December 10, 2024 |

ഇളയരാജ, പാട്ടിന്റെ മൊത്ത കച്ചവടക്കാരന്‍ എന്നാകും, സംഗീതജ്ഞന്‍ എന്നായിരിക്കില്ല കാലം നിങ്ങളെ അടയാളപ്പെടുത്തുക

സംഗീതം ഏതര്‍ഥത്തിലും ആസ്വാദകന് നിഷേധിക്കുന്നത് കര്‍ണ്ണങ്ങളില്‍ ഈയം ഉരുക്കി ഒഴിക്കുന്നതിനു തുല്യമാണ്

1931 ഒക്ടോബര്‍ 31നാണ് മദ്രാസ്‌ നഗരത്തിലെ ഒരു സിനിമാ ടാക്കീസില്‍  കാളിദാസ് എന്ന സിനിമ ഓടി തുടങ്ങിയത് ടിപി രാജലക്ഷ്മി എന്ന നായിക സ്ക്രീനില്‍ പാട്ടുപാടി തുടങ്ങിയപ്പോള്‍ ഒരു പുതിയ സംസ്കാരം കൂടി രൂപപ്പെടുകയായിരുന്നു. തമിഴന്‍റെ താളബോധവും ചുവടുവയ്പ്പും പിന്നിട് സുപ്പര്‍താരപദവിയിലെത്താന്‍ വരെ അളവുകോലായി മാറിയ  ഒരു സിനിമാ-പാട്ട്- നൃത്ത-സംസ്ക്കാരം. നാടകത്തിന്‍റെ പിന്നാമ്പുറത്ത് നിന്ന് പാടിയ പാട്ടുകാര്‍ സിനിമയിലെ വലിയ ഗായകരായി മാറിയതും സിനിമാ പാട്ടുകള്‍ റെക്കോഡ്‌ ചെയ്യപ്പെട്ടതും അനന്തര ചരിത്രം.

1943ല്‍ ഒരു തമിഴ് ഗ്രാമത്തിലെ അതിസാധാരണമായ ചുറ്റുപാടുകളില്‍ ജനിച്ച ഒരു കുട്ടിയെ അയല്‍വാസികള്‍ രാസയ്യ എന്ന് വിളിച്ചു. അന്നക്കിളിയെന്ന സിനിമയ്ക്ക് സംഗീതം നല്‍കിയപ്പോള്‍ ഇളയരാജ എന്ന പേരും അദ്ദേഹം  സ്വികരിച്ചു.

തമിഴ് സിനിമാഗാനശാഖയില്‍ ഒരു പുതു തരംഗമായിരുന്നു ഇളയരാജയിലൂടെ രൂപപ്പെട്ടത്. പിന്നീട് ഏതാണ്ട് ആയിരത്തിനടുത്ത് ചിത്രങ്ങള്‍ രാജയുടെ ക്രെഡിറ്റില്‍ രൂപം കൊണ്ടു സിനിമാ പോസ്റ്ററില്‍ പോലും ആദ്യമായി മുഖം വെട്ടിയൊട്ടിക്കപ്പെട്ട സംഗീത സംവിധായകനായി മാറിയതും  ബ്രിട്ടണില്‍ ഇന്ത്യന്‍ ഫോക്ക് സംഗീതത്തെ ഇതര ക്ലാസിക്കല്‍ സംഗീതശാഖയുമായി ഇഴചേര്‍ത്ത് പുതിയ സിംഫണി സൃഷ്ടിച്ചതും  ഇളയരാജയെന്ന ഈ സംഗീതോപാസകനായിരുന്നു. ഇതെല്ലാം അംഗീകരിക്കപ്പെട്ട വസ്തുതകളാണ്.

