വെറും ഹൈന്ദവ മതഭക്തിയുടെ പേരിലാണ് നായര്‍ ഇതൊക്കെ ചെയ്ത് കൂട്ടിയതെന്ന് ധരിച്ചാല്‍ തെറ്റി
കൃഷ്ണ ഝായും ധീരേന്ദര്‍ കെ ഝായും ചേര്‍ന്നെഴുതിയ ‘കറുത്ത രാത്രി: ബാബറി മസ്ജിദില്‍ രാമന്‍ പ്രത്യക്ഷപ്പെട്ടതിന്റെ രഹസ്യ ചരിത്രം‘എന്ന പുസ്തകത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍
ബാബറി മസ്ജിദില്‍ രാമന്റെ വിഗ്രഹം സ്ഥാപിച്ച് ഇന്ത്യയെ കലാപകലുഷിതമാക്കി മാറ്റുന്നതിന് ഹിന്ദു മഹാ സഭയ്ക്ക് നിര്‍ണായക സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഒരു മലയാളി ഐസിഎസ് ഉദ്യോഗസ്ഥന്‍. പില്‍ക്കാല ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയ ഒരു വലിയ ഗൂഢാലോചനയില്‍ നിര്‍ണായക പങ്കാണ് ആലപ്പുഴക്കാരന്‍ കെ കെ കെ നായര്‍ നിര്‍വഹിച്ചതെന്ന് കൃഷ്ണ ഝായും ധീരേന്ദര്‍ കെ ഝായും ചേര്‍ന്നെഴുതിയ ‘കറുത്ത രാത്രി: ബാബറി മസ്ജിദില്‍ രാമന്‍ പ്രത്യക്ഷപ്പെട്ടതിന്റെ രഹസ്യ ചരിത്രം’ (The Dark Night: The Secret History of Rama’s Appearance in Babri Masjid) എന്ന പുസ്തകം വെളിപ്പെടുത്തുന്നു.
ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നുള്ള മൂന്ന് മനുഷ്യരുടെ സൗഹൃദത്തില്‍ നിന്നാണ് വന്‍ ഗൂഢാലോചനയുടെ ഇതള്‍ വിരിയുന്നത്. നാട്ടുരാജ്യമായ ബല്‍റാംപൂരിലെ മഹാരാജ് പാടേശ്വരി പ്രസാദ് സിംഗ്, മഹന്ത് ദിഗ്വിജയ് നാഥ്, കെ കെ കെ നായര്‍ എന്നിവരായിരുന്നു അവര്‍. ലോണ്‍ ടെന്നീസിലുള്ള കമ്പം മാത്രമായിരുന്നില്ല അവരുടെ അടുപ്പത്തിന് കാരണം. ഹൈന്ദവ വര്‍ഗീയ വികാരവും മൂന്നു പേരിലും തുല്യമായി ഉണ്ടായിരുന്നു. മഹാരാജാവിനെക്കാള്‍ 20 വയസിനും നായരെക്കാള്‍ 13 വയസിനും മൂപ്പുണ്ടായിരുന്ന ദിഗ്വിജയ് നാഥ്, മറ്റ് രണ്ട് കളിത്തോഴര്‍ക്കും ആത്മീയ ഗുരു കൂടിയായിരുന്നു.
ഈ സൗഹൃദത്തിന്റെ ബാക്കിപത്രമായിരുന്നു മഹാരാജാവ് 1947ല്‍ ബല്‍റാംപൂരില്‍ സംഘടിപ്പിച്ച മഹായജ്ഞം. യജ്ഞത്തിലേക്ക് വിവിധ ഹിന്ദു നേതാക്കള്‍ക്കും സന്യാസിമാര്‍ക്കും ഒപ്പം ദിഗ്വിജയ് നാഥ്, സ്വാമി കര്‍പത്രിയെ കൂടി ക്ഷണിച്ചു. ശങ്കരാചാര്യര്‍ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ദണ്ഡി വിഭാഗത്തില്‍ പെട്ട സന്യാസിയായ കര്‍പത്രി, 1948ല്‍ രാമ രാജ്യ പരിഷത് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ആളാണ്. യജ്ഞത്തില്‍ സന്യാസിമാരെ കൂടാതെ കെ കെ കെ നായരും സ്വാഭാവിക ക്ഷണിതാവായിരുന്നു.
