ബോണ്‍മൗത്തിനെയും പാലായെയും ഇരട്ടകളായി കണക്കാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. ഇത്രയും സാമ്യമുള്ള ആളുകളെ അകറ്റിനിര്‍ത്തുന്നത് ശരിയല്ല.
ദക്ഷിണേന്ത്യയിലെ ചെറിയ പട്ടണമായ പാലായിലായിരുന്നു എന്റെ കുട്ടിക്കാലം. ക്രിസ്മസും പുതുവര്‍ഷവും തകര്‍ത്ത് ആഘോഷിച്ചിരുന്ന കാലം. എല്ലാ പ്രധാനപ്പെട്ട ഉല്‍സവങ്ങളും അങ്ങനെ തന്നെ. ഞാന്‍ അവിടം വിട്ടശേഷം ഇതിനുമാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല. ഞാനില്ലാതെ എന്താഘോഷം! പക്ഷേ എന്റെ കുട്ടിക്കാലത്ത് ജീവിതം എങ്ങനെയാണ് ആസ്വദിക്കേണ്ടതെന്ന് പാലാക്കാര്‍ക്ക് അറിയാമായിരുന്നു.
മദ്യപിക്കാന്‍ ഇഷ്ടമുള്ളവരായിരുന്നു പാലാക്കാര്‍. 80 വയസ് കടക്കാത്തവരെല്ലാം സാഹസികരായിരുന്നു. മടിക്കുത്തില്‍ പിച്ചാത്തിയില്ലാത്തവരായി ആരുമുണ്ടായിരുന്നില്ല. ചെറിയൊരു പ്രകോപനമുണ്ടായാല്‍ കത്തി പുറത്തെടുത്ത് വീര്യത്തോടെ ചുഴറ്റുന്നതും പതിവായിരുന്നു; ആഘോഷദിനങ്ങളില്‍ അല്‍പം അകത്താക്കിയശേഷമാണെങ്കില്‍ പ്രത്യേകിച്ചും.
ഒരു പൗരുഷപ്രകടനം മാത്രമായിരുന്നു മിക്കവാറും ഈ കത്തിവീശല്‍. ഇംഗ്ലണ്ടിലെ പബ്ബുകളില്‍ നടക്കാറുള്ള വാക്കുതര്‍ക്കത്തിനുശേഷം വീര്യം തെളിയിക്കാന്‍ കറി ഹൗസുകളിലെത്തി എരിവേറിയ ചിക്കന്‍ വിന്താലു തൊണ്ടതൊടാതെ വിഴുങ്ങുന്ന പയ്യന്മാരുടെ പ്രകടനം പോലെ ഒന്ന്. എന്നാല്‍ പലപ്പോഴും ഇത് ഒരു ക്ഷണം കൂടിയാണ്. ആഘോഷമായി കളിക്കളത്തിലിറങ്ങി കത്തിക്കാരന്റെ അഹങ്കാരം തീര്‍ക്കാന്‍ കാഴ്ചക്കാര്‍ക്കുള്ള ക്ഷണം.
കളത്തിലിറങ്ങാന്‍ ധൈര്യമില്ലാത്തവര്‍ വഴിയരികുകളില്‍ നിരന്ന് ആരവമുണ്ടാക്കും. ചിലര്‍ ഇഷ്ടികകളും കല്ലുകളും കമ്പുകളും വലിച്ചെറിയും. കുടകളും ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു. മഴനനഞ്ഞ ഒരു വൈകുന്നേരത്ത് കളത്തിലിറങ്ങിയ കത്തിവീരനെ തന്റെ മടക്കുകുട വീശിയടിച്ച് നിശബ്ദനാക്കിയ പൊലീസുകാരന്‍ എന്റെ ഓര്‍മയിലെ ജ്വലിക്കുന്ന കഥാപാത്രമാണ്.
ഈ പ്രകടനങ്ങള്‍ ചിലപ്പോള്‍ ഒന്നുരണ്ട് കത്തിക്കുത്തുകളിലും ചില ഒടിഞ്ഞ എല്ലുകളിലും ചെന്നെത്തിയിരുന്നു. ഇവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടു. മുറിവേല്‍ക്കുന്നവര്‍ക്കുവേണ്ടി ആംബുലന്‍സ് ഡ്യൂട്ടി ചെയ്യാന്‍ മഹീന്ദ്ര ജീപ്പ് തയാറായിരുന്നു. ഹെഡ്‌ലൈറ്റുകള്‍ തെളിയിച്ച്, ഹോണ്‍ മുഴക്കി 15 മൈല്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അതിവേഗത്തില്‍ പായുന്ന ഈ ജീപ്പില്‍ ‘കുറച്ച് അകത്താക്കിയ’ നല്ല സമരിയാക്കാരുടെ തിരക്കായിരിക്കും.
