Continue reading “മനസിലേക്ക് പെയ്തിറങ്ങുന്ന മഴ: കുബ്ബൂസ് കാലത്തെ ജീവിതം”

" /> Continue reading “മനസിലേക്ക് പെയ്തിറങ്ങുന്ന മഴ: കുബ്ബൂസ് കാലത്തെ ജീവിതം”

"> Continue reading “മനസിലേക്ക് പെയ്തിറങ്ങുന്ന മഴ: കുബ്ബൂസ് കാലത്തെ ജീവിതം”

">

UPDATES

പ്രവാസം

മനസിലേക്ക് പെയ്തിറങ്ങുന്ന മഴ: കുബ്ബൂസ് കാലത്തെ ജീവിതം

                       

അബ്ബാസ് ഓ.എം

 

ഇന്നലെ രാത്രിയിലെപ്പോഴോ ഒരു മഴ പെയ്തിരുന്നു. കാലത്ത് എണീറ്റ്‌ പുറത്തു വന്നപ്പോള്‍  പുതുമഴയേറ്റു കിടക്കുന്ന പുതു മണ്ണിനൊരു പുതു പെണ്ണിന്‍റെ നാണം. അവളെന്നെ നോക്കിയൊന്നു ചിരിച്ചു!!

 

പാവം ഈ മരുഭൂമി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം ഒരു മഴ പെയ്യും. പിന്നെ ഒരു വര്‍ഷം മുഴുവന്‍ ആ മഴയുടെ ഓര്‍മകളുമായി അവളങ്ങിനെ കാത്തിരിക്കും. അടുത്ത മഴക്കായി…. എന്നെ പോലെ തന്നെ. വര്‍ഷത്തില്‍ കുറച്ചു ദിവസം അവധിക്കാലം എന്ന പേരില്‍  ഒരു മഴ പെയ്യും, പിന്നീട് കുറച്ചു ദിവസങ്ങള്‍ മഴപോലെ മനോഹരമായിരിക്കും. ശേഷം വീണ്ടും പ്രവാസം. വീണ്ടും ഒരു വര്‍ഷം നീണ്ട കാത്തിരിപ്പ്. കൂട്ടിനു കുറച്ചു മഴ ദിവസങ്ങളുടെ നനുത്ത  ഓര്‍മകളും..

 

ഞാന്‍ ഒരു കണക്കിന് ഭാഗ്യവാനാണ്. എനിക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാട്ടില്‍ പോവാന്‍ പറ്റുന്നുണ്ട്. രണ്ടോ മൂന്നോ വര്‍ഷമൊക്കെ കൂടുമ്പോള്‍ പോകുന്നവരാണ് കൂടുതലും. ചില നിയമ പ്രശ്നങ്ങളും കട ബാധ്യതകളും കാരണം ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പോവാന്‍ പറ്റാത്തവരുമുണ്ട് .

 

പറഞ്ഞു വരുന്നത് പ്രവാസികളെ കുറിച്ചാണ്. ജീവിതം തന്നെ സമരമാക്കിയ ഒരു ജനതയെ കുറിച്ച്. എത്ര കണ്ണുനീര്‍ കുടിച്ചാലും ദാഹം തീരാത്ത ഈ മരുഭൂമിക്ക്‌ ഒരുപാട് പ്രവാസി കഥകള്‍ പറയാനുണ്ട്. ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും, വിജയങ്ങളുടെയും, പരാജയങ്ങളുടെയുമെല്ലാം കഥകളുണ്ടിവിടെ. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ കേട്ട കഥകള്‍ മിക്കതും പരാജയപ്പെട്ടവരുടെ കഥകള്‍ മാത്രമായിപോയി എന്ന് മാത്രം .

 

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പരാജിതരെക്കാളും വിജയികളാണ് ഇവിടെ ഉള്ളതെങ്കിലും ചില മനുഷ്യരെ നമ്മള്‍ കാണുമ്പോള്‍ അവരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ ഗള്‍ഫ് ഇത്രയും മോശപ്പെട്ട സ്ഥലമാണോ എന്ന് തോന്നിപ്പോകും നമുക്ക്.   അതായിരിക്കാം ഗള്‍ഫിനെ കുറിച്ച് എഴുതുന്നവര്‍ എല്ലാം നെഗറ്റീവ് കഥകള്‍ തേടി പോയത്. വേറെ ഒരു കാരണം കൂടിയുണ്ട് …..അത്തരം കഥകള്‍ക്ക് നമുക്കിടയിലുള്ള മാര്‍ക്കെറ്റ്.

