താരരാജാക്കന്മാരുടെ സിനിമ അല്ലാതിരുന്നിട്ടും ബീഗം ജാന്‍ റിലീസ് ചെയ്യുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകന്‍. നായിക കേന്ദ്രകഥാപാത്രമാകുന്ന സിനിമകള്‍ അധികം സംഭവിക്കാറേയില്ലാത്ത ബോളിവുഡില്‍ ബീഗം ജാന്‍ ഇത്രവലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കില്‍ ഇന്നലെ ഇറങ്ങിയ ട്രെയിലറും വിദ്യ ബാലന്‍ എന്ന നടിയുമാണ്. കരുത്തുറ്റൊരു പ്രമേയവും അഭിനേതാക്കളുടെ പ്രകടനവും പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തില്ല എന്നതിന്റെ സൂചനയാണ് ട്രെയിലറിനു കിട്ടിയ സ്വീകാര്യത.
ദേശീയ അവാര്‍ഡ് ജേതാവ് ശ്രീജിത്ത് മുഖര്‍ജി ബംഗാളിയില്‍ ഒരുക്കിയ രാജ്കഹിനിയുടെ ഹിന്ദി പതിപ്പാണ് ബീഗം ജാന്‍. രാജ് കഹിനിയില്‍ ഋതുപര്‍ണ സെന്‍ ഗുപ്ത ചെയ്ത വേഷമാണ് വിദ്യ ബാലന്‍ അവതരിപ്പിക്കുന്ന ബീഗം ജാന്‍. വിഭജനകാലത്ത് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു വേശ്യാലയത്തിന്റെയും അതിന്റെ നടത്തിപ്പുകാരിയായ ബീഗം ജാനിന്റെയും കഥയാണ് ശ്രീജിത്ത് ഒരുക്കുന്ന ഈ ത്രില്ലര്‍ സിനിമ. വിദ്യയ്ക്കു പുറമെ ഇള അരുണ്‍, നസറുദ്ദീന്‍ ഷാ, രജത് കപൂര്‍, ആശിഷ് വിദ്യാര്‍ത്ഥി, ചാങ്കി പാണ്ഡേ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഏപ്രില്‍ 14 നു ചിത്രം റിലീസ് ചെയ്യും. പ്ലേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ഭട്ട്, വിഷേഷ് ഭട്ട് എന്നിവര്‍ ചേര്‍ന്നാണു സിനിമ നിര്‍മിച്ചിരിക്കുന്നത്.