UPDATES

ബ്ലോഗ്

ഓമനക്കുട്ടനെ ‘പ്രമാണി’യാക്കിയ സുധാകരന്‍ മന്ത്രി ഒന്നോര്‍ക്കണം, ഈ ക്യാമ്പിലുള്ള, ആ നാട്ടിലുള്ള സഖാക്കള്‍ സ്വകാര്യമായി പങ്കുവച്ച ദുഃഖം ഇന്നലത്തെ അങ്ങയുടെ പ്രകടനമായിരുന്നു

ഓമനക്കുട്ടന്‍ വിഷയം നമുക്ക് ഇവിടെ അവസാനിപ്പിക്കാം. ഇനി ചോദ്യം ഒന്നേയുള്ളൂ; അടുത്തൊരു മഴക്കാലത്ത് അംബേദ്കര്‍ കോളനിക്കാര്‍ക്ക് വീണ്ടും ദുരിതാശ്വാസ ക്യാമ്പില്‍ എത്തേണ്ടി വരുമോ?

                       

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എന്‍ എസ് ഓമനക്കുട്ടന്‍ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളില്‍ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തിയെന്ന തെറ്റായ വാര്‍ത്ത നല്‍കിയതില്‍, നിലപാടുകളുള്ള മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പരസ്യമായി തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ്യങ്ങള്‍ വിശദമായി തന്നെ അന്വേഷിച്ച് ഓമനക്കുട്ടന്‍ വിഷയത്തിലെ നിജസ്ഥിതി ജനങ്ങളോട് ബോധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പിന്റെ നടത്തിപ്പിന് അന്തേവാസികളില്‍ നിന്നും ഒരു രൂപ പോലും പിരിക്കേണ്ട സാഹചര്യമില്ല എന്നറിയാവുന്നതുകൊണ്ടാണ് ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായത്. നിയമപരമായി അത് തെറ്റ് തന്നെയാണ്. എങ്കിലും മാനുഷികത പരിഗണിക്കുമ്പോള്‍ ഓമനക്കൂട്ടന്‍ വലിയൊരു ശരിയുമാണ്. ആ ശരി തിരിച്ചറിഞ്ഞതുകൊണ്ടാണ്, ഇന്നലെ ചെയ്ത അബദ്ധം ഇന്ന് തിരുത്തിയതും ക്ഷമ ചോദിച്ചതും. ചിലര്‍ അതിന് തയ്യാറായിട്ടില്ലായിരിക്കും. അതവരുടെ താത്പര്യം. മാധ്യമ വിചാരണ പതിവു പോലെ ഇക്കാര്യത്തിലും നടക്കുന്നുണ്ട്. അതും നടക്കട്ടെ.

ഇനി ചില ചോദ്യങ്ങള്‍ ജനപ്രതിനിധികളോടും രാഷ്ട്രീയക്കാരോടും വിശിഷ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനോടുമാണ്. മാധ്യമങ്ങള്‍ക്ക് ഇന്നലെ ചെയ്തതെന്തോ അതിലും രൂക്ഷമായി ഓമനക്കുട്ടന്‍ വിഷയത്തില്‍ ചെയ്‌തൊരാളാണ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ ജില്ലയുടെ ചുമതല കൂടിയുള്ള ജി സുധാകരന്‍. സുധാകരന്റെ വിശേഷണത്തില്‍ തെറ്റുകാരനും പ്രമാണി കളിച്ചവനായിരുന്നു ഓമനക്കുട്ടന്‍.

ചേര്‍ത്തല കുറുപ്പന്‍കുളങ്ങരയിലെ കണ്ണികാട് പ്രദേശത്തൂള്ള അംബേദ്കര്‍ കോളനിയിലെ താമസക്കാര്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരാണ്. എന്താണ് ഈ കോളനിയിലെ ജീവിത സാഹചര്യം?  കരുപ്പയില്‍ ചാല്‍ തോടി നിറഞ്ഞാല്‍, ദിവസത്തില്‍ രണ്ടു നേരം നന്നായൊന്നു മഴ പെയ്താല്‍ വെള്ളം കേറുന്ന പ്രദേശങ്ങളാണ് കണ്ണികാടും അംബേദ്കര്‍ കോളനിയും. കഴിഞ്ഞ 35 കൊല്ലത്തോളമായി മാറ്റമില്ലാതെ തുടരുന്ന അവസ്ഥ. പ്രളയം വരേണ്ടതില്ല, അംബേദ്കര്‍ കോളനിയിലെ ദളിത് കുടുംബങ്ങള്‍ക്ക് വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പില്‍ എത്താന്‍. ഇന്ത്യ മഹാരാജ്യം അതിന്റെ 73 ആമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോഴും അംബേദ്കര്‍ കോളനിക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആയിരുന്നു. കഴിഞ്ഞ 35 കൊല്ലത്തോളമായി, ഒരാണ്ടില്‍ രണ്ടു തവണയെങ്കിലും. കേരളത്തിലെ ഒരു ശരാശരി ദളിത് കോളനിയുടെ അവസ്ഥയിതാണ്.

