UPDATES

എഡിറ്റേഴ്സ് പിക്ക്

ഭാവന അന്നേ പറഞ്ഞിരുന്നു; സൂപ്പര്‍ താരങ്ങള്‍ വെട്ടിത്തിരുത്തുന്ന നടിമാരുടെ ജീവിതം

ഒരിക്കലൊരു സംവിധായകന്‍ പറഞ്ഞ ഡയലോഗുണ്ട്; നായികമാര്‍ ചിത്രശലഭങ്ങളെപ്പോലെയാണ്, സൗന്ദര്യമുണ്ട്, ആയുസില്ല, നായകന്‍മാരാകാട്ടെ കാക്കകളും…

                       

കാലവര്‍ഷവും മലയാള സിനിമയിലെ നായികമാരും ഒരുപോലെയാണ്. പെരുമഴ പെയ്യുമെങ്കിലും മണ്ണിലേക്കിറങ്ങാതെ ഒഴുകിപോകുന്നതാണ് കാലവര്‍ഷത്തിന്റെ ശീലം. നമ്മുടെ നായികമാരും ഏതാണ്ട് അങ്ങനെ തന്നെ. വരവൊക്കെ ഗംഭീരമായിരിക്കും. പക്ഷെ കണ്ടുകണ്ടങ്ങിരിക്കെയായിരിക്കും കാണാതെ പോവുന്നതും. രണ്ടായിരത്തിനുശേഷം വന്ന നായികമാര്‍ക്കാണ് ഈ ദുര്‍ഗതി കൂടുതലും ഉണ്ടായിരിക്കുന്നത്. അഭിനയം എന്താണെന്നൊക്കെ ഒന്നും മനസ്സിലാക്കി വരുമ്പോഴേക്കും ഫീല്‍ഡ് ഔട്ട് ആവാനാണ് ഇവരുടെ വിധി. പത്തു പന്ത്രണ്ടു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വച്ച് ഒരുമാതിരിയൊക്കെ ഒന്നു അഭിനയിച്ചു വന്ന നായികയായിരുന്നു ഭാവന. പറഞ്ഞിട്ടെന്തുകാര്യം, ഇപ്പോള്‍ ആ കുട്ടിയെയും സിനിമയില്‍ കണ്ടിട്ടു കുറച്ചേറെയാകുന്നു. ഇടയ്‌ക്കൊക്കെ വന്നു പോകുന്നതായി ചിലര്‍, കന്നഡത്തിലും തമിഴകത്തും ഉണ്ടെന്നു മറ്റു ചിലരും. യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിച്ചതെന്നു ഭാവന തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞപ്പോഴാണ് അംബുജാക്ഷനു കാര്യം പിടികിട്ടിയത്. ആ കുട്ടിയും സിനിമയിലെ ‘ഒഴിവാക്കലി’ന്റെ ഇരയായി മാറിയിരിക്കുന്നു.

ഭാവന തുറന്നു പറഞ്ഞത് മലയാള സിനിമയില്‍ കാലങ്ങളായി പലരും പറയാതെ മൂടിവച്ചിരിക്കുന്ന ഒരു സത്യമാണ്. തികച്ചും മെയില്‍ ഷോവനിസ്റ്റിക് ആയൊരു മേഖലയാണ് മലയാള സിനിമയെന്നത് പരമമായ സത്യവുമാണ്. ഇവിടെ ആണ്‍താരങ്ങളാണ് തീരുമാനം എടുക്കുന്നത്. അപൂര്‍വം ചിലര്‍ക്കൊഴിച്ചാല്‍ ഒരൊറ്റ നായികയ്ക്കും, നായികയെന്നല്ല, ഏതു തട്ടില്‍ നില്‍ക്കുന്ന അഭിനേത്രിക്കാണെങ്കിലും തന്റെതായ ശബ്ദം ഉയര്‍ത്താന്‍ അനുവാദമില്ല. വിധേയത്വം കാണിക്കുന്നവര്‍ക്ക് അവസരങ്ങള്‍, അല്ലാത്തവര്‍ക്ക് പടംമടക്കി വീട്ടിലിരിക്കാം. ഇതൊരു ഭാവനയില്‍ തുടങ്ങിയതോ അവസാനിക്കുന്നതോ അല്ല.

