UPDATES

ബ്ലോഗ്

മുസ്ലിം സ്ത്രീയുടെ മുഖാവരണം; അത്രമേല്‍ മനുഷ്യ വിരുദ്ധമാണത്. അതില്‍ തെരഞ്ഞെടുപ്പ് ഇല്ല. അടിച്ചേല്‍പിക്കല്‍ മാത്രമേയുളളൂ

അറബ് ലോകത്തെ സ്ത്രീകള്‍ തന്നെ മതത്തിന്റെ പേരും പറഞ്ഞത് തങ്ങളെ പൂട്ടിക്കെട്ടുന്ന ഈ വേഷത്തിനെതിരെ പ്രത്യക്ഷ കലാപം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് അവിടെ നിന്നും കയറ്റുമതി ചെയ്യുന്ന പെണ്‍ വസ്ത്ര ‘സംസ്‌കാരം’ ലോകത്തിന്റെ പലയിടങ്ങളില്‍ വേരോട്ടം കണ്ടെത്തുന്നത്.

വി പി റെജീന

വി പി റെജീന

                       

മുസ്ലിം സ്ത്രീയുടെ മുഖാവരണം

മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം തുടങ്ങിയവയുടെ മേലുള്ള ഭരണകൂടത്തിന്റെ ചെറിയ ഇടപെടല്‍ പോലും ആശങ്കയോടെയേ കാണാനാവൂ. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്ന ഏതൊരു ജനവിഭാഗത്തിലേക്കും നാനാര്‍ത്ഥത്തില്‍ വികസിപ്പിച്ചെടുക്കാവുന്ന ഒരു മര്‍ദനോപാധിയായി അത് എപ്പോള്‍ വേണമെങ്കിലും പരിണമിച്ചേക്കാം എന്ന അപകടം അതില്‍ ഉണ്ട് എന്നത് കൊണ്ട് തന്നെ. അതിനാല്‍ ശ്രീലങ്കയിലെ മുഖാവരണ നിരോധനത്തന്റെ ഭരണകൂട ശരിയെക്കുറിച്ച് വിശാലാര്‍ത്ഥത്തിലുള്ള രാഷ്ട്രീയ വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടു തന്നെ മുഖാവരണമെന്ന (മുസ്ലിം സ്ത്രീയിലേക്ക് ചേര്‍ത്തുവായിക്കുന്ന) വേഷത്തെക്കുറിച്ച് ചിലതു പറയാന്‍ ആഗ്രഹിക്കുന്നു.

വ്യക്തിപരമായി ഞാന്‍ മുഖാവരണത്തെ അതിശക്തമായി എതിര്‍ക്കുന്നു. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനമായ ഭാഗമാണ് മുഖം. ഒരാളെ തിരിച്ചറിയുന്നത്, അയാളുടെ വ്യക്തിത്വം അളക്കുന്നത്, അയാളുടെ വികാരങ്ങള്‍ അറിയുന്നത് എല്ലാം മുഖത്തേക്ക് നോക്കിയാണ്. പരസ്പരം മുഖത്ത് നോക്കിയാണ് മനുഷ്യന്‍ സംസാരിക്കുന്നത്. സ്‌നേഹോഷ്മളമായി ചിരിക്കുന്നത്. ദേഷ്യപ്പെടുന്നത്. സഹതപിക്കുന്നത്…

അങ്ങനെയുള്ള ഒരു പ്രധാന ശരീരഭാഗം ‘അന്യപുരുഷനി’ല്‍ ആകര്‍ഷണീയതയുണ്ടാക്കുന്ന ലൈംഗിക ബിംബമെന്ന തരത്തിലേക്ക് ചുരുക്കിക്കെട്ടുന്ന ഒരു ‘ചിന്താപദ്ധതി’യെ പിന്തുണക്കുന്ന എന്തും മനുഷ്യവംശത്തോട് നീതി പുലര്‍ത്തുന്ന ഒന്നായിരിക്കുമെന്ന് കരുതാനാവില്ല. ഈ നീതിബോധത്തോടെ ‘മുസ്ലിം സ്ത്രീയുടെ ഹിജാബിനെ’ക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് പറയുന്ന ഖുര്‍ആനിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ അത്തരമൊരു വേഷത്തെക്കുറിച്ചുളള ഒന്നും തന്നെ എനിക്കതില്‍ കണ്ടത്തൊനായില്ല എന്നതാണ് വസ്തുത. ‘ഹിജാബ്’ എന്നത് അതില്‍ എവിടെയും ഒരു വസ്ത്രമേ അല്ലായിരുന്നു! ഒരേസമയം അമ്പരപ്പും ആഹ്‌ളാദവും പകര്‍ന്ന ഒരനുഭവമായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ആ നിമിഷം സമ്മാനിച്ചത്.

