട്ട് നിരോധന പരിപാടി എങ്ങനെ പോണു? എന്റെ പേഴ്സിൽ ഒരു ആയിരത്തിന്റെ നോട്ടിരിപ്പുണ്ട്. ഇങ്ങോട്ടു പോരാൻ നേരം അപ്പച്ചി തന്നതാണ്. വീട്ടുചെലവിൽ നിന്നും മിച്ചംവെച്ചതാണെന്നു പറഞ്ഞു തന്നതാണ്. എന്റെ കയ്യിൽ അപ്പോൾ കാശിനു കുറവുണ്ടായിരുന്നില്ല. എന്നാലും അവർ തന്നു; ഞാൻ വാങ്ങി. അതിനി കയ്യിലിരിക്കും, ഇരിക്കട്ടെ. അല്ലാതെന്തു ചെയ്യാനാ അല്ലെ?

ഗവേഷണത്തിനുള്ള ഫെല്ലോഷിപ് കിട്ടിയോ? ഇതത്രെ മാസമായി അല്ലേ? ഈ സമയത്തു കടം വാങ്ങാനും ബുദ്ധിമുട്ടാകും അല്ലെ? ഇവിടുന്ന് അയയ്ക്കണോ? ഡോളർ മാറ്റുമ്പോൾ നല്ല രൂപ കിട്ടുമോ? എന്താണല്ലേ? അവിടെ ചെയ്യണ അതെ പണി ഇവിടെ ചെയ്താൽ കൂടുതൽ മൂല്യമാണെന്ന്‍. സാമ്പത്തിക ഘടന എങ്ങനാ ഇങ്ങനെയായേ? നമ്മളെല്ലാരും അധ്വാനിക്കുക തന്നെയല്ലേ? ചരിത്രപരമായ ചൂഷണങ്ങളുടെ മറ്റൊരു തുടർച്ച അല്ലെ? കളിനിയമങ്ങളും വിധികളും ശക്തരായവർ നിർണയിക്കുന്നു. അതിലെത്രത്തോളം മികവ് കാട്ടിയാലും ഒറ്റയൊറ്റ വ്യക്തികൾക്കേ ഉയരാനാവൂ. ചുറ്റുമുള്ളവരോട് യാതൊരു ബന്ധയും തോന്നാത്തവര്‍ക്ക് എളുപ്പമാവും. നല്ല കളിക്കാർ ആ നിയമം മാറ്റാൻ തയ്യാറാവില്ലല്ലോ.

പിന്നെ താൻ അയച്ച പുസ്തകങ്ങൾ കിട്ടി. ഇപ്പോൾ വായിക്കുന്നത് ഹൊവാഡ് സിന്നിന്റെ അമേരിക്കയിലെ ജനങ്ങളുടെ ചരിത്രം എന്ന പുസ്തകമാണ്. അതിവിടെ ഇങ്ങനെ പലേ ആളുകളുടെ ഇടയിൽ നിന്ന് വായിക്കാൻ നല്ല രസാണ്. ആദ്യത്തെ ഭാഗമേ കഴിഞ്ഞിട്ടുള്ളൂ. അതിൽ കൊളംബസിന്റെ വരവും തുടർന്നുള്ള ഇന്നാട്ടുകാരുടെ കൊലപാതകങ്ങളുമാണ്. ഓരോ ഗോത്രങ്ങളെയും കൊന്നൊടുക്കിയാണ് കൊളംബസ് കീർത്തി നേടിയത്. അതിനോടൊപ്പം  ഇവിടുള്ള വിഭവങ്ങൾ  മോഷ്ടിച്ചും ഇവിടുള്ള ആളുകളെ അടിമപ്പണിക്ക് കൊണ്ടുപോകുകേം ചെയ്തു.

ഈ ചരിത്രത്തിനൊപ്പം സിന്‍ രണ്ടു കാര്യങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്. ഒന്ന്, ഈ കൊലപാതകങ്ങളൊക്കെ ചെയ്തിട്ട് സ്പാനിഷ് സമൂഹത്തിന് എന്തു ലഭിച്ചു? ഒന്നുമില്ല. ചെറിയൊരു സാമ്പത്തിക വളർച്ചയുണ്ടായെങ്കിലും അതൊക്കെ ആ രാജാക്കന്മാർ യുദ്ധത്തിന് ചെലവഴിച്ച് എല്ലാം മുടിച്ചു. പണക്കാർ വീണ്ടും പണക്കാരാകുകേം പാവപ്പെട്ടവർ വീണ്ടും പാവപ്പെട്ടവരാകുകേം ചെയ്തു. ചരിത്രത്തിന്റെ കണക്കു പുസ്തകത്തിൽ മിച്ചം വന്നത്, കുറേ നിരപരാധികളുടെ ചോരയും കുറേ തെറ്റുകളും! രണ്ടാമത്, എന്നെ ആകർഷിച്ചത്, നമ്മൾ ഇന്ന് ഇന്ത്യക്കാരെന്നു വിളിക്കുന്ന അമേരിക്കയിലെ ഗോത്രവർഗക്കാരെ മനുഷ്യരായി വർണിക്കാനുള്ള ഈ എഴുത്തുകാരന്റെ ശ്രമമാണ്. അതായത്, ചരിത്രത്തിൽ എവിടെയോ അവരിൽ നിന്നും പറിച്ചെടുത്ത മനുഷ്യൻ എന്നുള്ള സ്ഥാനം തിരികെ എഴുതിപ്പിടിപ്പിക്കാൻ നോക്കുന്ന വ്യഗ്രതയാണ്. പല ചിത്രങ്ങളിലും ഇത് കാണാനുണ്ടല്ലേ? ഇരകൾക്കു മനുഷ്യൻ എന്നുള്ള അവസ്ഥ ഇല്ലാതാക്കിയാൽ നഷ്ടത്തിന് കണക്കു നോക്കാൻ എളുപ്പമായിരിക്കും.