മഹന്ത് ദിഗ്വിജയ് നാഥും കെ കെ കെ നായരും സ്വാമി കര്‍പത്രിയും തമ്മില്‍ നടന്ന ഗൂഢാലോചനയെ കുറിച്ച് ഹിന്ദു മഹാസഭ മുഖമാസികയായ ഹിന്ദു സഭ വാര്‍ത്തയില്‍ 1992ല്‍ പ്രസിദ്ധീകരിച്ച ലേഖനം വെളിച്ചം വീശുന്നുണ്ട്. ‘വിദേശികള്‍ കൈയടക്കി വച്ചിരിക്കുന്ന ഹിന്ദുമത സ്ഥാപനങ്ങള്‍ മോചിപ്പിക്കണമെന്ന വിനായക് ദാമോദര്‍ സര്‍വാര്‍ക്കറുടെ വീക്ഷണത്തെ പറ്റി യജ്ഞത്തിന്റെ അവസാന ദിവസം നായരുമായും കര്‍പത്രിയുമായും പങ്കുവച്ച ദിഗ്വിജയ് നാഥ്, ബാബറി മസ്ജിദ് എങ്ങനെ പിടിച്ചടക്കാം എന്ന് അവരുമായി ചര്‍ച്ച ചെയ്തു. നിര്‍ദ്ദേശത്തെ കുറിച്ച് ഗൗരവമായി പഠിച്ച ശേഷം വീണ്ടും കാണാം എന്ന് പറഞ്ഞ് നായര്‍ ഗോണ്ട ജില്ല തലസ്ഥാനത്തേക്ക് തിരിച്ചു. പിറ്റേ ദിവസം യജ്ഞ സ്ഥലമായ ബല്‍റാംപൂരില്‍ തിരികെ എത്തിയ നായരെ ദിഗ്വിജയും കര്‍പാത്രയും ചേര്‍ന്ന് സ്വീകരിച്ചു. പ്രശ്‌നത്തെ കുറിച്ച് അവര്‍ ഒന്നു കൂടി ചര്‍ച്ച ചെയ്തു. വിശദമായ പരിപാടിയെ കുറിച്ച് നായര്‍ ആരാഞ്ഞപ്പോള്‍, വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും കൂടാതെ അയോധ്യയിലെ രാമ ജന്മഭൂമിയും എങ്ങനെ തിരിച്ചു പിടിക്കാം എന്നതിന്റെ വിശദമായ പദ്ധതി ദിഗ്വിജയ് നാഥ് വിശദീകരിച്ചു. ലക്ഷ്യം നേടുന്നതിനായി എന്ത് ത്യാഗവും സഹിക്കാന്‍ താന്‍ തയ്യാറാണെന്ന് നായര്‍ ഇരുവരെയും അറിയിച്ചു,’ എന്നാണ് പിന്നീട് രാജ്യത്തെ പിടിച്ചു കുലുക്കിയ സംഭവവികാസങ്ങളിലേക്ക് നയിച്ച ചതിയെ കുറിച്ച് ഹിന്ദു മഹാസഭ മുഖപത്രം എഴുതുന്നത്.
1949 ജൂണ്‍ ഒന്നിന് ഫൈസാബാദ് ഡപ്യൂട്ടി കമ്മീഷണറും ജില്ല മജിസ്‌ട്രേറ്റുമായി നായര്‍ ചുമതലയേറ്റു. ‘മനുഷ്യ ദൈവം’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളും, കോണ്‍ഗ്രസ് പാര്‍ട്ടി മതനിരപേക്ഷ ഇന്ത്യ സമൂഹം കെട്ടിപ്പടുക്കുന്നു എന്ന ഒറ്റ കാരണത്താല്‍ ഹിന്ദുത്വത്തിന്റെയും തന്റെ തന്നെയും നിലനില്‍പ് അപകടത്തിലാണ് എന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന രജപുത്ര വംശജനായ ജില്ല ഉദ്യോഗസ്ഥന്‍ ഗുരു ദത്ത് സിംഗായിരുന്നു നായരുടെ കൂട്ടാളി. ഫൈസാബാദ് മജിസ്‌ട്രേറ്റും ഡപ്യൂട്ടി കമ്മീഷണറുടെ അസിസ്റ്റന്റുമായിരുന്നു സിംഗ്.
