UPDATES

ബ്ലോഗ്

ഇവിടെ ബാലവിവാഹങ്ങൾ ഇല്ല എന്ന് വാദിക്കുന്നവരെ അടുത്ത വലിയപെരുന്നാളിന് മലപ്പുറം കോട്ടക്കുന്നിലേക്ക് വരാൻ വെല്ലുവിളിക്കുന്നു

ബുദ്ധിശക്തികൊണ്ടും ഉർജ്ജസ്വലതകൊണ്ടും ആരെയും വെല്ലുന്ന മനുഷ്യവിഭവമാണ് ഒരു സാമൂഹികാവസ്ഥയിൽ മുരടിച്ചുപോവുന്നത്.

റസീന കെ കെ

റസീന കെ കെ

                       

പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് തികയുന്ന ദിവസംവരെ ക്രിമിനൽ കുറ്റവും തൊട്ട് പിറ്റേ ദിവസം മുതൽ രണ്ട് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കയ്യേറ്റവും ആവുന്ന പ്രഹേളികയാണ് ബാലവിവാഹനിയമം. ചെയ്ത കുറ്റം നിലനിൽക്കുമെങ്കിലും നടന്ന വിവാഹത്തോട് പൊരുത്തപ്പെട്ടു ജീവിക്കാൻ ആരംഭിച്ചവർക്കിടയിൽ സാങ്കേതികമായി ആ കുറ്റത്തിന്റെ പ്രസക്തി നഷ്ടമാവും. പിന്നീട് ബാലവിവാഹത്തിന്റെ പേരിൽ എടുക്കുന്ന ഏത് നടപടിയും അവരുടെ ജീവിത്തിലേക്കുള്ള കടന്നുകയറ്റം ആയേക്കാം.

വരനും, വധുവിന്റെ പിതാവും, രണ്ട് സാക്ഷികളെ മുൻനിർത്തി ഉച്ചരിക്കുന്ന ഒരു ഉടമ്പടി വാചകമാണ് മുസ്ലിം നികാഹ്. ശരീഅത്ത് നിയമപ്രകാരം വധുവിന്റെ പ്രായം ഒരു ഘടകം അല്ല. വധുവിന്റെ സമ്മതം ഒരു ഘടകം ആണെന്നും, സ്ത്രീയുടെ സമ്മതം കൂടാതെ നടക്കുന്ന നിക്കാഹ് ശരിയാവുക ഇല്ല എന്നും ഒരു കരക്കമ്പി കേൾക്കാറുണ്ട്, ഇടയ്ക്ക്! മുസ്ലിം വ്യക്തിഗത നിയമപ്രകാരം നടക്കുന്ന ഈ ചടങ്ങിനെ ഇന്ത്യൻ നിയമവ്യവസ്ഥിതി കൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുക എന്നത് ഓട്ടബക്കറ്റിലെ വെള്ളം കോരലാണ്.

