ഒടുവില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്ന് ബിസിസിഐ സമ്മതിച്ചു. ബിസിസിഐയുടെ ചില നിലപാടുകള്‍ മൂലം ഇംഗ്ലണ്ടില്‍ നടക്കുന്ന മിനി ലോകകപ്പെന്നറിയപ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ന്യൂഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന പ്രത്യേക ബിസിസിഐ പ്രത്യേക ജനല്‍ ബോഡി യോഗത്തിലാണ്(എസ്ജിഎം) തീരുമാനം.
30 സംസ്ഥാന അസോസിയേഷനുകള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു ഇന്നത്തെ യോഗം. വരുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ അയയ്ക്കാന്‍ ബിസിസിഐ എസ്ജിഎം ഐക്യകണ്‌ഠേന തീരുമാനിച്ചിരിക്കുന്നു. മെയ് എട്ടിന് ന്യൂഡല്‍ഹിയില്‍ ചേരുന്ന സീനിയര്‍ സെലക്ഷന്‍ ടീം മീറ്റിംഗില്‍ ടീമിനെ പ്രഖ്യാപിക്കുമെമെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഇന്നത്തെ യോഗത്തിന് മുന്നോടിയായി മേഖല ഭരണ സമിതികളുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഉത്തര, പൂര്‍വ മേഖലകള്‍ ഇന്ത്യന് ടീം പിന്മാറുന്നതിനെതിരെ നിലപാടെടുത്തപ്പോള്‍ മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ദക്ഷിണമേഖല പന്മാറണമെന്നാണ് വാദിച്ചതും. പശ്ചിമമേഖലയിലെ ചില മുതിര്‍ന്ന അംഗങ്ങളും പിന്മാറ്റത്തിന് അനുകൂലമായി നിന്നു.
ഐസിസിയുമായുള്ള വരുമാനത്തര്‍ക്കത്തെ തുടര്‍ന്നാണ് ബിസിസിഐ ചാമ്പ്യന്‍സ് ട്രോഫി ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതിന്റെ സൂചനയായി ഏപ്രില്‍ 26ന് മുമ്പ് പ്രഖ്യാപിക്കേണ്ട ടീം ലൈനപ്പ് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. ഐസിസിയുടെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലം ബിസിസിഐയ്ക്ക് ആയിരം കോടിയോളം രൂപ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്.
ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യ ഒഴികെ മറ്റെല്ലാവരും ടീമിനെ പ്രഖ്യാപിച്ചു.