UPDATES

വിദേശം

മഹാനായ അലക്‌സാണ്ടറുടെ രാജ്യാഭിഷേകം നടന്ന കൊട്ടാരത്തിലേക്ക് സ്വാഗതം

ലോകത്തിന് മുന്നില്‍ തുറന്ന് ‘പാലസ് ഓഫ് അയ്‌ഗെയ്’

                       

പാശ്ചാത്യ നാഗരികതയുടെ തുടക്കം ഗ്രീസില്‍ നിന്നായിരുന്നു. പുരാതന ഗ്രീക്ക് കല മനുഷ്യന്റെ സര്‍ഗാത്മകതയുടെയും നവീകരണത്തിന്റെയും സൗന്ദര്യാത്മകതയെക്കുറിച്ചുമുള്ള ആഴത്തിലുള്ള സാക്ഷ്യമായി ഇന്നും നിലകൊള്ളുന്ന ഒന്നാണ്. വിശാലമായ ക്യാന്‍വാസില്‍ വ്യാപിച്ചുകിടക്കുന്ന, ഗ്രീക്ക് കല വൈവിധ്യമാര്‍ന്ന കാലഘട്ടങ്ങളിലൂടെ ഇന്നത്തെ മനുഷ്യരെ കൊണ്ടു പോകുന്ന ഒന്നാണ്. പോയകാലത്തിന്റെ സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവും പ്രതിഫലിപ്പിക്കുന്ന ശൈലികള്‍ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നതാണ് അവ. അത്തരമൊന്ന് അത്ഭുതത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്.

2,170 വര്‍ഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ, തകര്‍ന്ന കിടക്കുന്ന, അതേസമയം സമാനതകളില്ലാത്ത സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവവുമായ ഒരു കൊട്ടാരത്തെക്കുറിച്ച്. വാസ്തുവിദ്യയുടെ പൂര്‍ണത എന്നറിയപ്പെടുന്ന പാര്‍തെനോണിനെക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള, ഗ്രീക്കിന്റെ പുരാതന സുവര്‍ണ കാലഘട്ടത്തിന്റെ പ്രതീകമായിരുന്ന ‘പാലസ് ഓഫ് അയ്‌ഗെയ്’ കൊട്ടാരം. സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്.

പുരാതന മാസിഡോണിയയിലെ രാജാവായ ഫിലിപ്പ് രണ്ടാമന്‍ കൊല്ലപ്പെട്ടതും, അദ്ദേഹത്തിന്റെ മകനായ 20 വയസ്സുകാരന്‍ അലക്സാണ്ടര്‍ രാജാവായി പ്രഖ്യാപിക്കപ്പെട്ടതും ലോകം കീഴടക്കാനുള്ള യാത്രയുടെ തുടക്കവുമെല്ലാം ഇവിടെയായിരുന്നു.

200 വര്‍ഷങ്ങള്‍ക്കിപ്പുറം റോമന്‍ അക്രമണകാരികളുടെ കൈകളാല്‍ വിനാശം നേരിട്ടതിനു ശേഷം ആദ്യമായി ക്ലാസിക്കല്‍ ഗ്രീക്ക് കാലഘട്ടത്തിലെ ഏറ്റവും വലിയ കെട്ടിടമായ ‘പാലസ് ഓഫ് അയ്‌ഗെയ്’ 16 വര്‍ഷത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പഴയ പ്രതാപം തിരിച്ചു പിടിച്ചു സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്.

തുറമുഖ നഗരമായ തെസ്സലോനിക്കിക്കയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് വേണം പാലസ് ഓഫ് അയ്‌ഗെയ്- യിലെത്താന്‍. ഗ്രീസിന്റെ പ്രധാനമന്ത്രി കിറിയാകോസ് മിറ്റ്‌സോറ്റകിസിനെ സംബന്ധിച്ചിടത്തോളം പാലസ് ഓഫ് അയ്‌ഗെയ്-യുടെ ഉദ്ഘാടനം വലിയ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായിരുന്നു. ഇത്തരം സ്മാരകങ്ങള്‍ അതിരുകള്‍ക്കപ്പുറം ഗ്രീസിന്റെ മഹിമയും പ്രതാപവും വര്‍ധിപ്പിക്കുന്ന ഒന്നാണെന്നും ഇത്തരം അമൂല്യവുമായ സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷകരെന്ന നിലയില്‍ നാം ഓരോരുത്തരും അതിന്റെ യശ്ശസിനെ ഉയര്‍ത്തി പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയൂം ചെയ്യണമെന്നുമായിരുന്നു പ്രധാനമന്ത്രി ഉത്ഘാടന വേളയില്‍ ഗ്രീസിലെ ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തത്.

