UPDATES

അഴിമുഖം ക്ലാസിക്സ്

ആരാണ് അര്‍ണാബ് ഗോസ്വാമി? അയാള്‍ ചെയ്തതും ചെയ്യുന്നതും

ഇന്ത്യയെ അതിന്റെ അന്ധകാരയുഗത്തിലേക്ക് കൈപിടിച്ചു നടത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ആളുകളിലൊരാള്‍ അയാളായിരിക്കും- അര്‍ണാബ് ഗോസ്വാമി

                       

നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ടവരില്‍ ഒരാള്‍. മുകേഷ് അംബാനി മുടങ്ങാതെ കാണാന്‍ ആഗ്രഹിക്കുന്ന വാര്‍ത്താധിഷ്ഠിത പരിപാടിയുടെ സൃഷ്ടാവ്. രാജ്യത്തെ ഏറ്റവും പോപ്പുലറായ ഇംഗ്ലീഷ് വാര്‍ത്താ അവതാരകന്‍.

അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍ നിന്നും രാജി വയ്ക്കുന്നതായി ഇന്നലെ പ്രഖ്യാപിച്ചു. അര്‍ണാബിന്റെ അടുത്ത പദ്ധതികളെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. ‘കളി തുടങ്ങിയിട്ടേ ഉളളൂ’ എന്നായിരുന്നു അയാളുടെ പഞ്ച് ഡയലോഗ്.

ആരാണ് അര്‍ണാബ്?
ഇന്നലെ വരെ രാജ്യത്തെ ഏറ്റവും ജനപ്രിയ ഇംഗ്ലീഷ് ചാനലിലെ ഏറ്റവും പ്രധാനപ്പെട്ട അവതാരകന്‍. രാജ്യത്തു നടക്കുന്ന പ്രധാന വിഷയങ്ങളെ ഒന്നുകില്‍ വഴിതിരിച്ചു വിടുകയോ അല്ലെങ്കില്‍ വളച്ചൊടിക്കുകയോ ചെയ്യുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാള്‍. അയാളുടെ ഷോ ദിവസവും കാണുന്ന ഏതാനും ലക്ഷങ്ങളേക്കാള്‍ അയാള്‍ക്ക് പ്രാധാന്യമുണ്ടെന്നര്‍ഥം.

സമകാലീന ഇന്ത്യയെ സ്വാധീനിക്കത്തക്ക വിധം നടപ്പുരീതികള്‍ എങ്ങനെ വേണമെന്നുള്ള ഒരു വാര്‍പ്പുമാതൃക അയാള്‍ സൃഷ്ടിച്ചെടുത്തു കഴിഞ്ഞു. ജേര്‍ണലിസത്തില്‍ അയാളെ ഉത്തമ മാതൃകയായി സ്വീകരിക്കുന്ന ഒരുപാടു പേരുണ്ടിപ്പോള്‍. ഗുണപരമായ ഉള്ളടക്കത്തെ താഴ്ത്തിക്കെട്ടി ആക്രോശങ്ങളും കോമഡി പരിപാടിയുമായി വാര്‍ത്തകളെ മാറ്റിയെടുത്തു. അക്രമോത്സുകമായ മോദി ഭരണകൂടത്തെ സ്ഥിരമായി പിന്തുണച്ചു; ഇതൊക്കെ തന്നെയും പുതിയ സര്‍ക്കാരിനെ വലിയ തോതില്‍ സഹായിക്കുന്നതുമായിരുന്നു.

രണ്ടാം യു.പി.എ ഭരണകാലത്ത് നിരന്തരമായ അഴിമതിക്കഥകള്‍ പുറത്തെത്തിച്ചു കൊണ്ട് ആ സര്‍ക്കാരിനെ ചുരുട്ടിക്കെട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരിലൊരാളാണ് അര്‍ണാബ് ഗോസ്വാമി. ഇന്ത്യ എഗനസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റിന് ആവശ്യത്തിന് ഇടം നല്‍കിക്കൊണ്ട് അയാള്‍ ഗാലറികളെ ഉണര്‍ത്തി നിര്‍ത്തി. തനിക്കു ചുറ്റും ഒരു അഴിമതി വിരുദ്ധ പോരാളിയുടെ പരിവേഷവും ഉണ്ടാക്കിയെടുത്തു. അര്‍ണാബ് ഗോസ്വാമി പക്ഷേ, അതൊന്നുമല്ല, ഒരു യഥാര്‍ഥ ജേര്‍ണലിസ്റ്റ് പോലുമല്ല.

ഭൂരിപക്ഷ വ്യവഹാരത്തിന്റെ പ്രധാനപ്പെട്ട ഏജന്റുമാരില്‍ ഒരാളാണ് യഥാര്‍ഥത്തില്‍ അര്‍ണാബ് ഗോസ്വാമി. രാജ്യത്ത് അത്തരത്തില്‍ ഭൂരിപക്ഷം എന്നൊരു പ്രബല ബോധത്തെ ഉണ്ടാക്കിയെടുക്കാനും അതുവഴി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമുദായിക വേര്‍തിരിവ് ശക്തിപ്പെടുത്താനും മുന്‍കൈയെടുത്ത ഏറ്റവും പ്രധാനപ്പെട്ട ആളുകളിലൊരാളുമാണ് അയാള്‍.

