UPDATES

ഓട്ടോമൊബൈല്‍

രൂപവും ഭാവവും മാറി പുതിയ ടൊയോട്ട കൊറോള

മാരുതിയും ടൊയോട്ടയും ഒപ്പുവെച്ച ധാരണപ്രകാരം ബ്രെസ്സ, ബലെനോ മോഡലുകളെ ടൊയോട്ട സ്വന്തം ബാഡ്ജില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. പകരം കൊറോള സെഡാനെ മാരുതിയും വില്‍പനയ്ക്കു കൊണ്ടുവരും

                       

രാജ്യാന്തര വിപണിയില്‍ വില്‍പനയ്ക്കു വരാന്‍പോകുന്ന പുതുതലമുറ കൊറോള സെഡാനെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട കാഴ്ച്ചവെച്ചു. ചൈനീസ് വിപണിയിലായിരിക്കും ആദ്യ മോഡല്‍ അവതരിക്കുക. ടൊയോട്ടയുടെ ന്യൂ ഗ്ലോബല്‍ ആര്‍കിടെക്ച്ചറിനെ (TNGA) അടിസ്ഥാനപ്പെടുത്തിയാണ് പുത്തന്‍ കൊറോള രൂപംകൊള്ളുന്നത്. ടൊയോട്ടയുടെ C- HR, പ്രിയുസ്, കാമ്രി മോഡലുകള്‍ക്കും ഇതുതന്നെയാണ് അടിത്തറ. നിലവിലെ മോഡലുകളെ അപേക്ഷിച്ചു പുതിയ കൊറോളയുടെ ക്യാബിന്‍ തീര്‍ത്തും നിശബ്ദമായിരിക്കും; പുറത്തുനിന്നും ഒരു ചെറിയ ശബ്ദം പോലും ഉള്ളില്‍ കടക്കാന്‍TNGA അടിത്തറ സമ്മതിക്കില്ലെന്നു ടൊയോട്ട പറയുന്നു.

മികവുറ്റ സുരക്ഷയാണ് പുതിയ കൊറോള സെഡാന്‍ ഉറപ്പ് നല്‍കുന്നത്‌.വീല്‍ബേസ് 2,700 mm ആയി തുടരുന്നുണ്ടെങ്കിലും പുതിയ കൊറോളയ്ക്ക് നീളവും വലുപ്പവും കുറവാണ്. 4,640 mmനീളവും 1,780 mm വീതിയും 1,435 mm ഉയരവും മാത്രമെ കാറിനുള്ളൂ. മുന്നിലെയും പിന്നിലെയും ട്രാക്ക് വീതി 12.77mm, 22.86 mm എന്നിങ്ങനെ കൂടിയിട്ടുണ്ട്. ടോര്‍ഷന്‍ ബീമിന് പകരം പുതിയ മോഡലില്‍ മള്‍ട്ടി ലിങ്ക് പിന്‍ സസ്പെന്‍ഷനാണ് കമ്പനി ഉപയോഗിക്കുന്നത്. രൂപത്തിലും ഭാവത്തിലും കൂടുതല്‍ അക്രമണോത്സുകത പുതുതലമുറ കൊറോള അവകാശപ്പെടും.

നേര്‍ത്ത എല്‍ഇഡി ഹെഡ്ലാമ്പുകളും വലിയ 18 ഇഞ്ച് അലോയ് വീലുകളുമാണ് മോഡലില്‍ ആദ്യം ശ്രദ്ധയാകര്‍ഷിക്കുക. സെഡാന്റെ ബമ്പറുകളെയും കമ്പനി പരിഷ്‌കരിച്ചു. കൊറോള ഹാച്ച്ബാക്കില്‍ നിന്നും അതേപടി പകര്‍ത്തിയ ആ c പില്ലറാണ് പുതിയ സെഡാന്. മേല്‍ക്കൂരയോടു കൃത്യതയോടെ c പില്ലര്‍ ചേര്‍ന്നണയുന്നു. ടെയില്‍ലാമ്പുകളുടെ വീതിയും വലുപ്പവും കമ്പനി കുറച്ചു. ടൊയോട്ട മുമ്പ് കാഴ്ച്ചവെച്ച ‘സെന്‍ഷ്യസ് മിനിമലിസം’ കോണ്‍സെപ്റ്റ് അകത്തളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ആഢംബരവും വിശാലതയും ഉള്ളില്‍ അനുഭവപ്പടും. 3.0 ഇഞ്ച് എന്‍ട്യൂണ്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ, ആമസോണ്‍ അലെക്സ കണക്ടിവിറ്റി ഓപ്ഷുകള്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. അമേരിക്കന്‍ വിപണിയിലേക്കുള്ള മോഡലുകളില്‍ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സംവിധാനമായിരിക്കും ഇടംപിടിക്കുക. ഉയര്‍ന്ന വകഭേദങ്ങളില്‍ 8.0 ഇഞ്ച് ഡിസ്പ്ലേയും ഒരുങ്ങും. ടൊയോട്ട സേഫ്റ്റി സെന്‍സ് പാക്കേജാണ് പുതിയ കാറിലെ മുഖ്യാകര്‍ഷണം.

 

അടിയന്തര സന്ദര്‍ഭങ്ങളില്‍ കേവലം മുന്നറിയിപ്പ് നല്‍കുന്നതിലുപരി സന്ദര്‍ഭോചിത ഇടപെടലുകള്‍ നടത്താന്‍ ടൊയോട്ട സേഫ്റ്റി സെന്‍സിന് കഴിയും. എബിഎസ്, എയര്‍ബാഗുകള്‍ക്ക് പുറമെ ഓട്ടോമാറ്റിക് ഹൈ ബീം, റോഡ് സൈന്‍ അസിസ്റ്റ്, പ്രീ-കൊളീഷന്‍ സംവിധാനം, നൈറ്റ് ടൈം പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ട്രേസ് അസിസ്റ്റ് എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കാറിലുണ്ട്.2.0 ലിറ്റര്‍ ഡയനാമിക് ഫോഴ്സ് എഞ്ചിനാണ് പുതിയ ടൊയോട്ട കൊറോള സെഡാനില്‍ തുടിക്കുന്നത്. മോഡലിന്റെ ഹൈബ്രിഡ് പതിപ്പും നിരയിലുണ്ട്. തെക്കെ അമേരിക്കന്‍ വിപണിയില്‍ വില്‍പനയ്ക്കെത്തുന്ന പ്രാരംഭ കൊറോള മോഡലുകളില്‍ 1.8 ലിറ്റര്‍ എഞ്ചിന്‍ തുടിക്കും.

 

ഇന്ത്യയില്‍ മാരുതി സിയാസിലെ 1.5 ലിറ്റര്‍ എഞ്ചിനായിരിക്കും പുതിയ കൊറോള കടമെടുക്കുക. എഞ്ചിന് 104 bhp കരുത്തും 138 nm torque ഉം സൃഷ്ടിക്കാനാവും. മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുടെ പിന്തുണയും എഞ്ചിന് കിട്ടും.മാരുതിയും ടൊയോട്ടയും ഒപ്പുവെച്ച ധാരണപ്രകാരം ബ്രെസ്സ, ബലെനോ മോഡലുകളെ ടൊയോട്ട സ്വന്തം ബാഡ്ജില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. പകരം കൊറോള സെഡാനെ മാരുതിയും വില്‍പനയ്ക്കു കൊണ്ടുവരും.

Share on

മറ്റുവാര്‍ത്തകള്‍