UPDATES

ഓഫ് ബീറ്റ്

തോറ്റുപോയെന്നു കരുതിയവര്‍ക്കിടയില്‍ നിന്ന് അവള്‍; എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയില്‍ ശ്രുതിയുടെ ജീവിതം/അഴിമുഖം ക്ലാസ്സിക്

ശ്രുതിയെ നമുക്കിവിടെ ആവശ്യമുണ്ട്. അവളൊരു പ്രതീകമാണ്. വീണുപോയവര്‍ക്ക് എഴുന്നേല്‍ക്കാനുള്ള പ്രചോദനമാണ്. ഒത്തിരിപ്പേര്‍ക്ക് പ്രേരണയാണ്.

                       

(അഴിമുഖത്തില്‍ നേരത്തെ പ്രസിദ്ധീകരിക്കുകയും വായനക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പുതിയ വായനക്കാര്‍ക്ക് വേണ്ടി പുനഃപ്രസിദ്ധീകരിക്കുകയാണ് ‘അഴിമുഖം ക്ലാസ്സിക്കി’ല്‍)

വാണീനഗര്‍, കേരള-കര്‍ണാട അതിര്‍ത്തിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമം. മനുഷ്യദുരയുടെ വിഷാംശം പതിച്ച മറ്റൊരു കാസര്‍ഗോഡന്‍ ഗ്രാമം. കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷത്തില്‍ ചിറകു കരിഞ്ഞ ജീവിതങ്ങള്‍ ഇവിടെയുമുണ്ട്. അവര്‍ക്കിടയില്‍ നിന്ന്, തോറ്റുപോയെന്നു കരുതിയവര്‍ക്കിടയില്‍ നിന്ന്; ഒരാള്‍ തന്റെ സ്വപ്‌നത്തിന്റെ വാതില്‍പ്പടി കടന്നിരിക്കുന്നു. ഒരു വിഷത്തിനും ഇല്ലാതാക്കാന്‍ കഴിയുന്നതല്ല, ആത്മവിശ്വാസമെന്ന് തെളിയിക്കുന്ന വിജയവുമായി ശ്രുതി എന്ന പെണ്‍കുട്ടി, അവളുടെ എല്ലാ പരിമിതികളും അതിജീവിച്ച് നമുക്ക് മുന്നില്‍ നിറഞ്ഞ ചിരിയോടെ നില്‍ക്കുകയാണ്. അവള്‍ ആഗ്രഹിച്ചതുപോലെ ഒരു ഡോക്ടറാകാന്‍ ബംഗളൂരൂ ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി.

ഈ വാര്‍ത്ത കേള്‍ക്കുന്നതിനു മുമ്പും നമ്മള്‍ ശ്രുതിയെ കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ചീഫ് ഫോട്ടൊഗ്രഫര്‍ മധുരാജിന്റെ ക്യാമറ കണ്ണുകള്‍ പകര്‍ത്തിയെടുത്ത് ലോകത്തിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രതിനിധിയായി പ്രദര്‍ശിപ്പിച്ച ഒരു ചിത്രമുണ്ട്. വലതു മുട്ടിനു താഴെയായി ചലനശേഷിയില്ലാതെ വളഞ്ഞുതിരിഞ്ഞ കാലും പകുതിയോളമുള്ള, നെടുകെ പിളര്‍ന്ന വലതു കൈപ്പത്തി, നീണ്ടുനില്‍ക്കുന്ന രണ്ടു വിരലുകളുമായി ഒരു കൊച്ചുപെണ്‍കുട്ടി. ആ ചിത്രം ശ്രുതിയുടേതായിരുന്നു. ഒരു നാടു പേറുന്ന സകല ദുരന്തത്തിന്റെയും നേര്‍സാക്ഷ്യമായിരുന്നു അവള്‍. അന്നും അവളുടെ കണ്ണുകളില്‍ തിളക്കുമുണ്ടായിരുന്നു. അങ്ങകലെ തനിക്കായി തെളിഞ്ഞു കത്തുന്നൊരു സ്വപ്‌നത്തിന്റെ തിരിയിളക്കംപോലെ.

