December 10, 2024 |
Avatar
ഗിരീഷ്‌ പി
Share on

അമൃതാനന്ദമയി, സെന്‍കുമാര്‍, പ്രിയദര്‍ശന്‍; ഹര്‍ത്താലിലെ നഷ്ടപരിഹാരം ശബരിമല കര്‍മ്മസമിതി നേതാക്കളായ ഇവരില്‍ നിന്നും ഈടാക്കണം

ഈ ത്രിമൂർത്തികൾക്കെതിരെ കേസുകൾ എടുത്താൽ മാത്രം പോരാ കോടതി നിഷ്കര്ഷിച്ചത് പോലെ പൊതു മുതൽ നശിപ്പിച്ചതിന്റെ നഷ്ട്ട പരിഹാരം ഇവരിൽ നിന്ന് തന്നെ ഈടാക്കണം

രാജ്യത്ത് ഏറ്റവും സ്വാഭാവികമായി അരങ്ങേറുന്ന ഒരു പ്രതിഷേധ രൂപമാണ് ഹർത്താലുകൾ. ഇന്ത്യയിൽ ഹർത്താൽ ആഹ്വാനം ചെയ്യാത്ത രാഷ്ട്രീയ, തൊഴിലാളി കക്ഷികൾ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ കാലം മാറിയതിനനുസരിച്ചു നിർബന്ധിതമായ ചില മാറ്റങ്ങൾക്കു വിധേയമാകാൻ ഇവിടത്തെ രാഷ്ട്രീയ പാർട്ടികളും തയ്യാറാവുകയാണ്.

ഹര്‍ത്താല്‍ സമര രീതിയില്‍ മാറ്റം വേണമെന്നും, നിര്‍ബന്ധിത ഹര്‍ത്താലിനെ ചെറുത്ത് തോല്‍പിക്കണമെന്നും ജനകീയ കൂട്ടായ്മകള്‍ ആവശ്യപ്പെടുന്നുണ്ട്. പൗര സ്വാതന്ത്ര്യം നിഷേധിക്കുകയും, വികസനം ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഹര്‍ത്താലിനെതിരെ ജനമുന്നേറ്റം അനിവാര്യമായിരിക്കുന്നു എന്ന ബോധം ജനങ്ങളിലുണ്ടാവണം എന്ന് പല കോണുകളിൽ നിന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്. രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ തന്നെ ഹർത്താൽ എന്ന പ്രതിഷേധ രൂപത്തെ കുറിച്ച് വിയോജിപ്പുകളുമായി മുന്നോട്ടു വരുന്നുണ്ട്.

ആമുഖം ആയി പറഞ്ഞു വന്നത് ഹർത്താൽ പോലെ ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തുന്ന പ്രതിഷേധ സ്വരങ്ങളോട് സമൂഹം വിയോജിപ്പുമായി രംഗത്ത് വന്ന ഒരു കാലഘട്ടത്തിൽ ആണ് അനാവശ്യമായി കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി തുടർച്ചയായി അഞ്ചു ഹർത്താലുകൾ നടത്തുന്നത്. അതിൽ ഭൂരിഭാഗവും അന്യായമായ കാര്യങ്ങൾ മുൻ നിർത്തി ആണെന്ന് കൂടി ഓർക്കണം.

പുതുവർഷം നമ്മെ വരവേറ്റത് സംസ്ഥാനം കണ്ട ഏറ്റവും അക്രമാസക്തമായ ഒരു ഹർത്താലിനാണ്. ശബരിമലയിൽ സുപ്രീം കോടതി വിധി അനുസരിച്ച് യുവതികൾ പ്രവേശിച്ചതിന്റെ പേരിൽ ആണ് ഹർത്താൽ എന്നോർക്കണം. ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമസമിതിയുടെ പ്രധാന നേതാക്കളിൽ ചിലർ മാതാ അമൃതാനന്ദമയി, ഡി ജി പി സെൻകുമാർ, സിനിമ സംവിധയാകൻ പ്രിയദർശൻ എന്നിവരാണ്. മുന്‍ വിസി ഡോ. കെ എസ് രാധാകൃഷ്ണൻ, റിട്ട. ജസ്റ്റിസ് എൻ കുമാർ, പന്തളം രാജ കുടുംബാംഗം പി ശശികുമാർ വർമ്മ, വിജയേന്ദ്ര സരസ്വതി തുടങ്ങിയ പ്രമുഖരും ആ കൂട്ടത്തിലുണ്ട്.

ഹര്‍ത്താലിൽ ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളുണ്ടാക്കുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ നേരത്തെ അറിയിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കയ്യില്‍നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നോ, സ്വത്തു വകകളില്‍നിന്നോ നഷ്ടം ഈടാക്കാനാണു തീരുമാനം. ഇത്തരത്തിൽ ഒരു കോടതി നിർദേശം നേരത്തെ നിലവിൽ ഉണ്ട്. പക്ഷെ അത് പലപ്പോഴും നടപ്പിൽ വരുത്തുന്നതിനുള്ള വീഴ്ചയാണ് പ്രധാന പ്രതിസന്ധി.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നയുടൻ ആചാര സംരക്ഷണത്തിനായി സമരങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് 41 ഹിന്ദു സംഘടനകളുടെ യോഗം തൃശൂരില്‍ ചേരുന്നത്.

