UPDATES

ബ്ലോഗ്

അഭിനവ റാന്‍ മൂളികള്‍ക്കിടയിലെ ഈ മാധ്യമ പ്രവര്‍ത്തകന് നട്ടെല്ലുണ്ട്

കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളിലേറെയായി എന്‍ഡിടിവിയിലൂടെ രവീഷ് കുമാര്‍ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത് സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങളും വികാരങ്ങളും വിചാരങ്ങളുമാണ്

                       

കുറച്ചുദിവസം മുൻപ് ‘ദി ഹിന്ദു’വിൽ ജി സമ്പത്ത് എഴുതിയ ‘Can journalists have phantom spine?’ എന്ന മനോഹരമായ ഒരു ആക്ഷേപഹാസ്യകുറിപ്പ് വായിച്ചിരുന്നു. പുറംവേദന അനുഭവപ്പെട്ട ഒരു പത്രപ്രവർത്തകൻ തന്റെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ഒരു പ്രശസ്ത എല്ലുരോഗ വിദഗ്ധനെ കാണാൻ പോകുന്നതാണ് സന്ദർഭം. ജേർണലിസ്റ്റുകൾക്ക് ചികിത്സയ്ക്ക് പ്രത്യേക കിഴിവ് നൽകാറുള്ള ആ ഡോക്ടർ നമ്മുടെ പത്രപ്രവർത്തകന്റെ എക്‌സ്‌റേ കണ്ടിട്ട് പൊട്ടിത്തെറിക്കുന്നു! അയാളുടെ എക്സ്റേയിൽ ഒരു നട്ടെല്ല് കാണുന്നുവെന്നും അതുകൊണ്ട് അയാൾ പത്രപ്രവർത്തകനാകാൻ യാതൊരു സാധ്യതയുമില്ലെന്നും തന്റെ ക്യാബിനിൽ നിന്നും ഇറങ്ങിപ്പോകാനുമാണ് ആ ഡോക്ടർ അലറിയത്.

അന്തംവിട്ട് കുന്തം വിഴുങ്ങി നിന്ന ആ മാധ്യമപ്രവർത്തകൻ താൻ ഒരു പത്രപ്രവർത്തകനാണ് എന്നതിന് തന്റെ തിരിച്ചറിയൽ കാർഡ് കാണിച്ചുനോക്കി! അത് വെറും ഫോട്ടോഷോപ്പാണ് എന്നായിരുന്നു  ഡോക്ടറിന്റെ പ്രതികരണം. പിന്നീട് ആ ജേർണലിസ്റ്റ് ഗൂഗിളിൽ തന്റെ പേര് അടിച്ചുകൊടുത്ത് തന്റെ പേരും ചിത്രങ്ങളും റിപ്പോർട്ടുകളും അടങ്ങുന്ന കൂടുതൽ വിവരങ്ങൾ കാണിക്കുന്നു. എന്നിട്ടും വിശ്വസിക്കാത്ത ഡോക്ടറിന് താൻ മാധ്യമപ്രവർത്തകനാണ് എന്നതിന് ഒരു കേന്ദ്രമന്ത്രി നൽകിയ കത്തും അതിൽ അയാൾ ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒരു മാധ്യമപ്രവർത്തകനാണ് എന്ന തെളിവും നിരത്തുന്നു. പക്ഷെ അതുകൊണ്ടൊന്നും ആ ഡോക്ടർ കുലുങ്ങിയില്ല.

അയാളുടെ എക്സ്‌റേയിൽ ആകാശഗംഗ പോലെയുള്ള ഒന്നിൽ കുറച്ചു പല്ലുകൾ കാണുന്നുവെന്നും അതൊരു നട്ടെല്ല് അല്ലെന്നുമാണ് ഡോക്ടർ പറയുന്നത്. ഇന്ത്യയിലെ ഒരു പത്രപ്രവർത്തകന് അയാളുടെ ആദ്യ ജോലിയിലെ ആറുമാസം കൊണ്ട് തന്നെ നട്ടെല്ല് ഇല്ലാതെയാകുമെന്നും അതുകൊണ്ട് അയാളൊരു മാധ്യമപ്രവർത്തകനല്ല എന്നും ഡിസ്‌കൗണ്ടിനുവേണ്ടി ഡോക്ടറെ കബളിപ്പിക്കാൻ വന്ന ആളാണ് എന്നും പറഞ്ഞ് ഡോക്ടർ ആ പത്രപ്രവർത്തകനെ തന്റെ മുറിയിൽ നിന്നും പുറത്താക്കുകയാണ്.

അങ്ങനെ തുടരുന്ന കുറിപ്പ് മാധ്യമപ്രവർത്തകരെ കുറിച്ച് മാത്രമല്ല ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അധികാര വർഗ്ഗത്തോട് അന്ധമായ വിധേയത്വം പുലർത്തി നട്ടെല്ലില്ലാതെ ഇഴഞ്ഞിഴഞ്ഞ് ജീവിക്കുന്ന ബ്യൂറോക്രാറ്റുകൾ, ജഡ്ജിമാർ, പോലീസുകാർ, വ്യവസായികൾ, താരങ്ങൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലെയും ‘രാജഭക്തി’യെ കുറിക്കുകൊള്ളിച്ച് പരിഹസിക്കുന്നുണ്ട്.