സാമൂഹ്യവിഷയങ്ങളിലൊക്കെ കൂടുതലായി ഇടപെട്ടു തുടങ്ങിയിരിക്കുന്നൊരു നായിക നടി ഒരിക്കല്‍ പറഞ്ഞത്, മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം കിട്ടുന്നില്ലെന്നായിരുന്നു. തമിഴിലോ തെലുങ്കിലോ ഇതല്ല സ്ഥിതി. അവിടെ നായികമാര്‍ക്ക് അവരുടെതായ സ്ഥാനമുണ്ട്. കാരവാന്‍ സൗകര്യംവരെ ഒരുക്കും. മലയാളത്തില്‍ ഷൂട്ടിംഗ് സെറ്റുകളില്‍വച്ച് പ്രഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അഭിനേത്രികള്‍ ബുദ്ധിമുട്ടാറുണ്ട്. ഇവിടെ ആണ്‍ ആധിപത്യമാണ്. പെണ്ണ് പ്രൊഡക്ട് വില്‍ക്കാനുള്ള ഒരു ചേരുവ മാത്രം. റിയല്‍ ലൈഫിന്റെ റിഫ്‌ള്ക്ഷനാണ് റീല്‍ ലൈഫിലും കാണുന്നതെന്നു പറയുന്നത് മലയാള സിനിമയെ സംബന്ധിച്ച് പൂര്‍ണമായും ചേരും. ജൂനിയര്‍ ലെവലിലുള്ള മെയില്‍ ആര്‍ട്ടിസ്റ്റിനു പോലും ഫാന്‍സ് ക്ലബുകള്‍ ഉള്ളപ്പോള്‍ ഒരു നായികയുടെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാന്‍ ഇപ്പോഴും ആരാധകര്‍ക്ക് എന്തോ കുറച്ചിലാണ്.

ഇവിടെ എത്ര ചാനലുകള്‍ ഫീമെയില്‍ ഓറിയന്റ് സിനിമകളുടെ സാറ്റ്‌ലൈറ്റ് റൈറ്റുകള്‍ വാങ്ങാന്‍ തയ്യാറാകുന്നുണ്ട്? ഈ ചോദ്യം ഒരിക്കല്‍ അംബുജാക്ഷനോടു ചോദിച്ചത് ഇപ്പോഴും തിളങ്ങി നില്‍ക്കുന്നൊരു നായിക നടിയാണ്. ചാനലുകള്‍ അത്തരം സിനിമകള്‍ വാങ്ങുന്നുണ്ടെങ്കില്‍ പോലും ആരും പുറത്തു പറയില്ല. കാരണം അതിന്റെ പേരില്‍ നായകമാര്‍ പ്രതിഫലം കൂട്ടി ചോദിച്ചാലോ എന്നാണ് ഭയം.

എന്തുകൊണ്ട് നായികമാര്‍ മലയാള സിനിമയില്‍ നില്‍ക്കുന്നില്ല എന്ന ചോദ്യത്തിന് പൊതുവെ പറയുന്ന ഉത്തരം അവര്‍ അന്യഭാഷയിലേക്കു ചേക്കേറുന്നു എന്നതാണ്. അതിര്‍ത്തിയില്‍ തുണിയഴിച്ചു വച്ചിട്ടാണ് നമ്മുടെ പല നായികമാരും ഇതരഭാഷകളിലേക്ക് അഭിനയിക്കാന്‍ പോകുന്നതെന്ന് ഒരിക്കല്‍ ഒരു സ്വഭാവ നടന്‍ തമാശ പൊട്ടിച്ചത് അംബുജാക്ഷന്‍ ഓര്‍ക്കുന്നുണ്ട്. ഇവിടെ ഒരു സൂപ്പര്‍ നായകന് എഴുപത്തിയഞ്ചും ഒരു കോടിയുമൊക്കെയാണ് പ്രതിഫലം, അതേ എക്‌സ്പീരിയന്‍സുള്ള, അല്ലെങ്കില്‍ അതിലേറെയുള്ള ഒരു നായികയ്ക്ക് അമ്പതു ലക്ഷം പോലും കൊടുക്കാന്‍ ഇവിടെ വലിയ ബുദ്ധിമുട്ടാണ്. പൊതുസമൂഹത്തിലെന്നപോലെ സിനിമയിലും പെണ്ണിനെ അംഗീകരിക്കാന്‍ ഇപ്പോഴും മടിയാണ്. അങ്ങനെയുള്ളപ്പോള്‍ അംഗീകരവും സാമ്പത്തികനേട്ടവും കൂടുതല്‍ കിട്ടുന്ന ഭാഷകളിലേക്കു പോകുന്നത് എങ്ങനെ തെറ്റാകും.

