UPDATES

അഴിമുഖം ക്ലാസിക്സ്

ഒരു വാട്ട്‌സ് ആപ്പ് ക്രൈം; സ്വകാര്യത എന്നാല്‍ ലൈംഗികത മാത്രമല്ല

ഒരു സ്ത്രീയുടെ നട്ടെല്ല് പോലീസ് സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ അടിച്ച് ഒടിയ്ക്കുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റമാണോ ഒറ്റ പ്രസവത്തിലെ മൂന്നു കുട്ടികളുടെ ഫോട്ടോ വാട്ട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്യുന്നത്?

                       

പയ്യന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു പ്രസവം ഡോക്ടര്‍മാര്‍ ക്യാമറയില്‍ പകര്‍ത്തി വാട്ട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്തു. സംഗതി വൈറലായി. പ്രസവിച്ച യുവതി പോലീസില്‍ പരാതി കൊടുത്തു. പ്രശ്‌നം വിവാദമായി; നിയമ പ്രശ്‌നമായി. യുവജനസംഘടനകള്‍ പതിവു തെറ്റാതെ ആശുപത്രിയിലേക്കു മാര്‍ച്ചു നടത്തി. മഹിളാ സംഘടനകളും മഹിളാ നേതാക്കളുമൊക്കെ മൂല്യച്യുതി, ധര്‍മ്മച്യുതി ഇത്യാദികളെ ഓര്‍ത്ത് വിലപിക്കുകയും  പൊട്ടിത്തെറിക്കുകയും ചെയ്തു. കേരളത്തിലെ സ്ത്രീകള്‍ക്കിനി ഭീതി കൂടാതെ പ്രസവിക്കാനും കഴിയില്ലത്രേ.

ചികിത്സ കിട്ടാതെ രക്തം വന്നു മരിച്ചുപോകുന്ന ആദിവാസി സ്ത്രീകള്‍ക്കുണ്ടാകുന്ന ദുരന്തത്തെക്കുറിച്ചോര്‍ത്തുള്ള ഭയമല്ലത്. സ്ത്രീത്വം പ്രസവമുറിയില്‍ വച്ചുപോലും അപമാനിക്കപ്പെട്ടതിനെക്കുറിച്ചുള്ള വിഹ്വലതയാണ്.

പരാതിയിന്‍മേല്‍ പോലീസ് കേസെടുത്തു. ഫോട്ടോ എടുത്തവരും അത് വാട്ട്‌സ് ആപ്പില്‍ കണ്ടവരുമൊക്കെ പ്രതികളാകും. ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചു. കോടതി അപേക്ഷ നിരസിച്ചു. മൂവരും ഒളിവില്‍ പോയി.

തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഡോക്ടര്‍മാര്‍ക്ക് ഏക പ്രതീക്ഷ ഡോക്ടര്‍മാരുടെ തൊഴിലാളി സംഘടനയായ കെ. ജി. എം. ഒ. എ. ആണ്. ഡോക്ടര്‍മാര്‍ കാലാകാലമായി ചെയ്തുപോരുന്ന എല്ലാ നെറികേടിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുടപിടിച്ചുകൊടുക്കുന്ന കെ. ജി. എം. ഒ. എ. ഇത്തവണയും രക്ഷയ്‌ക്കെത്തി. ഒറ്റ പ്രസവത്തിലൂടെയുള്ള മൂന്നു കുട്ടികളെ ലോകത്തിനു കാട്ടിക്കൊടുക്കുക എന്ന മഹത് കര്‍മ്മമാണ് ഡോക്ടര്‍മാര്‍ ചെയ്തതെന്നും സ്ത്രീയുടെ മുഖമോ സ്വകാര്യ ഭാഗങ്ങളോ കാണിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കെ. ജി. എം. ഒ. എ. പ്രസ്താവിച്ചു. ഒരു തൊഴിലാളി സംഘടന അതിന്റെ അംഗങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളെ ന്യായീകരിക്കുന്നതില്‍ പുതുമയില്ല. ഈയടുത്ത കാലം വരെ, തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നത് തെറ്റാണെന്ന് ഒരു ചുമട്ടുതൊഴിലാളി സംഘടനയും പറഞ്ഞിരുന്നില്ല.

പയ്യന്നൂരിലെ ഡോക്ടര്‍മാര്‍ ചെയ്ത യഥാര്‍ത്ഥ കുറ്റം എന്താണ്? പ്രസവം ചിത്രീകരിച്ചതോ? കുട്ടികളുടെ മുഖം വാട്ട്‌സ് ആപ്പില്‍ പോസ്റ്റു ചെയ്തതോ? അതോ  പ്രസവിച്ച സ്ത്രീയുടെ അനുമതിയില്ലാതെ മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളും ചെയ്തതോ?