മസ്ജിദിനുള്ളിലെ ചാബുതാരയില്‍ ഒരു വിശാല ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് ലക്‌നൗവിലെ ഉദ്യോഗസ്ഥര്‍ നിവേദനം നല്‍കാന്‍ പ്രദേശവാസികളായ ഹിന്ദുക്കളെ പ്രേരിപ്പിക്കുകയാണ് ഇരുവരും ആദ്യം ചെയ്തത്. ആറ് ദശാബ്ദമായി നിലനില്‍ക്കുന്ന തല്‍സ്ഥിതിയെ അട്ടിമറിച്ച് ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ഈ നിവേദനത്തിന് മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് യുണൈറ്റഡ് പ്രോവിന്‍സ് സര്‍ക്കാരിന്റെ ഡപ്യൂട്ടി സെക്രട്ടറി കെഹാര്‍ സിംഗ്, 1949 ജൂലൈ 20ന് നായര്‍ക്ക് കത്തെഴുതി. കത്തിന്‍ പ്രകാരം സ്ഥലം ‘പരിശോധിച്ച’ ഗുരു ദത്ത് സിംഗ് വലിയ ക്ഷേത്രം നിര്‍മ്മിക്കാമെന്ന റിപ്പോര്‍ട്ട് നല്‍കി. ഹനുമാന്‍ഗൃഹത്തില്‍ വച്ച് നടത്തിയ യോഗത്തില്‍, ജന്മഭൂമിയില്‍ അവകാശം സ്ഥാപിക്കുന്നതിനായി നാവാഹം നടത്തണമെന്ന തീരമാനം എടുക്കപ്പെടുന്നതിന് 18 ദിവസം മുമ്പ്, അതായത് 1949 ഒക്ടോബര്‍ പത്തിന് നിര്‍മാണത്തിന് അനുകൂലമായ തന്റെ റിപ്പോര്‍ട്ട് നായര്‍ സമര്‍പ്പിച്ചു. പ്രദേശത്തെ ഹിന്ദുക്കളുടെ ആവശ്യപ്രകാരം വലിയ ക്ഷേത്രം നിര്‍മിക്കുന്നതില്‍ തെറ്റില്ലെന്നും നിര്‍മാണ സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്നും നായര്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ട്, 1885 ഡിസംബര്‍ 24ന് ഫൈസാബാദ് സബ് ജഡ്ജി പണ്ഡിറ്റ് ഹരി കൃഷ്ണ സിംഗ് പുറപ്പെടുവിച്ച ഉത്തരവിന് കടകവിരുദ്ധമായിരുന്നു. നിലവിലെ ക്ഷേത്രം വിപുലപ്പെടുത്തണമെന്ന ചബുതാരയുടെ മഹന്തിന്റെ ഹര്‍ജിയിന്മേല്‍ലുള്ള വിധിയില്‍ കോടതി ഇങ്ങനെ നിരീക്ഷിച്ചു:
‘തന്റെ ഇഷ്ടത്തിനനുസരിച്ച് എന്തും കെട്ടിപ്പൊക്കാന്‍ ഉടമയ്ക്ക് അവകാശമുള്ള മറ്റ് സ്ഥലങ്ങളെ പോലെയല്ല ഈ സ്ഥലം. ഇവിടെ ക്ഷേത്രം നിര്‍മിക്കാന്‍ ഹിന്ദുക്കളെ അനുവദിച്ചാല്‍, ഇന്നല്ലെങ്കില്‍ നാളെ ക്രിമിനല്‍ കുറ്റങ്ങള്‍ ഉണ്ടാവുകയും ആയിരക്കണക്കിന് മനുഷ്യരുടെ കൂട്ടക്കൊലയ്ക്ക് അത് കാരണമാവുകയും ചെയ്യും.’