പൊതുവെ പറയുന്നൊരു കാര്യമുണ്ട്. സിനിമയില്‍ നിങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഒരു ഗോഡ്ഫാദറിന്റെ സഹായം വേണം. നേരത്തെ ഈ ഫാദര്‍ ഫിഗര്‍ സംവിധായകന്മാരായിരുന്നു. ഇപ്പോള്‍ സംവിധായകര്‍ക്ക് വല്യ റോളൊന്നും സിനിമയില്‍ ഇല്ലാത്തതുകൊണ്ട് മൊത്തം ഭാരവും ചുമക്കുന്നത് സൂപ്പര്‍ താരങ്ങളാണ്. അതുകൊണ്ടു തന്നെ നായികമാര്‍ക്ക് നിലനിന്നു പോകണമെങ്കില്‍ ഏതെങ്കിലുമൊരു നായകന്റെ സഹായം കൂടിയെ തീരു. നായകന് ഇഷ്ടപ്പെട്ടാല്‍, അല്ലെങ്കില്‍ രാശിയുണ്ടെന്നു തോന്നിപ്പോയാല്‍ പിന്നെ ആ നായിക രക്ഷപ്പെട്ടു. സംവിധായകനോ തിരക്കഥാകൃത്തോ തങ്ങളുടെ കഥാപാത്രത്തിന് യോജിച്ചയാളെ വേറെ കണ്ടുവച്ചിട്ടുണ്ടെങ്കിലും നായകന്റെ കല്‍പ്പന മറിച്ചായിരിക്കും. എത്രയോ നായികമാര്‍ക്ക് ഇത്തരം ഉപകാരസ്മരണയുടെ പേരില്‍ സിനിമകള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ അറവുകാരന്റെ വീട്ടിലെ ആട്ടിന്‍കുട്ടിയുടെ ഗതിയായിരിക്കും ഇവര്‍ക്കെന്നുമാത്രം. അതിന്റെ കഥകള്‍ പലതുണ്ട് സിനിമയില്‍.

മലയാളത്തിലെ അഭിനവ സൂപ്പര്‍ ഹിറ്റ് ജോഡിയായി അഭിനയിക്കുന്ന രണ്ടു താരങ്ങളുണ്ടായിരുന്നു. നായകന്‍ ജനപ്രിയനാണ്. നായികയാണെങ്കില്‍ കുട്ടിക്കാലം തൊട്ടു മലയാളികള്‍ക്ക് പരിചിതമുഖവും. കുറെയങ്ങു ചെന്നപ്പോള്‍ ഇവര്‍ക്കിടയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടായി. സിനിമയ്ക്കു പുറത്തെ കൂട്ടുകച്ചവടത്തിന്റെ പേരിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഒരുമിച്ചു ചെയ്ത ബിസിനസില്‍ നായികയ്ക്കിട്ട് നായകന്‍ നൈസ് പണികൊടുത്തു. അതു മനസിലാക്കിയ നായിക ആ കച്ചവടത്തില്‍ നിന്നും തലയൂരി. നായകന്‍ പകരം വീട്ടിയതാകട്ടെ സിനിമയിലും. ഭാഗ്യജോഡികളെ പിന്നീട് സിനിമയില്‍ കണ്ടില്ല. തനിക്ക് പ്രണയിക്കാനും ആടിപ്പാടാനുമൊക്കെ ഈ നായികയെ തന്നെ സിലക്ട് ചെയ്തിരുന്ന നായകന്‍ അഭിനയപ്രാധാന്യമുള്ള സിനിമകളില്‍ വേറെയാള്‍ക്കാരെ കൊണ്ടുവന്നു. ഇതിനെതിരെ അത്ര പരസ്യമല്ലെങ്കിലും മുന്‍ നായിക പ്രതികരിക്കുകയും ചെയ്തു. എന്തായലും തനിക്ക് കാലിടറുന്നുവെന്നു മനസിലാക്കി കുടുംബജീവിതത്തിലേക്കു കടക്കാന്‍ നോക്കിയെങ്കിലും പാവം നായികയ്ക്ക് അവിടെയും കാലിടറി.

