UPDATES

ബ്ലോഗ്

സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ഐ.എ.എസുകാരിയുടെ ബുദ്ധി അളക്കാന്‍ താങ്കള്‍ പോരാ: എംഎല്‍എ രാജേന്ദ്രനോടാണ്‌

സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് എന്റ്രന്‍സെഴുതി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐ.എ.എസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ

                       

കുറെക്കാലമായി തിരക്കുകളില്‍പ്പെട്ട് കാണാതെ പോവുന്ന ചില മുഖങ്ങള്‍ വീണ്ടും കാണുമ്പൊ ഒരു സന്തോഷമാണ്. പ്രത്യേകിച്ച് അവര്‍ നമുക്ക് എത്താന്‍ കഴിയാത്ത ഉയരങ്ങളിലെത്തിനില്‍ക്കുന്നത് കാണുമ്പൊ. അങ്ങനെ സന്തോഷം തോന്നിയ ഒരു മുഖമാണ് രേണുവിന്റേത്.

അങ്ങനെ പറഞ്ഞാല്‍ ചിലപ്പൊ നിങ്ങളറിഞ്ഞെന്ന് വരില്ല. ഡോ.രേണു രാജ് ഐ.എ.എസ് എന്ന് പറഞ്ഞാല്‍ ചിലപ്പൊ അറിഞ്ഞെന്ന് വരും. ഒരു അഞ്ച് വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയും പ്രിന്റ് മീഡീയയും ഒരേപോലെ ആഘോഷിച്ച സിവില്‍ സര്‍വീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരി. ഇന്ന് പക്ഷേ വാര്‍ത്തയില്‍ ആ മുഖം കണ്ടത് അതുപോലെയൊരു നല്ല കാരണത്തിന്റെ പേരിലല്ല.

വാര്‍ത്തയുടെ ചുരുക്കം ഇതാണ്. മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണം പരിസ്ഥിതിപ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കി. അതെത്തുടര്‍ന്ന് എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഇങ്ങനെ പറഞ്ഞു

‘അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്ക്ന്ന്.. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ ‘

ഈ സബ് കളക്ടര്‍ക്ക് മാത്രമാണ് പ്രശ്‌നമെന്ന് ഇടുക്കിയുടെ ചരിത്രവും ഭൂമിശാസ്ത്രവും നോക്കിയിട്ടുള്ളവര്‍ക്ക് ഏതാണ്ടൊരു ബോധമുണ്ടാവും. ഇതിനു മുന്‍പത്തെ സബ് കളക്ടറുടെയും അതിനു മുന്‍പ് എലിയെ പിടിക്കാന്‍ വിട്ട പൂച്ചകളെന്ന് വിളിക്കപ്പെട്ടവരുടെയുമൊക്കെ കഥ വായിച്ചറിഞ്ഞതാവുമല്ലോ.

ഈ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എങ്കിലും കുറച്ച് കാര്യങ്ങള്‍ പറയാം.

ഡോ. രേണുവിനെ ആദ്യമായി കാണുന്നത് 2006ലാണ്. സെപ്റ്റംബറില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആരംഭിച്ച പുതിയ എം.ബി.ബി.എസ് ബാച്ചിലെ ഒരു വരുംകാല യുവഡോക്ടര്‍മാരിലൊരാളായിട്ട്. പിന്നീട് എട്ടാം നമ്പര്‍ ഡിസക്ഷന്‍ ടേബിളില്‍ അയല്‍വക്കമായിട്ടും വാര്‍ഡില്‍ യൂണിറ്റിലൊരാളായിട്ടും അഞ്ചര വര്‍ഷം. അന്നും ഐ.എ.എസിനെക്കുറിച്ച് ചിന്തയും ആഗ്രഹവുമുണ്ടായിരുന്നു. അത് ഒടുവില്‍ നേടിയെടുക്കുകയും ചെയ്തു

അതായത് പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് എന്റ്രന്‍സെഴുതി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐ.എ.എസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ.

ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമെന്നല്ല അര്‍ഥമെന്നും ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധി മാത്രമാണെന്നും ആരുടെമേലും – അത് ഇലക്ട്രിസിറ്റി ഓഫീസിലെ ലൈന്‍ മാനായാലും ടോള്‍ പ്ലാസയിലെ തൊഴിലാളിയായാലും സര്‍ക്കാരാശുപത്രിയിലെ ജീവനക്കാരിയായാലും ആരുടെമേലും കുതിരകയറാനുള്ള ലൈസന്‍സല്ലെന്നും ജനപ്രതിനിധികളും മനസിലാക്കണം.

അത്രമാത്രം

സബ് കളക്ടര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ നിയമം കൊണ്ട് നേരിടണം എം.എല്‍.എ ( അയ്യോ സോറി. അങ്ങനെ വിളിച്ചെന്നാല്ലോ അടുത്ത പരാതി ) അല്ലാതെ വായില്‍ തോന്നുന്നത് പറഞ്ഞ് ഗ്രാമത്തിന്റെ തലയില്‍ വയ്‌ക്കേണ്ട

ഡോ.രേണുവിനു സര്‍വ പിന്തുണയും

ഡോ. നെല്‍സണ്‍ ജോസഫ്‌

ഡോ. നെല്‍സണ്‍ ജോസഫ്‌

ഡോക്ടര്‍, ഇന്‍ഫോ ക്ലിനിക്കിന്റെ സ്ഥാപകരില്‍ ഒരാള്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