Continue reading “മൂല്യ സൂക്ഷിപ്പുകാര്‍ അറിയേണ്ട കാര്യങ്ങള്‍”

" /> Continue reading “മൂല്യ സൂക്ഷിപ്പുകാര്‍ അറിയേണ്ട കാര്യങ്ങള്‍”

"> Continue reading “മൂല്യ സൂക്ഷിപ്പുകാര്‍ അറിയേണ്ട കാര്യങ്ങള്‍”

">

UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

മൂല്യ സൂക്ഷിപ്പുകാര്‍ അറിയേണ്ട കാര്യങ്ങള്‍

                       
കേരളത്തിലേക്കുള്ള ഓരോ തിരിച്ചുവരവും ഒരു വികസിത രാജ്യത്തേക്ക് എത്തിയതുപോലെയാണ്. നാലുനേരവും വിശദമായ ഭക്ഷണം, ആവശ്യത്തിലധികം പോഷണം, യുറോപ്യന്‍ ലിവിംഗ് സ്റ്റാന്‍ഡേര്‍ഡ്, അങ്ങനെ ഒരു സുഖിമാന്‍ അനുഭവം! ഇതൊക്കെ ആണെങ്കിലും അവധികാലങ്ങള്‍ ആശയകുഴപ്പങ്ങള്‍ക്കിടയില്‍ മുങ്ങിപോവുക പതിവുണ്ട്. ഇത്തവണ എന്നെ കുഴച്ചതും കുഴച്ചുകൊണ്ടിരിക്കുന്നതും ‘മൂല്യവും മൂല്യച്യുതി’യുമാണ്. എല്ലാവരും പറയുന്നു യുവതലമുറക്ക് മൂല്യങ്ങള്‍ ഇല്ലെന്ന്. എന്താണ് ഈ വിദഗ്ദ്ധന്‍മാര്‍ പറയുന്ന മൂല്യമെന്ന് അന്വേഷിച്ചേക്കാമെന്ന് ഞാനും കരുതി.
 
 
 
വായനയും രാഷ്ട്രീയബോധവും നഷ്ടമാകുന്നു, ബഹുമാനം എന്താണെന്നു അറിയാതെ പോകുന്നു, സൗഹൃദങ്ങള്‍ പണത്തിനു വേണ്ടിയാകുന്നു, ഇങ്ങനെ നീളുന്ന ലിസ്റ്റില്‍ വസ്ത്രധാരണവും പെരുമാറ്റരീതിയും മുന്‍നിരയില്‍ നില്കുന്നു. ശരീരം വൃത്തിയായി പൊതിഞ്ഞാല്‍ തന്നെ മൂല്യത്തിന്റ്റെ സ്റ്റാന്‍ഡേര്‍ഡ് ഉയര്‍ന്നു. വായനയും രാഷ്ട്രീയവും ഒക്കെ കടന്നുവരുന്നുണ്ടെങ്കിലും വേഷഭൂഷാദികള്‍ക്കും മതത്തിനും ജാതിക്കും കുടുംബത്തിനും ഉള്ളില്‍ മാത്രമായി കിടന്നു വട്ടം കറങ്ങുന്ന മൂല്യങ്ങള്‍ക്കാണ് ഡിമാന്‍റ്. ഏതു കാര്യത്തിലും എന്നപോലെ ഇവിടെയും പെണ്‍പിള്ളേര്‍ പുലര്‍ത്തേണ്ട മൂല്യങ്ങള്‍ വ്യത്യസ്തം! പഠനം, കൃത്യസമയത്ത് തീരുന്ന ജോലി, സമ്പാദ്യം, അല്പസ്വല്പം കാര്യപ്രാപ്തി ഒക്കെ ഉണ്ടായേ പറ്റു. കാലത്തിനൊത്ത് നാം മാറേണ്ടേ എന്നതാണ് ഇവിടുത്തെ വാദം. എന്നാല്‍ ഇപ്പറഞ്ഞ കാര്യപ്രാപ്തി അല്പം കൂടിയാലോ, കഴിഞ്ഞു കഥ! സ്വന്തം ഇഷ്ടവും സൗകര്യങ്ങളും വിനോദവും സ്വയം തിരഞ്ഞെടുക്കുന്ന സ്ത്രീ മൂല്യമതിലിനു പുറത്താണ് ഇപ്പോഴും. ജീന്‍സ് ഇട്ട പെണ്‍കുട്ടികളെ തന്റെടികളായി മുദ്രകുത്തികൊണ്ട് സംസാരിക്കുന്ന മഹാന്മാരില്‍ നിന്ന് ചാനല്‍ ഒന്ന് മാറ്റുമ്പോള്‍ കാണുന്നത് വിധുബാലയും ജയഭാരതിയും ഇന്നത്തെ മലയാള സിനിമയുടെ പെര്‍ഫെക്റ്റ് അമ്മ രൂപമായ കവിയൂര്‍ പൊന്നമ്മയും ഒക്കെ കുട്ടി പാവടയിട്ടു ഓടിനടക്കുന്നതാണ്.
 
