ടീം അഴിമുഖം
വര: ഷാരോണ്‍ റാണി
‘അല്ല, ഊഹിക്കാമെല്ലോ’ എന്ന കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് മുതല്‍ ‘രാഷ്ട്രീയ എതിരാളിയെ വല്ല പെണ്ണു കേസിലോ ഗര്‍ഭ കേസിലോ കുടുക്കി അവരെ പിടിച്ച് നാറ്റിക്കുകയാണ് ചെയ്യേണ്ടത്’ എന്ന ശങ്കരാടിയുടെ ഡയലോഗ് വരെ നീളുന്നു മലയാളി ജീവിതം. തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനില്‍ പോലും വൈകിട്ട് ആറു മണി കഴിഞ്ഞ് ഒരു യുവാവിനും യുവതിക്കും ഒരുമിച്ച് എത്ര നേരം വഴിപോക്കരുടെ തുറിച്ചു നോട്ടമേല്‍ക്കാതെ നില്‍ക്കാന്‍ പറ്റും? ലേഡീസ് ഹോസ്റ്റലുകളിലേക്കോ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളിലേക്കോ ഒളിഞ്ഞു നോട്ടം ഇല്ലാത്ത ഏതെങ്കിലും പ്രദേശം കേരളത്തില്‍ കാണിക്കാമോ? ബസിലോ പൊതുസ്ഥലങ്ങളിലോ പുരുഷന്റെ ഉപദ്രവും ഏല്‍ക്കാത്ത എത്ര സ്ത്രീകളുണ്ട് നമ്മുടെ നാട്ടില്‍?
ഈ ‘ഊഹിക്കലു’കളിലും ‘ഒളിഞ്ഞു നോട്ടങ്ങളി’ലും ‘പെണ്ണുകേസു’കളിലും തെളിയുന്ന മലയാളി മനസിന്റെ വൈകൃതമാണ് ഇന്നത്തെ കേരള രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും ചര്‍ച്ചകളെ നിയന്ത്രിക്കുന്നത്. അത് രാഷ്ട്രീയത്തിന്റെ മാത്രം മുഖമുദ്രയല്ല, മറിച്ച് കേരളം എങ്ങനെ ഒളിഞ്ഞു നോട്ടക്കാരുടേയും ലൈംഗിക ദരിദ്രന്മാരുടെയും സമൂഹമായി മാറി എന്നതിന്റെ പ്രതിഫലനം കൂടിയാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും രാഷ്ട്രീയ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെയും വളരെയേറെ മുന്നേറ്റം കൈവരിച്ച സമൂഹമാണ് കേരളം. വിഗ്രഹത്തിന്റെ സ്ഥാനത്ത് കണ്ണാടി പ്രതിഷ്ഠിച്ച ശ്രീനാരായണ ഗുരുവിന്റെയും പേരിന്റെ അറ്റത്തു നിന്ന് ‘സമുദായ വാല്’ മുറിച്ചു മാറ്റിയ മന്നത്ത് പത്മനാഭന്റെയും സ്വത്ത് മുഴുവന്‍ പാര്‍ട്ടിക്ക് എഴുതിക്കൊടുത്ത ഇ.എം.എസിന്റെയുമൊക്കെ പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. 1957-ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന നാടു കൂടിയാണ് കേരളം.
എന്നാല്‍ സംസ്ഥാന രൂപീകരണത്തിനു ശേഷം 56 വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ നിയമസഭയിലേയും പൊതുസമൂഹത്തിലെയും പ്രധാന ചര്‍ച്ചകളെന്നത് ഇരു ചേരിയിലുള്ള രാഷ്ട്രീയക്കാരുടെ ‘സ്വഭാവ ദൂഷ്യങ്ങളും’ അതുയര്‍ത്തുന്ന ‘സദാചാര’ പ്രശ്‌നങ്ങളുമാണ്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ പോലും മന്ത്രിമാരുടെ കുടുംബ കാര്യങ്ങള്‍ ആയുധമാക്കുന്ന രീതിയില്‍ കേരള രാഷ്ട്രീയം അധ:പതിച്ചിരിക്കുന്നു. എല്ലാ നേതാക്കളുടേയും കിടപ്പറ രഹസ്യങ്ങള്‍ അറിയാമെന്ന് അവകാശപ്പെടുന്ന പി.സി ജോര്‍ജ് അതുകൊണ്ടു തന്നെ മാധ്യമങ്ങളുടെ പ്രിയപ്പെട്ടവനാകുന്നതും ഇതിന്റെ ബാക്കിയാണ്.