പ്രസവം ചിത്രീകരിക്കുന്നത് തെറ്റാണെങ്കില്‍  ഏതു പ്രസവം ചിത്രീകരിക്കുന്നതും തെറ്റാണ്. പ്രസവിക്കുന്ന സ്ത്രീയുടെ അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും. അനുമതി ഉണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാകുന്നില്ല എന്നേയുള്ളു.

ഡോക്ടര്‍ ലൈവ്, ഡോക്ടറോട് ചോദിക്കാം  തുടങ്ങിയ ടെലിവിഷന്‍ പരിപാടികളില്‍ എത്രയോ പ്രാവശ്യം സിസേറിയന്‍ പ്രസവരംഗങ്ങളുടെ വീഡിയോ ഫുട്ടേജ് കാണിച്ചിരിക്കുന്നു. ആരുടെ പ്രസവമാണെന്ന് അങ്ങനെ കാണിക്കുന്നതെന്നോ, അതിനുള്ള മുന്‍കൂര്‍ അനുമതി പ്രസവിച്ച ആ സ്ത്രീയില്‍ നിന്നു വാങ്ങിയിട്ടുണ്ടോ എന്നോ, അവരുടെ അറിവോടെയാണോ അത് റിക്കോര്‍ഡ് ചെയ്തതെന്നോ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?

മൂന്നു കുട്ടികളുടെ പ്രസവം ചിത്രീകരിച്ചത്  ധാര്‍മ്മികമായി തെറ്റാണെങ്കില്‍ പ്രസവം ചിത്രീകരിക്കുന്നു എന്ന വലിയ വാര്‍ത്ത സൃഷ്ടിച്ച് വലിയ കച്ചവടം നടത്താന്‍ ശ്രമിച്ച ‘കളിമണ്ണ്’ എന്ന സിനിമയുടെ സംവിധായകന്‍ ബ്ലെസിയും  സിനിമയ്ക്കുവേണ്ടി സ്വന്തം പ്രസവം ലൈവായി ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയ നടി ശ്വേതാമേനോനും ചെയ്തത് ധാര്‍മ്മികമായി തെറ്റല്ലേ? എന്നാല്‍, തങ്ങള്‍ ചെയ്തത് സ്ത്രീത്വത്തോടുള്ള അഗാധമായ സമര്‍പ്പണമാണെന്നാണ് ഇരുവരും പറഞ്ഞത്.

പ്രസവ ചിത്രീകരണവും പിന്നീട് സിനിമയും കണ്ടപ്പോള്‍ ബ്ലെസിയുടെ ഭാര്യയ്ക്ക് ഒന്നുകൂടി പ്രസവിക്കണമെന്ന് തോന്നിയെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. ഒറ്റ പ്രസവത്തിലെ മൂന്നു കുട്ടികളെ കണ്ട് നിര്‍വൃതിയടഞ്ഞ ഏതു സ്ത്രീയാണാവോ ഇനി  തനിയ്ക്കും ഒറ്റ പ്രസവത്തില്‍ മൂന്നോ അതിലേറെയോ കുട്ടികളെ വേണം എന്ന് പറയാന്‍ പോകുന്നത്? മാതൃത്വം അഗാധം മാത്രമല്ല. വിശാലവുമാണ്.

യുവതിയുടെ പ്രസവം അവരുടെ അനുവാദമില്ലാതെ ചിത്രീകരിച്ചതാണ് പയ്യന്നൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചെയ്ത തെറ്റ് എങ്കില്‍,  രോഗിയുടെ അറിവില്ലാതെ, അനുവാദമില്ലാതെ അയാളുടെ മേല്‍ മരുന്നുപരീക്ഷണം നടത്തുന്നതോ?

ഏകദേശം പത്തുവര്‍ഷം മുമ്പ് തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ രോഗികളുടെ ഇന്‍ഫോര്‍മ്ഡ് കണ്‍സെന്റ് വാങ്ങാതെ  അവരില്‍ മരുന്നുപരീക്ഷണം നടത്തി. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് എന്ന സ്ഥാപനവുമായി കരാര്‍ ഒപ്പിട്ട ശേഷമായിരുന്നു രോഗികള്‍ അറിയാതെയുള്ള ഈ പരീക്ഷണം. നൂറുകണക്കിനു രോഗികളില്‍ നടത്തിയ ഈ പരീക്ഷണം ദേശീയവും അന്തര്‍ദേശീയവുമായ  ഒട്ടേറെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു. എന്നാല്‍ കാന്‍സര്‍ സെന്ററിന്റെ അന്നത്തെ ഡയറക്ടറും അനധികൃതവും നിയമവിരുദ്ധവുമായ പരീക്ഷണത്തിന് ചുക്കാന്‍ പിടിച്ചയാളുമായ  ഡോ. കൃഷ്ണന്‍നായര്‍ക്കെതിരെയോ കാന്‍സര്‍ സെന്ററിലെ മറ്റാര്‍ക്കെങ്കിലും എതിരെയോ പോലീസ് ക്രിമിനല്‍ കേസ് എടുത്തില്ല. ആര്‍ക്കും മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍ പോകേണ്ടിയും വന്നില്ല. കേരളത്തിലെ ബുദ്ധിജീവികളും സാംസ്‌കാരിക നായകന്‍മാരുമാകട്ടെ, ഒരു പടി കൂടി മുന്നോട്ടു പോയി ഡോ.കൃഷ്ണന്‍നായര്‍ക്ക് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കി.

