അതിസൂക്ഷ ശസ്ത്രക്രിയയില്‍ വൈദഗ്ധ്യമുളള ഭിഷഗ്വരന്മാരെ അന്വേഷിച്ച് നേട്ടോട്ടത്തിലാണ് കേരളത്തിലെ ചില മുട്ടന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. മൂന്നാലു പാര്‍ട്ടികള്‍ക്ക് ഒരേ സമയം ആവശ്യമായതിനാല്‍ ഈ മേഖലയിലെ വിദഗ്ധന്മാര്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്റാണ് കേരളത്തില്‍. മുറിക്കേണ്ട സാധനം അതിസൂക്ഷമായതിനാല്‍ കൈയ്യും കാലും മുറിച്ച് തുന്നികെട്ടുന്ന സാദാ ശസ്ത്രക്രിയ വിദഗ്ധന്മാരെ കൊണ്ടൊന്നും പണി നടക്കില്ല. ഒരു തലമുടി കൊടുത്താല്‍ ഏതെങ്കിലും ഒന്നിന്റെ കനം കൂടാതെയും കുറയാതെയും കൃത്യമായി രണ്ടായോ മൂന്നായോ നീളത്തില്‍ മുറിക്കാന്‍ കഴിവുളളവരെയാണ് ആവശ്യം. ആവശ്യക്കാര്‍ ഇരു മുന്നണിയിലും ഉണ്ട്. മുറിക്കാനെളുപ്പത്തിന് കൂട്ടത്തില്‍ മുഴുപ്പുളളതിനെ ആദ്യമെടുക്കാം.
എരിതീയോ വറചട്ടിയോ?
മല്‍സരിച്ച അഞ്ചു സീറ്റില്‍ നാലിടത്തും വിജയിച്ച് ഇടതു മുന്നണിയിലെ ഇടതന്മാരെ ഞെട്ടിച്ച വലതു മുന്നണിയിലെ ഇടതു പാര്‍ട്ടിയാണ് സാക്ഷാല്‍ ഗൗരിയമ്മ നയിക്കുന്ന ജനാധിപത്യ സംരക്ഷണ സമിതിയെന്ന ജെ.എസ്.എസ്. പറഞ്ഞിട്ടെന്ത് കാര്യം, കഴിഞ്ഞ തവണ ഒരിടത്തുപോലും പച്ച തൊടാന്‍ കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ കേസരിയായി വാഴുന്ന കാലത്ത് കേരം തിങ്ങും നാടു ഭരിക്കുമെന്നൊക്കെ പാര്‍ട്ടിക്കാര്‍ തന്നെ പ്രചരിപ്പിച്ചെങ്കിലും ഒടുവില്‍ കാര്യത്തോടുത്തപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം വേറെ ആണുങ്ങള്‍ക്ക് കൊടുത്തപ്പോള്‍ പോലും തളരാതെ നിന്ന കുഞ്ഞമ്മ നയിക്കുന്ന പാര്‍ട്ടിയാണ്. കമ്മ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയോടു മല്‍സരിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയും വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തു ചാത്തനാട്ടെ കളത്തിവീട്ടില്‍ കുഞ്ഞമ്മ. പക്ഷെ കുഞ്ഞമ്മയേക്കാള്‍ ഇപ്പോള്‍ പ്രായത്തിന്റെ അവശതയുളളത് പാര്‍ട്ടിക്കാണ്.