എന്നാല്‍ ഇന്നത്തെ കേരള രാഷ്ട്രീയത്തില്‍ എല്ലാവരും ഒരുമിക്കുന്ന, ഒരേ സ്വരത്തില്‍ പിന്തുണയ്ക്കുന്നത് വികസന, ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങളോ അട്ടപ്പാടിയിലെ പട്ടിണി മരണങ്ങളോ അല്ല. മറിച്ച് പൊതു സ്വത്ത് കൊള്ളയടിക്കുന്ന വന്‍ മുതലാളിമാരെ വെള്ളപൂശാന്‍ വേണ്ടി മാത്രമാണ്. പിണറായി വിജയനും വി.എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കും എസ്.എന്‍.ഡി.പിക്കും എന്‍.എസ്.എസിനും വിവിധ സഭകള്‍ക്കും ഒക്കെ ഒരേ സ്വരം.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിട്ടല്ല ‘സ്ത്രീ വിഷയം’ രാഷ്ട്രീയ പ്രശ്‌നമായി മാറുന്നത്. അധികാര രാഷ്ട്രീയത്തില്‍ വ്യക്തിവൈരാഗ്യങ്ങള്‍ തീര്‍ക്കുന്നതിനും മറ്റുള്ളവരെ താറടിക്കുന്നതിനും ഉള്ള ഒരു ഉപകരണമായി സ്ത്രീകളെ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു. ചരിത്രത്തില്‍ വിരലിലെണ്ണാവുന്ന കേസുകളില്‍ ഒതുങ്ങിയിരുന്ന ഇത്തരം സംഭവങ്ങള്‍ നമ്മുടെ ഒരു നിത്യസംഭവമായി മാറിയിട്ടുണ്ട്. കേരള സമൂഹവും രാഷ്ട്രീയ നേതൃത്വവും സ്ത്രീകളെ എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇത്തരം സംഭവങ്ങള്‍. കേരളത്തിന്റെ ‘മണി ഓര്‍ഡര്‍’ സമ്പദ്‌വ്യവസ്ഥയ്ക്ക് പുരുഷനോളം തന്നെയോ അതിലേറെയോ സംഭാവന നല്‍കുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ അവരെ തുല്യരായി കാണാനോ അവരര്‍ഹിക്കുന്ന സ്ഥാനം നല്‍കാനോ നമ്മുടെ പുരുഷകേന്ദ്രീകൃത സമൂഹമോ ഭരണ വ്യവസ്ഥയോ ഇതിനെ താങ്ങി നിര്‍ത്തുന്ന മൂല്യവ്യവസ്ഥയോ തയാറാല്ല.
ഏതു ബഡ്‌റൂമിലും ഒളിഞ്ഞു നോക്കാവുന്ന പുത്തന്‍ സാങ്കേതിക വിദ്യകളോ കൂണു പോലെ മുളച്ചു പൊന്തുന്ന ചാനലുകളുടെ മത്സരമോ മാത്രമല്ല ഈ സ്ത്രീ വിരുദ്ധ മനോഭാവത്തിനു പുറകില്‍. അതിനപ്പുറം നൂറ്റാണ്ടുകളായി രൂപപ്പെട്ട പുരുഷ കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥിതി തന്നെയാണ്. സ്ത്രീകള്‍ അരങ്ങിലെത്തേണ്ടവരല്ല, അടുക്കളയില്‍ തന്നെ തീരേണ്ടവരാണെന്നുള്ള പുരുഷ ബോധത്തിലേക്ക് സമൂഹം തിരിച്ചു പോവുന്നത് നവോത്ഥാന പാരമ്പര്യം ഉള്‍ക്കൊള്ളുന്ന കുറച്ച് മലയാളികള്‍ക്കെങ്കിലും ഭീതിയുണ്ടാക്കുന്ന കാര്യമാണ്.

നമ്മുടെ മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പരിഷ്‌കരണ നടപടികള്‍ ഇല്ലാതായി എന്നതിന്റെ തെളിവു കൂടിയാണ് ഇത്തരം പ്രശ്‌നങ്ങള്‍. മതങ്ങള്‍ക്കും ഫ്യൂഡല്‍ കേന്ദ്രീകൃതമായ ജാതി വ്യവസ്ഥയ്ക്കും കേരളം ഇന്ന് ഏറെ പ്രാധാന്യം കൊടുക്കുന്നതു കാണാം. ഇപ്പോഴത്തെ മത, സാമുദായിക നേതൃത്വങ്ങള്‍ അധികാര സംരക്ഷണം മാത്രം അജണ്ടയാക്കിയ ഒരുകൂട്ടം പിന്തിരിപ്പന്മാരാണ്. കേരളത്തെ പിന്നോട്ടടിപ്പിക്കാന്‍ ഈ നേതൃത്വം പരസ്പരം മത്സരിക്കുന്നതു കാണാം. കേരളത്തെ എഴുതാനും വായിക്കാനും പഠിപ്പിച്ച, ഭ്രാന്താലയം എന്ന ‘ടാഗ്’ മാറ്റാന്‍ സഹായിച്ച വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ വന്‍ പുരോഗതി കൈവരിക്കാന്‍ സഹായിച്ച, സ്ത്രീ-പുരുഷ സമത്വം കൊണ്ടു വരാന്‍ ശ്രമിച്ച ഒരു പഴയ മത സാമുദായിക ചരിത്രത്തെ നോക്കി ഈ കോമാളികള്‍ പല്ലിളിക്കുകയാണ്.