ഓമനക്കുട്ടന്‍ വിഷയം ഇന്നലെ വലിയ വിവാദമായപ്പോള്‍ മന്ത്രി സുധാകാരന്‍ ഈ ക്യാമ്പില്‍ എത്തിയിരുന്നു. വളരെ ജെനുവിന്‍ ആയ മനുഷ്യനും സത്യസന്ധനായ രാഷ്ട്രീയക്കാരനും കഴിവുള്ള മന്ത്രിയുമാണ് സുധാകരന്‍. പക്ഷേ, ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി സുധാകരന്‍ നടത്തിയ ‘പ്രകടനം’ ഓമനക്കുട്ടനെതിരേ എഴുതിയ ഏതു വാര്‍ത്തയേക്കാളും നിലവാരം താഴ്ന്നതായിരുന്നുവെന്നു പറയേണ്ടി വരികയാണ്. വില്ലേജ് ഓഫിസറെ നിര്‍ത്തിപൊരിക്കുന്നതിനിടയില്‍ സുധാകരന്‍ ആ ഉദ്യോഗസ്ഥ പറഞ്ഞൊരു വസ്തുതയെ തിരുത്തുന്നുണ്ടായിരുന്നു. എന്തായിരുന്നു വില്ലേജ് ഓഫിസര്‍ പറഞ്ഞത്; ഇടയ്ക്കിടയ്ക്ക് ക്യാമ്പ് ഉണ്ടാകാറുണ്ടെന്ന്’. അതൊരു വാസ്തവമാണ് മന്ത്രി. അംബേദ്കര്‍ കോളനി എന്ന പട്ടികജാതിക്കാരുടെ ആ വാസസ്ഥലത്തില്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും വെള്ളം കയറുകയും അവര്‍ വീട് ഉപേക്ഷിച്ച് ക്യാമ്പില്‍ എത്തുകയും ചെയ്യും. എന്നാല്‍ സുധാകരന്‍ അത് സമ്മതിക്കുന്നില്ല; ഇടയ്ക്കിടയ്ക്ക് ക്യാമ്പ് ഉണ്ടെന്നു പറയരുതെന്നാണ് വില്ലേജ് ഓഫിസറെ തിരുത്തുന്നത്. സീസണില്‍ മാത്രമാണ് ക്യാമ്പ് ഉണ്ടാകാറുള്ളതെന്നാണ് മന്ത്രിയുടെ വാദം. പ്രളയ സീസണ്‍ ആണോ, മഴ സീസണ്‍ ആണോ ഉദ്ദേശിച്ചതെന്നറിയില്ല. അങ്ങനെയാണെങ്കില്‍ തന്നെ, അതു തന്നെയാണ് ഇന്നാട്ടിലെ ദളിത് ജനത എങ്ങനെയാണ് ജീവിക്കുന്നതെന്നതിന് ഉദ്ദാഹരണം. മഴ പെയ്താല്‍ വീട് ഉപേക്ഷിച്ച് മറ്റെങ്ങോട്ടെങ്കിലും ഓടിപ്പോകേണ്ടി വരുന്ന ഗതികേട്. ഒരു ദളിത് കോളനിക്ക് കാല്‍നൂറ്റാണ്ടിനു മുകളിലായി ഇത്തരത്തിലലൊരു ജീവിത സാഹചര്യത്തില്‍ കൂടിയാണ് കടന്നു പോകേണ്ടി വരുന്നുണ്ടെങ്കില്‍, അതിന് ആരാണ് ഉത്തരവാദിതകള്‍?