ശബരിമല കര്‍മ്മ സമിതി രൂപം കൊള്ളുന്നത് ആ യോഗത്തിലാണ്. അമൃതാന്ദമയിയെ സമിതിയുടെ രക്ഷാധികാരിയായും സെന്‍കുമാറും കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസുകാരനുമായ കെ എസ് രാധാകൃഷ്ണന്‍ ഉപാധ്യക്ഷന്മാരാണ്. പ്രിയദര്‍ശന്‍ സമിതി അംഗവും. കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എന്‍ കുമാര്‍ ആണ് സമിതി അധ്യക്ഷന്‍. പന്തളം കൊട്ടാരം പ്രതിനിധി പിജി ശശികുമാര വര്‍മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി തുടങ്ങിയവരാണ് രക്ഷാധികാരികള്‍. മുന്‍ വനിതാകമ്മീഷന്‍ അംഗം ജെ പ്രമീളാദേവി, ന്യൂറോ സര്‍ജ്ജന്‍ മാര്‍ത്താണ്ഡന്‍ പിള്ള തുടങ്ങി ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരും സംഘപരിവാര്‍ അനുകൂലികളുമാണ് സമിതിയിലുള്ളത്.

ആത്മീയ വ്യവസായിയെന്നും ആള്‍ദൈവമെന്നുമെല്ലാം അറിയപ്പെടുന്നുണ്ടെങ്കിലും അമൃതാനന്ദമയിയും അവരുടെ ആശ്രമവും ഒരുകാലത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിറത്തിന് കീഴിലായിരുന്നില്ല. വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ള നേതാക്കൾ അവരുടെ ആശ്രമങ്ങളിൽ സന്ദർശനം നടത്തുന്നവരുമാണ്. മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ ഒരു ബിജെപി നേതാവ് എന്ന രീതിയില്‍ നിലവില്‍ അറിയപ്പെടുന്നില്ലെങ്കിലും ഏത് ദിവസവും ആ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നുവെന്നതിനാല്‍ സംഘപരിവാര്‍ അനുകൂലികള്‍ സെന്‍കുമാര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കാറുമുണ്ട്. സിനിമകളിലൂടെ വളരെ പരസ്യമായി തന്നെ തന്റെയുള്ളിലെ ഹിന്ദുത്വ മനസ് തുറന്ന് കാട്ടിയിട്ടുണ്ട് പ്രിയദര്‍ശന്‍. ഫ്യൂഡലിസത്തോടും ജാതിമേല്‍ക്കോയ്മയോടും പ്രയദര്‍ശനുള്ള വിധേയത്വം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകും.

പറഞ്ഞു വന്നത് മാതാ അമൃതാനന്ദമയിയായാലും,ടി പി സെൻകുമാർ ആയാലും പ്രിയദർശൻ ആയാലും, അവർക്കു ഏതു രാഷ്ട്രീയ പാർട്ടിയോടും ഐക്യപ്പെടാനും, ജനാധിപത്യ രീതിയിൽ ഏതൊരു പ്രതിഷേധത്തിന്റെ ഭാഗം ആകാനും അവകാശമുണ്ട്. അതിൽ തർക്കമില്ല പക്ഷെ നിലവിൽ ഇക്കഴിഞ്ഞ ഹർത്താൽ ദിനങ്ങളിലെ പൊതുമുതൽ നശീകരണത്തിന് ഇവരുടെ പേരിൽ കേസെടുക്കണം. കണ്ണൂരിലും പാലക്കാടും ഇപ്പോഴും അവസാനിക്കാത്ത സംഘര്‍ഷങ്ങള് ചൂണ്ടിക്കാണിക്കുന്നത് ഒരർത്ഥത്തിൽ കലാപ സ്വഭാവമുള്ള ഒരു ഹർത്താൽ ആണ് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്തത് എന്നാണ്.

ഇവര്‍ക്കെതിരെ കേസുകൾ എടുത്താൽ മാത്രം പോരാ കോടതി നിഷ്കര്‍ഷിച്ചത് പോലെ പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഇവരിൽ നിന്ന് തന്നെ ഈടാക്കണം. ഒരു വൈകാരിക തള്ളിച്ചയിൽ തെരുവിൽ ഇറങ്ങിയ ഒരു കൂട്ടം ആക്രമകാരികളെ മാത്രം മുൻ നിർത്തി ഇക്കൂട്ടർ കളിക്കുന്ന പൊറാട്ടു നാടകം അവസാനിപ്പിക്കണം.

സംസ്ഥാനത്തെ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന പൊതുമേഖല സ്ഥാപനമാണ് കെ എസ് ആർ ടി സി ഇക്കഴിഞ്ഞ ദിവസങ്ങളിലെ അവരുടെ നഷ്ട്ടം ഏതാണ്ട് നാല് കോടി രൂപയാണ്. (മുടങ്ങിയ സർവീസുകളുടെ നഷ്ട്ടം വേറെയും) ശബരിമല കർമ്മ സമിതി എന്ന ഓമന പേരിട്ടു അയ്യപ്പസേവാ ആണ് ലക്‌ഷ്യം എന്ന് കള്ളം പറഞ്ഞു അണിയറയിൽ ആത്മീയമായ ആക്രമങ്ങൾ സംവിധാനം ചെയ്ത അമ്മയും, മുൻ പോലീസ് ഏമാനും , പ്രിയദർശൻ നായരും ചുളുവിൽ രക്ഷപ്പെട്ടു പോകാൻ അനുവദിച്ചു കൂടാ. ചെറു മീനുകൾക്ക് മാത്രം അല്ല വമ്പൻ സ്രാവുകൾക്കു മുന്നിലും വഴി മറന്നതല്ല ഇവിടത്തെ നിയമങ്ങൾ എന്ന് ഒരിക്കൽ കൂടി കേരളം തെളിയിക്കണം.

https://www.azhimukham.com/kerala-bomb-attack-to-cpm-mla-an-shamseers-and-bjp-mp-v-muraleedharans-homes/

×