അതിശയമെന്നു പറയട്ടെ, ഈ ആംബുലന്‍സുകള്‍ മിക്കപ്പോഴും അപകടമില്ലാതെ ലക്ഷ്യസ്ഥാനത്തെത്തി. ആശുപത്രിയിലെത്തുന്ന മുറിവേറ്റവര്‍ ചികില്‍സിക്കപ്പെടുകയോ മരിച്ചവരായി പ്രഖ്യാപിക്കപ്പെടുകയോ ചെയ്യുമ്പോള്‍ കൂടെ വന്നവര്‍ പുറത്ത് ചുറ്റിത്തിരിയുകയായിരിക്കും. രക്തരൂഷിതമായ ഒരു സാമൂഹികാഘോഷമായിരുന്നു എല്ലാം.
ഇതെല്ലാം എന്തിനാണ് ഇപ്പോള്‍ പറയുന്നത് എന്നല്ലേ? കാരണമുണ്ട്. എന്റെ ഇപ്പോഴത്തെ താമസസ്ഥലമായ ബോണ്‍മൗത്തിലെ ആഘോഷങ്ങളും പാലായിലെ ആഘോഷങ്ങളും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ എന്നായിരുന്നു കഴിഞ്ഞയാഴ്ച പുതുവല്‍സരദിനത്തില്‍ ഉറക്കമുണര്‍ന്നപ്പോള്‍ എന്റെ ചിന്ത. ഈ സുപ്രധാന കാര്യം ആരും ഇതുവരെ അന്വേഷിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.
ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തെ ഒരു മനോഹരപ്രദേശമാണ് ബോണ്‍മൗത്ത്. പാലായിലേതുപോലെ ഇവിടെയും ആളുകള്‍ മദ്യം കൊണ്ടായിരിക്കുമോ ആഘോഷദിവസം ആരംഭിക്കുന്നത്? ഉച്ചഭക്ഷണത്തിനായി വീടുകളിലേക്കു മടങ്ങുംമുന്‍പ് ഒരു തെരുവുയുദ്ധം ഇവിടെയുമുണ്ടോ? കത്തി മുറിപ്പാടുകളുമായി ആശുപത്രി അത്യാഹിതവിഭാഗത്തിലേക്കുള്ള യാത്ര ഇവിടെയും പുതുവല്‍സരാഘോഷത്തിന്റെ ഭാഗമാണോ?
ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വായനക്കാരുടെ ഈ സുപ്രധാന സാംസ്‌കാരിക ചോദ്യങ്ങള്‍ക്ക് ആരെങ്കിലും ഉത്തരം കണ്ടെത്തേണ്ട സമയം വന്നുകഴിഞ്ഞു.
ഇംഗ്ലണ്ടിലേക്കു കുടിയേറുമ്പോള്‍ നിങ്ങള്‍ മനസിലാക്കുന്ന ആദ്യകാര്യങ്ങളിലൊന്ന് ഇതാണ് – ഇംഗ്ലീഷുകാര്‍ ജീവിക്കുന്നത് അവധിദിനങ്ങള്‍ക്കുവേണ്ടിയാണ്. കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തുന്നവരെ വര്‍ഷം മുഴുവന്‍ കാണുന്ന ബോണ്‍മൗത്തിനെ സംബന്ധിച്ച് ഇത് വളരെ ശരിയാണ്. അവധിക്കാലത്തിനായുള്ള കാത്തിരിപ്പാണ് അവരുടെ ജീവിതം.
ആഴ്ചയുടെ ആദ്യദിനം ദീര്‍ഘശ്വാസത്തോടെ ആരംഭിക്കുന്ന സഹപ്രവര്‍ത്തകരെ ഇവിടെ കാണാനാകും. നിങ്ങള്‍ തല ഉയര്‍ത്തി നോക്കിയാല്‍ ‘എത്ര കഠിനമായ ആഴ്ചയാണിത്’ എന്നു സൂചിപ്പിക്കാന്‍ അവര്‍ കടിച്ചുപിടിച്ച ചുണ്ടുകളിലൂടെ നിശ്വസിക്കും. ‘വാരാന്ത്യമായാല്‍ മതിയായിരുന്നു’, എന്ന് ഒരാള്‍ പ്രതികരിക്കും. ‘അതെയതെ’ എന്നാകും അടുത്തയാള്‍. ‘എന്തൊരു ആഴ്ച’ എന്നാകും ദുഃഖിതനായ മറ്റൊരാളുടെ പ്രതികരണം. ഏതാനും നിമിഷം നിശബ്ദത പടരും. ‘വെള്ളിയാഴ്ചയ്ക്ക് നാലുദിവസം കൂടി’ എന്ന് ആരെങ്കിലും ഉച്ചത്തില്‍ പ്രഖ്യാപിക്കുന്നതുവരെ.
