Continue reading “ഡല്‍ഹി വിധിക്കപ്പുറം : നീതിതേടുന്നത് ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍”

" /> Continue reading “ഡല്‍ഹി വിധിക്കപ്പുറം : നീതിതേടുന്നത് ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍”

"> Continue reading “ഡല്‍ഹി വിധിക്കപ്പുറം : നീതിതേടുന്നത് ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി വിധിക്കപ്പുറം : നീതിതേടുന്നത് ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍

                       

ടീം അഴിമുഖം

ഏതാനും മണിക്കൂറുകള്‍ക്കുളില്‍ ഡല്‍ഹി കൂട്ട ബലാത്സംഗ, കൊലപാതക കേസിലെ വിധി പ്രഖ്യാപിക്കും. പ്രതികള്‍ക്കുള്ള ശിക്ഷ എന്തുമാകട്ടെ, ഒച്ചിഴയും വേഗത്തില്‍ നീതിനിര്‍വ്വഹണം നടക്കുന്ന ഒരു രാജ്യത്ത് ഈ കേസില്‍ വേഗത്തില്‍ നീതി നടപ്പായത് ഒരു ഒറ്റപ്പെട്ട സംഭവമാണ്.

 

ഈ വിധി രാജ്യത്തൊട്ടാകെയായി നീതി കാത്തിരിക്കുന്ന, ബലാത്കാരത്തിനിരയാക്കപ്പെട്ട ഒരു ലക്ഷത്തിലേറെ ഇരകള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കേണ്ടതിലേക്ക് വീണ്ടും ശ്രദ്ധ തിരിയാന്‍ കാരണമാകണം. ഡിസംബര്‍ 16-ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷം പൊതുജനരോഷം തണുപ്പിക്കാന്‍ സത്വരനീതി വാഗ്ദാനം ചെയ്യുന്ന ഒരു നിയമവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങളിലെ നൂലാമാലകളും കെട്ടിക്കിടക്കുന്ന കേസുകള്‍ കൊണ്ട് വലയുന്ന കോടതികളും മൂലം ഇത് യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും ഏറെക്കാലം എടുക്കുമെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ കാണിക്കുന്നത്. ബലാത്സംഗ കേസുകളുടെ നടത്തിപ്പ് ഇഴഞ്ഞുനീങ്ങുന്നത് എങ്ങനെയെന്ന് കേന്ദ്ര നിയമ വകുപ്പിന്റെ കണക്കുകള്‍ വെളിവാക്കുന്നു. 2012-ല്‍ രാജ്യത്താകെ ഉണ്ടായിരുന്ന ഒരു ലക്ഷത്തിലേറെ ബലാത്സംഗ കേസുകളില്‍ 14,700 എണ്ണത്തില്‍ മാത്രമാണു തീര്‍പ്പുണ്ടായത്; വെറും 14.5%. അതില്‍ തന്നെ 3,563 പേര്‍ മാത്രമാണു ശിക്ഷിക്കപ്പെട്ടത്. 11,500-ലേറെപ്പേരെ വെറുതെ വിട്ടു.

 

ഡല്‍ഹിയില്‍ 2012-ല്‍ 2,007 കേസുകള്‍ വിചാരണ ചെയ്തതില്‍ 1,404 എണ്ണം ഇപ്പോളും തീര്‍ന്നിട്ടില്ല, ശിക്ഷാനിരക്ക് 15 ശതമാനത്തോളം മാത്രം.

 

ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ വിചാരണ ചെയ്തത് പശ്ചിമ ബംഗാളിലാണ് -15,197. കെട്ടിക്കിടക്കുന്ന ബലാത്സംഗ കേസുകളുടെ എണ്ണത്തിലും പശ്ചിമബംഗാള്‍ മുന്നിലാണ്,14,000-ത്തിലേറെ വരുമിത്. ശിക്ഷാനിരക്ക് ഇനിയും താഴാനാകാത്തവിധം 0.7 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. മഹാരാഷ്ട്രയില്‍ 14,414 കേസുകള്‍ വിചാരണ ചെയ്തു. 13,388 കേസുകള്‍ കെട്ടിക്കിടക്കുന്നു. ശിക്ഷാനിരക്ക് 1.1 %.