ഔചിത്യ ബോധവും വ്യക്തികള്‍ തമ്മിലെ ഇടപഴകലിലെ മര്യാദയും അത്ര പരിചിതമല്ലാത്ത അറേബ്യയിലെ ഗോത്രാധിഷ്ഠിത സമൂഹത്തിലേക്ക് ഔചിത്യത്തിന്റെ പുത്തന്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ രണ്ട് പുരുഷന്‍മാര്‍ക്കിടയില്‍ (സ്ത്രീക്കും പുരുഷനും ഇടയില്‍ അല്ല) ഇറക്കപ്പെട്ട വചനമായിരുന്നു ഖുര്‍ആനിലെ ‘ഹിജാബിന്റെ സൂക്തം’ (അധ്യായം: 33,വാക്യം: 53)എന്നു പറയുന്ന ദൈവിക വചനം.

ഈ വചനമാണ് സ്ത്രീ ശരീരത്തെ ലൈംഗിക ബിംബമാക്കി സ്ഥാപിച്ചെടുക്കുന്നതിന്റെ അടിസ്ഥാനമാക്കി പിന്നീട് വ്യാജ പ്രമാണങ്ങളിലൂടെ മത പൗരോഹിത്യം വളച്ചൊടിച്ച് സമര്‍ത്ഥമായി ഉപയോഗിച്ചത്. ഇത്തരത്തില്‍ സ്ത്രീ വിരുദ്ധമായ ആയിരക്കണക്കിന് ‘വ്യാഖ്യാനങ്ങള്‍’ ഖുര്‍ആനിലേക്ക് ചേര്‍ത്തുവെച്ചുകൊണ്ട് ‘ആധികാരികതയുടെ യുക്തിയില്‍ മുക്കിയെടുത്ത്’ അറബ് വരേണ്യതയിലൂടെ ലോകത്തിന്റെ നാനായിടങ്ങളിലേക്ക് കയറ്റുമതി ചെയ്തതിന്റെ ഫലമായാണ് കേരളത്തിലടക്കം പരിചിതമല്ലാത്ത കറുത്ത നീളന്‍ വേഷം കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ പ്രചരിച്ചത്. മുമ്പെങ്ങുമില്ലാത്ത വിധം കണ്ണുകള്‍ മാത്രം പുറത്തുകാണുന്ന മുഖാവരണവും ഇന്ന് പതിയെപ്പതിയെ കയറി വരുന്നു.