ഇളയരാജയ്ക് മുന്‍പും സംഗീതം ഉണ്ടായിരുന്നു. ക്ലാസിക്കല്‍ എന്നും നാട്ടിടകളിലെ സംഗീതമെന്നും നമ്മള്‍ വിളിച്ചുവന്ന  ഒരു സംഗീതം. കര്‍ണ്ണാടക സംഗീതത്തിന്‍റെ ചരിത്രത്തില്‍ ദിവ്യരായ ആ ത്രിമൂര്‍ത്തികളും മറ്റനേകം അറിയപ്പെട്ടതും അറിയപ്പെടാതെ പോയ മനുഷ്യരും സാധനകളിലൂടെ  വരും തലമുറയ്ക്കായി പകര്‍ന്നു വച്ച സംഗീതം. പകലുകളും രാത്രികളും ചെളിയും മണ്ണും പുരണ്ട് ജീവിച്ച രാജയുടെ തന്നെ പിതാമഹന്മാര്‍ സ്വയം ചമച്ച നാട്ടുപാട്ടുകള്‍ അതാരും പാടിപ്പോകരുതെന്നു  പറയാന്‍ അവര്‍ ശ്രമിച്ചില്ല. ഈ വെള്ളിവെളിച്ചത്തിലെത്തും മുന്‍പ് ദാരിദ്ര്യത്തിന്‍റെയും നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്‍റെയും നാളുകള്‍ രാജയ്ക്കുണ്ടായിരുന്നു അന്ന് പാടി നടന്നതും വളര്‍ന്നതും ഈ ഗുരുക്കന്‍മാരെ ആശ്രയിച്ചായിരുന്നുവെന്നതും അദ്ദേഹം മറക്കരുതായിരുന്നു. അതില്‍ നിന്നുതന്നെയാണ് ഇളയരാജ, നിങ്ങള്‍ ഉള്‍പ്പടെയുള്ള സംഗീതസംവിധായകര്‍  ഈ ആഡംബരങ്ങള്‍ പടുത്തുയര്‍ത്തിയത്.

യാതൊരു സംശയവും വേണ്ട ഒരു പാട്ടിന്‍റെ രൂപപ്പെടല്‍ അതിന്‍റെ സംഗീത സംവിധായകനില്‍ തന്നെ നിക്ഷിപ്തമാണ്. എന്നാല്‍ സിനിമാഗാന സംഗീതത്തെപ്പറ്റി പറയുമ്പോള്‍ ഇത് കുറച്ചുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. സിനിമയുടെ സംവിധായകന്‍  ഗാനരചയിതാവ് ഗായകര്‍  അതിന്‍റെ ഓര്‍ക്കസ്ട്രേഷന്‍ ടീം സൗണ്ട് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ പലരും ഭാഗമാകുന്ന ഒരു ടെക്നിക്കല്‍  പ്രൊഡക്ടാണ് ഇന്ന് സിനിമാ ഗാനം. ഒരു പരിധിവരെ പാട്ടുകള്‍ ഹിറ്റാകുന്നതുപോലും ഇവരെ  ആശ്രയിച്ചിരിക്കുന്നു. ഇളയരാജയിലേക്ക് തന്നെവരാം യേശുദാസും എസ്പിയും എസ് ജാനകിയും അല്ലെങ്കില്‍ അന്ന് കത്തിനിന്ന പാട്ടുകാരെ വിട്ടൊരു പരിക്ഷണം നടത്താന്‍ മുതിരാതെ നിന്ന ഇളയരാജയുടെ  പാട്ടുകള്‍ പലതും  ആസ്വാദകര്‍  കേള്‍ക്കാന്‍ ആഗ്രഹിച്ചത് ഇവരിലൂടെ തന്നെയായിരുന്നു. ഇവരുടെ ഗാനമേളകളിലൂടെയും അവരെ അനുകരിക്കുന്ന മറ്റ് ഗായകരിലൂടെയുമാണ്‌ സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് രാജയുടെ  ഗാനങ്ങള്‍ ലൈവായി എത്തിയത്.