“ബിജെപിക്കാര്‍ ചെയ്ത ചാരപ്പണിയായിരുന്നു, ഒന്നും ഒളിക്കാന്‍ ഇല്ലാതിരുന്നതുകൊണ്ടാണ് ക്യാമറയിലെടുക്കുകയാണെന്ന് അറിഞ്ഞിട്ടും ഞാനവരോട് സംസാരിച്ചത്”

താന്‍ പറയുന്നത് അങ്ങോട്ട് കേട്ടാല്‍ മതിയെന്നു ശാഠ്യം പിടിക്കുന്നതിന് മുമ്പ്, ആ വില്ലേജ് ഓഫിസര്‍ പറഞ്ഞതുപോലെ’ ഇടയ്ക്കിടയ്ക്ക് ക്യാമ്പ് ഉണ്ടാകാറുണ്ടോ എന്ന് മന്ത്രിക്ക് അന്വേഷിച്ചറിയാമായിരുന്നു. ഇരകള്‍ തൊട്ട് അടുത്ത് തന്നെയുണ്ടായിരുന്നല്ലോ. നിങ്ങളുടെ കോളനിയില്‍ ഇത്തരമൊരു പ്രശ്‌നം ഉണ്ടോ എന്നു ചോദിച്ചറിയുന്നതല്ലേ ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം. ആലപ്പുഴ ജില്ല സെക്രട്ടറിയല്ല,സംസ്ഥാനത്തെ ഒരു മന്ത്രിയാണ് ജി സുധാകരന്‍. ജനങ്ങളെ കേള്‍ക്കാന്‍ ബാധ്യതപ്പെട്ടവന്‍. ആ ബാധ്യത കാണിച്ചോ?

ഓമനക്കുട്ടന്‍ പൈസ പിരിച്ചത് തെറ്റാണെന്നു തന്നെയല്ലേ സുധാകരനും ക്യാമ്പില്‍ നിന്നു പറഞ്ഞത്. എന്താണ് യാഥാര്‍ത്ഥ്യം എന്നു പറയാന്‍ ശ്രമിക്കുന്ന അന്തേവാസികളെ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ല. തല്ലിന്റെയും പിടിയുടെയും കാര്യമാണ് തിരിച്ചു പറയുന്നത്. അതായിരുന്നോ വേണ്ടത്? എന്താണ് സംഭവിച്ചത്, എന്തിനാണ് ഓമനക്കുട്ടന്‍ പൈസ പിരിച്ചത് എന്ന് ആ മനുഷ്യരോട് ചോദിച്ച് അറിയുകയായിരുന്നില്ലേ വേണ്ടത്. ഓമനക്കുട്ടനെ ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്നും കൂടി മന്ത്രി പറഞ്ഞു വയ്ക്കുന്നില്ലേ. മാധ്യമങ്ങള്‍ കാണിച്ച മര്യാദപോലും മന്ത്രി സുധാകരന്‍ കാണിച്ചോ? ഓമനക്കുട്ടന്‍ തെറ്റാണ് ചെയ്തതെന്ന് സ്ഥാപിക്കുന്ന തരത്തില്‍ സംസാരിക്കുകയല്ലേ ചെയ്തത്. ഓമനക്കുട്ടന്‍ ആവിശ്യമില്ലാത്തതിനു പോയി എന്നല്ലേ ‘ഭീകരപ്രവര്‍ത്തനം’ നടത്തുന്ന മാധ്യമങ്ങളോട് മന്ത്രി തന്നെ അറിയിച്ചത്. ഓമനക്കുട്ടന് വിചാരണയില്ലാതെ ശിക്ഷ വിധിച്ചത് മാധ്യമങ്ങള്‍ മാത്രമാണോ? ഓമനക്കുട്ടനെതിരേ അന്തേവാസികള്‍ക്കാര്‍ക്കും പരാതിയില്ലെന്നു പറഞ്ഞ കെ ടി മധു എന്ന മാധ്യമപ്രവര്‍ത്തകനെ പ്രളയദുരന്ത നിവാരണ നിയമപ്രകാരം കേസ് എടുക്കുമെന്ന് പേടിപ്പിക്കുകയല്ലേ മന്ത്രി ചെയ്തത്.

മാധ്യമങ്ങള്‍ ഓമനക്കുട്ടനെന്ന വാസ്തവം തിരിച്ചറിഞ്ഞ് ആ വിവരം ജനങ്ങളോട് ഏറ്റു പറഞ്ഞതിലും ഏറെ വൈകി വന്ന സുധാകരന്റെ വിശദീകരണകുറിപ്പിലും ഓമനക്കുട്ടന്റെ വീഴ്ച്ച ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ വീഴ്ച്ച തന്നെയാണ് മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചത്.