മധുരാജ് പകര്‍ത്തിയ ശ്രുതിയുടെ  ചിത്രം വലതുഭാഗത്ത് -കടപ്പാട് മാതൃഭൂമി

മനുഷ്യന്‍ മനുഷ്യനുമേല്‍ തീര്‍ത്ത ദുര്‍വിധിയുടെ കയ്പ്പ് കുടിച്ചുകൊണ്ടായിരുന്നു ശ്രുതിയുടെ ബാല്യവും തുടങ്ങിയത്. മൂന്നാം വയസ്സില്‍ അമ്മ പോയി. ഗര്‍ഭാശയത്തില്‍ കാന്‍സര്‍ ആയിരുന്നു. അച്ഛന്‍ രണ്ടാമതും വിവാഹം കഴിച്ചു. വിഷം തളിക്കുന്നവന്റെ ക്രൂരത, അതേറ്റുവാങ്ങിയവര്‍ക്ക് അന്യമായിരുന്നു. സ്വന്തം മകളെപ്പോലെ സ്‌നേഹിച്ച രണ്ടാനമ്മ രേവതിയും അച്ഛന്‍ താരാനാഥ റാവുവും ശ്രുതിയെ വളര്‍ത്തിയത് വളരെ കരുതലോടെയായിരുന്നു. വാണീനഗറില്‍ പള്ളിക്കൂടങ്ങളില്ലായിരുന്നു. ഉള്ളത് ഗ്രാമത്തില്‍ നിന്ന് ഏഴെട്ടു കിലോമിറ്റര്‍ അകലെ. ദുര്‍ഘടമായ പാതകള്‍, ഒറ്റക്കാലിന്റെ മാത്രം ആശ്രയത്തില്‍ താണ്ടി അവള്‍ പഠിക്കാന്‍ പോയി. വിദ്യഭ്യാസമാണ് തന്റെ ജീവിതത്തിന്റെ പ്രധാന സമ്പാദ്യമാകുന്നതെന്ന് ചെറുപ്രായത്തില്‍ തന്നെ മനസ്സിലാക്കിയതുകൊണ്ട്, നന്നായി പഠിച്ചു. തിരിച്ചറിവിന്റെ പ്രായത്തില്‍ ശ്രുതി ആദ്യം അവളെ തന്നെ പറഞ്ഞു പഠിപ്പിച്ചത്, ഈ ജീവിതത്തില്‍ നിനക്ക് കുറവുകളൊന്നും തന്നെ ഉണ്ടായിട്ടില്ല. ആരൊക്കെയോ ചേര്‍ന്നു നടത്തിയ ഉപജാപങ്ങളുടെ ഇരയായി ജീവിതം കണ്ണൂര്‍ കുടിച്ചു തീര്‍ക്കരുത്. പൊരുതാനുള്ള കരുത്ത് ഈശ്വരന്‍ തന്നിട്ടുണ്ട് എന്നായിരുന്നു. തനിക്കു ചുറ്റുമുള്ളവരെ കാണാനും അവരുടെ ജീവിതം കൂടുതല്‍ അറിയാനും ശ്രമിച്ചതോടെ ശ്രുതിയുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയായിരുന്നു.