അയാള്‍ ഇതെങ്ങനെയാണ് സൃഷ്ടിച്ചെടുത്തത്? ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം അര്‍ണാബിന്റെ സ്റ്റുഡിയോയില്‍ പോയിരിക്കുകയാണെന്ന് കരുതുന്ന മേജര്‍ ജനറല്‍ ജി.ഡി ബക്ഷി, മേജര്‍ മറൂഫ് റാസ പോലുള്ളവരെ  ഉണ്ടാക്കിയെടുക്കുകയും വിവിധ വിഷയങ്ങളില്‍ അത്യന്തം വികാരഭരിതവും സംഘര്‍ഷവും നിറഞ്ഞ ചര്‍ച്ചയെന്ന വണ്ണമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് അയാള്‍ ചെയ്തത്. മുസ്ലീങ്ങള്‍, കാശ്മീര്‍, പാക്കിസ്ഥാന്‍, ഭീകരവാദം എന്നിങ്ങനെയായിരുന്നു അയാളുടെ പ്രധാനപ്പെട്ട വിഷയങ്ങള്‍. പക്ഷേ ഇതിലൊന്നിലും സാധ്യമായ ചര്‍ച്ചകള്‍ ഉണ്ടായില്ല, മറിച്ച് ഒരു ഭൂരിപക്ഷതാവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അയാള്‍ വിഷയങ്ങളുടെ മെറിറ്റിനെ അട്ടിമറിച്ചത്.

കാശ്മീരികള്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ അവകാശമുണ്ടെന്ന് അയാള്‍ ഒരിക്കലും വിശ്വസിച്ചില്ല. സൈന്യത്തേയും പോലീസിനേയും ഒരിക്കലും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് അയാള്‍ വിശ്വസിച്ചു. മോദി ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന ജേര്‍ണലിസ്റ്റുകളെ ജയിലിലടയ്ക്കണമെന്ന് അയാള്‍ വിശ്വസിച്ചു. ആധുനിക ഇന്ത്യയില്‍ ഭിന്ന ശബ്ദങ്ങള്‍ക്കോ ലിബറല്‍ ഇടങ്ങള്‍ക്കോ സ്ഥാനമില്ലെന്ന് അയാള്‍ വിശ്വസിച്ചു.

ഏഷ്യാനെറ്റ് തലവന്‍ രാജീവ് ചന്ദ്രശേഖറിനും ഇന്‍ഫോസിസിന്റെ മുന്‍ ഉദ്യോഗസ്ഥന്‍ മോഹന്‍ദാസ് പൈയ്ക്കും ഒക്കെ നിര്‍ണായക പങ്കുള്ള പുതിയൊരു ഭൂരിപക്ഷ വ്യവഹാരത്തെ മുന്നോട്ടു നയിക്കുന്നത് അര്‍ണാബാണ്. അവരില്‍ ചിലര്‍ക്കിത് മികച്ച ബിസിനസ് അവസരം കൂടിയാണ്.

ഇതുവരെ പുറത്തുവന്നിട്ടുള്ള അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും കണക്കിലെടുത്താല്‍ അര്‍ണാബ് ഗോസ്വാമി ചാനലും ഓണ്‍ലൈനും ഒക്കെക്കൂടിയ പുതിയൊരു മാധ്യമ മേഖല തുറക്കാന്‍ തയാറെടുക്കുകയാണ്. രാജീവ് ചന്ദ്രശേഖറായിരിക്കും ഇതിന്റെ പ്രധാനപ്പെട്ട ആളുകളിലൊരാള്‍ എന്നും അഭ്യൂഹങ്ങളുണ്ട്. ഇതൊന്നുമല്ലെങ്കില്‍, അര്‍ണാബ് പതിയെ മുകേഷ് അംബാനി ക്യാമ്പില്‍ എത്തിച്ചേരും. അര്‍ണാബ് ഇനിയെന്തൊക്കെ ചെയ്താലും അതൊക്കെ നിലവിലുള്ള വര്‍ഗീയ ഭരണകൂടത്തിന്റെ ഭൂരിപക്ഷതാ വാദത്തെ കൂടുതല്‍ മുന്നോട്ട് നയിക്കുന്നതായിരിക്കും.

പക്ഷേ, ഇന്ത്യയിലെ ടി.വി ന്യൂസ് മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വാഗതാര്‍ഹമായ കാര്യമായിരിക്കും. ഇത്തരത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെ പുതിയൊരു ടി.വി ന്യൂസ് സംസ്‌കാരവും ഉയര്‍ന്നു വരുമായിരിക്കും. യഥാര്‍ഥ ഇന്ത്യയെക്കുറിച്ചുള്ള വാര്‍ത്തകളും അവിടെ ഇടം പിടിച്ചേക്കും. വാര്‍ത്താ അവതാരകര്‍ അവതാരകരായി തന്നെ അവരുടെ പങ്കു വഹിക്കുന്ന ഒന്ന്.

അല്ലെങ്കില്‍ ഇന്ത്യയെ അതിന്റെ അന്ധകാരയുഗത്തിലേക്ക് കൈപിടിച്ചു നടത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ആളുകളിലൊരാള്‍ അയാളായിരിക്കും- അര്‍ണാബ് ഗോസ്വാമി.

Share on

മറ്റുവാര്‍ത്തകള്‍