സ്ത്രീ – പുരുഷ സമത്വം എന്ന പാഠം ഇന്നത്തെ മത വിദ്യാഭ്യാസ പദ്ധതികളിലില്ല. മദ്രസകളിലൂടെ കണക്കും സയന്‍സും പഠിപ്പിച്ച് മുസ്ലീം വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ പരിശ്രമിച്ച കേരളത്തില്‍ 16 വയസില്‍ കുട്ടികളെ വിവാഹം കഴിച്ചയയ്ക്കണം എന്നു വാദിക്കാന്‍ മത സംഘടനകള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും യാതൊരു ഉളുപ്പുമുണ്ടായില്ല. കുട്ടികളുടെ സാമാന്യ മനുഷ്യാവകാശ ധ്വംസനം നിയമ രൂപത്തില്‍ വരുന്നത് അനുവദിച്ചു കൊടുക്കുന്ന നേതൃത്വത്തെ പറ്റി എന്തു പറയാന്‍?
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ തക്ക രാഷ്ട്രീയ ബോധവും വിദ്യാഭ്യാസവും നേടിയ പോലീസ് സംവിധാനവും ജുഡീഷ്യറിയും നമുക്കില്ല. അതിക്രമത്തിന് ഇരയായ ഒരു സ്ത്രീ നീതി ലഭിക്കാന്‍ വേണ്ടി കടന്നു പോകേണ്ട വഴികള്‍ ഏറെ കഠിനമാണ്. 20 വര്‍ഷമായി നീതി ലഭിക്കാത്ത സൂര്യനെല്ലി പെണ്‍കുട്ടി മുതലുള്ള അനേകം പേര്‍ നമ്മുടെ സ്ത്രീ വിരുദ്ധ സമൂഹത്തിലുണ്ട്. താന്‍ അനുഭവിച്ച പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും തന്റെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുകയും ചെയ്ത് പരാജയപ്പെടുകയും ഒടുവില്‍ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്ത, ജീവനൊടുക്കേണ്ടി വരെ വന്ന എത്രയോ പെണ്‍കുട്ടികള്‍ നമ്മുടെ ചുറ്റുമുണ്ട്.

1960-കളില്‍ അമേരിക്കയില്‍ നിന്നു വരുന്ന ഗോതമ്പ് കാത്തു കിടന്നിരുന്ന സമൂഹത്തെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു പരിധി വരെ സഹായിച്ചത് ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലെ പല നഗരങ്ങളിലും ജീവിക്കാനുള്ള ധൈര്യവും ഒരു നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റുമായി ഇറങ്ങിത്തിരിച്ച സ്ത്രീകളുടെ തന്റേടം മാത്രമാണ്. കേരള സമൂഹത്തില്‍ തന്റെ ഇടം തിരിച്ചു പിടിക്കാന്‍ നമ്മുടെ സ്ത്രീകള്‍ക്ക് ആ ഒരു തന്റേടം വീണ്ടെടുക്കേണ്ട ഗതികേട് ഇന്നുണ്ട്. കാരണം, നമ്മുടെ പുരുഷന്മാര്‍ക്ക് സ്ത്രീ – പുരുഷ തുല്യതയിലേക്കുള്ള പോരാട്ടങ്ങളില്‍ താത്പര്യമില്ലാതായിരിക്കുന്നു. മലയാളി പുരുഷന്റെ ഭൂരിഭാഗം സമയവും ബിവറേജ് കോര്‍പറേഷന്റെ ക്യുവിലും മറ്റുള്ളവരുടെ കിടപ്പറകളിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിനും സദാചാര കാവലിനും പിന്നെയുള്ള സമയം വര്‍ഗീയത കെട്ടിപ്പൊക്കാനുമായി മാറ്റി വച്ചിരിക്കുന്നു. ഇതിന് മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നമ്മുടെ സ്ത്രീകള്‍ക്ക് അന്തസായി ജീവിക്കേണ്ടതുണ്ട്.