 

ബെന്യാമന്റെ ‘ആട് ജീവിതം’ ഞാന്‍ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകമാണ്. കാരണം അതിലെ നജീബിന്റെ അനുഭവങ്ങള്‍ അത്രയും തീഷ്ണമായിരുന്നു. ഇപ്പോഴും ഏതൊക്കെയോ നജീബുമാര്‍ ഈ മരുഭൂമിയുടെ ഏതൊക്കെയോ ഭാഗങ്ങളില്‍ ആട്‌ജീവിതം നയിക്കുന്നുണ്ട്‌…

 

കൂട്ടുകാരുടെ കൂടെ ഒഴിവ് ദിവസങ്ങളില്‍ ഖത്തറിന്റെ ഉള്‍ഭാഗങ്ങളിലേക്ക് നടത്തിയ ചില യാത്രകളില്‍ ഞാന്‍ കണ്ടിട്ടുണ്ട് ക്ഷീണിച്ചു മെലിഞ്ഞ, മുഷിഞ്ഞ കുറെ മനുഷ്യ കോലങ്ങളെ. മലയാളികളെ അധികം കണ്ടിട്ടില്ല. കൂടുതലും ബംഗ്ലാദേശ് ,സുഡാന്‍ തുടങ്ങിയ രാജ്യക്കാര്‍ ആണ്, നമുക്ക് നമ്മുടെ ഒരു ബന്ധുവിനെ അല്ലെങ്കില്‍ ഒരു പഴയ കൂട്ടുകാരനെ കാണുമ്പോളുള്ള സന്തോഷമാണ് നമ്മളെ കാണുമ്പോള്‍ അവരുടെ മുഖത്തു നമുക്ക് കാണാന്‍ കഴിയുക. ഞാന്‍ പലപ്പോഴും ഓര്‍ത്തു പോയിട്ടുണ്ട് മനുഷ്യന്റെ നിസ്സഹായാവസ്ഥയെ കുറിച്ച്. ഇവിടെ ആ നിസ്സഹായരായ മനുഷ്യന്‍ നമ്മെ നോക്കുന്നത് തന്റെ തന്നെ വര്‍ഗത്തില്‍ പെട്ടെ ഒരാള്‍ എന്ന ഒരൊറ്റ കണ്ണു കൊണ്ട് മാത്രമാണ്..എന്നാല്‍ നമ്മള്‍ പുതിയതായി കാണുന്ന ഒരാളെ നോക്കാന്‍ എത്ര കണ്ണുകള്‍  ഉപയോഗിക്കുന്നു. ആണാണോ, പെണ്ണാണോ ? ഹിന്ദുവാണോ, മുസ്ലിമാണോ? ആഫ്രിക്കയാണോ, ഏഷ്യയാണോ?  മലയാളിയാണോ, തമിഴനാണോ?  മലബാറുകാരന്‍ ആണോ തിരുവിതാംകൂറുകാരനാണോ? മണ്ണാര്‍ക്കാട്ടുകാരന്‍ ആണോ അതോ പാലക്കാട്ടുകാരന്‍ ആണോ…….

 

ഒറ്റപ്പെടുകയെന്നതിലും വലിയൊരു നിസ്സഹായാവസ്ഥ വേറെയില്ല മനുഷ്യന്. അതനുഭവിച്ചു തന്നെയറിയണം. പ്രവാസികള്‍ ചെയ്യുന്ന ത്യാഗം എന്ന് പറയുന്നത് അറിഞ്ഞു കൊണ്ടുള്ള അവരുടെ ഈ ഒറ്റപ്പെടലാണ്. സ്വന്തം കുടുംബത്തെയും,നാടിനെയും വിട്ടു പിരിഞ്ഞുകൊണ്ടുള്ള ഒരു ത്യാഗം. പിന്നെ നമുക്കവരുടെ മറ്റൊരു ത്യാഗമായി കാണാവുന്നത്‌ കുടുംബത്തില്‍ ഒരു മരണം നടന്നാലോ ഒരു കല്യാണം നടക്കുമ്പോഴോ ഒന്നും ആ ദുഖത്തിലോ സന്തോഷത്തിലോ സ്വന്തം വീട്ടുകാരുടെ കൂടെ പങ്കെടുക്കാന്‍ കഴിയാതെ എല്ലാം മനസ്സിലൊതുക്കി ഇവിടെ തന്നെ കഴിഞ്ഞു കൂടേണ്ട അവരുടെ അവസ്ഥയാണ്. പലര്‍ക്കുമൊന്നു കരയാന്‍ പോലും അന്ന് ലീവ് കിട്ടണമെന്നില്ല. ചിലപ്പോള്‍ പോവാനുള്ള പേപ്പേഴ്സ് എല്ലാം ശരിയായാലും ടിക്കറ്റ്‌ കിട്ടില്ല. അങ്ങിനെ കുറെ കാര്യങ്ങള്‍ ഉണ്ട് പ്രവാസിയുടെ ത്യാഗങ്ങള്‍ എന്ന വകുപ്പില്‍.