ഇതേ നായകന്‍ തന്നെയാണ് താന്‍ അഭിനയിച്ചൊരു സിനിമയില്‍ അതിഥിവേഷം ചെയ്യാനെത്തിയ അഭിനേത്രിയെ തന്റെ അടുത്ത സിനിമയില്‍ നായികയാക്കിയതും പിന്നീടവര്‍ മലയാളത്തിലെ തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിയതും. പക്ഷേ നായകന്റെ കുടുംബത്തു കേറി കളിച്ചു എന്ന പരാതിയില്‍ ആ പെണ്‍കുട്ടിയും ഫീല്‍ഡ് ഔട്ടായി.

ഇങ്ങ് മലയാളത്തില്‍ മാത്രമല്ല തമിഴില്‍ നിന്നും നമ്മുടെ നായികമാര്‍ക്ക് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ നിന്നു രണ്ടു സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഒരു നായരു കൊച്ച് തമിഴില്‍ എത്തപ്പെടുകയും അവിടുത്തെ ഒരു പ്രഗത്ഭനായ സംവിധായകന്റെ ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ആ പരിചയം വളര്‍ന്നു സംവിധായകന് പടം പിടിക്കാന്‍ പണം കൊടുക്കുന്ന നിലയിലേക്കു വരെ കൊണ്ടെത്തിച്ചു. തമിഴില്‍ വലിയൊരു ഭാവി ഈ സംവിധായകന്റെ കീഴില്‍ നിന്നു കൊണ്ടു സ്വപ്‌നം കണ്ടിരുന്ന നായികയ്ക്ക് പക്ഷെ അവസാനം ദുരന്ത കഥാപാത്രമായി തിരിച്ചു പോരേണ്ടി വരികയായിരുന്നുവത്രേ!

