UPDATES

ഓട്ടോമൊബൈല്‍

കാത്തിരിപ്പിനൊടുവില്‍ എന്‍ഫീല്‍ഡിന്റെ ട്വിന്‍ 650 അവതരിച്ചു!

ഇന്റര്‍സെപ്റ്റര്‍ 650ക്ക് 2.5 ലക്ഷവും കോണ്ടിനെന്റല്‍ 650ക്ക് 2.65 ലക്ഷവുമാണ് വില.

                       

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കരുത്തുറ്റ ബൈക്കുകളായ കോണ്ടിനെന്റല്‍ ജിടി 650യും ഇന്റര്‍സെപ്റ്റര്‍ 650യും ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ഫീല്‍ഡ് കുടുംബത്തില്‍നിന്നും ബൈക്ക് പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്ന മോഡലുകള്‍ കൂടി ആണിത്. ഇന്റര്‍സെപ്റ്റര്‍ 650ക്ക് 2.5 ലക്ഷവും കോണ്ടിനെന്റല്‍ 650ക്ക് 2.65 ലക്ഷവുമാണ് വില.

2017ല്‍ നടന്ന ഇഐസിഎംഎ ഓട്ടോമോട്ടീവ് ഷോയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ എന്ന മോഡല്‍ മുന്നോട്ട് വച്ചത്. 1960ല്‍ എന്‍ഫീല്‍ഡ് തന്നെ ഇന്റര്‍സെപ്റ്റര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ 1970ല്‍ ഈ മോഡല്‍ പിന്‍വലിക്കുകയായിരുന്നു. ഇന്ന് വീണ്ടും ഈ മോഡല്‍ ആരാധകരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ഒരു പോരായ്മകളും ബാക്കി വെക്കാതെയാണ് തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. ഏറ്റവും നിലവാരമുള്ള ബൈക്കുകള്‍ നിരത്തിലെത്തിക്കുക എന്ന എന്‍ഫീല്‍ഡിന്റെ ലക്ഷ്യം കൂടി നിറവേറുകയാണ് ഇതിലൂടെ. ഇന്റര്‍സെപ്റ്റര്‍ 650ക്ക് ഒപ്പം പുതിയ കോണ്ടിനെന്റല്‍ ജിടി 650 കൂടി പുറത്തിറക്കുന്നത് ഇരട്ടി മധുരം തന്നെ.

രണ്ടു മോട്ടോര്‍സൈക്കിളിലും ഒരു പോലെയുള്ള 650 സിസി എയര്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ മോട്ടോര്‍ ആണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ പുത്തന്‍ എന്‍ജിനിനു 7,250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പിയും 5,250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കാനാകും. കൂടാതെ 2,500 ആര്‍പിഎമ്മില്‍ ഏകദേശം എണ്‍പതു ശതമാനത്തോളം ടോര്‍ക്ക് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എന്‍ഫീല്‍ഡില്‍ ആദ്യമായി സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സ് നല്‍കിയിരിക്കുന്നത് ഈ ഇരട്ട 650 ക്കാണ് എന്നുള്ളത് ശ്രദ്ധേയമാണ്.


ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമോടുകൂടിയ ട്വിന്‍ ക്രഡിലില്‍ ആണ് ഇതിന്റെ ഘടന. ഇന്റര്‍സെപ്റ്ററിനു കോണ്ടിനെന്റല്‍ ജിടിയെ അപേക്ഷിച്ചു 141 എംഎം വീതിയും 45 എംഎം ഉയരവും നാല് കിലോഗ്രാം ഭാരവും കൂടുതലാണ്. സസ്‌പെന്‍ഷനുള്ള സജ്ജീകരണങ്ങള്‍ രണ്ടു മോഡലുകളിലും സമാനത പുലര്‍ത്തുന്നുണ്ട്. മുന്നില്‍ 110 എംഎം വരുന്ന ട്രാവലോടുകൂടിയ 41 എംഎം ഫോര്‍ക്കും പിന്നില്‍ 88 എംഎം വരുന്ന ട്രാവല്‍ ചേര്‍ന്ന ട്വിന്‍ കോയില്‍ ഓവര്‍ ഷോക്കും നല്‍കിയിട്ടുണ്ട്. മാത്രമല്ല മുന്നില്‍ 320 എംഎമ്മും പിന്നില്‍ 240 എംഎമ്മും വരുന്ന ഡിസ്‌ക് ബ്രേക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഡ്യൂവല്‍ ചാനല്‍ എബിഎസ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ആയി നിലനിര്‍ത്തിയിട്ടുണ്ട്.

ഇന്റര്‍സെപ്റ്റര്‍ ആറു പെയിന്റ് സ്‌കീമുകളില്‍ ആണ് ലഭ്യമെങ്കില്‍ കോണ്ടിനെന്റല്‍ ജിടി അഞ്ചു പെയിന്റ് സ്‌കീമുകളിലാണ് വിപണിയിലെത്തുക. ബ്ലാക്ക് മാജിക്, വെഞ്ചുറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഐസ് ക്വീന്‍, മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ഡസ്ട്, ഓറഞ്ച് ഡസ്ട്, റാവിഷിങ് റെഡ്, സില്‍വര്‍ സ്പെക്ടര്‍, ബേക്കര്‍ എക്‌സ്പ്രസ് എന്നിങ്ങനെ കേള്‍ക്കാന്‍ വ്യത്യസ്തമാര്‍ന്ന പേരുകളിലാണ് പെയിന്റ് സ്ജീമുകള്‍ ഒരുക്കിയിരിക്കുന്നത്.

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

Share on

മറ്റുവാര്‍ത്തകള്‍