 

പക്ഷെ നിര്‍ഭാഗ്യവശാല്‍  നമ്മള്‍ വായിക്കുന്ന പ്രവാസ കുറിപ്പുകള്‍ പലതും പരിപ്പ് കറിയുടെയും,ഖുബ്ബൂസിന്റെയും ,മൂട്ട കടിയുടെയും കഥകള്‍ ആണ്. ശരിയാണ് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന, ശമ്പളം സമയത്തിന് കിട്ടാത്ത ഒരുപാട് ആളുകളുണ്ടിവിടെ. ഇതില്‍ ഭൂരിപക്ഷം ആളുകളും മാന്യമായ ഭക്ഷണം കഴിക്കാത്തത് ഒരു റിയാല്‍ ചിലവായാല്‍ നാട്ടിലെക്കയക്കാനുള്ള പതിനാലു രൂപ കുറയുമല്ലോ എന്ന് കരുതിയിട്ടാണ്. 

അവനവനെ സ്നേഹിക്കാതെ  വീട്ടുകാരെ സ്നേഹിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? വസ്ത്രം,ഭക്ഷണം, പാര്‍പ്പിടം മുതലായ മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങള്‍ അനുഭവിക്കാതെ ജീവിച്ചിട്ട് എന്ത് കാര്യം? പിശുക്കിനെ ഗതികേട് എന്ന് വിളിക്കുന്നത്‌ തന്നെയല്ലേ ഏറ്റവും വലിയ ഗതികേട് ? 

 

അഴിമുഖത്തില്‍ എഴുതാനൊരു അവസരം കിട്ടിയതില്‍ എനിക്കതിയായ സന്തോഷമുണ്ട്.ഞാനിവിടെ എഴുതാനല്ല പറയാനാണ് ശ്രമിക്കുന്നത്. പതിനാലു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ കുറെ മനുഷ്യരെ കുറിച്ച്, ജീവിക്കാന്‍ മറന്നു പോയ ഞങ്ങളില്‍  പലരുടെയും ജീവിതങ്ങളെ കുറിച്ച് പണ്ടെന്നോ ദൂരെ നിന്നെന്നെ നോക്കി നാവ് നീട്ടിയെന്റെ ചോര കുടിച്ചെങ്ങോട്ടോ മറഞ്ഞു പോയ ചുവന്ന തൊപ്പിക്കാരന്‍ ഓന്തിനെ കുറിച്ച്, എന്നെ കടിക്കാനായോടി വന്നിട്ട് ….വന്ന കാര്യം മറന്നു പോയ   കളരിക്കാരനെ പോലെ ദേഹമാസകലം എണ്ണ തേച്ചു നടക്കുന്ന അരണ ചേട്ടനെ കുറിച്ച് ഒരു കല്ലെടുക്കാന്‍ വേണ്ടി കുനിഞ്ഞപ്പോഴേക്കും ക്രാ ക്രാ എന്നു കരഞ്ഞെന്നെ കളിയാക്കി പറന്നു പോയ കാക്കയെ കുറിച്ച്… രാത്രികളില്‍ കൂട്ടുകാരുടെ കൂടെ പുഴയോരത്ത് കിടന്നു കണ്ട ഒരേ വരിയിലുള്ള മൂന്നു നക്ഷത്രങ്ങളെ കുറിച്ച്…ആകാശം കാണിക്കാതെ സൂക്ഷിച്ചു വച്ചിട്ടും ഒരിക്കല്‍ പോലും പെറാതെ എന്നെ പറ്റിച്ച പുസ്തകതാളിലെ മയില്‍ പീലിയെ കുറിച്ച്…. പിന്നെ മനസ്സിലെന്നുമുള്ള മഴയെ കുറിച്ചു…. ഒരു ചേമ്പിലയില്‍ പൊതിഞ്ഞെടുക്കാവുന്നത്രയും ചെറിയൊരു മഴയേ കുറിച്ച്…..

 

(പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അബ്ബാസ് 13 വര്‍ഷമായി ദോഹയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

 

Related news


Share on

മറ്റുവാര്‍ത്തകള്‍