പക്ഷേ, മന്ത്രിക്ക് താന്‍ ഇന്നലെ പറഞ്ഞതിലൊന്നും കുറ്റബോധമില്ല. എന്നാല്‍ മന്ത്രി ഒന്നോര്‍ക്കണം, ഈ ക്യാമ്പിലുള്ള, ആ നാട്ടിലുള്ള സഖാക്കള്‍ സ്വകാര്യമായി പങ്കുവച്ച ദുഃഖം ഇന്നലത്തെ അങ്ങയുടെ പ്രകടനമായിരുന്നു. സഖാവിന്റെ സംസാരം സങ്കടമുണ്ടാക്കിയെന്നു പറഞ്ഞത് ഒരാളല്ല. അവരത് പക്ഷേ പുറത്ത് പറഞ്ഞു നടക്കില്ല. ഓമനക്കുട്ടന്‍ പോലും എന്താ പറഞ്ഞത്; പാര്‍ട്ടി എനിക്കെതിരേ നടപടിയെടുത്തത് അംഗീകരിക്കുന്നുവെന്നായിരുന്നു. ഞാന്‍ മൂലം എന്റെ പാര്‍ട്ടിയും സര്‍ക്കാരും അവഹേളിക്കപ്പെട്ടല്ലോ എന്നതുമാത്രാണ് അയാളെ അലട്ടുന്ന പ്രശ്‌നം. നിങ്ങള്‍ ദുരിതാശ്വാസ പിരിവിന് ഇറങ്ങിയോ എന്നൊരു പാര്‍ട്ടിക്കാരനെ ശാസിക്കുന്നുണ്ടായിരുന്നല്ലോ, അവരൊക്കെ നടത്തുന്ന ദുരിതാശ്വാസമാണ് സാര്‍, ഇല്ലാത്തവനുവേണ്ടി കൈയിലുള്ള പത്തും ഇരുപതുമൊക്കെ മുടക്കി ഒരു നേരത്ത അന്നത്തിന് വകയുണ്ടാക്കി കൊടുക്കുന്നത്. ഒരു പഞ്ചായത്ത് മെംബറിന്റെ അധികാരം പോലും തന്റെ ആയുസിലെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് ഇവര്‍ക്കാര്‍ക്കും കിട്ടാന്‍ പോകുന്നില്ല. പക്ഷേ, അവരൊക്കെ ജനങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുടെ അധികാരം കൈയാളുന്നവരാണ്. അങ്ങേയ്ക്ക് അത് പ്രമാണി കളിക്കല്‍ ആയി തോന്നിയെങ്കില്‍, അതവരുടെ തെറ്റല്ല.

ഓമനക്കുട്ടന്‍ വിഷയം നമുക്ക് ഇവിടെ അവസാനിപ്പിക്കാം. ഇനി ചോദ്യം ഒന്നേയുള്ളൂ; അടുത്തൊരു മഴക്കാലത്ത് അംബേദ്കര്‍ കോളനിക്കാര്‍ക്ക് വീണ്ടും ദുരിതാശ്വാസ ക്യാമ്പില്‍ എത്തേണ്ടി വരുമോ? കണ്ണികാട് അംബേദ്കര്‍ കോളനിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി ഉണ്ടാകുമോയെന്നാണ് ചോദിക്കുന്നത്. ഇല്ലെങ്കില്‍ നാളെയും അവര്‍ ക്യാമ്പ് കൂട്ടും. അധികാരികളുടെ സമ്മതപത്രത്തിന് കാത്തിരുന്ന് ക്യാമ്പ് ഒരുക്കി കിട്ടിയാല്‍ മാത്രം അതിലേക്ക് മാറുന്നവരല്ല, അവരിങ്ങനെ സ്വയം ഒത്തുകൂടുകയാണ്. വര്‍ഷങ്ങളായി അതു തന്നെയാണ് ചെയ്യുന്നത്. അവരുടെ ജീവിതത്തില്‍ നിന്നും ദുരിതത്തിന്റെ വെള്ളം ഇറങ്ങിപ്പോകാത്ത കാലത്തോളം ആ ഒത്തകൂടല്‍ ഉണ്ടാകും. അവിടെ കാര്യങ്ങള്‍ നടന്നു പോകാന്‍ ഓമനക്കുട്ടന്‍മാരുടെ സഹായം തേടും. കാരണം അവര്‍ക്കറിയാം; നമ്മളെ സഹായിക്കാന്‍ ഇതുപോലുള്ള ഓമനക്കുട്ടന്‍മാരെ ഉണ്ടാകൂ എന്ന്.

“ആ സാറമ്മാര്‍ക്കെങ്കിലും നല്ലതെന്തെങ്കിലും വച്ചൊണ്ടാക്കി കൊടുക്കണ്ടേ എന്നാണവര്‍ ചോദിച്ചത്, എന്നിട്ട് ഉദ്യോഗസ്ഥര്‍ തിരിച്ചു കാണിച്ചതോ?”

 

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