ശബരിമലയില്‍ പ്രവേശിക്കാനെത്തിയ മനിതി സംഘം ലക്ഷ്യം കാണാനാകാതെ തിരികെ പോയിരിക്കുന്നു. ഇവര്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് ഇവരെ മടക്കിയയ്ക്കുകയായിരുന്നു. എന്നാല്‍ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ആറ് മണിക്കൂറിനിടെ ഇവര്‍ക്കെതിരെ ഉയര്‍ന്നത്. പന്തളം രാജകുടുംബാംഗമായ ശശികുമാര വര്‍മ്മയും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനുമാണ് പ്രധാനമായും ആരോപണങ്ങള്‍ ഉന്നയിച്ചത്. ശബരിമല ആചാരങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാറുള്ള ശശികുമാര വര്‍മ്മ ഇന്ന് മനിതി സംഘത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിച്ചത്. അതേസമയം ആരോപണത്തിന്റെ അടിസ്ഥാനമെന്താണെന്ന് വര്‍മ്മ പറയുന്നുമില്ല.
മനിതി സംഘത്തില്‍ നക്‌സല്‍ ബന്ധമുള്ളവരും ഉണ്ടെന്ന് സംശയമുണ്ടെന്നും അവര്‍ ക്രിമിനലുകളാണെന്നുമാണ് വര്‍മ്മ ആരോപിക്കുന്നത്. എന്നാല്‍ ഒരു പൊതുഇടത്തില്‍ വന്ന് ഇത്തരമൊരു ആരോപണം നടത്തുമ്പോള്‍ അതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമാക്കേണ്ട ബാധ്യത ശശികുമാര വര്‍മ്മയ്ക്കുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍. ശബരിമല ആചാര സംരക്ഷണമെന്ന പന്തളം കൊട്ടാരത്തിന്റെ നയം പ്രഖ്യാപിക്കുന്നത് ശശികുമാര വര്‍മ്മയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വിശ്വാസികള്‍ക്കിടയില്‍ വലിയ തോതിലുള്ള സ്വാധീനം ചെലുത്താന്‍ സാധിക്കുകയും ചെയ്യും. ഇത് മറ്റാരേക്കാളും അറിയാവുന്നത് വര്‍മ്മയ്ക്ക് തന്നെയാണ്. അതിനാലാണ് ബോധപൂര്‍വം ഇത്തരം പ്രസ്താവനകള്‍ നടത്തി ശബരിമലയിലെത്താന്‍ ശ്രമിക്കുന്ന സ്ത്രീകളെ സംശയത്തിന്റെ നിഴലിലാക്കാന്‍ വര്‍മ്മ ശ്രമിക്കുന്നതും. കൂടാതെ 41 ദിവസത്തെ വ്രതമെടുക്കാതെയാണ് ഈ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്നും വര്‍മ്മ ആരോപിക്കുന്നു. ശബരിമലയില്‍ ഇപ്പോഴുള്ള എല്ലാവരും ആചാര പ്രകാരം വ്രതമെടുത്തവരാണോയെന്ന് വര്‍മ്മയോട് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ കൈവശം അതിനുള്ള മറുപടിയുണ്ടാകില്ലെന്ന് ഉറപ്പ്. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഒതുങ്ങി തുടങ്ങിയപ്പോള്‍ അതിനെ അട്ടിമറിക്കാനുള്ള ഏതെങ്കിലും സംഘടനയുടെ അജണ്ടയാണ് ഇതെന്നാണ് തന്റെ സംശയമെന്നാണ് വര്‍മ്മ പറയുന്നത്.
ആചാരം സംരക്ഷിക്കാന്‍ കെട്ടും നിറച്ച് ശബരിമലയിലെത്തിയ കെ സുരേന്ദ്രന്‍ 41 ദിവസം വ്രതമെടുത്തിരുന്നില്ലെന്ന് ആദ്യ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ക്ലീന്‍ ഷേവ് ചെയ്ത മുഖത്തില്‍ നിന്നു തന്നെ വായിച്ചെടുക്കാം. കെ സുരേന്ദ്രന്റെ വാക്കുകളില്‍ ഇത്രമാത്രം ഗുരുതരമായ ആരോപണങ്ങളൊന്നുമില്ലെങ്കിലും അദ്ദേഹവും യുവതികളുടെ വിശ്വാസത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇവരാരും ഭക്തരല്ലെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ വ്രതമെടുക്കാതെ ശബരിമലയില്‍ എത്താന്‍ ശ്രമിച്ച സുരേന്ദ്രന്‍ ഭക്തനാണോയെന്ന് ചോദിക്കേണ്ടി വരും. പമ്പാ ഗണപതി ക്ഷേത്രത്തിലെ പൂജാരികള്‍ യുവതികള്‍ക്ക് കെട്ടുനിറച്ച് കൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെ അവര്‍ സ്വയം കെട്ടുനിറച്ചതും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നു. കെട്ടുനിറയ്ക്കാനായി നെയ് തേങ്ങ തുളച്ചത് സ്‌ക്രൂ ഡ്രൈവര്‍ കൊണ്ടാണെന്നാണ് സുരേന്ദ്രന്റെ ന്യായം. അതെല്ലാവരും കണ്ടതാണെന്നും സുരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു. സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് നെയ് തേങ്ങ തുളച്ചാല്‍ അത് ആചാര വിരുദ്ധമാണോയെന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ശബരിമല ദര്‍ശനം നടത്തുന്നവരില്‍ എത്രയോ പേര്‍ വീടുകളില്‍ വച്ച് ഇത്തരത്തിലായിരിക്കും തേങ്ങ തുളയ്ക്കുന്നത്? അത് വീടിനുള്ളില്‍ രഹസ്യമായി ചെയ്യുന്നുവെന്നും ഇവര്‍ ഇത് പരസ്യമായി ചെയ്തുവെന്നതും മാത്രമാണ് വ്യത്യാസം.