എന്നാല്‍ ഈ ഭരണ അട്ടിമറി ആസൂത്രണം ചെയ്തത് പോലെ നടപ്പിലാക്കാന്‍ നായര്‍ക്കും സിംഗിനും സാധിച്ചില്ല. ജന്മഭൂമി പിടിച്ചടക്കാന്‍ മഹാസഭക്കാരും അയോദ്ധ്യയിലെ പ്രാദേശിക വൈരാഗികളും ആഹ്വാനം ചെയ്തതോടെ അവിടുത്തെ ക്രമസമാധാന നില തകരാന്‍ തുടങ്ങി. ഇതോടെ സംസ്ഥാന ഗവണ്‍മെന്റ് നായരുടെ റിപ്പോര്‍ട്ട് തള്ളുകയും വിഷയത്തില്‍ മുന്നോട്ട് പോകേണ്ട എന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ നായരും സിംഗും പിന്നോട്ട് പോയില്ല. പ്രദേശത്തെ ഹിന്ദു വികാരം ആളിക്കത്തിക്കുന്നതില്‍ ഇരുവരും വിജയിച്ചു. ഇതേ തുടര്‍ന്നാണ് പള്ളിയില്‍ രാമവിഗ്രഹം സ്ഥാപിക്കാന്‍ ഹിന്ദു മഹാസഭ ഫൈസാബാദ് യൂണിറ്റ് തലവനും ഗോപാല്‍ സിംഗ് വിഷാരദും ചേര്‍ന്ന് ഇരുവരും തീരുമാനിക്കുന്നത്. 1949 ഡിസംബര്‍ 23ന് രാവിലെ അഞ്ചു മണിക്കാണ് വിഗ്രഹം രഹസ്യമായി സ്ഥാപിച്ചത്.
രാമവിഗ്രഹം പ്രതിഷ്ഠിച്ച അബിരാം ദാസിന്റെ ബന്ധുവായ അവാധ് കിഷോര്‍ ഝാ ഇങ്ങനെ ഓര്‍ക്കുന്നു. ‘….എല്ലായിടവും നിശബ്ദമായിരുന്നു. പള്ളിക്കുള്ളില്‍ ഒരു വിളക്ക് മിന്നുന്നത് കാണാമായിരുന്നു. ഞാന്‍ അടുത്തേക്ക് ചെന്നപ്പോള്‍, രാമ വിഗ്രഹം കൈകളില്‍ ഏന്തിക്കൊണ്ട് അബിരാം ദാസ് നിലത്തിരിക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ അടുത്ത് മൂന്നോ നാലോ സന്യാസിമാരും ഇന്ദു ബാബുവും (ഇന്ദുശേഖര്‍ ഝാ) യുഗല്‍ ബാബുവും (യുഗല്‍ കിഷോര്‍ ഝാ) ഉണ്ടായിരുന്നു. കുറച്ചകലെ മാറി നായരും. ഞാന്‍ കുറച്ചു കൂടി അടുത്തേക്ക് ചെന്നപ്പോള്‍ അബിരാം ദാസിനോട് നായര്‍ സാഹിബ് ഇങ്ങനെ പറയുന്നത് കേട്ടു: മഹാരാജ്, ഇവിടെ നിന്നും അനങ്ങരുത്. രാമ വിഗ്രഹം ഉപേക്ഷിക്കരുത്. രാമവിഗ്രഹത്തിന് വിശക്കുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ എല്ലാവരോടും പറയു.’ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. നായര്‍ സാഹിബ് വളരെ ഗൗരവത്തിലായിരുന്നു.’
സംഭവം നടക്കുമ്പോള്‍ പതിനാറ് വയസ് മാത്രം ഉണ്ടായിരുന്ന അവധ് കിഷോര്‍ പറയുന്നു. ഇയാളുടെ വിവരങ്ങളില്‍ നിന്നും പ്രഭാതത്തില്‍ അഞ്ച് മണിയായപ്പോഴേക്കും മസ്ജിദിന്റെ പൂര്‍ണ നിയന്ത്രണം കെ കെ കെ നായര്‍ ഏറ്റെടുത്തിരുന്നു എന്ന് വ്യക്തം. കൈ അരയില്‍ കുത്തി, മുന്നോട്ടാഞ്ഞ്, വിരല്‍ ചൂണ്ടി നായര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും മറ്റുള്ളവര്‍ അനുസരിക്കുകയുമായിരുന്നു എന്ന് കിഷോര്‍ ഓര്‍ക്കുന്നു.