എന്‍ഡോള്‍ഫാന്‍ ഇരകളുടെ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെയാണ് എനിക്ക് കൂടുതല്‍ കരുത്തുണ്ടായത്. ഓരോ മനുഷ്യരെയും കാണുമ്പോള്‍, അവരോട് വിധി കാണിച്ചത്ര ക്രൂരത എന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് മനസ്സിലാക്കി. സ്വന്തമായി കാര്യങ്ങള്‍ നോക്കാനെങ്കിലും എനിക്ക് സാധിക്കുന്നുണ്ട്, പരാശ്രയരായ എത്രയോ പേര്‍ എനിക്കിടയില്‍ ജീവിക്കുമ്പോള്‍, ഞാനവരെക്കാള്‍ ഭാഗ്യവതിയല്ലേ. എന്റെ ശരീരത്തിന് വൈകല്യങ്ങള്‍ ഉണ്ട്, എന്നാല്‍ എന്റെ ബുദ്ധിക്കും ചിന്തകള്‍ക്കും വൈകല്യങ്ങളില്ല. എല്ലാവരുടെയും കാര്യമങ്ങനെയായിരുന്നില്ലല്ലോ. ചികിത്സിക്കാന്‍ പണമില്ലാതെ മരിച്ചുപോയവര്‍, മരിച്ചു ജീവിക്കുന്നവര്‍, സ്വന്തം കുഞ്ഞിന്റെ, സഹോദരങ്ങളുടെ, മാതാപിതാക്കളുടെ ദൈന്യത കണ്ട് സ്വയം എരിഞ്ഞു തീരുന്നവര്‍. എന്നില്‍ ആ ജീവിതങ്ങള്‍ സഹതാപം നിറയ്ക്കുകയല്ലായിരുന്നു, പോരാടാനുള്ള ഊര്‍ജ്ജം നിറയ്ക്കുകയായിരുന്നു. പക്ഷേ, എങ്ങനെ അത് കഴിയും എന്നൊരു ചിന്ത അലട്ടയിരുന്നു.

അവിടെയാണ് ദൈവം എനിക്ക് ഡോക്ടര്‍ മോഹന്‍ കുമാറിനെ കാണിച്ചു തരുന്നത്. എന്താണ് എന്റെ ലക്ഷ്യം എന്ന് പറഞ്ഞുതരാനായി ദൈവം അദ്ദേഹത്തെ നിയോഗിച്ചു. ആദ്യം എന്റെ കുടുംബം, പിന്നെ ഞാനുമായി ഒരു ബന്ധവുമില്ലാത്ത, എന്നാല്‍ മനസ്സില്‍ നന്മ മാത്രമുള്ള കുറേ മനുഷ്യര്‍; എന്നെ മുന്നോട്ടു പോകാന്‍ ഒപ്പം നിന്നു. അവരില്‍ ഞാനൊരിക്കലും മറക്കാന്‍ പാടില്ലാത്തതും നന്ദി പറഞ്ഞൊഴിയാന്‍ പാടില്ലാത്തതുമായ ഒരാള്‍ മോഹന്‍ കുമാര്‍ ഡോക്ടറാണ്. എന്നെ താങ്ങാന്‍ ഈ ലോകത്ത് എത്രയോ പേരാണുള്ളതെന്ന് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പലരും ചോദിച്ചിട്ടുണ്ട്, ഇങ്ങനെയൊക്കെ ആയിപ്പോയതില്‍ നിരാശ തോന്നാറുണ്ടോ എന്ന്. എങ്ങനെ ആയിപ്പോയതില്‍ എന്നാണ് എന്റെ സംശയം. എനിക്ക് ഒരു കുഴപ്പവും ഇല്ല, എന്റെ കാലും കൈപ്പത്തിയും കണ്ടിട്ടാണോ? ഞാനതൊരു കുറവുകളായി കണ്ടിട്ടില്ല, മനസ്സ് തളര്‍ന്നിട്ടില്ലല്ലോ, പിന്നെ ശരീരത്തെ കുറിച്ചോര്‍ത്ത് എന്തിന് ഭയക്കണം. എന്നോടുള്ള സനേഹവും കരുതലും സഹതാപവുമൊക്കെയാണ് എന്റെ വൈകല്യങ്ങളെ കുറിച്ച് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നത്. ലക്ഷ്യവും അതിലക്കെത്താനുള്ള ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഒരു കയ്യോ കാലോ ഇല്ലാത്തത് ഒരിക്കലുമൊരു തടസ്സമാകില്ല.