2007 ലാണ് ആദ്യമായി പാലസ് ഓഫ് അയ്‌ഗെയ്’യുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. വളരെ സങ്കീര്‍ണമായ ജോലി ആയിരുന്നു എന്നും ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് പാലസ് ഓഫ് അയ്‌ഗെയ് എന്ന സമസ്യയെ ഇന്ന് കാണുന്ന രീതിയിലാക്കിയതെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ച പുരാവസ്തു ഗവേഷകയായ ആംഗെലിക്കി കൊറ്റാറീഡി പറയുന്നത്.

‘പാലസ് ഓഫ് ഓഫ് അയ്‌ഗെയ്‌യുടെ ആദ്യ ഘട്ടത്തില്‍ ഞങ്ങളെ അഭിമുഖീകരിച്ചത് പതിനായിരക്കണക്കിന് ചിന്നിച്ചിതറി കിടക്കുന്ന വാസ്തു വിദ്യയുടെയും പൂര്‍ത്തീകരണമായ കലാസൃഷ്ടിയുടെ അവശിഷ്ടങ്ങളായിരുന്നു. കോളം ബേസുകളുടെയും, ക്യാപിറ്റലുകളുടെയും(മുകള്‍ നിരയുടെ ഭാഗങ്ങള്‍), വാസ്തുശില്പങ്ങള്‍, മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ എന്നിവയാണ്. ഇവയെല്ലാം പുനര്‍ സ്ഥാപിക്കുന്നതിന് 20 മില്യണ്‍ യൂറോയോളം (1,84,47,35,610.42 ഇന്ത്യന്‍ രൂപ) വരുന്ന ധന സഹായമുള്ള പദ്ധതിയായിരുന്നു സര്‍ക്കാര്‍ ഞങ്ങള്‍ക്ക് മുമ്പില്‍ വച്ചത്. പദ്ധതിയുടെ ആദ്യം മുതല്‍ തന്നെ നിര്‍മാണം എങ്ങനെ ആയിരിക്കണം എന്ന രൂപ രേഖ എന്റെ മസില്‍ ഉണ്ടായിരുന്നു. പിന്നീട് അതനുസരിച്ചു ഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുകയെന്നത് എന്നെ സംബന്ധിച്ച് തികച്ചും ആവേശഭരിതമായ ഒന്നായിരുന്നു. പൂര്‍ത്തീകരിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്.’ ആംഗെലിക്കി കൊറ്റാറീഡിയുടെ വാക്കുകള്‍.

ഗ്രീക്ക് പ്രധാനമന്ത്രിയെ കാണാതെ ഋഷി സുനക്; കാരണം പാര്‍തെനോണ്‍ മാര്‍ബിള്‍സോ?

ഇതു വെറുമൊരു കൊട്ടാരം മാത്രമായിരുന്നില്ല, മാസിഡോണിയയിലെ രാജകീയ പ്രൗഢിയുടെ മകുടമായിരുന്നു. പൂര്‍ണമായ ഒരു സംസ്ഥാനത്തിന്റെ പ്രതിഫഫലനമാണ് പാലസ് ഓഫ് അയ്‌ഗെയ്. ഒരു കണ്ടുപിടത്തമെന്ന നിലയിലും വാസ്തു വിദ്യയുടെ മികവിലും മിഴിവിലും ഇതിനോട് കിടപിടിക്കാന്‍ മറ്റൊരു കെട്ടിടം ഉണ്ടായിട്ടില്ലെന്നും പുരാവസ്തു ഗവേഷക കൂട്ടിച്ചേര്‍ത്തു. ഫിലിപ്പ് രണ്ടാം രാജാവിന്റെ ഉത്തരവില്‍ പണി കഴിപ്പിച്ച പാലസ് ഓഫ് അയ്‌ഗെയ് ഒരു ബൃഹത്തായ ഒരു കെട്ടിട നിര്‍മ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.

