തേങ്ങാ പട്ടണം എന്ന കടലോര ഗ്രാമത്ത് ജനിച്ച മുളക് കച്ചവടക്കാരനായിരുന്ന തോപ്പില്‍ മുഹമ്മദ് മീരാന്‍ നോവലിസ്റ്റായ കഥക്ക് മറ്റൊരു മാജിക്കല്‍ റിയലിസത്തിന്റെ വിസ്മയ ചരടുണ്ട്.. ഒരു കടലോര ഗ്രാമത്തിന്‍ കഥൈ, ജനിമൃതികളുടെ അഗാത സമുദ്ര ഗര്‍ത്തങ്ങളില്‍ നിന്ന് പിറവി കൊണ്ടൊതൊന്നുമല്ലന്ന് മീരാന്‍ സാഹിബ് പറയും, അത് ആ കടല്‍ത്തീരത്തെ സാധാരണക്കാരന്റെ കഥയാണ്.
ആ സാധാരണത്വം തന്നെയാണ് ഒരു ജീവിതകാലം മുഴുവന്‍ അദ്ധേഹം സൂക്ഷിച്ചതും. കണ്ടാല്‍ ആരും പറയില്ല ഒരു എഴുത്തുകാരനാണെന്ന്
കച്ചവടക്കാരന്റെ ശരീരഭാഷയും ജ്ഞാനിയുടെ മനസുമായി ഒരു മനുഷ്യന്‍. ആദ്യം കാണുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉര ബുക്‌സിന്റെ 25 ആം വാര്‍ഷികത്തിന്.
സദസിലെ കേള്‍വിക്കാരനെ ഞെട്ടിച്ചു കൊണ്ട് എന്റെ പേരും ഞാനെഴുതിയ കുഞ്ഞുനോവലിനെയും പരാമര്‍ശിച്ച് സംസാരിക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം അറിയുമായിരുന്നില്ല. അന്നത്തെ പരിചയപ്പുറത്ത് എന്നോടൊപ്പം കോട്ടയത്തുനിന്ന് എന്റെ ഗ്രാമമാമായ ആദിക്കാട്ടുകുളങ്ങരയിലെ വീട്ടിലേക്ക് വരുമ്പോള്‍ റാവുത്തരന്‍മാരെ കുറിച്ചാണ് അദ്ധേഹം കൂടുതല്‍ പറഞ്ഞത്.
കിഴക്കന്‍ കടല്‍ത്തീരത്തെ മഖ്ബാരി എന്ന് വിളിച്ച പോര്‍ച്ചീഗിസുകാരുടെ ആജന്മ ശത്രു കുഞ്ഞാലിമാരുടെ തായ്‌വേര് തമിഴ്‌നാട്ടിലെ കിഴക്കന്‍ കടലോരമാണന്നും മലബാറിലേക്ക് പലായനം ചെയ്തതാണ് കുഞ്ഞാലിയും കുടുംബവുമെന്നും അതുകൊണ്ടാണ് മാപ്പിളപ്പാട്ടുകള്‍ക്കും പടപ്പാട്ടുകള്‍ക്കും തമിഴ് മൊഴികള്‍ ഉണ്ടാകാനുള്ള കാരണവുമെന്നുമുള്ള കൗതുകമായ അറിവ് തന്നു കൊണ്ടേയിരുന്നു.
തേങ്ങാപ്പട്ടണത്തില്‍ നിന്നും തിരുനെല്‍വേലിയിലെത്തിയ മീരാന്‍ സാഹിബിന് താമ്രപര്‍ണി നദി അത്രക്ക് പ്രീയപ്പെട്ടതായിരുന്നു. ഒരിക്കല്‍ തിരുനെല്‍വേലിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ നദിക്കരയിലേക്ക് കൂട്ടികൊണ്ടു പോയി. തിരുവള്ളുവനേയും തിരുക്കുറലിനെയും പറ്റി പറഞ്ഞു. വിശുദ്ധ പുസ്തകം പോലെ പ്രീയപ്പെട്ടതായിരുന്നു തിരുക്കുറല്‍.. തിരുവള്ളുവന്‍ ഒരു പ്രവാചകനും.
ഒരേ സമയം കാരശ്ശേരി മാഷിനോടും, കാന്തപുരം മുസ്ലിയാരോടും സൗഹൃദമുണ്ടായിരുന്നു മീരാന്‍ സാഹിബിന്. പരസ്പര വിരുദ്ധരായ രണ്ടു പേരെയും കാണാന്‍ കോഴിക്കോട്ടെക്ക് പോകുമ്പോള്‍ ഇടക്കൊക്കെ എന്നേയും കൂട്ടിയിരുന്നു. ചേകന്നൂര്‍ അനുസ്മരണത്തിനും, മര്‍ക്കസ് വാര്‍ഷികത്തിനും പങ്കെടുക്കുന്ന വൈരുദ്ധ്യത്തെ കുറിച്ചു തമാശയായി ചോദിക്കുമ്പോള്‍ മീരാന്‍ സാഹിബ് ഇന്ത്യയെ കുറിച്ച് പറയും, അതാണ് നാനാത്വത്തില്‍ ഏകത്വം.
ആ ഏകത്വത്തില്‍ മീരാന്‍ സാഹിബ് തന്റെ പ്രശസ്ത നോവലായ ചാരുകസേരയില്‍ (ചായ്വ് നാല്‍ക്കാലി)യില്‍ പറന്നു വരുന്ന മാലാഖമാര്‍ താമ്രപര്‍ണിയും ഇന്ത്യന്‍ മഹാസമുദ്രവും കടന്ന് കഥകളുടെ വിസ്മയങ്ങള്‍ കൂട്ടി വച്ചിരിക്കുന്ന ലോകത്തേക്ക് കൂട്ടികൊണ്ട് പോയതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അവിടെ അറിയാക്കഥകളുടെ മുളക് ചാക്കുകളുടെ പുറത്തിരുന്ന് വ്യാപാരിയായ ആ എഴുത്തുകാരന്‍ വീണ്ടും വീണ്ടും എഴുതട്ടെ.. ദൂരെ, കടല്‍ വിതുമ്പുന്ന ശബ്ദം എനിക്ക് കേള്‍ക്കാം..