 
സ്ത്രീ ശരീരം ഒരു അണുബോംബായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇന്നത്തേത്. ശരീരത്തെയും നഗ്‌നതയെയും നാം പേടിക്കുന്നു. തന്റെ ശരീരം ഭയക്കേണ്ടതാണെന്നോളം കണ്ടീഷന്‍ ചെയ്യപ്പെടുന്നു സ്ത്രീകള്‍. സാരിയെ ഭാരതീയ വേഷമായി സ്വീകരിക്കുമ്പോള്‍ അതിനുള്ളില്‍ അടക്കവും ഒതുക്കവും സംസ്‌കാരവും മാത്രമല്ല ഗുരുതരമായ സദാചാരബോധവും ഒളിഞ്ഞു കിടക്കുന്നു. വ്യത്യസ്ത സംസ്‌കാരങ്ങള്‍ കൂടിച്ചേര്‍ന്ന ഇന്ത്യയില്‍ എത്ര കൂട്ടര്‍ സാരി ഉടുത്തിരുന്നിരിക്കാം. മാറുമറയ്ക്കാന്‍ അവകാശമില്ലാതിരുന്ന ഒരു ജനവിഭാഗവും ഇവിടെ ഉണ്ടായിരുന്നില്ലേ? അതും ഈ പറഞ്ഞ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഉള്‍പ്പെടുന്നത് തന്നെ. ഒരു വശത്ത് എന്റെ വീട്ടുകാരികള്‍ കാലും കൈയ്യും പുറത്തു കാട്ടാതെ നടക്കണമെന്ന് പറയുന്നവര്‍ ഞങ്ങള്‍ക്ക് നയന സുഖമേകാന്‍ ഐറ്റം നമ്പരുകളും വേണമെന്ന് പറയുന്നു. കാക്കയ്ക്കും തന്‍ കുഞ്ഞ് ആണല്ലോ പ്രധാനം! മൂല്യബോധം നഷ്ടപെട്ട പൈതങ്ങളെ നന്നാക്കാനിറങ്ങുന്ന ഋഷിതുല്യന്മാരാകട്ടെ പാരമ്പര്യ വാദത്തിനു കൈയ്യും കാലും മുളച്ചത് പോലുള്ളവര്‍. ഒരു ‘പിതാവിന്റെ ആകാംഷ’ ഒന്ന് അനങ്ങി നടന്നാല്‍ ഗര്‍ഭപാത്രം തിരിഞ്ഞ് പോകുമെന്നാകുമ്പോള്‍ സ്ഥിതി വളരെ ഗുരുതരം! ഈ ഋഷി തുല്യനെ ന്യായീകരിച്ച വിദഗ്ദ്ധയെ ആകട്ടെ നമ്മുടെ മാധ്യമങ്ങള്‍ വെറുതെ വിട്ടു.
 
കൈകൂലി വാങ്ങിയ കാശു ക്യാപിറ്റേഷന്‍ ഫീ ആയി കൊടുത്ത് ഉത്തരേന്ത്യയില്‍ ഏതോ ഗുദാമിലെ കോളേജില്‍ മകളെ ഡോക്ടര്‍ ആകുന്ന എന്റെ സുഹൃത്തിന്റെ അച്ഛന്‍ ഉറപ്പിച്ചു പറയുന്നു, ബാഗ്‌ളൂര്‍ പഠനം കുട്ടിയെ വഴിതെറ്റിക്കുമെന്ന്. ഇവിടെ ബാഗ്‌ളൂര്‍ നഗരത്തിനാണോ മൂല്യച്യുതി?
 