രജിസ്റ്റർ ചെയ്ത കേസുകൾകളുടെ എണ്ണമാണ് നടന്ന ബാലവിവാഹത്തിന്റെ എണ്ണമായി കണക്കാക്കുക. നടക്കുന്ന കുറ്റകൃത്യത്തിന്റെ തൊണ്ണൂറ് ശതമാനവും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ സർക്കാർ രേഖകളിൽ ഇതിന്റെ യഥാർത്ഥ ചിത്രം ഒരിക്കലും ലഭിക്കുകയില്ല. ബാലവിവാഹം നടക്കാൻ പോകുന്നു എന്ന് പരാതിപ്പെടാൻ ചൈൽഡ്‌ലൈൻ , ബാലാവകാശ കമ്മീഷൻ, സ്ഥലത്തെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ… ഇങ്ങനെയൊക്കെ ധാരാളം സംവിധാനങ്ങളും ഫോൺ നമ്പറുകളും ഉണ്ട്. പരാതിയിന്മേൽ ഉടനടി അന്വേഷണവും നടക്കും. കുറ്റകൃത്യം നടക്കുന്ന വീട്ടിലോ പരിസരത്തോ അന്വേഷിച്ചാൽ നടക്കാൻ പോകുന്ന വിവാഹത്തെ കുറിച്ച് യാതൊരു തെളിവും കിട്ടില്ല. പെൺകുട്ടിക്ക് പരാതിയുള്ള അവസ്ഥയിൽ അവളത് പുറത്തുപറയാൻ തയ്യാറാണെങ്കിൽ മാത്രം, ബാലവിവാഹം തടഞ്ഞു എന്നൊക്കെ പത്രത്തിൽ വാർത്തവരുമെങ്കിലും അതിനു പിറ്റേദിവസം അതീവ രഹസ്യമായി നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ വിവാഹം നടന്ന അനുഭവവും ഉണ്ട്. ഇനി, ബാലവിവാഹം നടന്നു കഴിഞ്ഞതിനുശേഷമാണ് അധികാരികളുടെ ശ്രദ്ധയിൽ പെടുന്നത് എങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണവും മറ്റും വരുമ്പോഴേക്കും പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് പൂർത്തിയാവുകയും, പരാതിക്കാരിയായ പെൺകുട്ടി വിവാഹ ജീവിതവുമായി പൊരുത്തപ്പെടുകയും ചെയ്തിട്ടുണ്ടാകും. തുടക്കത്തിൽ വിവാഹത്തെ എതിർക്കുകയും പരാതി പറയുകയും ചെയ്ത കുട്ടി പോലും ആ വിവാഹ ബന്ധവുമായി ഒത്തുപോകാൻ മാനസികമായി തയ്യാറായി കഴിഞ്ഞിട്ടുണ്ടാകും. മാത്രവുമല്ല കേസ് നിലനിൽക്കണമെങ്കിൽ, പ്രതികൾ ശിക്ഷിക്കപ്പെടണം എങ്കിൽ ആവശ്യമായ തെളിവുകൾ, സാക്ഷി മൊഴികൾ, രേഖകൾ, ഒക്കെ കോടതിമുമ്പാകെ ഹാജരാക്കേണ്ടതുണ്ട്. വാക്കുകൾ കൊണ്ട് രണ്ടോ മൂന്നോ ആളുകളെ സാക്ഷികൾ ആക്കി നടന്ന ഒരു ചടങ്ങിൽ തെളിവുകൾ അസാധ്യമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഗ്രാമങ്ങളിൽ നടക്കുന്ന ബാലവിവാഹങ്ങൾ അങ്കണവാടി അധ്യാപികമാർ വഴിയാണ് റിപ്പോർട്ട്‌ ചെയ്യപ്പെടാറുള്ളത്. നാട്ടിലെ പ്രമാണിമാരായ ആളുകൾ കയ്യാളുന്ന പള്ളിക്കമ്മറ്റികൾ ഇടപെട്ട് നടത്തുന്ന ഒരു കുറ്റകൃത്യത്തിനെതിരെ പരാതി ഉന്നയിക്കുക അവരെ സംബന്ധിച്ച് എത്ര വലിയ സാഹസം ആവും എന്നൂഹിക്കാമല്ലോ. ഈ സാഹസത്തിന് മുതിരുന്ന അങ്കണവാടി അധ്യാപകർ ഇല്ല എന്നല്ല.

ഈ ഗുരുതരമായ സാമൂഹിക അവസ്ഥയെ ക്രിമിനൽ കുറ്റമായി പരിഗണിച്ചുകൊണ്ടുള്ള നിയമനിർമാണം കൊണ്ട് മാത്രം തടയാനാവില്ല. ബാലവിവാഹ നിരോധനിയമം, 2006-ന്റെ മൂന്ന് നിബന്ധനകളിൽ (provisions) ഒന്നാമത്തേത് പ്രതിരോധം (prevention) ആണ്. ബാലവിവാഹനിരോധനത്തെ കുറിച്ചുള്ള അറിയിപ്പുകൾ പരസ്യങ്ങൾ, ബോർഡുകൾ, ബാലവിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ, സർക്കാർ തല ബോധവത്കരണ പരിപാടികൾ ഒക്കെ എന്തുമാത്രം നടക്കുന്നുണ്ട്? ഉദ്യോഗസ്ഥ തലത്തിൽ ഉള്ള അനാസ്ഥയാണ് ഈ കുറ്റകൃത്യത്തിന് ആക്കം കൂട്ടുന്നത്.

പ്രായപൂർത്തി ആവും മുമ്പുള്ള ലഹരി ഉപയോഗം, ചികിത്സ ആവശ്യമുള്ള അനാരോഗ്യ പ്രവണത ആണെന്നിരിക്കെ പോലും ലഹരി ഉപഗോഗിച്ചു തുടങ്ങിയ ആൺകുട്ടിയെ ബിവറേജസിലേക്ക് ജോലിക്ക് അയക്കാമെന്ന് ആരും നിർദേശിച്ചു കാണാറില്ല. പക്ഷെ പ്രണയമെന്ന ജൈവികപ്രക്രിയയുടെ പരിഹാരമായി നല്ലൊരു ശതമാനം കൗമാരപ്രായക്കാരികളും വിവാഹ കമ്പോളത്തിലേക്ക് തള്ളിയിടപ്പെടുന്നു. ഇതിന് അധ്യാപകരുടെ പോലും പിന്തുണ കിട്ടാറുണ്ട്.

