അഴിമുഖം പ്രതിനിധി
ആലപ്പുഴയിലെ താറാവുകളില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അതേസമയം ജില്ലയിലെ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍ മാധവന്‍ അറിയിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥീരീകരിച്ചയിടങ്ങളിലെ താറാവുകളെ കൊല്ലുമെന്നും താറാവുകളെ നിരീക്ഷിക്കാന്‍ ദ്രുതകര്‍മ്മ ടീമിനെ നിയോഗിച്ചുവെന്നും കളക്ടര്‍ വ്യക്തമാക്കി.
കുട്ടനാട്, തകഴി മേഖലകളിലെ മൂന്നു പഞ്ചായത്തുകളിലായി അഞ്ചിടങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും.
രോഗം പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് മൃഗസംരക്ഷമ വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. ഭോപ്പാലിലെ ലാബില്‍ നടന്ന പരിശോധനയിലാണ് ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രദേശം പ്രത്യേക നിരീക്ഷണത്തിലാണ്.