 
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന് ഏറെ കേട്ടിട്ടുണ്ടെങ്കിലും നല്ലരീതിയില്‍ നാട്ടില്‍ പുറത്തെ അറിഞ്ഞിട്ടുണ്ടെങ്കിലും, നഗരങ്ങളാണ് എന്നെ കൂടുതല്‍ സുരക്ഷിതയാക്കുന്നത്. സുരക്ഷിതത്വം മാത്രമല്ല, നഗരങ്ങള്‍ പകരുന്ന വ്യക്തിസ്വാതന്ത്ര്യവും വ്യത്യസ്തതയോടുള്ള അംഗീകാരവും സ്വകാര്യതയും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇത് ഇടയ്ക്കിടെ വന്നു കണ്ടു പോകുന്ന ഗ്രാമങ്ങളോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം നമ്മള്‍ പകര്‍ന്നെടുത്തെങ്കിലും അത് വ്യാഖ്യാനിക്കുന്നതില്‍ കഴിവ് കാട്ടിയില്ല. വ്യക്തിസ്വാതന്ത്ര്യം ഭാരതീയ മൂല്യങ്ങള്‍ക്ക് വിപരീതമെന്നും പറയുന്നു ഒരു പക്ഷം. സ്വന്തം ഇഷ്ടങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്നവര്‍ സംസ്‌കാരശൂന്യരും മൂല്യബോധം ഇല്ലാത്തവരും ആകുന്നു. ഈ അവധി കാലത്ത് കൂടെ പഠിച്ച ഒരു കൂട്ടുകാരിയെ സിനിമയ്ക്കു പോകാന്‍ വിളിച്ചപ്പോഴാണ് അറിഞ്ഞത് സിനിമാ തിയേറ്ററില്‍ നിന്നും ഇറങ്ങി വരുന്നത് ആരെങ്കിലും കണ്ടാല്‍ വല്ലാതെ തെറ്റിദ്ധരിക്കും എന്നും തനിക്ക് വരുന്ന കല്യാണാലോചനകള്‍ മുടങ്ങാന്‍ ഇത് മതിയാകുമെന്നും മറ്റും. ഓരോരുത്തരുടെയും ശരിയും തെറ്റും വ്യത്യസ്തമാണെന്ന് ഇന്നും അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള സമൂഹമാണ് നമ്മുടേത്…എന്നില്‍ നിന്ന് വ്യത്യസ്തയാണ് നീ എന്നതിലുപരി നിനക്ക് എന്തുകൊണ്ട് എന്നെപോലെ ആയിക്കൂടാ എന്നു ചിന്തിക്കുന്നവരാണ് നമ്മളില്‍ അധികവും. വ്യക്തിസ്വാതന്ത്ര്യത്തെയും വ്യത്യസ്തതകളെയും സമൂഹമെന്നോളം നമ്മുടെ ഭരണകൂടങ്ങളും ഭയക്കുന്നു. സ്വകാര്യതയുടെ പ്രാധാന്യവും അത് ഒരു വ്യക്തിയുടെ അവകാശമാണെന്ന തിരിച്ചറിവും ലവലേശം ഇല്ല. ഒന്ന് മുറിയടച്ചിരുന്നാല്‍, ഒറ്റയ്ക്ക് യാത്രചെയ്യാന്‍ ഇഷ്ടപെട്ടാല്‍ അവയൊക്കെ നിഗൂഡതയായി വ്യഖ്യാനിക്കപെടുന്നു. ഏതോ കാലത്തിന്റെ സാമൂഹിക കാഴ്ച്ചപ്പാടിലും മേല്‍ക്കോയ്മയിലും അടിയുറച്ചു നിന്നുകൊണ്ട് വര്‍ത്തമാനകാലത്തിന്റെ ‘മൂല്യ’ങ്ങളെ സൃഷ്ടിക്കുകയാണിവര്‍ ചെയ്യുന്നത്.
 
 
വ്യക്തി സ്വാതന്ത്ര്യത്തെ തള്ളിക്കളയുന്നതിനാല്‍ തന്നെ ചങ്ങാത്തത്തിനും പ്രണയത്തിനും സെക്‌സിനും എല്ലാം അതിന്റെതായ അച്ചുകള്‍ വിദ്ധക്തര്‍ നിര്‍മിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ നിബന്ധനകള്‍ തെറ്റിക്കാത്ത സൗഹൃദങ്ങള്‍, പ്രണയവും ഒരുപരിധി വരെ അനുവദനീയം. പക്ഷേ സെക്‌സ് എന്ന് കേട്ടാല്‍ കളിമാറി. ശരീരത്തോടുള്ള ഭയം കാമത്തെ വെറും ആഭാസചിന്തയായും തെറ്റുകളിലെ തലമൂത്ത തെറ്റായും മാറ്റുന്നു. സൗഹൃദങ്ങളുടെ പ്രാധാന്യം അംഗീകരിക്കപെട്ടതാണെങ്കിലും തന്റെ തരക്കാരുമായിട്ടാവണം കൂട്ടുകെട്ട്. ഇതാവട്ടെ ജാതി-മത-ദേശ-ഭാഷ കൂട്ടുകെട്ടുകള്‍ക്ക് വഴിയോരുക്കുന്നു. മലയാളി കൂട്ടായ്മയും ബംഗാളി കൂട്ടായ്മയും അതില്‍ തന്നെ വീണ്ടും വീണ്ടും വഴിപിരിയലുകളും സൃഷ്ടിക്കപെടുന്നു. പ്രണയത്തിന്റെ ഗൈഡ് ലൈന്‍സില്‍ ഇവയെല്ലാം പണ്ടേ എഴുതപ്പെട്ടു കഴിഞ്ഞവയാണല്ലോ!
 