നിലവിലുള്ള വിവാഹമാർക്കറ്റിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സാമൂഹികവും സാമ്പത്തികവുമായ പല കാരണങ്ങളാൽ പിന്നാക്കാവസ്ഥയിൽ കഴിയുന്നവരാണ് എപ്പോഴും ഇത്തരം വിവാഹങ്ങൾക്ക് മുതിരുന്നത്. യാതൊരു ബോധവത്ക്കരണവും സിദ്ധിച്ചിട്ടില്ലാത്ത ഇവർ മാത്രമേ ഈ സാമൂഹ്യ ദ്രോഹത്തിന്റെ പേരിൽ ചർച്ചയാവാറുള്ളൂ. നിരുപാധികം പതിനെട്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ നികാഹുകൾ തുടരെ തുടരെ നടത്തുന്ന പള്ളികളെ നിയമത്തിനു തൊടാൻ കഴിയുമോ? ബാലവിവാഹങ്ങൾ നടന്നു എന്നറിഞ്ഞിട്ടും തടയാനുള്ള നടപടികൾ സ്വീകരിക്കാത്ത സ്കൂൾ അധികൃതർ ശിക്ഷിക്കപ്പെടാറുണ്ടോ?

ബാലവിവാഹത്തെ കുറിച്ചുള്ള പല ചർച്ചകളിലും മലപ്പുറത്തെ മുസ്ലിം സുന്നി വിഭാഗത്തിൽ മാത്രം നടക്കുന്ന ഒരു ക്രൈം ആയാണ് ഇതിനെ പരമശിക്കാറുള്ളത്. പൂർണ്ണമായും ശരിയല്ല ആ വാദം. പ്രാദേശികമായി നിശ്ചയിക്കപ്പെടുന്ന വിവാഹപ്രായത്തിന് ഒപ്പം പോവുന്നവർ ആണ് ശരാശരി ആളുകളും. പലപ്പോഴും മക്കളുടെ വിവാഹം എന്ന ചിന്ത കുടുംബത്തിനകത്ത് കടന്നുവരുന്നത് ഈ പ്രാദേശികമായ വിവാഹപ്രായത്തോട് ബന്ധപ്പെടുത്തി ആയിരിക്കും. സുന്നി സമുദായക്കാർ മുസ്ലിം പരമ്പരാഗത ശീലങ്ങൾ പിൻപറ്റി പോരുന്നതിനാൽ അവർക്കിടയിൽ ഇപ്പോഴും പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കൽ വിവാഹപ്രായം ആയി എന്നതിന്റെ ലക്ഷണം ആണ്. പക്ഷെ, പ്രായം കൂടിയാൽ പെൺകുട്ടികൾക്ക് ഭംഗി നഷ്ടമാവും, പ്രായം കൂടും തോറും പ്രസവിക്കാൻ ബുദ്ധിമുട്ടാവും, പ്രസവിക്കാതെ ആവും, എന്നിങ്ങനെ ഒക്കെ ഉള്ള കണ്ടുപിടുത്തങ്ങൾ ശരിവെക്കുന്നത് മുസ്ലിം സുന്നികൾ മാത്രമല്ല, ആ വഹ ചിന്തകൾ ഒക്കെ ഇവിടെ പരക്കെ അംഗീകരിക്കപ്പെട്ടതാണ്. പലകാരണങ്ങളാൽ പെൺകുട്ടികളുടെ വിവാഹം പറ്റുന്നത്ര നേരത്തെ നടത്തണം എന്ന് ആഗ്രഹിക്കുന്നവർ തന്നെയാണ് മിക്കവരും. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മതങ്ങൾക്കകത്ത്‌ എന്ത് പ്രാധാന്യം ആണുള്ളത് എന്ന ഒറ്റ ചോദ്യത്തിൽ മുനയൊടിഞ്ഞു പോവും ജമാ /മുജാ /സുന്നി തർക്കങ്ങൾ. അതുകൊണ്ട് ഈ പ്രവണതയുടെ മുഖ്യ പ്രായോജകർ ആര് എന്ന തർക്കത്തിന് പ്രസക്തിയില്ല. തെക്കൻ കേരളത്തിലെ മുസ്ലിം സുന്നി വിഭാഗങ്ങളിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഇത്ര അപകടകരമായ അവസ്ഥയിൽ അല്ല എന്നതും ശ്രദ്ധിക്കുക .