ഇതെഴുതിയപ്പോളാണ് മറ്റൊന്ന് ഓർത്തത്. ഓസ്റ്റിനിലെ ബുള്ളക് മ്യൂസിയത്തിൽ നാസികളുടെ സംഘടിതമായ ആശയപ്രചരണത്തെക്കുറിച്ചുള്ള പ്രദർശനങ്ങളും കൂടാതെ അന്ന് ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ട ആളുകളുടെ സാക്ഷിവിവരണങ്ങളും കാണാൻ അവസരം ലഭിച്ചു. ആ പ്രചരണങ്ങളൊന്നും പുറമെ ക്രൂരമായ ഭാഷയിലായിരുന്നില്ല. മറിച്ച്, സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും ഭാഷയിലായിരുന്നു. ദേശസ്നേഹവും, എപ്പോഴും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാൽ തന്നെ സംരക്ഷണത്തിന് ഒരുമിച്ചു നില്‍ക്കണമെന്നുമുള്ള ആഹ്വാനങ്ങളായിരുന്നു; അതായിരുന്നു ഒരു തരത്തില്‍ ജൂതരെ ശത്രുപക്ഷത്ത് നിർത്താൻ അവരെ സഹായിച്ചത്. രാജ്യത്തിനകത്തും ശത്രുക്കളുണ്ടെന്നും അത് ജൂതന്മാരാണെന്നും പതിയ, വളരെ പതിയെയാണ് അവർ വരുത്തിത്തീർത്തത്.

ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നും, ഹോളോകോസ്റ്റിന്റെ സമയത്തല്ല, മറിച്ച് ഇത്തരം ആശയപ്രചരണ സമയത്തു തന്നെ അതിനെ എതിരിടണമായിരുന്നെന്ന്‍. ആശയത്തിൽ നിന്നും ഭൗതികമായ ഹിംസ അത്രേ അകലെയല്ലല്ലോ. അത് ഇപ്പോള്‍ ഏറ്റവും നന്നായി മനസിലാകുന്ന ഒരിടത്താണെല്ലോ നീയും ഇപ്പോള്‍ ജീവിക്കുന്നത്. നീ പറഞ്ഞപോലെ, ഗോസംരക്ഷണം അഖ്ലാഖിന്റെ ജീവനെടുത്തില്ലേ? സംരക്ഷണത്തിന്റെ ഭാഷ പലപ്പോഴും ചിലരെ ആക്രമിക്കാനാണ്.

രാജ്യാതിർത്തിയിലും ജാതി, മത അതിരികൾക്കുമപ്പുറമുള്ള സ്നേഹത്തിന് ഇപ്പോഴും വലിയ വിലയില്ല അല്ലേ? അതുപോട്ടെ, പാരമ്പര്യപരമായ നിർവചനത്തിൽപ്പെടുന്ന കുടുംബത്തിനപ്പുറമുള്ള സ്നേഹത്തിനും ആരും മൂല്യം കൽപ്പിക്കുന്നില്ല അല്ലേ? ഇത്രേം കൂട്ടുകാരികളുണ്ടായിട്ടും, നാട്ടുകാർ, ഒറ്റയ്ക്കാണല്ലേ എന്ന് ചോദിക്കുമ്പോൾ എന്തുപറയാനാണ്? ഭാവിയിലേക്കുള്ള നിക്ഷേപമായി മാത്രം സ്നേഹത്തിനെ കാണുന്നവരോടെന്തു പറയാനാണ്?

അമേരിക്കൻ ചരിത്രം കൊലപാതകങ്ങളുടെ ചരിത്രമെന്നതിൽ നിന്നും, നാസികളുടെ രാജ്യസ്നേഹത്തിലൂടെ ടേൺ ചെയ്ത്, ഫാഷൻ അല്ലാത്ത സ്നേഹത്തിൽ എങ്ങനെയെത്തിയെടീ എന്ന് നീ ചോദിക്കില്ല എന്നുറപ്പുണ്ട്.

വീണ്ടും വീണ്ടും എഴുതൂ.
സ്നേഹത്തോടെ
ഞാൻ.

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

 

ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