ഇത് എല്ലാവരിലും സന്തോഷമുണ്ടാക്കും. എല്ലാവരിലും പുഞ്ചിരി വിടരും. വാരാന്ത്യത്തില്‍ ചെയ്യാനുള്ള കാര്യങ്ങളെപ്പറ്റി എല്ലാവരുടെയും മനസില്‍ ഒരു പട്ടിക നിരക്കും. വാരാന്ത്യങ്ങളെ എതിരേല്‍ക്കുന്നത് ഇങ്ങനെയാണെങ്കില്‍ പ്രധാന ആഘോഷദിനങ്ങളോടുള്ള ആവേശം ഊഹിക്കാമല്ലോ.
‘അവധിപ്പനി’ ഇംഗ്ലണ്ടില്‍ വളരെ മുന്‍പേ ആരംഭിക്കും. വളരെ വളരെ മുന്‍പേ. ഇത് ആസൂത്രകരുടെ ദേശമാണ്. പ്രഭാതഭക്ഷണം മുതല്‍ ‘മിനി ബ്രേക്കു’കള്‍ വരെ അതി സൂക്ഷ്മതയോടെ ആസൂത്രണം ചെയ്യുന്നവരുടെ നാട്. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഇവിടത്തുകാര്‍ ചെലവഴിക്കുന്ന അധ്വാനം ആലോചിക്കുക.
പുതുവല്‍സരാഘോഷം കഴിഞ്ഞാലുടന്‍ ക്രിസ്മസ് ആഘോഷത്തിന്റെ ആലോചനകള്‍ തുടങ്ങുകയായി. ഈസ്റ്റര്‍ ആകുമ്പോഴേക്ക് പരിപാടികള്‍ തീരുമാനിച്ചുകഴിഞ്ഞിരിക്കും. ഒക്ടോബര്‍ അവസാനം, ഹാലോവീനുശേഷം എന്റെ സുഹൃത്തുക്കള്‍ ഒരു പ്രത്യേക അവസ്ഥയിലെത്തിയിരിക്കും. ഇംഗ്ലീഷുകാര്‍ ലിസ്റ്റുകളെ സ്‌നേഹിക്കുന്നു. വര്‍ണാഭമായ ലിസ്റ്റുകള്‍ ഉണ്ടാക്കുന്നതില്‍ മണിക്കൂറുകള്‍ ചെലവഴിക്കപ്പെടും. പരിഭ്രാന്തമായ വാരാന്ത്യഷോപ്പിങ്ങാണ് പിന്നീട്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പരിചയപ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും വേണ്ടി സമ്മാനപ്പൊതികളും കാര്‍ഡുകളും ഒരുങ്ങും. ഒരാളും വിട്ടുപോകരുത് എന്നത് പ്രധാനമാണ്.
എന്റെ ഒരു വിദേശി സൃഹൃത്ത് ഒരിക്കല്‍ ഭര്‍ത്താവിന്റെ അമ്മയുടെ സമ്മാനദാനശീലത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്, ‘ എന്തിനാണവര്‍ ഓരോരുത്തര്‍ക്കും വേണ്ടി ഇങ്ങനെ സമ്മാനങ്ങള്‍ വാങ്ങുന്നത്? കുട്ടിച്ചാത്തന്റെ പണിപ്പുരപോലെയാണ് അവരുടെ മുറി. സമ്മാനങ്ങളുടെയും കാര്‍ഡുകളുടെയും അവ പൊതിയാനുള്ള കടലാസിന്റെയും കൂമ്പാരം. ആഴ്ചകളോളം ആ മുറിയില്‍ കടക്കാനാകില്ല’.
