UPDATES

അഞ്ചക്കള്ള കോക്കാൻ;ഒരു അസാധാരണ സിനിമാനുഭവം

ഗംഭീര വിഷ്വൽസും ഉഗ്രൻ സംഗീതവും അതിനേക്കാൾ ഒരു പടി മുകളിലായി അത്യുഗ്രൻ സംവിധാനവും

                       

1980 കാലഘട്ടത്തിൽ കേരള കർണാടക അതിർത്തിയായ കാളഹസ്തി എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ- പൊറാട്ട്. പേരുപോലെ തന്നെ അവതരണത്തിലും കഥാപാത്രങ്ങളിലും വ്യത്യസ്തത പുലർത്തുന്ന തീയറ്റർ അനുഭവമാണ് തന്റെ ആദ്യ സിനിമയായ ‘അഞ്ചക്കള്ളകോക്കാൻ- പൊറാട്ട്’ എന്ന ചിത്രത്തിലൂടെ ഉല്ലാസ് ചെമ്പൻ പ്രേക്ഷകന് സമ്മാനിക്കുന്നത്. കേട്ട് പഴകിയ കഥയാണെകിലും അവതരണ മികവ് കൊണ്ട് കാണികളെ ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതിരിക്കാൻ സിനിമ പ്രേരിപ്പിക്കുന്നു. സാവധാനം തുടങ്ങി പോകെ പോകെ പ്രേക്ഷകനിൽ ആവേശം നിറച്ചുകൊണ്ടാണ് ചിത്രത്തിൻറെ പോക്ക്, ചിത്രം ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ആവേശം ഉച്ചസ്ഥായിയിൽ എത്തുകയും ചെയ്യുന്നു. പടം തുടങ്ങി കുറച്ച് സമയം കൊണ്ടുതന്നെ പ്രേക്ഷകരെ സിനിമയുടെ ലോകത്തേക്ക് എത്തിക്കുന്ന ഒരു ഉല്ലാസ് ചെമ്പൻ മാജിക് ചിത്രത്തിൽ ഓരോ ഭാഗത്തും കാണാൻ സാധിക്കും.

പുറമെനിന്ന് നോക്കിയാൽ ശാന്തമായി തോന്നുമെങ്കിലും സംഘർഷഭരിതമായ മലയോരഗ്രാമമാണ് കാളഹസ്തി. ആദ്യമായി പൊലീസ് സ്റ്റേഷനിൽ ജോലിക്കെത്തുന്ന ലുക്മാൻ അവതരിപ്പിച്ച വസുദേവന്റെ കണ്ണിലൂടെയാണ് ചിത്രത്തെ സംവിധായകൻ കൊണ്ടുപോകുന്നത്. അൽപം പരിഭ്രമത്തോടെ തന്റെ ആദ്യ പോലീസ് ജോലിക്കായി കാളഹസ്തിയിലെത്തുന്ന ലുക്മാനെ കൂടെകൊണ്ട് നടന്ന് എല്ലാം പഠിപ്പിക്കുന്ന നടവരമ്പൻ എന്ന കഥാപാത്രം, നിലവിൽ കണ്ടു വരുന്ന പോലീസ് കഥാപാത്രങ്ങളിൽ നിന്ന് സൗമ്യമാണ്. നല്ല മനുഷ്യനായാണ് നടവരമ്പൻ ആദ്യ ഭാഗങ്ങളിൽ അവതരിക്കുന്നതെങ്കിലും കഥ പുരോഗമിക്കുമ്പോൾ യഥാർത്ഥ സ്വഭാവം അനാവൃതമാകുന്നു.

ശ്രീജിത്ത് രവി അവതരിപ്പിച്ച ചാപ്ര എന്ന എസ്റ്റേറ്റ് മുതലാളി കൊല്ലപ്പെടുന്നതോടു കൂടി കഥക്ക് പതിയെ ചൂട് പിടിക്കുന്നു. ആരാണ് ചാപ്രയെ കൊന്നത് എന്ന ചോദ്യത്തിലൂടെയാണ് ചിത്രം മുന്നോട് പോകുന്നത്. തന്റെ അച്ഛനെ കൊന്നവനോട് പ്രതികാരം ചെയ്യാനെത്തുന്ന ചാപ്രയുടെ മക്കളായ ഗില്ലാപ്പികൾ എത്തുന്നതോടെ മറ്റൊരു തലത്തിലേക്ക് എത്തുന്നു. പേര് പോലെ തന്നെ വ്യത്യസ്തത പുലർത്തുന്ന ഗില്ലാപ്പികൾ ചിത്രത്തിലെ പ്രകടനത്തിന് കയ്യടി നേടുന്നു. കള്ള് ഷാപ്പിലെ പാട്ടിനോടപ്പം നൃത്തം വച്ചും ചിരിച്ചുമുള്ള ഗില്ലാപ്പികളുടെ ഓരോ സംഘട്ടന രംഗവും ഒന്നിനൊന്ന് മെച്ചം. മട്ടിലും ഭാവത്തിലും വേഷത്തിലുമുള്ള ഗില്ലാപ്പികളുടെ പ്രകടനം ചിത്രത്തിൻറെ നാടകീയഭാവത്തിന് മുതൽകൂട്ടാണ്. ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തിങ്ങി നിൽക്കുന്നത് പ്രവീണും മെറിൻ ജോസ് പൊറ്റക്കലിന്റയും ഗില്ലാപ്പികൾ തന്നെ ആയിരിക്കും.