മുട്ടിനു താഴെ ചലനശേഷിയില്ലാത്ത കാലിനു പകരം ഫൈബര്‍ ലെഗ് പിടിപ്പിച്ചു തന്നത്, എന്റെ വിദ്യാഭ്യാസത്തിന് സഹായിച്ചതടക്കം ഒന്നും മറക്കാന്‍ പറ്റില്ല. മോഹന്‍ കുമാര്‍ സാറാണ് പഠിക്കണമെന്ന വാശി വളര്‍ത്തിയത്. വാണി നഗറില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയുള്ള വദാറെയിലുള്ള സ്‌കൂളിലാണ് ഒന്നാം ക്ലാസില്‍ ചേരുന്നത്. പണിയില്ലാത്ത ദിവസം അച്ഛന്‍ കൊണ്ടുവന്നാക്കും, അല്ലാത്ത ദിവസങ്ങളില്‍ ഒറ്റയ്ക്കുപോകും. ഡോക്ടറെ കണ്ടുമുട്ടിയതുതൊട്ട്, എങ്ങനെന്നറിഞ്ഞില്ല എന്റെ മനസ്സിലും ഒരാഗ്രഹം മൊട്ടിട്ടിരുന്നു. എനിക്കും ഒരു ഡോക്ടറാകണം. പാവങ്ങളെ സഹായിക്കാന്‍ ഒരു ഡോക്ടറാവുകയാണ് വേണ്ടതെന്ന് ഞാന്‍ ചിന്തിച്ചുരുന്നു അന്ന്. ഇങ്ങനെയൊരു മോഹം ഉള്ളതുകൊണ്ട് പഠിക്കാനുള്ള ആവേശത്തിന് വേഗതയുണ്ടായിരുന്നു. വഴികളിലെ ബുദ്ധിമുട്ടുകളൊന്നും കാര്യമാക്കിയില്ല. ഹയര്‍ സെക്കന്‍ഡറി മുള്ളേരിയയാണ് പഠിച്ചത്. പോയി വരിക എന്നത് ബുദ്ധിമുട്ടായതുകൊണ്ട് അവിടെയൊരു ബന്ധുവിന്റെ വീട്ടില്‍ താമസിച്ചു. ചികിത്സിക്കാന്‍ കാശില്ലാതെ മരിച്ചുപോയവരെ എനിക്കറിയാം. നല്ല ചികിത്സ കിട്ടാതെ നരകിക്കുന്നവരെയും അറിയാം. ഞാനൊരു ഡോക്ടറായാല്‍ എനിക്കു ചുറ്റുമുള്ളവരെ പണം വാങ്ങാതെ ചികിത്സിക്കണം, അവരെ സഹായിക്കണം.

എന്‍ഡോസള്‍ഫാന്‍ ഇരകളെന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ആദ്യം വേണ്ടത് മാനസിക പിന്തുണയാണ്. ജീവിതത്തില്‍ നിങ്ങളാരും തോറ്റുപോയിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. കുറെ പണം ചെലവഴിച്ചുകൊണ്ട് ആര്‍ക്കും അവരെ രക്ഷിക്കാന്‍ സാധിക്കില്ല. എന്റെ അനുഭവത്തില്‍ നിന്നാണ് പറയുന്നത്. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതും അതാണ്. ആരോ ചെയ്ത തെറ്റിന്റെ ശിക്ഷയാണ് അനുഭവിക്കുന്നതെങ്കിലും അവരെ ഇരകളെന്ന് വിളിക്കരുത്, അതവരെ ദുര്‍ബലപ്പെടുത്തും. എനിക്കറിയില്ല, വൈകല്യമുള്ള ശരീരങ്ങള്‍ നേരെയാക്കിയെടുക്കാന്‍ കഴിയുമെന്ന്, പക്ഷെ മനസ്സ് ശക്തിപ്പെടുത്താം. അതിനവരെ പ്രാപ്തരാക്കിയാല്‍, അതാണ് നന്മ. ആ നന്മയുട ഫലമാണ് ഞാന്‍.