ഇവിടെ തിയേറ്റര്‍, ദേവാലയം, ലൈബ്രറി, ഒപ്പം 500-ലധികം കല്ലറകളും ഉള്‍പെടുന്നുണ്ടെന്നും അതിലെ ഒരു വിശാലമായ ശവക്കല്ലറ ഫിലിപ് രണ്ടാമന്‍ രാജാവിന്റെ ശവകുടീരവുമാണെന്നും കരുതപ്പെടുന്നു.

നഗരത്തിന്റെ ഏതാണ്ട് 10 % ശതമാനത്തോളം മാത്രമേ ഖനനം ചെയ്യപെട്ടിട്ടുള്ളു. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്താല്‍ നിലവില്‍ ഗ്രീസില്‍ നവീകരിച്ചുകൊണ്ടിരിക്കുന്ന 800-ലധികം സ്മാരകങ്ങളില്‍ ഒന്നാണ് അയ്‌ഗെയ് കൊട്ടാരം. മധ്യ-വലത് സര്‍ക്കാര്‍ ഇത്തരം സാംസ്‌കാരിക സമ്പദ്വ്യവസ്ഥയില്‍ ധാരാളം നിക്ഷേപങ്ങള്‍ നടത്തുന്നതിനാല്‍ അത് ഒരു പ്രദേശത്തിന്റെ വളര്‍ച്ചക്ക് തന്നെ കാരണമാകുന്ന ഒന്നാണ് എന്നും പ്രധാനമന്ത്രി കിറിയാകോസ് മിറ്റ്‌സോറ്റകിസ് പറഞ്ഞു.

മാസിഡോണിയയിലെ പാര്‍തെനോണ്‍ എന്നാണ് പാലസ് ഓഫ് അയ്‌ഗെയ് അറിയപ്പെടുന്നത്. ഓരോ വര്‍ഷവും ഏകദേശം 250,000 സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. പാലസ് ഓഫ് അയ്‌ഗെയ് കൂടി സഞ്ചാരികളുടെ സന്ദര്‍ശന പട്ടികയില്‍ ചേരുമ്പോള്‍ 250,000 എന്ന കണക്കില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നേട്ടത്തില്‍ ഞങ്ങള്‍ക്ക് വളരെയധികം അഭിമാനമുണ്ട്. സെന്‍ട്രല്‍ മാസിഡോണിയയിലെ നഗരമായ വെരിയയിലെ മേയര്‍ കോണ്‍സ്റ്റാന്റിനോസ് വോര്‍ജിയാസൈഡ്‌സ് പറഞ്ഞു. ഒപ്പം ‘പാലസ് ഓഫ് അയ്‌ഗെയ്’ അതിമനോഹരമായ സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രം എപ്പോഴും നമ്മുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഒന്നാണ്. പാലസ് ഓഫ് അയ്‌ഗെയ് മഹാനായ അലക്സാണ്ടറിന്റെ സാഹസികതയുടെയും ഒപ്പം ലോകം കീഴടക്കിയതിന്റെയുമൊക്കെ കഥകള്‍ ലോകത്തോട് സംസാരിക്കുന്ന സ്മാരകമാണ്. ചെറുതും സൈനിക നഗരവുമായ ഗ്രീസ് എന്ന രാജ്യത്തിന്റെ കഥകളില്‍ പലതും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത് എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് പാലസ് ഓഫ് അയ്‌ഗെയ് എന്നു ബ്രിട്ടീഷ് ചരിത്രകാരനും ബ്രോഡ്കാസ്റ്ററുമായ മൈക്കല്‍ വുഡ് പറഞ്ഞു. പാര്‍തെനോണ്‍ ക്ലാസിക്കല്‍ യുഗത്തിന്റെ കൊടുമുടിയെ പ്രതിനിധീകരിക്കുന്നുവെങ്കില്‍, ഈ രാജകീയ മഹാനഗരം ഹെല്ലനിസ്റ്റിക് (ഗ്രീസില്‍ അലക്‌സാണ്ടറുടെ മരണശേഷമുണ്ടായ കാലഘട്ടമാണ് ഹെല്ലെനിസ്റ്റിക് യുഗം) യുഗത്തിന്റെ ആരംഭം കുറിക്കുകയും അത് നൂറിലധികം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുകയും ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും വരെ വ്യാപിക്കുകയും ചെയ്തു.