കൃത്യമായി പറഞ്ഞാല്‍, ഖുര്‍ആനിലൂടെ ആഗോള മുസ്ലിം ജനതയെ കാലത്തിനനുസരിച്ച് മുന്നോട്ടു നയിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട മുസ്ലിം രാഷ്ട്ര നായകരും പണ്ഡിതരും ചേര്‍ന്ന് അവരുടെ ഭൂലോക കഴിവുകേട് മറച്ചുവെക്കാന്‍ സ്ത്രീയുടെ ശരീരമാണ് ഈ ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നവുമെന്ന് സ്ഥാപിച്ചെടുത്തു. (അതിന് വേണ്ടി മാത്രം കിതാബുകളില്‍ പരതി). ആ ശരീരം ഒന്നടങ്കം ഒരു കറുത്ത നീളന്‍ തുണിയില്‍ പൊതിഞ്ഞാല്‍ തീരുന്ന സ്വത്വ പ്രതിസന്ധിയേ മുസ്ലിമിന് ഇവിടെ ഉള്ളൂവെന്നും അങ്ങനെ മറപ്പിക്കേണ്ടത് മുസ്ലിം പുരുഷന്റെ അധികാരത്തില്‍പ്പെട്ടതാണെന്നും മറക്കേണ്ടത് മുസ്ലിം സ്ത്രീയുടെ ബാധ്യതയാണെന്നും വരുത്തിത്തീര്‍ത്തു. അപ്പോള്‍ മുസ്ലിം സ്ത്രീയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് എന്നത് ഹിജാബ് എന്ന ‘ഈമാനിക തിരഞ്ഞെടുപ്പായി’ചുരുങ്ങി. അത് ധരിച്ചവരെ ഏറ്റവും നല്ല സ്ത്രീ മാതൃകകള്‍ ആക്കി ഉയര്‍ത്തിക്കാണിച്ച് സംഘടനകളിലൂടെയും മറ്റും പ്രചാരം നല്‍കി. മത പ്രഭാഷണങ്ങളില്‍ മുടിനാരിഴ കാണിക്കാത്ത നാരികളെ സ്വര്‍ഗത്തിലേക്കുളളവരെന്നും അല്ലാത്തവരെ നരകത്തിലെ വിറകു കൊളളികളെന്നും തരംതിരിച്ചു. പിന്നീട് വന്ന വിപണി താല്‍പര്യങ്ങളും കൂടിയായപ്പോള്‍ വിശ്വാസവും ലാഭക്കണ്ണും ചേര്‍ന്ന് പര്‍ദ – ഹിജാബ് കച്ചവടം പൊടിപൊടിച്ചു. ഇന്ന് കൊച്ചുകുട്ടികളെ പോലും ഈ വേഷമണിയപ്പിച്ച് മത പാഠശാലകള്‍ ഇതിന്റെ ഏറ്റവും നല്ല വിപണിയൊരുക്കിക്കൊടുക്കുന്നു. കുരുന്നു മക്കളിലേക്ക് പോലും അന്ധമായ സ്ത്രീവിരുദ്ധതയുടെ വിത്തുകള്‍ വിതറാന്‍ തുടങ്ങിയിരിക്കുന്നു.

മുഹമ്മദ് നബിയുടെ കാലത്ത് ലോകത്തിന്റെ നാനാ ദിക്കുകളിലേക്ക് കടന്നുചെന്ന ഇസ്ലാം അതാതിടങ്ങളിലെ സംസ്‌കാരിക ചുറ്റുപാടുകളുമായി ഇഴുകിച്ചേര്‍ന്നാണ് വികസിച്ചത് എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് പഴയ കാല മലയാളി മാപ്പിളപ്പെണ്ണുങ്ങളുടെ വേഷം. കേരളത്തിലെ ആണിന്റെയും പെണ്ണിന്റെയും പൊതു വേഷമായിരുന്ന ഒറ്റമുണ്ടിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന കാച്ചിത്തുണിയും കുപ്പായവും. പിന്നീട് വേഷങ്ങള്‍ പലതും മാറി. മുണ്ടിനു പകരം പാന്റും ഷര്‍ട്ടുമെന്ന ഇംഗ്‌ളീഷ് വൈദേശിക വേഷം ഇവിടെയത്തെിയപ്പോള്‍ ഇതര മതസ്ഥര്‍ക്കൊപ്പം ആ വേഷത്തിന്റെ തിരഞ്ഞെടുപ്പില്‍ മുസ്ലിം പുരുഷന് വിശ്വാസപരമായ വിലക്കുകള്‍ ഇല്ലായിരുന്നു എന്ന് ശ്രദ്ധിക്കുക. ഒറ്റമുണ്ടില്‍ നിന്ന് സ്ത്രീകള്‍ സാരിയിലേക്ക് മാറിയ കാലം. മുസ്ലിം ക്രൈസ്ത ഹൈന്ദവ മതങ്ങളിലെ സ്ത്രീകള്‍ പൊതുവായി സാരി തെരഞ്ഞെടുത്തു. അത് പിന്നീട് ചുരിദാറിലേക്കും വഴിമാറി. ഈ സമയങ്ങളിലൊന്നുമില്ലാത്ത അന്യവല്‍കരണമാണ് മുസ്ലിം സ്ത്രീകള്‍ കറുത്ത പര്‍ദയിലേക്ക് മാറിയപ്പോള്‍ ഈ ജനവിഭാഗം നേരിടേണ്ടി വന്നത് എന്നത് എത്ര മറച്ചുപിടിച്ചാലും പുറത്തു ചാടുന്ന യാഥാര്‍ത്ഥ്യമാണ്. മുഖാവരണംകൂടി കടന്നുവന്നതോടെ ആ അന്യവല്‍കരണത്തിന്റെ കടുപ്പം കൂടി.

