Continue reading “മലബാറിലെ \’ക\’യില്‍ നിന്ന് ലണ്ടനിലേക്കുള്ള ദൂരം”

" /> Continue reading “മലബാറിലെ \’ക\’യില്‍ നിന്ന് ലണ്ടനിലേക്കുള്ള ദൂരം”

"> Continue reading “മലബാറിലെ \’ക\’യില്‍ നിന്ന് ലണ്ടനിലേക്കുള്ള ദൂരം”

">

UPDATES

പ്രവാസം

മലബാറിലെ \’ക\’യില്‍ നിന്ന് ലണ്ടനിലേക്കുള്ള ദൂരം

                       

വസീം മുഹമ്മദ്

 

I

ഉപ്പ ചീത്ത പറയുന്ന അതേ ‘ക’യില്‍ നിന്നു തന്നെ തുടങ്ങാം. കാരണം ചെറുപ്പത്തില്‍ എനിക്ക് ‘ക’ എഴുതാന്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ വല്യ കുഴപ്പമില്ലാതെ ഒപ്പിക്കാം എന്നായിട്ടുണ്ട്. മലയാളം മാഷായതു കൊണ്ടാവാം ‘ക’ എഴുതിയത് തെറ്റിയതിന് ഉപ്പ എന്നെ തല്ലിയത്. അതേ മാഷിന്റെ കൈയും പിടിച്ച് ഗമയില്‍ ഒരേ സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ പടച്ചവനേ… ഇന്ന് ക്ലാസില്‍ തല്ലു കിട്ടാതിരുന്നാല്‍ മതിയാരുന്നു എന്നു പ്രാര്‍ത്ഥിക്കും. കാരണം ക്ലാസില്‍ നിന്നും അടി കിട്ടിയാല്‍ മോശമല്ലേ, വീട്ടില്‍ നിന്നു കിട്ടുന്നതു കൂടാതെ ഇവിടെ നിന്നു കൂടി കിട്ടിയാല്‍ സഹിക്കാന്‍ പറ്റവോ? ഒന്നാം ക്ലാസ് ജയിച്ചപ്പോ ഓര്‍ത്തു, ഇനിയെങ്കിലും കുറച്ചു രക്ഷ കിട്ടുമല്ലോ എന്ന്. എന്നാല്‍ ഉപ്പയും എന്റെ കൂടെ ഒന്നാം ക്ലാസ് ജയിച്ചു. ഉപ്പ വീണ്ടും എന്റെ ക്ലാസ് മാഷായി. 
 
തോടിനു വരമ്പിലൂടെ നടന്നു പോകുമ്പോഴായിരിക്കം അടുത്തുള്ള രാമനും കണാരനും പണിക്കു പോവുന്നത്. മാഷേ, എങ്ങോട്ടാ മാഷേ രണ്ടാളും കൂടി? ഇന്നലെ വസീം തോട്ടില്‍ വീഴണ്ടതാരുന്നു. ചെക്കന്മാരുടെ കൂടെ മീന്‍ പിടിത്തം തന്നെ പണി. മാഷിന്റെ ഒരു കണ്ണു വേണം.. പഞ്ചായത്തിന്റെ മറ്റേ കടലാസ് നാളെ വന്നാല്‍ ശരിയാക്കി തരുമോ എന്നു ചോദിച്ച് കണാരനും നടന്നു നീങ്ങും. മീന്‍ പിടിക്കാന്‍ പോയതിന് എന്നെ തല്ലാത്തതെന്ത് എന്നു മനസില്‍ കരുതുമ്പോഴേക്കും സ്‌കൂളിലെത്തും. അവിടെ ബെല്ലടിക്കാന്‍ ആരോടും ചോദിക്കേണ്ട. ആര്‍ക്കും ആ കമ്പി കൊണ്ടടിക്കാം. മാഷിന്റെ മോനായതു കൊണ്ടാകാം ഞാന്‍ അടിക്കുമ്പോള്‍ കുട്ടികള്‍ ഒന്നും പറയില്ല. പിന്നെ ക്ലാസില്‍ കേട്ടെഴുത്ത് തുടങ്ങും. ഉപ്പയുടെ ചോദ്യങ്ങള്‍ എല്ലാം ‘ക’യില്‍ തുടങ്ങുന്നതു മാത്രം. പിന്നെ തല്ലു തുടങ്ങും. എല്ലാവര്‍ക്കും കൊടുത്തതിനു ശേഷമാണ് എന്റെ ഊഴം. എനിക്കായിരിക്കും കൂടുതല്‍ കിട്ടുക. മുഴുവന്‍ ചോദ്യങ്ങളും ‘ക’ ചോദ്യങ്ങള്‍ ആയതു കൊണ്ട് ഞാന്‍ ഒന്നും തന്നെ ശരിയാക്കിയിട്ടുണ്ടാവില്ല. തലേന്ന് മീന്‍ പിടിച്ചതിനും പള്ളിയില്‍ പോകാത്തതിനും കടയില്‍ പോകാതിരുന്നതിനും ഉമ്മാനോട് വാശി പിടിച്ചതിനും എല്ലാം കൂടി ഒരു തൃശൂര്‍ പൂരമാണ് പിന്നെ.
 