അയ്‌ഗെയ് കൊട്ടാരത്തിന്റെ പുനര്‍നിര്‍മാണം, പാര്‍തെനോണ്‍ മാര്‍ബിളുകള്‍ പോലെ, മഹത്തായ ചരിത്രസ്മാരകങ്ങള്‍ക്ക് അവയുടെ സ്വാഭാവിക ഭൂപ്രകൃതിയില്‍ ഉള്ള പൂര്‍ണത സമഗ്രത’ ഉണ്ടെന്ന് വീണ്ടും തെളിയിക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ആധുനിക ഗ്രീക്ക് രാഷ്ട്രം, അതിന്റെ പുരാതന ഗ്രീക്ക് സംസ്‌കാരത്തിന്റെ സംരക്ഷകരാണെന്ന് തെളിയിക്കുകയാണ്. അഞ്ചാം നൂറ്റാണ്ടിലെ ശില്‍പങ്ങള്‍ ഏഥന്‍സില്‍ ഒരേ സ്ഥലത്തായിരിക്കണം എന്ന വസ്തുതയിലേക്കാണ് കൊട്ടാരം ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഏതന്‍സിലെ അക്രോപോളിസിലെ അഥീന ദേവിയുടെ (പാര്‍തെനോണ്‍) ക്ഷേത്രത്തിലുള്ള വ്യത്യസ്തങ്ങളായ മാര്‍ബിള്‍ വാസ്തു ശില്‍പങ്ങളുടെ ശേഖരമാണ് പാര്‍തെനോണ്‍ ശില്പങ്ങള്‍. പുരാതന ഗ്രീക്ക് ശില്‍പിയായ ഫിദിയാസും സഹായികളും ചേര്‍ന്നാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഈ സങ്കീര്‍ണമായ ശില്‍പങ്ങളില്‍ ഗ്രീക്ക് പുരാണങ്ങള്‍, മതപരമായ ചടങ്ങുകള്‍, ചരിത്ര സംഭവങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും പാര്‍തെനോണ്‍ നിര്‍മിക്കാനുള്ള തീരുമാനം കേവലം മതപരമായ ഒന്നായിരുന്നില്ല, മറിച്ച് ഏതന്‍സ് നഗരത്തിന്റെ രാഷ്ട്രീയ പ്രസ്താവന കൂടിയായിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീക് സാമ്രാജ്യം അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഏതന്‍സില്‍ ഈ ക്ഷേത്രം നിര്‍മിച്ചത്. ഏതന്‍സിന്റെ ശക്തി, സമ്പത്ത്, സാംസ്‌കാരിക നേട്ടങ്ങള്‍ എന്നിവയുടെ തെളിവായാണ് ഇവ ആഘോഷിക്കപ്പട്ടത്. ബിസി 447 നും 432 നും ഇടയിലാണ് ഇവ നിര്‍മിച്ചതെന്നാണ് അനുമാനം. പനതേനിക് ഉത്സവത്തിന്റെ ഘോഷയാത്ര, അഥീന ദേവിയുടെ ജന്മദിനത്തിന്റെ സ്മരണ, പീരിത്തൂസിന്റെ വിവാഹ വിരുന്ന്, ‘സെന്റോറുകളും’ ‘ലാപിത്തുകളും’ തമ്മിലുള്ള യുദ്ധം ചിത്രീകരിക്കുന്ന ശില്പ പരമ്പര, ദേവന്മാരുടെയും ഐതിഹാസിക നായകന്മാരുടെയും രൂപങ്ങള്‍ എന്നിവയടങ്ങുന്നതാണ്.

Share on

മറ്റുവാര്‍ത്തകള്‍