രാത്രിയുടെ ഇരുട്ടില്‍ അഭിരാം ദാസ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം സംഭവ സ്ഥലം ആദ്യം സന്ദര്‍ശിച്ചത് ഫൈസാബാദ് ജില്ല മജിസ്ട്രറ്റായിരുന്നു. അദ്ദേഹത്തിന് മസ്ജിദിലുള്ള ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ എളുപ്പത്തില്‍ എടുത്തു മാറ്റുകയും ചുമരുകളിലെ ദൈവവചനം മായ്ചു കളയുകയും ചെയ്യാമായിരുന്നു. അങ്ങനെ നിഷ്പ്രയാസം പൂര്‍വ സ്ഥിതി പുനഃസ്ഥാപിക്കാന്‍ സാധിക്കുമായിരുന്നു. രാജ്യത്തെ ഏത് മജിസ്ട്രറ്റില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രവൃത്തിയും ഇതായിരുന്നു.
എന്നാല്‍ നായര്‍ക്ക് മറ്റ് ചില ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. ലക്‌നോവിലേക്കും ഡല്‍ഹിയിലേക്കും വാര്‍ത്ത എത്താന്‍ അധിക സമയം എടുക്കില്ല എന്ന് നായര്‍ക്കറിയാമായിരുന്നു. എന്നാല്‍ മസ്ജിദില്‍ നിന്നും മന്ദിരത്തിലേക്കുള്ള മാറ്റം തകിടം മറിയില്ല എന്നുറപ്പാക്കാനാണ് നായര്‍ ആദ്യമായി ശ്രമിച്ചത്. സംഭവത്തെ കുറിച്ച് ഔദ്ധ്യോഗിക കുറിപ്പ് തയ്യാറാക്കുന്നതിന് മുമ്പ് പള്ളിയില്‍ രാമ വിഗ്രഹം ‘അത്ഭുതകരമായി പ്രത്യക്ഷപ്പെട്ടു’ എന്ന് ഹിന്ദുക്കളെ ‘ബോധ്യപ്പെടുത്തുന്നതില്‍’ അദ്ദേഹം വിജയിച്ചു. മന്ദിറിനെ തിരിച്ച് പള്ളിയാക്കാനുള്ള ഏത് ഔദ്ധ്യോഗിക ശ്രമവും ജനവികാരത്തിലും വിശ്വാസത്തിലും തട്ടി തകരുമെന്ന് നായര്‍ക്കറിയാമായിരുന്നു. അതുകൊണ്ടാണ് അഞ്ച് മണിക്ക് സംഭവ സ്ഥലത്തെത്തിയ നായര്‍, എഫ്‌ഐആര്‍ തയ്യാറാക്കാന്‍ കാലത്ത് ഒമ്പത് മണിവരെ കാത്തിരുന്നത്. ഏതായാലും നായരുടെ കുതന്ത്രങ്ങള്‍ വിജയിക്കുകയും രാജ്യം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു എന്നത് ചരിത്രം. ആ 1949ലെ ആ ഒറ്റ രാത്രിയിലെ ഗൂഢാലോചനയാണ് 1992 ഡിസംബര്‍ ആറിലേക്കും അതിനും മുന്നും പിന്നും നടന്ന നിരവധി കലാപങ്ങളിലേക്കും രാജ്യത്തെ നയിച്ചത്.