വളരെ ബോള്‍ഡായി പെരുമാറുന്ന,ജീവിതത്തിലെ കഠിനമായ അവസ്ഥയെ വെല്ലുവിളിച്ചെത്തിയ ഒരു നായിക ആദ്യ സിനിമയ്ക്കുശേഷം പ്രത്യേകിച്ചു അവസരങ്ങളൊന്നും വരാതെ നില്‍ക്കുന്ന സമയം. കോഴിക്കോട് പ്രമുഖമായൊരു ഹോട്ടലില്‍ സകുടുംബം താമസിക്കുകയായിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരത്തിന്റെ സിനിമയുടെ ഷൂട്ടിംഗും കോഴിക്കോട് ഈ സമയം നടക്കുന്നുണ്ട്. പുതുമുഖ നായിക താമസിച്ചിരുന്ന അതേ ഹോട്ടലിലാണ് സൂപ്പര്‍ താരത്തിന്റെയും വാസം. ഷൂട്ടിംഗിന്റെ ഇടവേളയില്‍ താഗ്രാഗ്രഫര്‍ എത്തി. ഫോട്ടോ ഷൂട്ട് പുരോഗമിക്കുന്നതിനിടയിലാണ് പുതുമുഖ നായികയും ഇവിടെയുണ്ടല്ലോ എന്ന ചിന്ത ഫോട്ടോഗ്രഫര്‍ക്ക് ഉണ്ടായത്. ഉടന്‍ തന്നെ കാര്യങ്ങള്‍ സൂപ്പര്‍ താരത്തോട് ഉണര്‍ത്തിച്ചു. ആരോടും നോ പറയാത്ത താരം ഫോട്ടോഗ്രാഫറുടെ ആഗ്രഹത്തിനും സമ്മതം മൂളി. ആ പുതുമുഖ നായികയ്ക്കു വീണു കിട്ടിയ സൗഭാഗ്യമായിരുന്നു അതെന്നു കരുതിയവര്‍ ഏറെ. പക്ഷേ വരാനുണ്ടായിരുന്നത് അതിലും വലിയ ഭാഗ്യമായിരുന്നു. തന്റെ അടുത്ത പടത്തിലേക്ക് കാലേകൂട്ടി ബുക്ക് ചെയ്തിരുന്ന നടിയെ മാറ്റി പകരം പുതുമുഖത്തിന് അവസരം ഉറപ്പിച്ചാണ് അന്നു സൂപ്പര്‍ താരം മടങ്ങിയത്. പക്ഷേ ആ സിനിമയില്‍ അഭിനയിച്ചതു തനിക്കു പറ്റിയ തെറ്റാണെന്ന് ഈ നായിക ഒരിക്കല്‍ പരിതപിച്ചതും എന്തുകൊണ്ടാണന്ന് അംബുജാക്ഷന് അറിയില്ല. ഇതിലും വലുതൊന്നു കൂടി ആ പെണ്‍കുട്ടിയെ തേടിയെത്തി. അതു മറ്റൊരു സൂപ്പര്‍ താരം വക. അയല്‍രാജ്യം പ്രധാനലൊക്കേഷനായ സിനിമയില്‍ ഇരുവരുമായിരുന്നു നായികാനായകന്മാര്‍. ഷൂട്ടിംഗ് കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായി. അന്നേവരെ സിനിമയില്‍ പേരുദോഷം കേള്‍പ്പിക്കാതെ ജീവിച്ച നായകന് ഇവിടെ കാലിടറി. തന്റെ നായികയോട് അടങ്ങാത്ത പ്രേമം. എന്തിനേറെ പ്രസ്തുത നായികയുടെ ഫ്ലാറ്റിനടുത്ത് തന്നെ കുടുംബ ബന്ധത്തിനു വളരെ വിലകല്‍പ്പിച്ചിരുന്ന നായകനും ഒരു ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി. അങ്ങേരുടെ കുടുംബജീവിതം വരെ തകരാറിലായി. എന്നാലോ നായിക അദ്ദേഹത്തോട് അടുപ്പം കാണിച്ചതിനു കാരണം മറ്റൊന്നായിരുന്നു. അദ്ദേഹത്തില്‍ തന്റെ അച്ഛന്റെ ഛായ അവര്‍ കണ്ടു. സ്വാഭാവികമായും തന്റെ അച്ഛനോടു തോന്നിയൊരു സ്‌നേഹമായിരുന്നു നമ്മുടെ നായകനോടും തോന്നിയിരുന്നത്. പക്ഷെ സിനിമയല്ലേ ഇവിടെ സ്‌നേഹത്തിനു പല പല അര്‍ത്ഥങ്ങളൊന്നും ഇല്ല. ഒടുവില്‍ രണ്ടുപേരുടെയും ജീവിതത്തില്‍ സാരമായ ചിലതൊക്കെ സംഭവിച്ച ശേഷമാണ് ആ പ്രശ്‌നം അവസാനിച്ചത്.

ഈ കഥകളൊക്കെ വേണമെങ്കില്‍ ഗോസിപ്പുകളായി കേട്ട് തള്ളിക്കളയാം. പക്ഷെ, ഇതിനകത്തെല്ലാം അടങ്ങിയിരിക്കുന്നൊരു പൊതു സത്യമുണ്ട്, മലയാളത്തില്‍ ഒരു നായിക നടിക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ ഇന്‍ഡ്രസ്ട്രിയില്‍ ഹോള്‍ഡ് ഉള്ള ഏതെങ്കിലും ഒരു പുരുഷതാരത്തിന്റെ സപ്പോര്‍ട്ട് വേണം. അവരോട് ഉടക്കാന്‍ നില്‍ക്കരുത്. അതിനു മുതിര്‍ന്നാല്‍ ഇപ്പോള്‍ ഭാവനയുടെ അനുഭവമായിരിക്കും എല്ലാവര്‍ക്കും.

Also Read: എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിനാണയാള്‍ ശ്രമിക്കുന്നത്? ഭാമ ചോദിക്കുന്നു

ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെ നായികമാര്‍ക്ക് അവരുടെതായ പ്രധാന്യം ഇന്‍ഡസ്ട്രിയില്‍ കിട്ടാറുണ്ട്. എന്നിട്ടും നമ്മുടെ സിനിമയില്‍, അതായത് കേരളത്തില്‍ പെണ്ണ് ഇപ്പോഴും ആടാനും പാടാനും ഉള്ള ഉരുപ്പടി മാത്രമായി ചുരുങ്ങുന്നതാണ് വിരോധാഭാസം. ലിംഗസമത്വത്തിനു യാതൊരു പ്രാധാന്യവും കൊടുക്കാത്ത സിനിമ ലോകമാണ് മലയാളത്തിന്റെതെന്ന നാണക്കേട്ട് നമുക്ക് കൂടിക്കൂടി വരുകയാണ്. ഫ്രീ വേള്‍ഡ് സ്വപ്‌നം കാണുന്ന പുതുതലമുറയുടെ സിനിമയില്‍പോലും ഈ വിവേചനത്തിന് കാര്യമായ മാറ്റം വന്നു കാണുന്നില്ല എന്നതാണ് സങ്കടകരമായ അവസ്ഥ. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഇപ്പോള്‍ ഒരു നടിക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ലേബല്‍ ആരെങ്കിലുമൊക്കെ കൊടുക്കുന്നതുപോലും. അവിടെയും താരപ്രഭുക്കളുടെ അസഹിഷ്ണുത പ്രകടമായി. സിനിമയില്‍ ഇപ്പോഴുള്ള പുതിയ ഗ്രൂപ്പുപോലും ഒരു പെണ്ണിന്റെ വളര്‍ച്ചയില്‍ അസൂയ മൂത്ത് ഉണ്ടായതാണ്. അവരെ സപ്പോര്‍ട്ട് ചെയ്യുന്നവരെ ബോധപൂര്‍വം ഒതുക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുമുണ്ട്. മലയാള സിനിമയെന്നും ഫ്യൂഡല്‍ സമ്പ്രദായം പിന്തുടരുന്ന തറവാടാണ്. ഇവിടെ ജാതിയുണ്ട്, നിറമുണ്ട്, ആണ്‍-പെണ്‍ വ്യത്യസമുണ്ട്, പ്രാദേശികവൈരമുണ്ട്. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നു മടങ്ങിപ്പോയ നെറികേടുകളെല്ലാം തന്നെ മലയാള സിനിമയില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നു പറഞ്ഞാല്‍, വെറും കുറ്റപ്പെടുത്തലായി കാണരുത്.

തങ്ങള്‍ അഭിനയിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് പോലും കാണാനുള്ള ഭാഗ്യം നമ്മുടെ പലനായികമാര്‍ക്കും ഉണ്ടാകാറില്ല. സ്‌ക്രിപ്റ്റ് വായിക്കണം എന്നു പറയുന്നവള്‍, പ്രതിഫലത്തിന്റെ കണക്കു പറയുന്നവളൊക്കെ അഹങ്കാരികളാണ്. അവരെ ഇനി സിനിമയില്‍വച്ചു പൊറുപ്പിക്കണ്ടെന്നാകും പിന്നീടുണ്ടാകുന്ന തീരുമാനം. എത്രയോ പേര്‍ ഈ അഹന്തയുടെ ഇരകളായിരിക്കുന്നു. ഒരു പുതുമുഖ നായകനു പോലും തനിക്കൊപ്പം എപ്പോഴും നാലഞ്ചുപേരെ കൊണ്ടു നടക്കാം. എന്നാല്‍ ഒരുു നായിക തന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒരു മാനേജറെ വച്ചാല്‍ അതും മലയാള സിനിമയില്‍ ധിക്കാരമാകും.

ഒരിക്കലൊരു സംവിധായകന്‍ പറഞ്ഞ ഡയലോഗുണ്ട്; നായികമാര്‍ ചിത്രശലഭങ്ങളെപ്പോലെയാണ്, സൗന്ദര്യമുണ്ട്, ആയുസില്ല, നായകന്‍മാരാകാട്ടെ കാക്കകളും…

അതുകൊണ്ട് തന്നെ ഭാവന പറഞ്ഞ പരാതി ആരെങ്കിലും കേള്‍ക്കുമെന്നോ എന്തെങ്കിലുമൊക്കെ മാറ്റം ഉണ്ടാകുമെന്നോ അംബുജാക്ഷന്‍ വിചാരിക്കുന്നില്ല. എത്ര തല്ലിയാലും നന്നാകാത്തവരൊക്കെ സിനിമയില്‍ ഉള്ളിടത്തോളം കാലം ഭാവനമാരുടെ ഭാഗ്യക്കേടുകള്‍ കൂടിക്കൊണ്ടേയിരിക്കും….

(2015 ഡിസംബര്‍ 22നു പ്രസിദ്ധീകരിച്ചത്)

Share on

മറ്റുവാര്‍ത്തകള്‍