സ്‌കൂള്‍ വിട്ടതിനു ശേഷം രണ്ടു പേരും കൂടി വൈകിട്ട് ഒരുമിച്ച് അതേ യാത്ര. ഉപ്പയുടെ പിന്നില്‍ മിണ്ടാതെ ഞാനും വീട്ടിലേക്ക്. അപ്പോഴും എന്റെ മനസില്‍ ഉപ്പ പള്ളിയില്‍ പോകുമ്പോഴുള്ള അരമണിക്കുര്‍ മീന്‍ പിടിത്തമായിരിക്കും. ആ ജീവിതം കഴിഞ്ഞു. ഇപ്പോള്‍ ബിലാത്തിപ്പട്ടണത്തില്‍.  ഇവിടെ നിന്ന് ഞാന്‍ മലബാറിലേക്ക് പറന്ന് എത്തുമ്പോഴേക്കും എന്റെ മാഷ് യാത്രയായിരുന്നു. 
 
 
II

ഈസ്റ്റ് ഹാം ശരിക്കും ഒരു മിനി ഇന്ത്യ തന്നെയാണ്. മിക്കവാറും ട്യൂബ് സ്‌റ്റേഷനില്‍ നിന്നും ‘അണ്ണാ സൌഖ്യമ… വേലയെല്ലാം എപ്പടിയിരുക്ക് എന്നു കേള്‍ക്കാം! ലണ്ടനില്‍ പഠിക്കാന്‍ വന്നിട്ട് എത്തിയത് തമിഴ്നാട്ടിലാണോ എന്നു തോന്നും. ട്രെയിന്‍ അങ്ങനെ നീങ്ങി തുടങ്ങിയാല്‍ അപ്റ്റണ്‍ പാര്‍ക്ക്. അതാണ് മക്കളെ പാകിസ്ഥാന്റെ ബോര്‍ഡര്‍. ഇവിടെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വല്ല്യ പ്രശ്‌നങ്ങോളുന്നുമില്ലാതെ കഴിഞ്ഞു പോകുന്നു. വൈറ്റ് ചാപ്പല്‍ എത്തിയാല്‍ ബംഗ്ലാദേശ്. എല്ലാവരും കൂടി ബസ് നമ്പര്‍ 25യില്‍ പോകുമ്പോള്‍ പെട്ടെന്നൊരാള്‍ ചോദിച്ചു. Hello mate, Is it going to oxford circus? എല്ലാവരും ആ വെളുത്ത മനുഷ്യന്റെ മുഖത്തേക്ക് നോക്കി. അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. ഒരക്ഷരം മിണ്ടിയില്ല ആരും. പെട്ടെന്നൊരാള്‍ പറഞ്ഞു ‘yep’; അയാള്‍ പറയുവാ.. Carry on guys… only one person know English. 