എം.എല്‍.എമാരില്ലാത്തതിനാല്‍ മന്ത്രി സ്ഥാനത്തെ ചൊല്ലിയോ മൂന്നാളിന്റെ ബലത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനെ ചൊല്ലിയോ ഒന്നുമല്ല പാര്‍ട്ടിയിലെ തര്‍ക്കം. എരിതീയില്‍ നിന്ന് വറചട്ടിയിലേക്കു പോകണോ എന്നതാണ് പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രശ്‌നം. ആട്ടും തുപ്പും കൊണ്ട് യു.ഡി.എഫില്‍ തുടരണമെന്ന് ഒരു കൂട്ടരും ചവിട്ടും ഇടിയും കൊളളാനായി ഇടതു മുന്നണിയിലേക്ക് പോകാമെന്ന് വേറൊരു കൂട്ടരും. ഇതൊന്നുമല്ല സി.പി.എമ്മിലേക്ക് മടങ്ങി പോകണമെന്ന മോഹത്തിലാണ് ഗൗരിയമ്മയെന്നും കേള്‍ക്കുന്നു. പണ്ട് വി.എസിനെ വെട്ടാനായി പിണറായി വിജയന്‍ ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെന്നതു നേരാണ്. ഇനി അങ്ങനെയാരു ആവശ്യം എന്തായാലും പിണറായിക്കില്ല. അന്നു മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ഐസക് പറഞ്ഞെന്നും പിന്നീടു തിരുത്തി അങ്ങനെ പറഞ്ഞില്ലെന്നുമൊക്കെ പറയേണ്ടി വരുന്ന അവസ്ഥയിലാണ് ഗൗരിയമ്മ. ജനാധിപത്യം സംരക്ഷിക്കേണ്ട ബാധ്യതയുളള പാര്‍ട്ടിയായതിനാല്‍ താഴെ തലം മുതല്‍ ഇപ്പോള്‍ പ്രമേയം പാസാക്കുന്ന തിരിക്കിലാണ് ജെ.എസ്.എസുകാര്‍. ഗൗരിയമ്മയ്ക്ക് ഒപ്പം നടന്ന ചില പഴയ വക്കീലന്മാരെ ആപത്ത് കാലത്ത് കാണാനുമില്ല. പാര്‍ട്ടി പ്രസിഡന്റു തന്നെ മുങ്ങി നടക്കുകയാണെന്നാണ് നാട്ടു സംസാരം.
എം.വി.ആറിനോ പാര്‍ട്ടിക്കോ ആയുസ് കൂടുതല്‍?
മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെയും മുഷ്‌കിനെയും വെല്ലുവിളിച്ചും കായികമായി നേരിട്ടുമാണ് എം.വി. രാഘവന്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയതും അതു വളര്‍ത്തിയതും ജയിച്ച് മന്ത്രിയായതും. സി.പി.എമ്മിലായിരുന്നപ്പോഴും പുറത്തു വന്നപ്പോഴും ആയകാലത്ത് ഉശിരോടെ നിന്ന നേതാവാണ് അദ്ദേഹം. ഇപ്പോള്‍ ശരീരം തളര്‍ന്ന് ഓര്‍മ്മ മങ്ങി കിടപ്പാണ്. എം.വി. ആര്‍ ഒന്നുമറിയുന്നില്ലെങ്കിലും കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലായി സി.എം.പി നേതാക്കളാരും നിയമസഭ കണ്ടിട്ടില്ലെങ്കിലും സി.എം.പി എന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ വാര്‍ത്താ താരം. സി.എം.പി പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു. പി.ബി അംഗത്തെ പുറത്താക്കി, അകത്താക്കി എന്നൊക്കെ വാര്‍ത്ത വായിക്കേണ്ടി വരുമ്പോള്‍ ചിരിക്കാതിരിക്കാന്‍ ചാനലുകള്‍ അവതാരകര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈദ്ധാന്തിക പ്രശ്‌നമൊന്നുമല്ല, ഇവിടെയും പ്രശ്‌നം സാമ്പത്തികം മാത്രമാണ്. പാര്‍ട്ടിക്കാര്‍ മാത്രമല്ല എം.വി.ആറിന്റെ മക്കളും കൊച്ചു മക്കളും മരുമക്കളുമൊക്കെ അതില്‍ കക്ഷികളാണു താനും.

പാപ്പിനിശേരിയിലെ വിഷ ചികില്‍സാ കേന്ദ്രവും സാമാന്യം നല്ല വരുമാനമുളള ആയുര്‍വേദ മെഡിക്കല്‍ കോളേജുമാണ് വിഷയം. സി.പി. ജോണും അരവിന്ദാക്ഷനും തമ്മിലുളള അടിക്ക് പുതുമയൊന്നുമില്ല. പാര്‍ട്ടി രൂപീകരിച്ച കാലം മുതലേ അടിയും തുടങ്ങിയിരുന്നു. ഉറക്കെ സംസാരിക്കാന്‍ ശേഷിയുളള കാലത്തോളം എം.വി. ആര്‍ പറയും മറ്റുളളവര്‍ അനുസരിക്കും, ഇത്തരം ഒരു ജന്മി – കുടിയാന്‍ ബന്ധമായിരുന്നു പാര്‍ട്ടിയില്‍. ഇപ്പോള്‍ ജന്മി വീണു. കുടിയാന്മാര്‍ തമ്മിലടിയായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം.വി.ആറിനോളം ആയുസ് പാര്‍ട്ടിക്ക് ഉണ്ടാവുമോ എന്നതില്‍ മാത്രമേ ഇപ്പോള്‍ സംശയമുളളു. അദ്ദേഹം ഒരുപാട് കാലം ജീവിക്കട്ടെ എന്ന്‍ പഞ്ചവടിപ്പാലത്തിന്റെ ആശംസ.