അതേസമയം ഗോപാലകൃഷ്ണന്റെ വാക്കുകള്‍ തന്നെയാണ് മറ്റൊരു വിധത്തില്‍ ശശികുമാര വര്‍മ്മയുടെ വായില്‍ നിന്നും വീണതെന്നത് ശ്രദ്ധേയമാണ്. സാക്കിര്‍ നായിക്കിന്റെ അനുയായികളാണ് മനിതി സംഘമെന്നാണ് ഗോപാലകൃഷ്ണന്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ സംസാരിക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചത്. ഒരു ലക്ഷം അയ്യപ്പഭക്തന്മാരെ നിലയ്ക്കലില്‍ തടഞ്ഞിട്ടാണ് ഒമ്പത് പേരെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു. കൂടാതെ നിരീശ്വരവാദികളും ആക്ടിവിസ്റ്റുകളുമായ സ്ത്രീകളാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു. ശബരിമലയില്‍ പോകാന്‍ കേരളത്തില്‍ വിശ്വാസികളായ സ്ത്രീകളെ കിട്ടാതെ വന്നപ്പോള്‍ പിണറായി വിജയന്‍ തമിഴ്‌നാട്ടില്‍ നിന്നും മനിതി എന്ന അവിശ്വാസികളുടെ സംഘത്തെ എത്തിക്കുകയായിരുന്നെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു. പാവപ്പെട്ട ഹിന്ദുക്കള്‍ വോട്ട് ചെയ്തിട്ടാണ് പിണറായി വിജയന്‍ എന്ന തെമ്മാടി കേരളം ഭരിക്കുന്നതെന്ന് പറഞ്ഞ് വര്‍ഗ്ഗീയ പരാമര്‍ശവും ഗോപാലകൃഷ്ണന്‍ നടത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞ യതീഷ് ചന്ദ്രയെ പോലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് സാക്കിര്‍ നായിക്കിന്റെ അനുയായികളായ രാജ്യദ്രോഹികളെയും കൊണ്ട് പമ്പയിലേക്ക് പോയതെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.’
https://www.azhimukham.com/trending-manithi-members-returns-police-delayed-action-for-more-than-six-hours/
സ്ത്രീകളുടെ അവകാശങ്ങളുമായി ശബ്ദമുയര്‍ത്തുന്ന സംഘടനയാണ് മനിതി. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധത്തിനായി ചെന്നൈയിലെ മറീന ബീച്ചില്‍ ഒത്തുകൂടിയ അമ്പതോളം സ്ത്രീകളില്‍ നിന്നാണ് മനിതി സംഘം രൂപപ്പെട്ടത്. ഒരു ഓഫീസ് പോലുമില്ലാത്ത ഈ സംഘത്തിന്റെ പ്രധാന കോര്‍ഡിനേറ്റര്‍മാര്‍ തമിഴ്‌നാട് സ്വദേശി ശെല്‍വിയും മലയാളിയായ സുശീലയുമാണ്. ഇവര്‍ക്ക് പോലും ഈ സംഘത്തില്‍ എത്രപേരുണ്ടെന്ന് അറിയില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘത്തെയാണ് ശശികുമാര വര്‍മ്മയും ഗോപാലകൃഷ്ണനും ചേര്‍ന്ന് രാജ്യദ്രോഹികളും നക്‌സലെറ്റുകളുമായി ചിത്രീകരിക്കുന്നത്. ഗോപാലകൃഷ്ണന് ഇതുകൊണ്ട് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതാം. കാരണം തങ്ങള്‍ക്ക് വിയോജിപ്പുള്ള എന്തിനെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് സംഘപരിവാര്‍ സംഘടനകളുടെ ഒരു സ്ഥിരം രീതിയാണ്. എന്നാല്‍ സിപിഎം അനുഭാവിയായിരുന്ന ശശികുമാര വര്‍മ്മയ്ക്ക് ഇതിന് പിന്നില്‍ എന്താണ് ലക്ഷ്യം? അതോ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടുകളാണ് തനിക്ക് ഇപ്പോഴുള്ളതെന്ന് വര്‍മ്മ വ്യക്തമാക്കണം.
https://www.azhimukham.com/kerala-young-swaminis-tried-to-enter-sabarimala-temple/