രണ്ടാം ഭാഗത്തുള്ള ചെമ്പൻ വിനോദിന്റെയും ലുക്മാന്റെയും കഥാപാത്ര ഗതി മാറ്റം പ്രേക്ഷകനെ ആവേശത്തിലാഴ്ത്തും. നടവരമ്പൻ എന്ന മേലുദ്യോഗസ്ഥന്റെ പൊയ്മുഖം ഓരോ ഘട്ടങ്ങളായി പൊഴിഞ്ഞു വീഴുന്ന കണക്കാണ് ചിത്രീകരിച്ചിരിക്കുന്നത്. കുട്ടികാലത്തെ തിക്താനുഭവങ്ങൾ ഭാവിയിൽ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റിമറിക്കുന്നത് എന്നത് ലുക്മാന്റെ വാസുദേവൻ എന്ന കഥാപാത്രത്തിലൂടെ കൃത്യമായി സംവിധായകൻ അടയാളപ്പെടുത്തുന്നു. കമ്മട്ടിപാടത്തിലെ ബാലൻ ചേട്ടനും ഭ്രമയുഗത്തിലെ കോരനും ശേഷം മണികണ്ഠൻ ആർ. ആചാരിക്ക് തന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച മറ്റൊരു മികച്ച കഥാപാത്രമാണ് ശങ്കരാഭരണം എന്ന കൊല്ലൻ ശങ്കരൻ. അയാളുടെ നീതിയുടെ വഴി വ്യത്യസ്തമാണ് അത് ചിത്രത്തിൽ കൃത്യമായി പ്രതിഫലിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. സെന്തിൽ കൃഷ്ണ അവതരിപ്പിച്ച കൊളളിയാൻ എന്ന കഥാപാത്രവും വേഷത്തിലും ഭാവത്തിലും പ്രകടനത്തിലും വ്യത്യസ്തവും മികച്ചതുമാണ്. കൂടാതെ ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച മേഘ തോമസിന്റെ പദ്മിനി ശക്തവും വേറിട്ട പ്രതികാര വഴികളുമുള്ള കഥാപാത്രമാണ്. നാടൻ പാട്ടിന്റെയും കെട്ടു കഥകളുടെയും സമ്മിശ്രണം ചിത്രത്തിൽ ഉടനീളം ഉപയോഗിച്ചിട്ടുണ്ട്. അഞ്ചക്കള്ളകോക്കാൻ എന്ന നാടൻ കഥയിലെ കഥാപാത്രം മനുഷ്യരിലെ അക്രമ വാസനയെയും ഹിംസയെയും പ്രതിനിധാനം ചെയുന്ന തരത്തിലാണ് സംവിധായകൻ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെ ഉള്ളിലുമുള്ള പലവിധത്തിലുള്ള അക്രമവാസന പലഘട്ടങ്ങളിയായി പുറത്ത് വരുന്നതായി കാണാം.

സിനിമയുടെ കളർ ഗ്രേഡിങ്, സൗണ്ട് എഫ്ഫക്റ്റ്സ്, സംഗീതം തുടങ്ങി എല്ലാ ടെക്നിക്കൽ മേഖലയിലും പടം യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിട്ടില്ല. അക്രമങ്ങളും ആവേശം കൊള്ളിക്കുന്ന അത്യുഗ്രൻ സംഘട്ടന രംഗങ്ങൾ നിറഞ്ഞ ചിത്രം. ഒരു നോൺ ലീനിയർ രീതിയാണ് പിന്തുടർന്നിട്ടുള്ളത്. സംഘട്ടനങ്ങൾ കൊറിയോഗ്രഫി ചെയ്ത ആർ. രാജശേഖറും, ബില്ല ജഗനും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയായി പൂർത്തിയാക്കിയിരുന്നു. പൊറാട്ട് നാടകത്തിന്റെ ചേലിൽ നാടൻ പാട്ടിന്റെ അകമ്പടി കൂടി ചേരുമ്പോൾ ചിത്രം ഗംഭീര തീയറ്റർ അനുഭവമാണ് പ്രേഷകർക്ക് നൽകുന്നത്. അർമോയുടെ സിനിമാറ്റോഗ്രഫിയും എടുത്ത് പറയേണ്ട ഒന്നാണ്. ഗംഭീര വിഷ്വൽസും ഉഗ്രൻ സംഗീതവും അതിനേക്കാൾ ഒരു പടി മുകളിലായി അത്യുഗ്രൻ സംവിധാനവും നിറഞ്ഞ ഒരു കിടിലൻ പീരിയഡ് ഡ്രാമയാണ് അഞ്ചക്കള്ളകോക്കാൻ പൊറാട്ട്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