പാലായില്‍ ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. ആസൂത്രണം ഞങ്ങളുടെ പരിപാടികളില്‍പ്പെട്ടിരുന്നില്ല. എന്റെ മാതാപിതാക്കള്‍ ഒരുമിച്ചിരുന്ന് ‘എന്താണു നമ്മള്‍ ക്രിസ്മസിന് ചെയ്യാന്‍ പോകുന്നത് ‘ എന്ന് ഒരിക്കലും ആലോചിച്ചിട്ടുണ്ടാകില്ല. ഞങ്ങള്‍ ഹിന്ദുക്കളായിരുന്നു. ക്രിസ്ത്യന്‍ സുഹൃത്തുക്കളുടെ വീട്ടില്‍ ഒരുപക്ഷേ കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമായിരുന്നിരിക്കാം. അവര്‍ക്ക് പുല്‍ക്കൂടുകള്‍ ഒരുക്കുകയും അലങ്കാരങ്ങള്‍ തൂക്കുകയും കേക്കുകള്‍ ഉണ്ടാക്കുകയും ചെയ്യേണ്ടിയിരുന്നു. അപ്പം, ചിക്കന്‍ സ്റ്റൂ, താറാവ് മപ്പാസ് തുടങ്ങി ലാപ്‌ടോപ്പില്‍ വായിലെ വെളളം വീഴ്ത്താതെ എനിക്ക് എഴുതാന്‍ കഴിയാത്ത ചില വിഭവങ്ങള്‍ക്കു വേണ്ടിയുള്ള ചെറുതയാറെടുപ്പുകളും വേണ്ടിയിരുന്നു. പക്ഷേ ഇംഗ്ലീഷുകാരെപ്പോലെ കര്‍ശനമായ ആസൂത്രണമൊന്നും എവിടെയുമുണ്ടായിരുന്നില്ല. ഞങ്ങള്‍ സ്വാഭാവികതയുടെ ആളുകളായിരുന്നു. അതിനാല്‍ എന്തിനെയും വരുന്ന മുറയ്ക്ക് നേരിട്ടു; അത് മഹീന്ദ്ര ജീപ്പില്‍ ആശുപത്രിയിലേക്കുള്ള യാത്രയാണെങ്കില്‍പ്പോലും. ജീവിതത്തെപ്പറ്റി അല്‍പം തത്വചിന്താപരമായി ആലോചിക്കുകയാണെങ്കില്‍ എല്ലാം ഭംഗിയായിത്തന്നെ കലാശിച്ചിരുന്നുവെന്നും കാണാം.
അര്‍ത്ഥവര്‍ത്തായ താരതമ്യം അസാധ്യമാക്കുംവിധം സാംസ്‌കാരികമായി അകന്ന, വളരെ അപരിചിതമായ രണ്ടുദേശങ്ങളാണ് ബോണ്‍മൗത്തും പാലായുമെന്ന് ഇതോടെ നിങ്ങള്‍ തീരുമാനിച്ചിരിക്കണം. നിങ്ങള്‍ക്കു തെറ്റി. സംസ്‌കാരത്തിന്റെ അളവുകോലായി ലോകമെങ്ങുമുള്ള ബുദ്ധിമാന്‍മാര്‍ കണക്കാക്കുന്ന സ്ഥിതിവിവരക്കണക്കിന്റെ പ്രസക്തി ഇവിടെയാണ്. ഞാന്‍ പറയുന്നത് ആളോഹരി മദ്യഉപയോഗത്തെപ്പറ്റിയാണ്. ഇതിലാണ് പാലായിലെയും ബോണ്‍മൗത്തിലെയും ആളുകള്‍ ഒന്നിക്കുന്നത്.
പാലാക്കാര്‍ക്ക് മദ്യത്തോടുളള പ്രിയത്തെപ്പറ്റി ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. ഈ വിഷയത്തില്‍ ദേശീയ പട്ടികകളില്‍ ഏതാണ്ട് ഒന്നാമതാണ് ഞങ്ങളുടെ നാട് എന്നതാണ് പറയാന്‍ ബാക്കിയുള്ള കാര്യം. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാമതുനില്‍ക്കുന്ന കേരള സംസ്ഥാനത്തിന്റെ ഭാഗമാണ് പാലാ. വ്യക്തിപരമായി പറഞ്ഞാല്‍ ഈ ബഹുമതി സംസ്ഥാനത്തിനു നേടിക്കൊടുക്കുന്നത് പാലാക്കാരാണെന്നാണ് എന്റെ വിശ്വാസം.