ഇവിടെ ബാലവിവാഹങ്ങൾ നടക്കുന്നില്ല എന്ന് വാദിക്കുന്നവരെ, അടുത്ത വലിയപെരുന്നാളിന് വൈകീട്ട് മലപ്പുറം കോട്ടക്കുന്നിലേക്ക് വരാൻ വെല്ലുവിളിക്കുന്നു. അവിടുത്തെ ജനബാഹുല്യത്തിൽ കാണാം കുട്ടിത്തം വിട്ടുമാറാത്ത പെൺകുട്ടികളും മീശക്ക് കനം വെച്ചിട്ടില്ലാത്ത ആൺകുട്ടികളും പുതുമോടിയുടെ അലങ്കാരങ്ങളോടെ കൈകോർത്തും തോളിൽചാഞ്ഞും നടക്കുന്നത്. ആ നവദമ്പതികൾ തരും നിങ്ങളുടെ സന്ദേഹങ്ങളുടെ ഉത്തരം. അത്രേം നാൾ കാത്തിരിക്കാൻ വയ്യ, ഇപ്പോൾ തന്നെ ഉത്തരം വേണം എന്നാണെങ്കിൽ വിദ്യാലയങ്ങളിൽ നടക്കുന്ന പൂർവവിദ്യാർഥിസംഗമങ്ങളിൽ, രക്ഷാകർതൃ യോഗങ്ങളിൽ ഒക്കെ ഒന്ന് പോയിനോക്കൂ. ഇരുപത്തൊമ്പത് , മുപ്പത് ഒക്കെ പ്രായമുള്ള യുവതികൾ പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള കുഞ്ഞുങ്ങളുമായി യോഗത്തിന് വന്നത് കണ്ടിട്ട് മടങ്ങാം.

ബുദ്ധിശക്തികൊണ്ടും ഉർജ്ജസ്വലതകൊണ്ടും ആരെയും വെല്ലുന്ന മനുഷ്യവിഭവമാണ് ഒരു സാമൂഹികാവസ്ഥയിൽ മുരടിച്ചുപോവുന്നത്. വിവാഹം നടത്തിക്കൊടുക്കുവാൻ പ്രീമാരിറ്റൽ കോഴ്സിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് നിയമം കർക്കശമായി നടപ്പിലാക്കിയ ക്രിസ്ത്യൻ ഇടവകകളുടെ മാതൃകയിൽ, വിവാഹം, ലൈഗികത, ഗർഭധാരണം, പ്രസവം, ശിശുപരിപാലനം എന്നിവയെ കുറിച്ചൊക്കെ ശാസ്ത്രീയമായ അറിവു നൽകുന്ന പ്രീമാരിറ്റൽ ക്ലാസുകൾ വിവാഹിതരാവാൻ ആഗ്രഹിക്കുന്ന പ്രായപൂർത്തി ആയ ആളുകൾക്ക് നിർബന്ധമാക്കുക, ബോധവത്കരണം ശക്തമാക്കുക, വിദ്യാലയങ്ങളിൽ പ്രത്യേക ജാഗ്രത കമ്മറ്റികൾ രൂപീകരിക്കുക എന്നതൊക്കെ സർക്കാർ തലത്തിൽ ആലോചിക്കാവുന്ന പ്രതിവിധികൾ ആണ്.

നേരിട്ട് അറിവുള്ള ബാല വിവാഹത്തിനെതിരെ വ്യക്തിപരമായി നൽകിയ പരാതിയിന്മേൽ നടക്കുന്ന കേസ്, തുടരന്വേഷണങ്ങൾ, നീക്കുപോക്കുകൾ, മലക്കം മറിച്ചിലുകൾ ഒക്കെ ജാഗ്രതയോടെ പിന്തുടരുന്നു. അതേസമയം തന്നെ വീണ്ടും വീണ്ടും പതിനാറിലും പതിനേഴിലും മൊഴിചൊല്ലപ്പെട്ട ഭാര്യമാരുടെ കഥകൾ സ്വാസ്ഥ്യം കെടുത്തുന്നു. അതിനിടയിൽനിന്നും “നീയാരാണെന്ന് നിനക്കറിയില്ലങ്കിൽ നീയെന്നോട് ചോദിക്ക് അപ്പൊ ഞാനാരാണെന്ന്…” എന്ന മട്ടിൽ ഇതൊക്കെ ഒന്ന് പറഞ്ഞ് വെക്കുന്നു എന്നേയുള്ളൂ.

(റസീന ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റസീന കെ കെ

റസീന കെ കെ

മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യ അധ്യാപിക

More Posts

Share on

മറ്റുവാര്‍ത്തകള്‍