പൊട്ടിച്ചിരികള്‍ക്കും കെട്ടിപ്പിടിക്കലിനും ഒക്കെയുണ്ട് നിയമങ്ങള്‍. കാലുപൊക്കിയുള്ള ഇരിപ്പും ശബ്ദമുയര്‍ത്തിയുള്ള ചിരിയും പെണ്‍പിള്ളേര്‍ക്ക് അത്രകണ്ട് നല്ലതല്ലത്രേ. ഇട്ടാവട്ട മൂല്യങ്ങളെ മുറികെ പിടിച്ച് സ്വന്തം കുട്ടികളെ ഏറ്റവും അഭികാമ്യരായ വധുവരന്മാരാക്കാന്‍ അച്ഛനമ്മമാര്‍ നെട്ടോട്ടമോടുന്നു. എന്നാല്‍ മറ്റെല്ലാത്തിന്റെയും ആധാരമായ വിവാഹത്തെ പരിശോധിച്ചാല്‍ അത് തികച്ചും ഒരു കച്ചവട സ്ഥാപനമാണ്. സ്വര്‍ണക്കടക്കാരന്‍ മുതല്‍ ഡ്രൈവര്‍മാര്‍വരെ കണ്ണിചേര്‍ക്കപെട്ട കേരളത്തിലെ ഏറ്റവും ലാഭകരമായ ഒരു കച്ചവടമാണ് വിവാഹം. കൈയ്യില്‍ അഞ്ചു പൈസ ഇല്ല, അല്പം കടം മേടിച്ചായാലും ഒരു പെണ്ണുകെട്ടിയാല്‍ പരിഹാരമായി എന്ന് ചിന്തിക്കാത്തവര്‍ എന്റെ സുഹൃത് വലയത്തിലും അപൂര്‍വമായിരിക്കും. ഇവിടെ വിവാഹിതരാവുന്നവരുടെ ചോയ്‌സ് പ്രാധാന്യമര്‍ഹിക്കുന്നില്ല. ജീവിതത്തിലെ അന്നുവരെയുള്ള നിയന്ത്രണങ്ങള്‍ക്ക് എല്ലാം കാരണമാകുന്ന വിവാഹം ഒരു വലിയ വ്യവസായമായി മുന്നില്‍ നില്‍കുന്നത് ആശയകുഴപ്പങ്ങളെ വീണ്ടും കുഴയ്ക്കുന്നു. മൂല്യനിര്‍മാതാക്കളുടെ ഇരട്ടത്താപ്പല്ലേ ഇത് ?  
  
 
കണ്‍സ്യൂമറിസവും ഗ്ളോബലൈസേഷനും ജീവിതം എകണോമിക് ടേംസിലേക്കു മാറ്റിയിട്ട് കുറച്ചു കാലമായി. ചെറുപ്പക്കാരെക്കാളേറെ അവരുടെ സൗഹൃദങ്ങളും ജോലിയും ഇഷ്ടങ്ങള്‍ക്ക് അപ്പുറം പണവുമായി ബന്ധിപ്പിച്ചു നോക്കുന്നത് കുടുംബവും സമൂഹവുമാണ്. പണമാണ് അടിസ്ഥാനമെന്ന പല്ലവിയുടെ ഉത്തരവാദികളായി ഈ തലമുറയെ കാണാന്‍ ആവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
 