ഇനി ബോണ്‍മൗത്തിന്റെ കാര്യം. ഈ വിഷയത്തില്‍ ഇവിടത്തുകാരും ഒട്ടും പിന്നിലല്ല. മദ്യപാനത്തോടനുബന്ധിച്ചുള്ള ദുരന്തങ്ങളുടെ കാര്യത്തില്‍ ഇംഗ്ലണ്ടില്‍ ആറാമതാണ് ബോണ്‍മൗത്ത്. പൊതുജനാരോഗ്യവകുപ്പിന്റെ പഠനപ്രകാരം 18 വയസില്‍ താഴെയുള്ളവര്‍ മദ്യപിച്ച് ആശുപത്രിയിലാകുന്നതില്‍ രണ്ടാം സ്ഥാനമാണ് ഈ നഗരത്തിന്. പാലായുടെ കാര്യത്തില്‍ തത്തുല്യമായ കണക്കുകള്‍ ലഭ്യമല്ല. മുന്‍പുപറഞ്ഞതുപോലെ ഞങ്ങള്‍ നിമിഷജീവികളാണ്. അതുകൊണ്ടുതന്നെ ഞങ്ങളും ബോണ്‍മൗത്തുകാരും ഒരേ പാതയിലാണെന്നു കാണാം.
ഇതു പോരെങ്കില്‍ മറ്റൊരുകണക്കുകൂടിയുണ്ട്. ഇരുനഗരങ്ങളുടെയും ആളോഹരി മദ്യഉപഭോഗം ആഗോള ശരാശരിയെക്കാള്‍ കൂടുതലാണ്. വര്‍ഷം 6.2 ലിറ്റര്‍ ശുദ്ധമദ്യം എന്നതാണ് ആഗോള ശരാശരി. ദേശീയ, പ്രാദേശിക കണക്കുകള്‍ ശ്രദ്ധിച്ചാല്‍ പാലായില്‍ ഇത് എട്ടിനും ഒന്‍പതിനും ഇടയ്ക്കാണ്. കൂടാനും വഴിയുണ്ട്. കാരണം കുടിക്കുകയും അത് വിളിച്ചുപറയുകയും ചെയ്യുക ഞങ്ങളുടെ രീതിയല്ല. ബോണ്‍മൗത്തിന്റെ കാര്യം പറയുമ്പോള്‍ ഞെട്ടരുത് – 11.6 ലിറ്ററാണ് ഇവിടെ ഒരോരുത്തരും കുടിച്ചിറക്കുന്നത്.
കാര്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. പാലായിലെ എന്റെ ചില സുഹൃത്തുക്കളെപ്പോലെ തന്നെ ബോണ്‍മൗത്തില്‍ ആദ്യത്തെ ക്രിസ്മസ് ഡ്രിങ്ക് വളരെ നേരത്തെയാണ്. രാവിലെ 9.05ന്. 9.30 ആകുമ്പോഴേക്ക് ആദ്യത്തെ ബഹളം നടന്നിരിക്കും. പിന്നെ ദിവസം മുഴുവന്‍ ഇതേ സംഭവങ്ങള്‍ ആവര്‍ത്തിക്കും. മിറര്‍ പ്രസിദ്ധീകരിച്ച ട്രാവലോജ് സര്‍വേയില്‍നിന്നാണ് ഈ വിവരങ്ങള്‍.
കത്തിവീശലുകള്‍ അധികമില്ലെന്നതു സമ്മതിക്കാതെ വയ്യ. ക്രിസ്മസിനും പുതുവര്‍ഷത്തിനും ഇംഗ്ലീഷുകാര്‍ തെരുവില്‍ വഴക്കിടുന്നത് അപൂര്‍വമാണ്. (ഞാന്‍ ഇതു പറയുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. കാരണം ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ ആകെ കാണുന്നത് രണ്ട് കത്തിക്കുത്തുകള്‍ മാത്രമാണ്. ബോണ്‍മൗത്തില്‍ പുതുവര്‍ഷത്തില്‍ 25 വയസുകാരന്‍ കൊല്ലപ്പെട്ടതാണ് ഒരു സംഭവം. മറ്റൊന്ന് കഴിഞ്ഞ ക്രിസ്മസിന് മറ്റൊരു നഗരത്തില്‍ നടന്നതാണ്. അത് മനഃപൂര്‍വമല്ലെന്ന് പ്രതി വാദിക്കുന്നുമുണ്ട്). പക്ഷേ ആഘോഷാവസരങ്ങളില്‍ പാലായിലെ എന്റെ സുഹൃത്തുക്കളെ ബാധിക്കാറുള്ള മദ്യത്തിന്റെ പുറത്തുള്ള തര്‍ക്കങ്ങളും പൊതുവായ മണ്ടത്തരങ്ങളും ഇവിടെയുമുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇവയൊക്കെ ഇരുനഗരങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യത്തിനു തെളിവല്ലെങ്കില്‍ പിന്നെ എന്താണ്?
ബോണ്‍മൗത്തിനെയും പാലായെയും ഇരട്ടകളായി കണക്കാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. ഇത്രയും സാമ്യമുള്ള ആളുകളെ അകറ്റിനിര്‍ത്തുന്നത് ശരിയല്ല.