UPDATES

സിനിമാ വാര്‍ത്തകള്‍

ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി; ചരിത്രം സൃഷ്ടിച്ച് ബാഹുബലി2

കളക്ഷന്റെ ചരിത്രത്തില്‍ ഈ ചിത്രം എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നു

                       

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ആദ്യ ദിനത്തില്‍ കളക്ട് ചെതത് 100 കോടി രൂപയെന്ന് കണക്കുകള്‍. ഇതോടെ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രം. ബാഹുബലിക്ക് ഉഗ്രന്‍ തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നും അത് അവിശ്വസനീയവും ചിന്തിക്കാന്‍ കഴിയാത്തതുമാണെന്നും ചലച്ചിത്ര നിരൂപകന്‍ തരണ്‍ ആദര്‍ശ് അറിയിച്ചു. കളക്ഷന്റെ ചരിത്രത്തില്‍ ഈ ചിത്രം എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ആഴ്ച അവസാനമായ ഇന്നും അവധി ദിവസമായ നാളെയും ചിത്രത്തിന് കൂടുതല്‍ ആളുകളെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ വരും ദിവസങ്ങളിലെ കളക്ഷന്‍ നൂറ് കോടിയിലും വര്‍ദ്ധിക്കും. ഏറെ കാലത്തേക്ക് തകര്‍ക്കാനാകാത്ത റെക്കോഡായിരിക്കും ബാഹുബലി കളക്ഷനില്‍ സൃഷ്ടിക്കുകയെന്നും തരണ്‍ ആദര്‍ഷ് വ്യക്തമാക്കുന്നു.

ചിത്രത്തില്‍ ബാഹുബലിയെന്ന ടൈറ്റില്‍ റോളില്‍ പ്രഭാസും ബല്ലാല ദേവയുടെ റോളില്‍ റാണ ദഗ്ഗുബതിയുമാണ് അഭിനയിക്കുന്നത്. കരണ്‍ ജോഹര്‍ വിതരണമേറ്റെടുത്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മാത്രം ആദ്യദിവസം 30-40 കോടി രൂപ കളക്ട് ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ചിത്രം ഏറ്റവുമധികം രൂപ കളക്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റവും കുറവും. തമിഴ്‌നാട്ടിലും മറ്റ് മേഖലകളിലേത് പോലെ പുലര്‍ച്ചെ റിലീസിംഗ് പ്രഖ്യാപിച്ചിരുന്നെങ്കിലും പണമടയ്ക്കല്‍ പ്രശ്‌നം മൂലം റിലീസിംഗ് പതിനൊന്ന് മണിയിലേക്കാണ് നടന്നത്.

ഇന്നലെ റിലീസ് ചെയ്ത ബാഹുബലിയെ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ രജനീകാന്ത് ചിത്രങ്ങള്‍ക്ക് നല്‍കുന്ന വിധത്തില്‍ ആരാധകര്‍ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയത് കൗതുകമായി.

Share on

മറ്റുവാര്‍ത്തകള്‍