വാര്‍ഷിക ജനന നിരക്ക് 10 ലക്ഷത്തില്‍ താഴെ; ഇത് ജപ്പാന്‍റെ ചരിത്രത്തില്‍ ആദ്യം
ഹെല്‍ത്ത്, ലേബര്‍ ആന്‍ഡ് വെല്‍ഫെയര്‍ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ജപ്പാനില്‍ ഈ വര്‍ഷം ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 1 മില്ല്യണില്‍ (10 ലക്ഷം) താഴെയാണ്. ലഭ്യമായ രേഖകള്‍ വച്ചു നോക്കിയാല്‍ ആദ്യമായാണ് ജനനനിരക്ക് ഇത്രയും കുറയുന്നത്.
ഈ ആഴ്ച പുറത്തിറങ്ങിയ ജനസംഖ്യാ സ്ഥിതിവിവര കണക്കനുസരിച്ച് 981,000 ജനനങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്. 1899നു ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യ.
കുഞ്ഞുങ്ങളെ പ്രസവിക്കാവുന്ന പ്രായപരിധിയിലുള്ള സ്ത്രീകളുടെ എണ്ണം ജപ്പാനില്‍ കുറഞ്ഞു വരികയാണെന്ന് മന്ത്രിസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജനനനിരക്കു കുറയുന്നതിനെതിരെ ഗവണ്‍മെന്‍റ് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
രാജ്യത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 1.296 മില്ല്യണ്‍ ആണ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6,000 കൂടുതലാണിത്. അടുത്ത പത്തു വര്‍ഷങ്ങളില്‍ മരണ നിരക്ക് ജനനത്തെക്കാള്‍ കൂടിയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. രണ്ടും തമ്മിലുള്ള വ്യത്യാസം, അഥവാ ജനസംഖ്യയിലെ സ്വാഭാവിക കുറവ് ഒരു ഘട്ടത്തില്‍ ഉയര്‍ന്ന് 315,000 ആകുമെന്നും പ്രവചിക്കപ്പെടുന്നു.
‘Second baby boom ‘ എന്നറിയപ്പെടുന്ന 1971-74 കാലഘട്ടത്തില്‍ രേഖപ്പെടുത്തിയ 20 ലക്ഷം ജനനങ്ങളാണ് ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. അതിനു ശേഷം എണ്ണം കുറഞ്ഞു കൊണ്ടിരുന്നു.
1989ല്‍ നവജാത ശിശുക്കളുടെ എണ്ണം കുറഞ്ഞു കുറഞ്ഞ് 1.57 മില്ല്യണായി, “1.57 ഷോക്ക്” എന്നാണ് ആ സാഹചര്യത്തെ വിശേഷിപ്പിച്ചത്. കാരണം 1966ല്‍ ഒരു അന്ധവിശ്വാസത്തെ തുടര്‍ന്നു കുട്ടികള്‍ ജനിക്കുന്നത് ജപ്പാനില്‍ ധാരാളം പേര്‍ ഒഴിവാക്കിയിരുന്നു. എന്നിട്ടും ആ കൊല്ലം ഉണ്ടായ കുട്ടികളുടെ എണ്ണം പോലും 1.57 മില്ല്യണില്‍ കൂടുതലായിരുന്നു. ജനന നിരക്കു കുറയുന്ന അവസ്ഥയെ അക്കാലം മുതല്‍ ഗവണ്‍മെന്‍റ് വളരെ ഗൌരവത്തോടെ കാണാന്‍ തുടങ്ങി.
ജനനനിരക്ക് ഉയര്‍ത്തി 1.8 (ഓരോ യുവതിക്കും ജനിക്കുന്ന കുട്ടികളുടെ അനുപാതം) ആക്കുക എന്നതാണ് തന്‍റെ ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബേ 2015 സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 2017 അവസാനത്തോടെ ഡേകെയര്‍ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് 500,000 പേരെ ഉള്‍ക്കൊള്ളിക്കാന്‍ തക്കവണ്ണമാക്കാന്‍ നടപടികളാരംഭിച്ചു. സിംഗിള്‍ പാരന്‍റ് ആയവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും സഹായങ്ങള്‍ വര്‍ദ്ധിപ്പിച്ചു. പക്ഷേ ജനനനിരക്ക് കുറയുന്നതിനെ പിടിച്ചു നിര്‍ത്താനാകുന്നില്ല.
കുട്ടികള്‍ ഉണ്ടാവുന്ന പ്രായപരിധിയിലുള്ള സ്ത്രീപുരുഷന്‍മാരുടെ എണ്ണത്തിലെ കുറവും അവിവാഹിതരുടെ എണ്ണത്തിലെ വര്‍ദ്ധനവുമെല്ലാം ഈ പ്രശ്നത്തെ ഗുരുതരമാക്കുമെന്ന് ചില നിരീക്ഷകര്‍ പറയുന്നു.
ഇന്‍റേണല്‍ അഫയേഴ്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വകുപ്പിന്‍റെ എസ്റ്റിമേറ്റ് അനുസരിച്ച്20നും 39നും ഇടയ്ക്കുള്ള സ്ത്രീകളുടെ എണ്ണം നാലു വര്‍ഷം കൊണ്ട് 1.6 മില്ല്യണ്‍ കുറഞ്ഞു; 2010ല്‍ 15.84 മില്ല്യണ്‍ ആയിരുന്നത് 2014ല്‍ 14.23 മില്ല്യണായി.
National Institute of Population and Social Security Research പറയുന്നത് 50 വയസ്സു വരെയുള്ളവരില്‍ വിവാഹം കഴിച്ചിട്ടില്ലാത്തവരുടെ എണ്ണം കൂടി വരികയാണെന്നാണ്. 1990ല്‍ 5.57 ശതമാനം പുരുഷന്മാരും 4.33 ശതമാനം സ്ത്രീകളുമാണ് അവിവാഹിതരായിരുന്നതെങ്കില്‍ 2010ല്‍ ഇത് 201.4 പുരുഷന്മാരും 10.61 സ്ത്രീകളും എന്നായി. 2035ല്‍ ഈ അനുപാതം പുരുഷന്മാരില്‍ 30 ശതമാനവും സ്ത്രീകളില്‍ 20 ശതമാനവും ആകാമെന്നാണ് ചില കണക്കുകള്‍ പറയുന്നത്.
“ജനനങ്ങളില്‍ ഉണ്ടായിരിക്കുന്ന കുറവ് ഘടനാപരമായ ഒരു പ്രശ്നമാണ്, ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്,” ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ റായുചി കനേകോ പറയുന്നത്.