 

മധ്യപ്രദേശില്‍ 11,273-ല്‍ 8,425 കേസുകള്‍ വിചാരണ കാത്തുകിടക്കുന്നു. ശിക്ഷാനിരക്ക് 4.85%. അരുണാചല്‍ പ്രദേശില്‍ 548 കേസുകളില്‍ 30 എണ്ണത്തില്‍ മാത്രമാണ് തീര്‍പ്പായത്. ഇതില്‍ത്തന്നെ മൂന്ന് കേസുകളില്‍ മാത്രമാണ് ശിക്ഷ രേഖപ്പെടുത്തിയത്. മിസോറാമും, ഉത്തരാഖണ്ഡും മാത്രമാണ് 20 ശതമാനത്തിലേറെ ശിക്ഷാനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങള്‍.

 

ഒട്ടും ആശാസ്യമല്ലാത്ത രീതിയില്‍ കേസുകള്‍ അരിച്ചരിച്ച് നീങ്ങുന്നതിന്റെ കാരണങ്ങള്‍ പരിഹരിക്കാനുള്ള ഒരു ശ്രമമായിരുന്നു 2013-ലെ ക്രിമിനല്‍ നിയമ ഭേദഗതി നിയമം. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ നല്‍കിത്തുടങ്ങുംമുമ്പ് പുതിയ നിയമത്തിന് ഒരുപാട് മാര്‍ഗതടസ്സങ്ങള്‍ മറികടക്കാനുണ്ടെന്നാണ് മുന്‍ അനുഭവങ്ങള്‍ കാണിക്കുന്നത്.

 

പഴയ നിരവധി ഭേദഗതികള്‍ വിചാരണാവേളയില്‍ ഫലപ്രദമാകുന്നില്ല. ഉദാഹരണത്തിന്, ബലാത്സംഗ കേസിലെ വിചാരണ കഴിവതും രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തോടെ നടത്തിയ ക്രിമിനല്‍ നടപടിക്രമത്തിലെ 309-ആം വകുപ്പിന്റെ ഭേദഗതി. ഒഴിച്ചുകൂടാനാകാത്ത സന്ദര്‍ഭത്തിലൊഴികെ കേസിന്റെ വിചാരണ കോടതി നീട്ടിവെക്കരുത് എന്നാണ് അതിവേഗ വിചാരണ ഉറപ്പാക്കുന്നതിനായി നിഷ്ക്കര്‍ഷിക്കുന്നത്.

 

അതുപോലെത്തന്നെ, ബലാത്സംഗ ഇരകളുടെയും, പ്രതിയുടെയും മൊഴി ശബ്ദ-ദൃശ്യ ലേഖനം നടത്താനും 2008-ലെ സി.ആര്‍.പി.സി ഭേദഗതി പറയുന്നു. ഇത് പിന്നീട് മൊഴി മാറ്റുന്നതിനെ തടയും. ഇരയുടെ മൊഴി സുരക്ഷിതമായ ഒരിടത്ത് വെച്ചോ അല്ലെങ്കില്‍ സാധ്യമാകുന്നിടത്തോളം അവര്‍ പറയുന്ന സ്ഥലത്തുവെച്ചോ അവരുടെ മാതാപിതാക്കളുടേയോ രക്ഷിതാക്കളുടേയോ സാന്നിധ്യത്തില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ രേഖപ്പെടുത്തണമെന്നും നിയമഭേദഗതി അനുശാസിക്കുന്നു. ബലാത്സംഗ കേസുകളില്‍ രഹസ്യ വിചാരണ വേണമെന്നും കഴിയുന്നതും ഒരു വനിതാ ജഡ്ജിയോ മജിസ്ട്രേട്ടോ നടത്തണമെന്നും ഭേദഗതി പറയുന്നു.