ജീവിതത്തിന്റെ ഓരോ നിമിഷവും ഞാന്‍ മറ്റുള്ളവരുടെ കാരുണ്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമായിരുന്നു കഴിഞ്ഞദിവസം അനുഭവിച്ചത്. ജൂണ്‍ ഒന്നിനായിരുന്നു മെഡിക്കല്‍ കോളേജിലെ അഡ്മിഷന്റെ അവസാനദിവസം. എണ്ണായിരം രൂപ ഫീസ് മുന്നേ കെട്ടിയിരുന്നെങ്കിലും അന്നേ ദിവസം പോകാന്‍ പറ്റിയില്ല. ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നതും ഒറ്റയ്ക്കു പോകുന്നതിലെ ബുദ്ധിമുട്ടും കാരണമായി. ഇന്നലെ (ജൂണ്‍ 3) പോയപ്പോള്‍ അവര്‍ അഡ്മിഷന്‍ ശരിയാകില്ലെന്നു പറഞ്ഞു. ആ ഒരു നിമിഷം, അന്നുവരെയുള്ള ജീവിതത്തിനിടയില്‍ ഞാന്‍ ശരിക്കും തകര്‍ന്നുപോയത് അപ്പോഴാണ്. സമയം കഴിഞ്ഞുപോയിരിക്കുന്നു, ബാക്കി ഫീസ് അടച്ചിട്ടില്ല എന്നതൊക്കെയായിരുന്നു എനിക്ക് അഡ്മിഷന്‍ നല്‍കാത്തതിന് കാരണം. എന്റെ ഭര്‍ത്താവ് അവരുടെ കാലുപിടിക്കാമെന്നുവരെ പറഞ്ഞു. അവര്‍ പക്ഷെ തീരുമാനത്തില്‍ ഉറച്ചു നിന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചപോയ നിമിഷങ്ങള്‍. പെട്ടെന്നാണ് പ്രശാന്ത് ചേട്ടനെ ഓര്‍ത്തത്. ബംഗളൂരുവില്‍ അഡ്വക്കേറ്റാണ് അദ്ദേഹം. സ്വന്തം സ്ഥലം ആലപ്പുഴ. എന്ത് ആവശ്യം വന്നാലും ചോദിക്കണമെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ബംഗളൂരുവില്‍ എനിക്കു വേറെയാരെയും പരിചയമുണ്ടായിരുന്നില്ല. ഞാന്‍ പ്രശാന്ത് ചേട്ടനെ വിളിച്ചു. നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ വണ്ടിയോടിച്ച് അദ്ദേഹം അവിടെയെത്തി. ബാക്കിയടക്കേണ്ട ഫീ്‌സ് അടച്ചു. ഇതിനകം നാട്ടിലുള്ള ഡോക്ടേഴ്‌സ് അസോസിയേഷനിലെ ആള്‍ക്കാരും മെഡിക്കല്‍ കോളേജിലേക്ക് ബന്ധപ്പെട്ടു. കുറേ ടെന്‍ഷന്‍ അനുഭവിച്ചെങ്കിലും എനിക്ക് അഡ്മിഷന്‍ കിട്ടി. ഒന്നു കൈകൂപ്പി തൊഴാന്‍ പോലും അനുവദിക്കാതെ പ്രശാന്ത് ചേട്ടന്‍ എന്നെ ആശസിപ്പിച്ചിട്ട് അന്നവിടെ നിന്നുപോയി. എനിക്കറിയില്ല എങ്ങനെ അദ്ദേഹത്തോട് നന്ദി പറയണമെന്ന്. ഞാന്‍ നേരില്‍ കണ്ട ദൈവങ്ങളാണ് അവരൊക്കെ. ഇവിടെയെങ്കിലും ഞാന്‍ , ഒരു സമാധാനത്തിനുവേണ്ടിയെങ്കിലും എനിക്കുള്ള നന്ദി ഒന്നു പറഞ്ഞോട്ടെ പ്രശാന്ത് ചേട്ടാ…