വെറും ഹൈന്ദവ മതഭക്തിയുടെ പേരിലാണ് നായര്‍ ഇതൊക്കെ ചെയ്ത് കൂട്ടിയതെന്ന് ധരിച്ചാല്‍ തെറ്റി. 1949 ജൂണ്‍ ഒന്ന് മുതല്‍ 1950 മാര്‍ച്ച് 14 വരെ ഫൈസബാദില്‍ അധികാരത്തില്‍ ഉണ്ടായിരുന്ന നായര്‍, സമ്പാദിച്ച് കൂട്ടിയത് ചില്ലറ ഭൂമിയൊന്നുമല്ല. അത് ക്ഷേത്ര സ്വത്തോ, ദൈവത്തിന്റെ സ്വത്തോ എന്നുള്ള വിവേചനം ഒന്നും ഉണ്ടായിരുന്നില്ല. റാണോപാലി നാനാക്ഷി ക്ഷേത്ര സ്വത്തു മുതല്‍ ലോര്‍പൂര്‍ ഹൗസ് വരെയുള്ള നീണ്ട നിര സ്വത്തുക്കള്‍ നായരുടെ കൈകളിലായി. സാംതാള്‍ രാജകുമാരിയില്‍ നിന്നും നായര്‍ ഒരു കാര്‍ അടിച്ചു മാറ്റിയ കഥ ഗോപാല്‍ സിംഗ് വിശാരദിന്റെ പുത്രന്‍ രാജേന്ദ്ര സിംഗ് ഇങ്ങനെ ഓര്‍ക്കുന്നു: ‘സാംതാള്‍ എസ്‌റ്റേറ്റ് സംഭാവന നല്‍കിയ ഒരു ചെറിയ കാറില്‍ നായര്‍ മിക്കപ്പോഴും വിശാരദിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ആ കാറിന് ഒരു ചരിത്രമുണ്ട്. നേരത്തെ അത് സാംതാള്‍ രാജകുമാരി ഉപയോഗിച്ചിരുന്നതാണ്. ഒരിക്കല്‍ രാജകുമാരി അയോധ്യയില്‍ വരികയും, വിശാരദിന്റെ വീട്ടില്‍ വ്ച്ച് നായരുമായി പരിചയപ്പെടുകയും ചെയ്തു. അവര്‍ വളരെ പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി. പിന്നീട്, രാജകുമാരി അയോധ്യയില്‍ നിന്നും മടങ്ങിയതിന് ശേഷം നായര്‍ ആ മനോഹരമായ കാര്‍ ഓടിച്ചു നടക്കുന്നതാണ് കണ്ടത്. ഒരു പക്ഷെ അവര്‍ സമ്മാനമായി നല്‍കിയതാവാം.’
മസ്ജിദിനെ മന്ദിരമാക്കി മാറ്റിയതിന്റെ പേരിലും നായര്‍ക്ക് ധാരാളം ഭൂമി സമ്മാനമായി ലഭിച്ചു. ഫൈസാബാദില്‍ നായരുടെ സിവില്‍ കേസുകള്‍ നോക്കിയിരുന്ന അഭിഭാഷകന്‍ സാധു ശരണ്‍ മിശ്ര പറയുന്നു: ‘ഇത് തന്റെ അവസരമാണെന്ന് നായര്‍ക്ക് മനസിലായി. സര്‍ക്കാരിന് കൊടുക്കാനുള്ള പിഴകള്‍ക്ക് പകരമായി, പ്രദേശത്തെ തോട്ടം ഉടമകളില്‍ നിന്നും വലിയ അളവില്‍ ഭൂമി നായര്‍ കൈവശപ്പെടുത്തി. അദ്ദേഹം കൈക്കലാക്കിയ ഭൂമികളില്‍ ഏറ്റവും വലുത് ലോര്‍പൂര്‍ എസ്‌റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന ലോര്‍പൂര്‍ ഹൗസാണ്. ഫൈസാബാദ് മേഖലയിലെ സിവില്‍ ലൈനുകളില്‍ പരന്നു കിടന്ന പ്രദേശത്തിന് നടുവിലായിരുന്നു അത്. കുറച്ച് സമയം അത് നായരുടെ വസതിയായി നിലനിറുത്തി. പിന്നീട് അത് തുണ്ട് തുണ്ടായി വിറ്റു. അങ്ങനെയാണ് നഗര ഹൃദയത്തില്‍ ‘നായര്‍ കോളനി’ ഉണ്ടായത്.’