രസകരമായ ആ കുറിപ്പ് ഇന്ന് വീണ്ടും ഓർത്തത് എന്‍ഡിടിവിയുടെ സീനിയർ മാനേജിംഗ് എഡിറ്റർ രവീഷ് കുമാറിന് ഏഷ്യയുടെ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന മാഗ്‌സെസെ അവാർഡ് കിട്ടി എന്ന വാർത്ത കേട്ടപ്പോഴാണ്. ഇന്ത്യയെന്ന ബൃഹത്തായ ജനാധിപത്യ രാജ്യത്ത് മുതലാളിത്ത സർക്കാരുകളുടെ കുഴലൂത്തിനനുസരിച്ച് ഇഴഞ്ഞ് ജീവിക്കാൻ താല്പര്യമില്ലാത്ത നട്ടെല്ലുള്ള അപൂർവ്വം മാധ്യമപ്രവർത്തകരിൽ ഒരാളാണ് രവീഷ് കുമാർ. ശബ്ദമില്ലാത്തവരുടെ ശബ്ദവും ശക്തിയുമാണദ്ദേഹം. അങ്ങനെയുള്ള ഒരാൾക്ക് ഇങ്ങനെയൊരു പുരസ്‌കാരം ലഭിച്ചത് ധീരതയ്ക്കുള്ള അംഗീകാരം കൂടിയാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളിലേറെയായി എന്‍ഡിടിവിയിലൂടെ അദ്ദേഹം രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത് സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങളും വികാരങ്ങളും വിചാരങ്ങളുമാണ്. രവീഷ് കുമാറിനെ തിരഞ്ഞെടുത്തുകൊണ്ട് മാഗ്‌സെസെ അവാർഡ് സമിതി അസന്ദിഗ്ധമായി വിലയിരുത്തിയത് പക്ഷപാതപരവും അടിസ്ഥാനരഹിതവും അസംബന്ധവും വ്യാജവുമായ വാർത്തകൾ പടച്ചുവിട്ട് മീഡിയ റേറ്റിങ് ഉണ്ടാക്കുന്നവർക്കിടയിലെ വേറിട്ട ശബ്ദമാണ് രവീഷ് കുമാറെന്നാണ്. എന്‍ഡിടിവിയിലെ അദ്ദേഹത്തിന്റെ വിഖ്യാതമായ ‘പ്രൈം ടൈം’ പരിപാടികൾ സാധാരണമനുഷ്യരുടെ ജീവിതാവിഷ്കാരമാണ്. രവീഷ്‌കുമാറിന്റെ മാതൃകാപരവും ധീരവുമായ മാധ്യമപ്രവർത്തനത്തിന്റെ നാൾവഴികൾ വിലയിരുത്തി അദ്ദേഹത്തെ ചൂണ്ടിക്കാണിച്ച് മാഗ്‌സെസെ അവാർഡ് സമിതിയിലെ അംഗങ്ങൾ ആത്‌മവിശ്വാസത്തോടെ ലോകത്തിലെ ജേര്‍ണലിസ്റ്റുകളൊട് പറയുന്നത് ‘ആർക്കാണോ ജനങ്ങളുടെ ശബ്ദമാകാൻ കഴിയുന്നത് അവരാണ് ജേർണലിസ്റ്റ്’ എന്നാണ്.

ജനാധിപത്യത്തിന്റെ ധാർമ്മികതകളെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ചവിട്ടിമെതിച്ച് വെറുപ്പിന്റെ രാഷ്ട്രീയമുന്തി ഏകാധിപത്യത്തിന്റെ ഇരുണ്ട ലോകത്തേക്ക് ഇന്ത്യയെ നയിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ പത്രധർമ്മം പണയംവച്ച് തലകുനിച്ച് റാൻ മൂളിനിൽക്കുന്ന അഭിനവ മാധ്യമ മുതലാളിമാരുടേയും ജേർണലിസ്റ്റുകളുടേയും എണ്ണം പെരുകുന്ന കാലത്ത് അനവധിയനവധി രവീഷ് കുമാർമാരെ ഈ രാജ്യത്തെ സാധാരണമനുഷ്യർ കാത്തിരിക്കുന്നു. ഉരഗങ്ങളെപ്പോലെ ഇനിയും ഇഴഞ്ഞു ജീവിക്കുന്നവർ നിവർന്നുനിൽക്കാൻ മനുഷ്യശരീരത്തെ സഹായിക്കുന്ന നട്ടെല്ല് ഉപയോഗപ്പെടുത്തണം എന്നാണ് ഈ മനുഷ്യൻ അവരിലൂടെ പറയുന്നത്. ജനാധിപത്യത്തിന്റെ ശാക്തീകരണത്തിന് ജീവിതംകൊണ്ട് കരുത്ത് പകരുന്ന, പണവും അധികാരവും മുതലാളിത്ത ദംഷ്ട്രകളുംകൊണ്ട് അക്രമിച്ചിട്ടും ഉലയാതെ, നിലത്തിഴയാതെ തലയുമുയർത്തിപ്പിടിച്ചു നടക്കുന്ന ഇത്തരം മനുഷ്യർ നമുക്കിടയിൽ ഉണ്ടെന്നത് ആവേശത്തോടെയല്ലാതെ ഓർക്കാനാവില്ല.

Read: രവീഷ് കുമാര്‍: തന്നെ കൊല്ലാന്‍ അവര്‍ക്ക് പദ്ധതിയുണ്ടോ എന്ന് മോദിയോട് ചോദിച്ച മാധ്യമ ആള്‍ക്കൂട്ടത്തിലെ ഒറ്റയാന്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രജീഷ് പാലവിള

രജീഷ് പാലവിള

എഴുത്തുകാരന്‍, കവി, വിവര്‍ത്തകന്‍, യാത്രികന്‍, രാഷ്ട്രീയ നിരീക്ഷകന്‍. കൊല്ലം സ്വദേശി. 2014 മുതല്‍ തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്നു. Websites: http://vedhandam.blogspot.com/

More Posts

Share on

മറ്റുവാര്‍ത്തകള്‍