ഡോക്ടര്‍ ആവുക എന്ന സ്വപ്‌നത്തിന്റെ ആദ്യപടിയില്‍ ഞാന്‍ കേറി നില്‍ക്കുകയാണ്. ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. പക്ഷെ എന്നെക്കാള്‍ ഈക്കാര്യത്തില്‍ സന്തോഷിക്കുന്നവര്‍, എന്റെ ഭര്‍ത്താവടക്കം എത്രയോ പേരുണ്ടെന്നറിയുമ്പോള്‍ അത്ഭുതവും. അഡ്മിഷന്‍ ശരിയാകില്ലെന്നറിഞ്ഞപ്പോള്‍ അവിടെയുള്ളവരുടെ കാലു പിടിക്കാന്‍വരെ കുനിഞ്ഞയാളാണ് എന്റെ ഭര്‍ത്താവ്. ഞാനൊരു ഡോക്ടറായി കാണമെന്ന് എന്നെക്കാളേറെ ആഗ്രഹിക്കുന്നൊരാള്‍. എല്ലാ കുറവുകളും അറിഞ്ഞുകൊണ്ട് തന്നെ എന്നെ സ്‌നേഹിച്ചു, ജീവിതത്തിലേക്ക് കൂട്ടി.

കണ്ടാര്‍ സ്വദേശിയായ ജദഗീഷ്, ടൂറിസ്റ്റ് ബസുകളില്‍ ഗൈഡായും ക്ലീനറായുമൊക്കെ ജോലി നോക്കുന്ന ചെറുപ്പക്കാരനാണ്. അതോടൊപ്പം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള ക്യാമ്പുകളിലും പ്രവര്‍ത്തിക്കും. അങ്ങനെയൊരു ക്യാമ്പില്‍വച്ചാണ് ശ്രുതിയെ കണ്ടുമുട്ടുന്നത്. പരിചയം പിന്നെ പ്രണയമായി.

എനിക്ക് ഇഷ്ടമായിരുന്നു ശ്രുതിയോട്. അത് സഹതാപം കൊണ്ട് ഉണ്ടായതല്ല. അവള്‍ക്ക് കുറെ ലക്ഷ്യങ്ങളുണ്ടെന്ന് തോന്നി. അതിനൊരു താങ്ങായി നില്‍ക്കാന്‍ ആഗ്രഹിച്ചു. ഞങ്ങള്‍ പരസ്പരം പ്രണയിച്ചു. ഒരുമിച്ചു ജീവിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ എന്റെ വീട്ടില്‍ എതിര്‍പ്പുണ്ടായി. അതോടെ ഞങ്ങള്‍ രജിസ്റ്റര്‍ കല്യാണം നടത്തി. നാട്ടുകാര്‍ ആദ്യമൊക്കെ എന്നെ കളിയാക്കി. ചിലര്‍ പറഞ്ഞു, ഞാന്‍ ജീവിതം കളഞ്ഞെന്നു. എനിക്കങ്ങനെയൊന്നും തോന്നിയില്ല. ഇന്നിപ്പോള്‍ ശ്രുതിയെ കല്യാണം കഴിക്കാന്‍ പലരും വന്നേക്കും, അവള് ഡോക്ടറാകാന്‍ പോവുകയാണ്. ഞാന്‍ പക്ഷെ ഒന്നും മോഹിച്ചല്ല സ്‌നേഹിച്ചത്. ശ്രുതിയുടെ കൂടെ നില്‍ക്കണം എന്നായിരുന്നു ആഗ്രഹം. ശ്രുതി എപ്പോഴും കണ്ടിരുന്ന വലിയൊരു സ്വപ്‌നമാണ് നടക്കാന്‍ പോകുന്നത്. അതു മുടങ്ങുമെന്നു തോന്നിയതുകൊണ്ടാണ് ആരുടെ കാലു പിടിച്ചിട്ടാണെങ്കിലും അവള്‍ക്ക് അഡ്മിഷന്‍ ശരിയാക്കണം എന്നു തോന്നിയത്. ഇപ്പോഴും ദാരിദ്ര്യം ഉണ്ട്. എല്ലാ പണിക്കും ഞാന്‍ പോകും. എന്നെക്കൊണ്ട് മാത്രം ഒന്നും നടക്കില്ലെന്ന് അറിയാം. പക്ഷെ അവളെ സഹായിക്കാന്‍ മനുഷ്യസ്‌നേഹമുള്ള കുറെപേരുണ്ട്. അതാണെന്റെ ആശ്വാസം. പിന്നെ ഒരു താങ്ങായി ഒപ്പം നില്‍ക്കാന്‍ കഴിയുന്നുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും ശ്രുതിയെ ഇഷ്ടമാണ്. കണ്ടാറിലെ വീട്ടില്‍ എന്റെ അമ്മയ്ക്കും അനിയനും ചേട്ടനുമൊപ്പമാണ് ഞങ്ങള്‍ താമസിക്കുന്നത്. അവളൊരു നല്ല ഡോക്ടറാകണം. എല്ലാവരേയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഡോക്ടര്‍.

കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ കൂട്ടത്തില്‍ നിന്ന് ആദ്യമായി ഒരു ഡോക്ടര്‍ ആകാന്‍ പോവുകയാണ് ശ്രുതി. ദുരന്തങ്ങള്‍ പകപോക്കിയിട്ടും തോറ്റുകൊടുക്കാതെ ഒരു പെണ്‍കുട്ടി നേടിയ ഈ വിജയം നമ്മുടെ നാടിന് അഭിമാനിക്കാനുള്ളതാണ്. പക്ഷെ, ചില ചോദ്യങ്ങള്‍ ഇതിനിടയിലും ഉയരുന്നു. എന്തുകൊണ്ട് ശ്രുതി കര്‍ണാടകത്തില്‍ പോയി പഠിക്കണം? അവള്‍ കേരളത്തിന്റെ മകളാണ്. കേരള സര്‍ക്കാര്‍ അവളുടെ കാര്യം നോക്കണം. കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ ശ്രുതിക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കണം, അവളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം– ഡോക്ടര്‍ വിനോദ് ഉയര്‍ത്തുന്ന ഈ ചോദ്യങ്ങള്‍ ഗൗരവത്തോടെ തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ്. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപതിക് കേരള എന്ന ഓര്‍ഗനൈസേഷനിലെ അംഗമാണ് വിനോദ്. ഈ ഓര്‍ഗനൈസേഷനാണ് ഇപ്പോള്‍ ശ്രുതിയുടെ പഠന ചെലവ് വഹിക്കാന്‍ തയ്യാറായിരിക്കുന്നത്.

