സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിട്ട് 45 ദിവസങ്ങളായി. പാര്‍ട്ടി തലപ്പത്ത് പോലും അഭിപ്രായ ഭിന്നതയുണ്ടായിട്ടും വിജയം കണ്ടില്ലെങ്കില്‍ നാണക്കേടാണെന്ന അഭിപ്രായത്തില്‍ മുന്നോട്ട് പോയ സമരമാണ് ഇത്. ശബരിമലയില്‍ യുവതീ പ്രവേശനം തടയുക, അതായത് ആചാരലംഘനം നടക്കാതിരിക്കുക, അവിടെ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയവയായിരുന്നു ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന്റെ പ്രഖ്യാപിത അജണ്ട.
ഈ രണ്ട് പ്രഖ്യാപിത അജണ്ടകളും പൊളിഞ്ഞ ഒരു അവസ്ഥയാണ് നിലവിലുള്ളത്. ശബരിമലയില്‍ ജനുവരി രണ്ടിന് ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടത്തിയതോടെ ബിജെപി പറയുന്ന ആചാര ലംഘനം അവിടെ സംഭവിച്ചു. അതിന് പ്രതികാരമെന്ന വിധത്തില്‍ ജനുവരി രണ്ടിനും മൂന്നിനും സംഘപരിവാര്‍ കേരളത്തിലങ്ങോളമിങ്ങോളം അക്രമം അഴിച്ചു വിടുകയും ചെയ്തു. ജനുവരി 22ന് സമരം അവസാനിപ്പിക്കുമെന്നാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 21ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹവുമായി കൂടിയാലോചിച്ച് ഭാവി സമരപരിപാടികള്‍ ആസൂത്രണം ചെയ്ത ശേഷം സമരം അവസാനിപ്പിക്കുമെന്നാണ് ആ പ്രഖ്യാപനം. അതേസമയം ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കണമോയെന്ന് സുപ്രിംകോടതി തീരുമാനിക്കാനിരുന്നത് 22നാണ്. സമരം അവസാനിപ്പിക്കാന്‍ ബിജെപി ഈ തിയതി തന്നെ തെരഞ്ഞെടുത്തത് മറ്റൊന്നും കൊണ്ടല്ല.
അതേസമയം ഹര്‍ജി 22ന് പരിഗണിക്കുന്നില്ലെന്നാണ് ഇപ്പോള്‍ സുപ്രിംകോടതിയുടെ തീരുമാനം. ഭരണഘടന ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ബഞ്ചില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ത്ത ഏക അംഗം ഇന്ദു മല്‍ഹോത്രയായിരുന്നു. റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കണമോയെന്ന് മാത്രമാണ് 22ന് തീരുമാനിക്കാനിരുന്നത്. ഇന്ദു മല്‍ഹോത്ര ഇല്ലാതെ ഈ ബഞ്ച് അത് കേള്‍ക്കാന്‍ തയ്യാറല്ലെന്നാണ് അറിയച്ചത്.
ബിജെപിയുടെ സമരത്തിന്റെ മറ്റൊരു ആവശ്യം ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ നീക്കം ചെയ്യണമെന്നായിരുന്നു. ഇന്ന് മുതല്‍ അതിന്റെ കാര്യത്തിലും ഒരു തീരുമാനമായിട്ടുണ്ട്. ഇനിമുതല്‍ ശബരിമലയില്‍ നിരോധനാജ്ഞയില്ല. അതേസമയം പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയില്‍ ജാമ്യം അനുവദിച്ച കെ സുരേന്ദ്രന് ശബരിമല ദര്‍ശനം നടത്താന്‍ ഇപ്പോഴും അനുവാദം കൊടുത്തിട്ടില്ല. സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് പരിഗണിച്ച ഹൈക്കോടതി അത് തള്ളുകയായിരുന്നു.
ബിജെപി സമരത്തെ സംബന്ധിച്ച് സുപ്രധാനമായ രണ്ട് തീരുമാനങ്ങളാണ് ഇന്നുണ്ടായിരിക്കുന്നത്. ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന സുപ്രിംകോടതിയുടെ തീരുമാനം ബിജെപിക്ക് തിരിച്ചടിയാണെങ്കില്‍ 45 ദിവസത്തെ സമരത്തിന് ഒരു നേട്ടമുണ്ടായതും ഇന്നു തന്നെയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചിരിക്കുന്നു. അല്ലങ്കില്‍ മകര വിളക്ക് കഴിഞ്ഞാല്‍ പിന്നെ ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഇതൊന്നും ബിജെപി നേതാക്കളോട് ചോദിക്കരുത് കെട്ടോ. കാരണം ഈ രണ്ട് തീരുമാനങ്ങളും ഇതുവരെയും ബിജെപി നേതാക്കള്‍ അറിഞ്ഞിട്ടില്ല. ഇതിനെക്കുറിച്ചുള്ള പ്രതികരണം അറിയാന്‍ വിളിച്ച ഈയുള്ളവനോട് ബിജെപി നേതാവ് എംടി രമേശ് ചോദിച്ചത് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയെന്ന് കരുതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കാന്‍ സുപ്രിംകോടതിക്ക് എന്ത് അധികാരമെന്നാണ്. സുപ്രിംകോടതിയില്‍ പോയും കേസ് നടത്തുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രന്‍ ഒടുവില്‍ ഹൈക്കോടതിയില്‍ പിഴയടച്ച് കേസില്‍ നിന്നും ഊരിയത് ഞങ്ങളാരും മറന്നിട്ടില്ലെന്നാണ് ഇതേക്കുറിച്ച് പറയാനുള്ളത്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നായിരുന്നു രമേശിന്റെ മറുപടി. തങ്ങളുടെ സമരവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങള്‍ പോലും അറിയാതെയാണ് ബിജെപി അണികള്‍ ആ സമരപ്പന്തലില്‍ ഇരിക്കുന്നതെന്ന് വ്യക്തം. അണികള്‍ അറിഞ്ഞിട്ടുണ്ടെങ്കിലും നേതാക്കള്‍ അറിഞ്ഞിട്ടില്ലെന്നും പറയാം. സമരം എന്തിന് ഇനിയും തുടരണമെന്ന് ചോദിക്കാനുള്ള ആര്‍ജ്ജവമെങ്കിലും ഇപ്പോള്‍ അവിടെ പട്ടിണി കിടക്കുന്ന വി ടി രമയെ പോലുള്ളവര്‍ കാണിക്കണം. കാരണം മുന്‍നിര നേതൃത്വം സമരത്തോട് മുഖംതിരിഞ്ഞ് നില്‍ക്കുമ്പോള്‍ നിരാഹാരമനുഷ്ഠിക്കുന്നത് നിങ്ങളാണ്.