ഒരാളുടെ അനുവാദമില്ലാതെ അയാളില്‍ മരുന്നുപരീക്ഷണം നടത്തുന്നതും ഫോട്ടോ എടുക്കുന്നതും നിയമപരമായും ധാര്‍മ്മികപരമായും തെറ്റാണ്.

മാധ്യമങ്ങളില്‍ നിത്യേന വരുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ അവരുടെ അറിവും സമ്മതത്തോടുമാണോ എടുത്തതും പ്രദര്‍ശിപ്പിച്ചതും? ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്ട്, 1920 അനുസരിച്ച് പോലീസുകാര്‍ക്ക് പോലും വിചാരണ തടവുകാരന്റെ ഫോട്ടോ എടുക്കണമെങ്കില്‍ – ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് അനുസരിച്ച് ആ ഫോട്ടോ അന്വേഷണത്തിന് അത്യാവശ്യമാണെങ്കില്‍ മാത്രം – ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ രേഖാമൂലമുള്ള ഉത്തരവിന്‍ പ്രകാരമേ ചെയ്യാവൂ. മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും മാത്രമേ ഫോട്ടോ എടുക്കാവൂ. ഫോട്ടോ എടുക്കുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനായിരിക്കണം. വിചാരണയ്‌ക്കൊടുവില്‍ കോടതി തടവുപുള്ളിയെ വെറുതെവിട്ടാല്‍ അന്വേഷണത്തിനുവേണ്ടി എടുത്ത അയാളുടെ ഫോട്ടോയും നെഗറ്റീവും അയാളെത്തന്നെ ഏല്‍പ്പിക്കണം.

നിയമം ഇതായിരിക്കെ, തടവുപുള്ളികളുടെ ഫോട്ടോയും വീഡിയോയും ഇഷ്ടംപോലെ എടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്ന, പലപ്പോഴും മാധ്യമപ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രതികളെ നിര്‍ബന്ധിച്ച് ഫോട്ടോയ്ക്ക് നിര്‍ത്തുന്ന ഏതു പോലീസുകാര്‍ക്കെതിരെയാണ് നാളിതുവരെ കേസെടുത്തിട്ടുള്ളത്? ഇതിലടങ്ങിയിരിക്കുന്ന നിയമപ്രശ്‌നത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും ഏതു മാധ്യമങ്ങളാണ് ചിന്തിച്ചിട്ടുള്ളത്?

സ്വകാര്യത എന്നാല്‍ ലൈംഗികതയോ ലൈംഗിക സ്പര്‍ശമുള്ളതോ മാത്രമാണെന്ന് കരുതുന്നത് എത്ര വിചിത്രമാണ്. ഒറ്റപ്രസവത്തിലെ മൂന്നു കുട്ടികളുടെ വീഡിയോ വാട്ട്‌സ് ആപ്പില്‍ പോസ്റ്റു ചെയ്ത വാര്‍ത്ത വന്ന അതേ ദിവസങ്ങളില്‍ തന്നെയാണ്  മോഷണകുറ്റം ആരോപിക്കപ്പെട്ട ഒരു സ്ത്രീയെ പോലീസ് സ്റ്റേഷനില്‍ വച്ച് അടിച്ചു നട്ടെല്ലു തകര്‍ത്തു എന്ന വാര്‍ത്തയും പുറത്തുവന്നത്. എന്നാല്‍, നാളിതുവരെ ഇതുമായി ബന്ധപ്പെട്ട ഒരു പോലീസുകാരനെതിരെയും ക്രിമിനല്‍ കേസ്  എടുത്തിട്ടില്ല. ഒരു പോലീസുകാരനും മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍ പോയിട്ടില്ല.

ഒരു സ്ത്രീയുടെ നട്ടെല്ല് പോലീസ് സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ അടിച്ച് ഒടിയ്ക്കുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റമാണോ ഒറ്റ പ്രസവത്തിലെ മൂന്നു കുട്ടികളുടെ ഫോട്ടോ വാട്ട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്യുന്നത്?

Share on

മറ്റുവാര്‍ത്തകള്‍