ജന്മനാ പിളരാനുളള വൈദഗ്ധ്യമുളളവര്‍.
ഗര്‍ഭാവസ്ഥയില്‍ പോലും പിളരാന്‍ ശേഷിയുളള, ജന്മനാ പിളരാനും വളരാനുമുളള ശേഷിയുളള കേരള കോണ്‍ഗ്രസില്‍ ആരും പിളര്‍പ്പിനെ കുറിച്ച് പറഞ്ഞില്ലെങ്കിലാണ് പ്രശ്‌നം. കേരള കോണ്‍ഗ്രസ് ജേക്കബില്‍ അടി അതിന്റെ അങ്ങേത്തലയ്ക്കല്‍ നില്‍ക്കുകയാണ്. ടി.എം. ജേക്കബ് മരിച്ചപ്പോള്‍ സീറ്റും മന്ത്രിസ്ഥാനവും പ്രതീക്ഷിച്ചിരുന്ന ജോണി നെല്ലൂരിനെ വെട്ടി അനൂപ് ജേക്കബിനെ കൊണ്ടുവന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അടി. അവിടെയും വിഷയം സാമ്പത്തികമാണ്. ശേഷി എത്ര കുറവാണെങ്കിലും പിളരാനുളള ശേഷി പാര്‍ട്ടിക്ക് ഇനിയും ഉണ്ടെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്. എന്തായാലും ഭാര്യക്കും ഭാര്യ വീട്ടുകാര്‍ക്കും അമ്മയ്ക്കുമിടയില്‍ ചക്രശ്വാസം വലിക്കുന്ന അനൂപ് ജേക്കബിന് സ്വന്തം വകുപ്പില്‍ എല്ലാ കാര്യങ്ങളും നോക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ എങ്ങനെ കുറ്റപ്പെടുത്താനാണ്?
ഇടതു മുന്നണിയില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം അങ്ങനെ രണ്ടായി കഴിഞ്ഞു. പി.ടി. ചാക്കോയുടെ മകന്‍ പി.സി. തോമസും പാര്‍ട്ടിയിലെ രണ്ടാമന്‍ സ്‌കറിയാ തോമസും തമ്മിലുള്ള അടിയുടെ ഫലമായി പുതിയൊരു കേരള കോണ്‍ഗ്രസ് എന്നുണ്ടാകും എന്നാണ് ഇനി അറിയേണ്ടത്.
പിന്നില്‍ക്കുത്ത്
കേരള കോണ്‍ഗ്രസ് ബിയെ പിളര്‍പ്പില്‍ നിന്നു രക്ഷിച്ചതിന് യാമിനി തങ്കച്ചിയോടാണ് നന്ദി പറയേണ്ടത്. അനുസരണയില്ലാത്തവനും പാര്‍ട്ടിക്കു വേണ്ടാത്തവനുമായ ഗണേശ കുമാരനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന്‍ ആവശ്യപ്പെട്ട് കീഴൂട്ട് രാമന്‍ പിളള മകന്‍ ചന്തിയില്‍ തഴമ്പുളള ബാലന്‍ പിളള ഉയര്‍ത്തിയ കാഹളങ്ങള്‍ ചില്ലറയല്ലായിരുന്നു. അച്ഛനും മകനും തമ്മിലുളള പൊരിഞ്ഞ അടിയെ തുടര്‍ന്ന് മന്ത്രി കുമാരന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കാനുളള ശ്രമവും തുടങ്ങിയിരുന്നു. അടി കൊണ്ടതും കാലില്‍ വീണു മാപ്പിരന്നതും അടക്കമുളള ഗണേശന്റെ നീലക്കഥകള്‍ ഭാര്യ യാമിനി പുറത്തു വിട്ടതോടെ ഗണേശന് മന്ത്രി സ്ഥാനം പോയെങ്കിലെന്ത്, അച്ഛനും മകനും ഒന്നിച്ചില്ലേ. പാര്‍ട്ടി പിളര്‍പ്പ് ഒഴിവായില്ലേ. ഇപ്പോ എന്താ അടയും ചക്കയും പോലെയാണ് ഇരുവരും എന്നാണ് കേള്‍വി.