മാറിക്കൊണ്ടിരിക്കുന്ന പൊതു സമൂഹത്തിന്റെ തുറസ്സുകളിലേക്ക് കയറിനിന്നുകൊണ്ട് സംവാദം സാധ്യമാവാത്ത അത്യധികം സ്ത്രീ വിരുദ്ധമായ അറബ്യന്‍ വരേണ്യയെ അന്ധമായി പുല്‍കാനുള്ള മുസ്ലിം ജനവിഭാഗത്തിന്റെ വ്യഗ്രത തിരിച്ചറിയപ്പെട്ടതുകൊണ്ടു കൂടിയാണ് അതെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവുമോ? അറബ് ലോകത്തെ സ്ത്രീകള്‍ തന്നെ മതത്തിന്റെ പേരും പറഞ്ഞത് തങ്ങളെ പൂട്ടിക്കെട്ടുന്ന ഈ വേഷത്തിനെതിരെ പ്രത്യക്ഷ കലാപം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് അവിടെ നിന്നും കയറ്റുമതി ചെയ്യുന്ന പെണ്‍ വസ്ത്ര ‘സംസ്‌കാരം’ ലോകത്തിന്റെ പലയിടങ്ങളില്‍ വേരോട്ടം കണ്ടെത്തുന്നത്.

കാലം പഴയതുപോലെയല്ല. അടഞ്ഞുകിടക്കുന്ന പലതും തുറസ്സുകളില്‍ പൊതു ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നുണ്ട്. അജണ്ടകള്‍ എത്ര തന്നെ പൊതിഞ്ഞ് മറച്ചുപിടിച്ചാലും അതു പുറത്തുചാടും.

N.B

പിന്നെ നിങ്ങളെന്തിനാണ് തല മുഴുവന്‍ മൂടിക്കെട്ടുന്ന ശിരോവസ്ത്രം അണിയുന്നതെന്ന ചോദ്യം പല തവണ നേരിടേണ്ടി വരാറുണ്ട്. അതിനുള്ള മറുപടി ഞാന്‍ ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച എന്റെ പ്രതിരോധ രാഷ്ട്രീയമാണ്. മതപൗരോഹിത്യത്തിന്റെയും മത-രാഷ്ട്രീയ നേതൃത്വങ്ങളുടെയും കുല്‍സിത അജണ്ടകളും നുണകളും തിരിച്ചറിയാന്‍ ശേഷിയില്ലാത്ത സാധുക്കളായ മനുഷ്യര്‍ അവര്‍ പറയുന്നതാണ് യഥാര്‍ത്ഥമതം എന്നു വിശ്വസിക്കുന്നിടത്തോളം കാലം ഈ വേഷം അവരുടെ വിശ്വാസപരമായ പ്രബല തെരഞ്ഞെടുപ്പായിരിക്കും. അങ്ങനെയുളള നിരപരാധികളെ അവര്‍ ശരിയെന്നു കരുതുന്ന വേഷത്തിന്റ പേരില്‍ വേട്ടയാടുന്ന സമൂഹങ്ങളും ഭരണകൂടങ്ങളും അവരുടെ ജീവന്‍ തന്നെ കവരാന്‍ മുതിരുന്ന ഒരു കാലമാണിത്. അതിനാല്‍,അവര്‍ക്ക് ഒപ്പം നില്‍ക്കുക എന്ന എന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പാണ് എന്റെ ശിരോവസ്ത്രം. അതണിഞ്ഞുകൊണ്ടു തന്നെ അവരെ ചൂഷണം ചെയ്യുന്ന അതേ പൗരോഹിത്യ നുണകളെ പൊളിക്കുവാനുള്ള ശ്രമം നടത്തുക എന്നതും. എന്നാല്‍പോലും മുഖാവരണം എന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ പരിധിയില്‍ വരില്ല തന്നെ! അത്രമേല്‍ മനുഷ്യ വിരുദ്ധമാണത്. അതില്‍ തെരഞ്ഞെടുപ്പ് ഇല്ല. അടിച്ചേല്‍പിക്കല്‍ മാത്രമേയുളളൂ.

(ഫെയ്‌സ്ബുക്ക് പോസ്റ്റ്‌)

 

വി പി റെജീന

വി പി റെജീന

മാധ്യമപ്രവര്‍ത്തക

More Posts

Share on

മറ്റുവാര്‍ത്തകള്‍