ബഷീറിന്റെ ഈ ‘വിശ്വവിഖ്യാത’ പുസ്തകം അഷ്‌റഫ് വെറുതെ വിതരണം ചെയ്യുന്നതല്ല. ഈ പുസ്തകമാണ് അദ്ദേഹത്തിന്റെ മകൻ അബ്ദുല്ലയുടെ വിവാഹ ക്ഷണപത്രിക!
“നിസ്സാർ അഹമ്മദ് പറഞ്ഞു. ‘നമ്മുടെ ആ കുരുവിയില്ലെ, അത് എന്റടുത്ത് വന്ന് കുഞ്ഞുപാത്തുമ്മയ്ക്ക് സുഖാണോ എന്ന് ചോദിച്ചു,’
‘തീ താ,!’
കുഞ്ഞുപാത്തുമ്മാ…
‘ഓ’
നിനക്കെന്ത് പറ്റി?
‘ന്റെ കരളില് വേതന!”
കുഞ്ഞുപാത്തുമ്മായുടെ ഈ കരളിലെ “വേതന” മലയാളികൾ നെഞ്ചേറ്റിയിട്ട് പതിറ്റാണ്ടുകളായി. ആദ്യ പ്രണയത്തെ അതിന്റെ എല്ലാ “വേതന”കളും ഉൾക്കൊണ്ട് എഴുതപ്പെട്ട ദാരിദ്ര്യത്തിന്റെയും പ്രണയത്തിന്റെയും നഷ്ടപ്രതാപത്തിന്റെയും കീഴാളത്തത്തിന്റെയും പുസ്തകമായിരുന്നു ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ “ന്റുപ്പാപ്പയ്ക്കൊരാനേണ്ടാർന്ന്” നിഷ്കളങ്ക പ്രണയത്തിന്റെ ഈ സുഖമുള്ള വേദനകൾ ഏറ്റവും പ്രീയപ്പെട്ടവർക്ക് സമ്മാനമായി നൽകാനൊരുങ്ങുകയാണ് തൃശ്ശൂർ സ്വദേശിയായ അഷ്‌റഫ് പെങ്ങാട്ടയിൽ. ബഷീറിന്റെ ഈ ‘വിശ്വവിഖ്യാത’ പുസ്തകം അഷ്‌റഫ് വെറുതെ വിതരണം ചെയ്യുന്നതല്ല. ഈ പുസ്തകമാണ് അദ്ദേഹത്തിന്റെ മകൻ അബ്ദുല്ലയുടെ വിവാഹ ക്ഷണപത്രിക!
ഡി സി ബുക്സിന്റെ സഹകരണത്തോടെ പുസ്തകത്തിന്റെ ആയിരത്തിലേറെ കോപ്പികളുടെ കവർപേജിൽ മകന്റെ വിവാഹമറിയിക്കുന്ന പത്രിക കൂടി ഉൾപ്പെടുത്തി അത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നേരിട്ടെത്തിച്ചാണ് അഷ്‌റഫ് മകന്റെ കല്യാണത്തിനെത്തിനെത്താൻ അഭ്യർത്ഥിക്കുന്നത്. ഡിസി ബുക്സിലെ അക്ബർ പെരുമ്പിലാവ് എന്ന ഡിസൈനറാണ് പുസ്തകത്തിന്റെ കവർ ക്ഷണക്കത്താക്കി മാറ്റിയത്. വായിച്ച ശേഷം വലിച്ചെറിയുന്ന സാധാരണ വിവാഹ ക്ഷണക്കത്തുകൾക്ക് പകരമായി അത്രയും ഇഷ്ടത്തോടെ വായിക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനും പറ്റുന്ന ക്ഷണപുസ്തകത്തിന്റെ പേരിലാകും എല്ലാവരും ഈ വിവാഹ തീയതി ഓർത്തുവെക്കുക.
ദീര്‍ഘനാളുകളായി ഗൾഫിൽ ജോലിചെയ്തിരുന്ന കഥാകൃത്ത് കൂടിയായ അഷ്റഫിന് മകന്റെ വിവാഹത്തിനെത്തുന്ന എല്ലാവര്‍ക്കും ഒരു പുസ്തകം സമ്മാനിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ വിവാഹദിനത്തിലെ തിരക്കുകൾക്കിടയിൽ എല്ലാവർക്കും പുസ്തകം വിതരണം ചെയ്യുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് തോന്നിയപ്പോഴാണ് തന്റെ പ്രീയപ്പെട്ട എഴുത്തുകാരന്റെ മനോഹരമായ പുസ്തകം മകന്റെ വിവാഹ ക്ഷണക്കത്താക്കി ഓരോരുത്തരെയും വീട്ടിൽ പോയി കണ്ട് വിതരണം ചെയ്താലോ എന്നൊരു ആശയം അഷ്റഫിന് തോന്നുന്നത്.