 

ഇരകളുടെ വൈദ്യ പരിശോധനാ നടപടിക്രമങ്ങളില്‍ ഡി.എന്‍.എ മാതൃകകള്‍ ശേഖരിക്കുന്നതുകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് 2006-ല്‍ സി.ആര്‍.പി.സി ഭേദഗതി ചെയ്തിരുന്നു.

 

എന്നാല്‍ ഇവയില്‍ മിക്കതും പാലിക്കുന്നതിനേക്കാള്‍ ലംഘിക്കപ്പെടാറാണ് പതിവ്. ചില ചട്ടങ്ങള്‍ കോടതികളുടെയും അന്വേഷണ ഏജന്‍സികളുടെയും അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്താലാണ് നടപ്പാകാതിരിക്കുന്നതെങ്കില്‍ മറ്റ് ചിലത് സൂക്ഷ്മതക്കുറവുകൊണ്ടാണ്.

 

സി.ആര്‍.പി.സി 309-ആം വകുപ്പ് അനുശാസിക്കുംവണ്ണം ദൈനംദിന വിചാരണ നടത്താന്‍ നിരവധി സുപ്രീം കോടതി വിധികള്‍  കീഴ്ക്കോടതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ ‘സ്ഥിരം കേസ് നീട്ടിവെക്കല്‍ പരിപാടി’ ക്രിമിനല്‍ നീതിനിര്‍വ്വഹണത്തെ സാരമായി ബാധിച്ചെന്നും ഈ വിധികളില്‍ ചൂണ്ടിക്കാട്ടുന്നു.

 

എന്നാല്‍ കീഴ്ക്കോടതികള്‍ക്കും അവയുടേതായ നിരവധി പ്രശ്നങ്ങളുണ്ട്. അടിസ്ഥാന സൌകര്യങ്ങളുടെ അഭാവമാണ് അതില്‍ പ്രധാനം. വേണ്ടത്ര ന്യായാധിപന്‍മാരോ സി.ആര്‍.പി.സി ആവശ്യപ്പെടുന്ന വിധം കാര്യങ്ങള്‍ നടത്താന്‍ വേണ്ട സൌകര്യങ്ങളോ ഇല്ല. ഓരോ ദിവസവും കേള്‍ക്കുന്ന കേസുകളുടെ എണ്ണം ഇരുപതില്‍ ഏറെ ആകുന്ന ഇപ്പോളത്തെ അവസ്ഥയില്‍  ഒരു വിചാരണക്കോടതിക്ക് ബലാത്സംഗ കേസ് രണ്ടു മാസംകൊണ്ട് തീര്‍പ്പ് കല്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ബുദ്ധിമുട്ടാകും.

 

ചില സംസ്ഥാനങ്ങളില്‍ ബലാത്സംഗ കേസുകളുടെ നടത്തിപ്പിന് ആവശ്യമായത്ര വനിതാ ജഡ്ജിമാരില്ല. ഡല്‍ഹി തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ഇത്തരം കേസുകളുടെ വിചാരണ നടത്താന്‍ ആറ് അതിവേഗ കോടതികളെ ചുമതലപ്പെടുത്തി. എന്നാല്‍ ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വനിതാ ജഡ്ജിമാരുള്ളത്.

 

കൂടാതെ പല ഹൈക്കോടതികളും അതിവേഗ കോടതികളേതെന്ന് തീര്‍ച്ചയാക്കിയിട്ടില്ല. നിലവിലെ കോടതികളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കുക മാത്രമേ ഇതിന് വേണ്ടതുള്ളൂ, പുതിയ കോടതികള്‍ സൃഷ്ടിക്കേണ്ട ആവശ്യം പോലുമില്ല.