ശരിക്കും പുതിയ ഗായകരെ ഉപയോഗിച്ച് ഒരു പരിക്ഷണം നടത്തുകയും പാട്ടല്ല അതിന്‍റെ കമ്പോസിങ്ങാണ് വലുതെന്നു സ്ഥാപിച്ചത് ഇളയരാജയ്ക്  ശേഷം വന്ന റഹ്മാന്‍ മാത്രമാണ്. ഷാഹുല്‍ ഹമീദും ഉണ്ണിമേനോനും മിന്‍മിനിയും  ഉള്‍പ്പെടുന്ന ഒരു പുതിയ നിര പാട്ടുകാരെ കൊണ്ടുവന്ന് സംഗീതത്തില്‍ സംവിധായകന്‍റെ റോള്‍ കാണിച്ചു തന്നകാലത്തും ഇളയരാജ  ആശ്രയിച്ചത് എസ്പിയും യേശുദാസും ചിത്രയും അടങ്ങുന്ന പ്രഗല്ഭരായ പാട്ടുകാരെ മാത്രമായിരുന്നു.

Also Read: തന്റെ രാജ്യത്ത് ആരും പാടരുതെന്നു പറഞ്ഞ ക്രൂരനായ ഔറംഗസീബും തന്റെ പാട്ട് ആരും പാടരുതെന്നു പറയുന്ന ഇളയരാജയും തമ്മില്‍ വ്യത്യാസമില്ല; സലിം കുമാര്‍

ഗാനങ്ങളുടെ റോയല്‍റ്റി തുക നിങ്ങള്‍ ചാരിറ്റിക്ക് വേണ്ടിയാകാം ഉപയോഗിക്കുന്നത് എന്ന്  വാദിക്കാം. എന്നാല്‍ അതിലുപരി സംഗീതത്തിലൂടെ നേടിയ ഒരാള്‍ പ്രതിഫല തുകയില്‍ ഒരംശം അതിനായി മാറ്റിവച്ചാല്‍ ആ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തരംഗിണി ഇത്തരം ഒരു വാദവുമായി പാട്ടുകാരന്‍റെ തൊണ്ടയ്ക് പിടിക്കാന്‍ വെമ്പല്‍ കൊണ്ടതിന്‍റെ ക്ഷീണം മാറിയിട്ടില്ല. ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്? നിങ്ങളുടെ പാട്ടുകള്‍ പാടി വലുതാക്കിയ തെരുവ് ഗായകരെയോ? അതോ നിങ്ങളെയോ നിങ്ങളുടെ പുത്രപരമ്പരയെയോ വെല്ലുവിളിക്കാന്‍ സാധ്യതയുള്ള ഒരു പുത്തന്‍ ഗായകസംഘം ഉയര്‍ന്നുവരുമെന്നുള്ള ഭയമോ..?

കാര്യം എന്തായാലും ഇളയരാജയുടെ നടപടി ന്യയീകരിക്കാന്‍ സാധിക്കുന്നില്ല. എസ്പി നിങ്ങളുടെ നിലപാടാണ് ശരി. ഭാഗ്യം നിങ്ങള്‍ മറ്റുള്ളവരുടെ ഗാനം കൂടി പാടിയിട്ടുണ്ടല്ലോ! ബിഥോവനും താന്‍സനും ത്യാഗരാജസ്വാമികളും അധികാരം കൈയ്യിലുണ്ടായിരുന്ന സ്വാതിതിരുനാളും ജയദേവനും പിന്നെ പേരറിയാത്ത നാട്ടു പാട്ടുകാരും ഞങ്ങളുടെ ആരാധനയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് ഞങ്ങള്‍ ചെയ്ത സുകൃതം. നിങ്ങള്‍ വിസ്മരിക്കപ്പെടും ഇളയരാജ. ചരിത്രം ഒരുപക്ഷെ നിങ്ങളെ അടയാളപ്പെടുത്തുന്നത് പോലും പാട്ടിന്‍റെ മൊത്ത കച്ചവടക്കാരന്‍ എന്നാകാം. സംഗീത ഉപാസകന്‍ എന്നായിരിക്കില്ല. കാരണം സംഗീതം ഏതര്‍ഥത്തിലും ആസ്വാദകന് നിഷേധിക്കുന്നത് കര്‍ണ്ണങ്ങളില്‍ ഈയം ഉരുക്കി ഒഴിക്കുന്നതിനു തുല്യമാണ്.

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

×