 

ഈസ്റ്റ് ലണ്ടന്‍. ഏഷ്യയാണ് ഈസ്റ്റ് ലണ്ടന്‍. ഇന്ത്യക്കാരന്‍ അവന്റെ ഇംഗ്ലീഷും ബംഗാളിയും പാകിസ്ഥാനി അവരുടെ ഭാഷയും ഒക്കെ ഇംഗ്ലീഷില്‍ കൂട്ടിക്കലര്‍ത്തി പാവം ബ്രിട്ടിഷുകാരന് അവന്റെ ഭാഷ അന്യമായിരിക്കുന്നു. ഉപ്പ പഠിപ്പിച്ച ഇംഗ്ലീഷുകാരിങ്ങനെ ആയിരുന്നില്ലല്ലോ പടച്ചോനെ? ഇന്ത്യ ഭരിച്ചിരുന്നത് അവരല്ലേ?എന്നിട്ടെന്താ അവരുടെ വല്ല്യ ഓഫീസിലേക്ക് ഇന്ത്യക്കാരനും പാക്കിസ്ഥാനിയുമൊക്കെ കോട്ട് ഇട്ടു പോകുന്നത്… ഇതെന്തു കഥ? അങ്ങനെ ആ വല്ല്യ ബസ് മെല്ലെ കോളേജിനടുത്തെത്തി. അപ്പോഴേക്കും ബസ് കാലിയായിരുന്നു. മക്കളെ ഇതാണ് ലണ്ടന്‍. ബ്രിട്ടീഷുകാരന്‍ തിരക്കിട്ട് നടക്കുന്നു… അല്ല… ഓടുന്നു. കയ്യില്‍ ഒരു ബുക്കും McDonaldsന്റെ പൊതിയും. വഴിയില്‍ കെട്ടിപ്പിടിച്ചു ശ്വാസം വിടാതെ നില്‍ക്കുന്ന കാമുകീ കാമുകന്മാരും. ഒരു പെണ്ണ് മക്കനെ ഇടാതെ നടന്നാല്‍, പടച്ചോനെ എന്റെ നാട്ടില്‍ നാട്ടാര് ശ്വാസം മുട്ടി മരിക്കും. ഇവിടെ ശ്വാസം വിടാന്‍ പോലും ആരും നില്‍ക്കുന്നില്ല. ഞാന്‍ അപ്പോഴും എന്റെ സെക്കന്റ് ഹാന്‍ഡ് ഐ പോഡിലെ ലാലേട്ടന്റെ ഏതെങ്കിലും പാട്ട് മെല്ലെ മൂളുവായിരിക്കും. കോളേജ് എത്തിയാല്‍ അതേ ആഫ്രിക്കന്‍ ചോദിക്കും. സുഖമല്ലേ? ഞാന്‍ പറയും ഗുഡ്. അവനോടു യാത്ര പറഞ്ഞു കോണി കയറി ക്ലാസ്സില്‍ എത്തുമ്പോഴേക്കും വിശക്കും. ക്ലാസ്സു തുടങ്ങിയിട്ട് അര മണിക്കൂര്‍ ആയിട്ടുണ്ടാകും; പിന്നിലെ ബെഞ്ചില്‍ തന്നെ നമ്മുടെ സ്ഥാനം!  

 

 

എന്നും രാവിലെ ‘തമിഴ്‌നാട്’ നിന്നും ലണ്ടന്‍ വരെ ഞാന്‍ യാത്ര ചെയ്യുന്നു. ഞാന്‍ തന്നെയല്ല, മിക്ക ലണ്ടന്‍ മലയാളികളും. ആരും അഹങ്കരിക്കുന്നില്ല എന്ന് മാത്രം. 

 

 

 

 

(മലപ്പുറം തിരൂര്‍ സ്വദേശിയാണ് ലേഖകന്‍. ലണ്ടന്‍ ആസ്ഥാനമായ യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഇപ്പോള്‍ മലേഷ്യയില്‍ മാനേജ്മെന്‍റ് പഠനം)

 

Share on

മറ്റുവാര്‍ത്തകള്‍