വായനയും രാഷ്ട്രീയബോധവും ഇല്ലാത്തവരാണ് യുവാക്കള്‍ എന്ന പറച്ചിലും പുന:പരിശോധിക്കേണ്ടതല്ലേ? ഒരുപക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗങ്ങളോ അണികളോ ആയിരിക്കില്ല ഇവര്‍. എന്നാല്‍ രാഷ്ട്രീയത്തിന്റെ മാറുന്ന മുഖം വരച്ചുകാട്ടാന്‍ ശ്രമിക്കുന്നവരുണ്ട് ഇക്കൂട്ടത്തില്‍. പരിസ്ഥിതിയുടെ പേരില്‍ ഉണ്ടാകുന്ന കൂട്ടായ്മകള്‍ ഇവയില്‍ ശ്രദ്ധേയമാണ്. ജാതി, മത, ലിംഗ വിവേചനത്തെ പാര്‍ട്ടി ലേബലില്ലാതെ മറികടക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഡല്‍ഹി ബലാത്സംഗത്തെ തുടര്‍ന്ന് ജനകീയ ശ്രദ്ധനേടിയ യുവജന പ്രക്ഷോഭത്തിന്റെ പോരായ്മകള്‍ മാറ്റിനിര്‍ത്താന്‍ ആവുന്നതല്ലെങ്കിലും അതിനെ അരാഷ്ട്രീയമായൊരു വൈകാരിക ജനക്കൂട്ടം എന്നു എഴുതിത്തള്ളുന്നതിനോട് ഞാന്‍ വിയോജിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വെളിയിലുയരുന്ന ശബ്ദങ്ങളെ അരാഷ്ട്രീയം എന്നവാക്കില്‍ ഒതുക്കുന്നത് മണ്ടത്തരമാണ്. ചെറുപ്പക്കാരെ ഒന്നടങ്കം രാഷ്ട്രീയ ബോധമില്ലാത്തവര്‍ എന്ന് ആക്ഷേപിക്കുന്ന വിദഗ്ദ്ധര്‍ മാറുന്ന രാഷ്ട്രീയത്തെ കാണാതിരിക്കാന്‍ ശ്രമിക്കുകയോ ഭയക്കുകയോ ചെയുന്നുണ്ടാവാം. വായനയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. നിലനിന്നുവന്ന വായനശൈലിയില്‍ നിന്ന് വായനയുടെ മീഡിയം, രീതികള്‍, സാമഗ്രികള്‍ ഇവ മാറിയിട്ടുണ്ട്. 
 
 
ഈ മൂല്യങ്ങളുടെ ഉറവിടം തേടിയുള്ള പോക്കാവട്ടെ നമ്മെ ഒരേസമയം കുഴപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഭാരതസംസ്‌കാരം കുളിച്ചു കുറിതൊട്ട് കുപ്പിവളയുമിട്ടു നില്‍ക്കുന്നതാണെന്ന് വിശ്വസിക്കുക പ്രയാസമാണ്. മൂല്യമെന്നാല്‍ അച്ചടക്കത്തിന്റെ പര്യായമായി മാറുന്ന കാഴ്ച്ചയാണ് നമുക്ക് ചുറ്റും കാണുന്നത്. സാമൂഹ്യ മൂല്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ മതവും പാരമ്പര്യവും പ്രധാന പങ്കുവഹിക്കുന്നു. ഹിന്ദുസംസ്‌കാരത്തെ ഭാരതീയ സംസ്‌കാരമായി പുന:പ്രതിഷ്ഠിക്കുന്നതിലൂടെ മൂല്യബോധം എലീറ്റിസത്തിലേക്കും വര്‍ഗീയതയിലേക്കും വഴിതിരിയുന്നു. സ്ത്രീ സമൂഹം തങ്ങളുടേതായ ‘ഇടം’ കണ്ടെത്താനായി കുതിക്കുമ്പോള്‍ സ്ത്രൈണതയെ കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളും കാല്പനിക സൗന്ദര്യബോധവും അവരെ പുറകോട്ടു വലിക്കുന്നു. ഒരേ അച്ചിലിട്ടു വാര്‍ത്ത പോലെ, ഒന്നായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു മജോറിറ്റിയെ സൃഷ്ടിച്ചെടുക്കുന്നതില്‍ മിടുക്കരായ ഒരു മൈനോറിറ്റി ഫോഴ്‌സ് നമുക്കിടയില്‍ ഉണ്ട്. ജാതി, മത, ലിംഗ വ്യത്യാസങ്ങള്‍ക്കനുസൃതമായി നിര്‍മിക്കപ്പെട്ട അച്ചുകളില്‍ നിന്നു പുറത്തുചാടുന്ന ജനം കൈയ്യില്‍ കിട്ടിയ മൂല്യങ്ങളെ മുറുകെ പിടിച്ചു നടന്നു തുടങ്ങുന്നു. ഗുരുതരമായ ഒരു നടത്തം! 
 

 

Share on

മറ്റുവാര്‍ത്തകള്‍