 

ഇതിനെല്ലാം പുറമേയാണ് അന്വേഷണ ഏജന്‍സികളുടെ പിടിപ്പുകേടും, കാര്യക്ഷമതയില്ലായ്മയും. പല കാരണങ്ങള്‍കോണ്ടും ഡി എന്‍ എ മാതൃകകള്‍ ശേഖരിക്കാനോ മറ്റ് ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കാനോ അവര്‍ക്ക് കഴിയാതെ പോകുന്നു. ഏതെണ്ടെല്ലാ കേസിലും വനിതാ അന്വേഷണ ഉദ്യോഗസ്ഥയും ഇല്ല. ഇത്തരം വീഴ്ച്ചകള്‍ ശാസ്ത്രീയവും വിശ്വസനീയവുമായ തെളിവ് ശേഖരണത്തിന് വിഘാതമാകുകയും വിചാരണാ കാലദൈര്‍ഘൈത്തെ മാത്രമല്ല അതിന്റെ വിധിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

 

മുംബെയില്‍ 2010-ല്‍ 194 ബലാത്സംഗങ്ങളും 475 അക്രമസംഭവങ്ങളുമാണ് രേഖപ്പെടുത്തിയതെങ്കില്‍ 2011-ല്‍ അത് യഥാക്രമം 221–ഉം 553-ഉം ആയി ഉയര്‍ന്നു. നഗരത്തിലെ ഒരു തുണിമില്‍ വളപ്പില്‍ വെച്ച് ഒരു ഫോട്ടോ ജേണലിസ്റ്റിനെ 5 പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം ഏറെ പ്രതിഷേധമുയര്‍ത്തി. മറ്റ് വന്‍ നഗരങ്ങളെ അപേക്ഷിച്ച് പൊതുവേ സ്ത്രീകള്‍ക്ക് സുരക്ഷിതമെന്ന് കരുതുന്ന മുംബൈയില്‍ ഉണ്ടായ ഈ സംഭവത്തിലെ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും ശക്തമായ ആവശ്യമുയര്‍ന്നു.

 

2012-ല്‍ പ്രമുഖ നഗരങ്ങളില്‍ രേഖപ്പെടുത്തിയ ബലാത്സംഗ കേസുകളുടെ എണ്ണം ഇങ്ങനെയാണ്. ഡല്‍ഹി-585, ചെന്നൈ-94, കൊല്‍ക്കത്ത-68, ബംഗളൂരു-90, ഹൈദരാബാദ്-74, അഹമ്മദാബാദ്-63, ഭോപ്പാല്‍-114. 2011-ല്‍ ഡല്‍ഹി-453, ചെന്നൈ-76, കൊല്‍ക്കത്ത-46, ഹൈദരാബാദ്-59, അഹമ്മദാബാദ്-60, ഭോപ്പാല്‍-100 എന്നായിരുന്നു കണക്ക്. 2010-ല്‍ ഡല്‍ഹി-414, ചെന്നൈ-47, കൊല്‍ക്കത്ത-32, ബംഗളൂരു-65 ഹൈദരാബാദ്-45, അഹമ്മദാബാദ്-49, ഭോപ്പാല്‍-73.

 

2012-ല്‍ സ്ത്രീകള്‍ക്കെതിരെ നടന്ന 639 ലൈംഗികാക്രമണങ്ങള്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തി. മാനഹാനി വരുത്തുന്ന തരത്തിലുള്ള 181 എണ്ണം വേറെയും. 2011-ല്‍ ഇത്തരം ആക്രമണങ്ങള്‍ രാജ്യതലസ്ഥാനത്ത് 556-ഉം, 2010-ല്‍ 550-ഉം ആയിരുന്നു.

 

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ പെരുകുകയാണ്. നീതിയുടെ രഥചക്രങ്ങള്‍ അതിവേഗം ഉരുളേണ്ടതുണ്ട്.

 

 

 

 

 

 

Share on

മറ്റുവാര്‍ത്തകള്‍