ഒരു വര്‍ഷം നല്‍പ്പത്തയ്യായിരം രൂപയാണ് ശ്രുതിക്ക് ഫീസിനത്തില്‍ അടയ്‌ക്കേണ്ടത്. ആ തുക ഞങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. ഫീസിനത്തില്‍ അടയ്‌ക്കേണ്ട എണ്ണായിരം രൂപ ശ്രുതിക്ക് നല്‍കുകയും ചെയ്തു. പക്ഷെ അവള്‍ ഈ നാട്ടിലെ ഒരു കുട്ടിയാണ്. നമ്മളേറെ കണ്ണീരൊഴുക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരയാണ്. അങ്ങനെയുള്ളൊരാള്‍ ഇത്രവലിയൊരു നേട്ടം സ്വന്തമാക്കുമ്പോള്‍ ആ കുട്ടിയുടെ കൂടെ നില്‍ക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ തയ്യാറാകണ്ടേ? എത്രയോ കോടികളാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിനെന്ന പേരില്‍ ചെലവഴിക്കുന്നത്. അതിലൊരംശം മതി ശ്രുതിയുടെ കാര്യങ്ങള്‍ നോക്കിനടത്താന്‍. വളരെ ദാരിദ്ര്യം നിറഞ്ഞൊരു ചുറ്റുപാടാണ് ഇപ്പോഴും ആ കുട്ടിയുടേത്. സ്വന്തമെന്നു പറയാന്‍ ഒരു വീടില്ല. ഭര്‍ത്താവ് സ്ഥിരവരുമാനമുള്ള ആളല്ല. അഡ്മിഷന്‍ ലഭിക്കാതെ വരുമായിരുന്ന സാഹചര്യംവരെ ഉണ്ടായി. ഒന്നാമതായി ശ്രുതി ഇങ്ങനെയുള്ളൊരു വിക്റ്റിം ആണെന്നകാര്യം അവിടെയുള്ളവര്‍ക്ക് അറിയില്ല. സാങ്കേതികമായ തടസ്സം പറഞ്ഞ് അവര്‍ ആ അഡ്മിഷന്‍ തള്ളാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങളാണ് ഫോണ്‍ ചെയ്ത് ശ്രുതിയെ കുറിച്ചുള്ള കൃത്യമായ പിക്ചര്‍ കൊടുത്തത്. അത്രയും അകലെ പോയി അവള്‍ പഠിക്കേണ്ട കാര്യമുണ്ടോ? ഈ നാട്ടില്‍ തന്നെ അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കേണ്ടതല്ലേ. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ റോഡ് വെട്ടിയതു കൊണ്ടും സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കിയിട്ടതുകൊണ്ടും മാത്രം എല്ലാം കഴിഞ്ഞെന്നാണോ സര്‍ക്കാര്‍ കരുതുന്നത്? അനര്‍ഹരായ കുറെയധികം പേരാണ് കോടികളുടെ ഫണ്ടുകള്‍ ഇപ്പോഴും അനുഭവിക്കുന്നത്. യഥാര്‍ത്ഥ ഇര ഇപ്പോഴും അവരുടെ ദൈന്യതയില്‍ തുടരുന്നു. നൂറും ഇരുന്നൂറും കോടികള്‍ ഇതിനകം മുടക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു. നബാര്‍ഡ് ഇപ്പോള്‍ അഞ്ഞൂറൂകോടി നല്‍കിയെന്നു പറയുന്നു. എന്നിട്ടും ശ്രുതിയെ പോലൊരു കുട്ടിക്ക് പഠിക്കാന്‍ അന്യസംസ്ഥാനത്ത് പോകേണ്ടി വരുന്നു. ഒരുപക്ഷേ ഈ കഥയൊന്നും സര്‍ക്കാര്‍ അറിഞ്ഞില്ല എന്നു പറയുമായിരിക്കും. അവര്‍ക്ക് എന്താണ് ഈ ജീവിതങ്ങളെ കുറിച്ച് അറിയാവുന്നത്? കണക്കുകളില്ല സഹായങ്ങള്‍ കാണിക്കേണ്ടത്, പ്രവര്‍ത്തിയിലാണ്. ആ കുട്ടിക്ക് ഈ നാട്ടില്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കൂ, ശ്രുതിയോട് മാത്രമല്ല, അവള്‍ പ്രതിനിധീകരിക്കുന്ന ഒരു ജനവിഭാഗത്തോടുമൊത്തം കാണിക്കുന്ന കരുണയായിരിക്കും അത്.

ശ്രുതിയെ നമുക്കിവിടെ ആവശ്യമുണ്ട്. അവളൊരു പ്രതീകമാണ്. വീണുപോയവര്‍ക്ക് എഴുന്നേല്‍ക്കാനുള്ള പ്രചോദനമാണ്. ഒത്തിരിപ്പേര്‍ക്ക് പ്രേരണയാണ്. എല്ലാത്തിനും മുകളില്‍ നമ്മുടെയെല്ലാം അഭിമാനമാണ്… ആ കണ്ണുകളിലെ വെളിച്ചത്തിന്റെയും മനസ്സിലെ നന്മയുടെയും ഓരോഹരിക്ക് നമുക്കും പങ്കാളികളാകാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Related news


Share on

മറ്റുവാര്‍ത്തകള്‍