എന്തുകൊണ്ട് ബഷീർ, എന്തുകൊണ്ട് ‘ന്റുപ്പാപ്പയ്ക്കൊരാനേണ്ടാർന്ന്’ എന്ന ചോദ്യത്തിന് അഷ്റഫിന് വ്യക്തമായ ഉത്തരമുണ്ട്. “മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാൾ തന്നെയാണ് ബഷീർ. ബഷീറിനെ പല തലങ്ങളിൽ നിന്നുകൊണ്ട് വായിക്കാം, എല്ലാവർക്കും വായിക്കാം, ഗവേഷക വിദ്യാർഥികൾ കാണുന്ന ഒരു ബഷീറുണ്ട്, കുട്ടികൾ ക്ക് ഉൾക്കൊള്ളാനാകുന്ന ഒരു ബഷീറുണ്ട്, സാധാരണക്കാർക്ക് മനസിലാകുന്ന ബഷീറുണ്ട്, ഇത്തരത്തിൽ പല നിലയ്ക്കും വായന സാധ്യമാകുന്ന മലയാളത്തിലെ അതുല്യ പ്രതിഭയാണ് ബഷീർ. ബഷീറിന്റെ പാത്തുമ്മയുടെ ആടാണ് ആദ്യം കല്യാണക്ഷണ പുസ്തകമായി തിരഞ്ഞെടുത്തിരുന്നത്, ഈ ആശയം കവി റഫീഖ് അഹമ്മദിനോട് ചർച്ച ചെയ്തപ്പോൾ അദ്ദേഹമാണ് ഈ പുസ്തകമാകും കുറച്ച്കൂടി മനോഹരമാകുക എന്ന് പറഞ്ഞത്, പിനീട് ആലോചിച്ചപ്പോൾ എനിക്കും അങ്ങനെ തന്നെ തോന്നി.” കവികൂടിയായ അഷ്‌റഫ് അഴിമുഖത്തോട് പറയുന്നു.
പഴയകാലത്തെ രാഷ്ട്രീയ നാടക വേദിയാകെ ഇളക്കിമറിച്ച നിലമ്പൂർ ആയിഷയാണ് കല്യാണക്ഷണ പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്തത്. “കുന്നംകുളത്ത് നാടകോത്സവത്തിൽ വെച്ച് വളരെ യാദൃശ്ചികമായി നിലമ്പൂർ ആയിഷയുടെ പ്രസംഗം കേൾക്കാൻ അവസരം ലഭിച്ചു. ആയിഷ തന്റെ നാടകാനുഭവങ്ങൾ പറഞ്ഞപ്പോൾ പെട്ടെന്ന് ബഷീറിന്റെ പുസ്തകത്തിലെ കുഞ്ഞുപാത്തുമ്മയെ ഓർമ്മ വന്നു. ആനയും അമ്പാരിയും പ്രതാപവുമുണ്ടായിരുന്ന ഒരു മുസ്‌ലിം തറവാട്ടിൽ ജനിച്ച അവർ അച്ഛന്റെ മരണത്തോടെ ആകെ ദാരിദ്ര്യത്തിലായി. ദുബായിൽ ഗദ്ദാമയായി ജോലി നോക്കിയതും തുടർന്ന് നാടകവേദിയിലെത്തിയതുമൊക്കെ ആയിഷ ഓർത്തു പറഞ്ഞപ്പോൾ, അച്ചടിച്ച് കയ്യിൽ കിട്ടിയ ക്ഷണപുസ്തകം ആദ്യമായി കൈമാറാൻ ഇതിലും അനുയോജ്യമായ ഒരാളെ കിട്ടാനില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.” അഷ്‌റഫ് പറയുന്നു.
അഷ്‌റഫിന്റെ പ്രവർത്തനങ്ങളെ ഡിസി ബുക്ക്സ് വളരെ ഊഷ്മളമായാണ് സ്വാഗതം ചെയ്തത്. പുസ്തകത്തിന്റെ ആയിരത്തിലധികം കോപ്പികളാണ് ഡിസി ബുക്ക്സ് അഷ്റഫിന് ഡിസൈൻ ചെയ്ത നൽകിയത്. മുൻപ് തന്നെ ഗ്രീറ്റിങ് ബുക്ക് എന്ന ഒരു ആശയം ഡിസി അവതരിപ്പിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു പുസ്തകം കല്യാണ ക്ഷണക്കത്താകുന്നത്. ഏപ്രിൽ 7നു നടക്കാനിരിക്കുന്ന വിവാഹത്തിനായി അഷ്‌റഫ് ഈ സ്നേഹസമ്മാനം സുഹൃത്തുക്കൾക്ക് വിതരണം ചെയ്ത് തുടങ്ങി.