UPDATES

ബ്ലോഗ്

മൈനിങ് മാഫിയകളുമായും ഭൂമി കയ്യേറ്റക്കാരുമായും ചങ്ങാത്തമുള്ള സ്വേച്ഛാധികാരിയായ ‘YSR’ എങ്ങനെ കര്‍ഷകബന്ധുവാകും; ‘യാത്ര’യിലെ ആഖ്യാനങ്ങള്‍ വെറും തള്ളുകള്‍

എന്നും എക്കാലത്തും കര്‍ഷകബന്ധുവാണ് രാജശേഖര റെഡ്ഢിയെന്ന വാദമൊക്കെ ശുദ്ധ അസംബന്ധമാണ്. മുതിഗോണ്ട സംഭവം മാത്രം മതിയാകും രാജശേഖര റെഡ്ഢിയുടെ തനിനിറം മനസ്സിലാകാന്‍.

                       

മമ്മൂട്ടി നായകനായി അഭിനയിച്ച മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഢിയുടെ (YSR) ബയോപിക്കായ ‘യാത്ര’ റിലീസായിരിക്കുകയാണ്. അതിന്റെ ഭാഗമായി ഫേസ്ബുക്ക് വാളിലാകെ YSR വാഴ്ത്തിപ്പാടലുകളും ബിംബവല്‍ക്കരണവും തകൃതിയായി നടക്കുന്നുണ്ട്. YSR ന്റെ മരണശേഷം മകന്‍ ജഗന്‍ മോഹന്‍ റെഡ്ഢി പിതാവിന്റെ പേരില്‍ പുതിയ പാര്‍ടിയുണ്ടാക്കി കോണ്‍ഗ്രസ്സുമായി വഴി പിരിഞ്ഞുവെങ്കിലും YSR ന്റെ ലെഗസിക്കുവേണ്ടി ഓണ്‍ലൈന്‍ ലോകത്തെ സകല കോണ്‍ഗ്രസ്സുകാരും അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇതാണ് കോണ്‍ഗ്രസ്സെന്നും ഇതാവണം കോണ്‍ഗ്രസ്സെന്നുമുള്ള YSR വീരകഥകള്‍ എല്ലായിടത്തും പാറി നടക്കുന്നുമുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ YSR നെക്കുറിച്ചു പറയുമ്പോള്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും തൊഴിലാളി വര്‍ഗ്ഗത്തിന് പക്ഷേ മുതിഗോണ്ട രക്തസാക്ഷികളെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. റായല്‍സീമയിലെ ഫാക്ഷണല്‍ ഫൈറ്റിന്റെ ഓരം പറ്റി ഇലക്ടറല്‍ രാഷ്ട്രീയത്തില്‍ കയറിവന്ന, ഫ്യൂഡല്‍ മൂല്യബോധം പേറുന്ന ഇടപെടലുകളിലൂടെ അധികാര രാഷ്ട്രീയത്തില്‍ വിലസിയ YSR ആന്ധ്രയിലെയും തെലങ്കാനയിലെയും അടിസ്ഥാന വര്‍ഗ്ഗത്തെ സംബന്ധിച്ച് തികഞ്ഞ സ്വേച്ഛാധികാരി മാത്രമാണ്. എന്നും എക്കാലത്തും കര്‍ഷകബന്ധുവാണ് രാജശേഖര റെഡ്ഢിയെന്ന വാദമൊക്കെ ശുദ്ധ അസംബന്ധമാണ്. മുതിഗോണ്ട സംഭവം മാത്രം മതിയാകും രാജശേഖര റെഡ്ഢിയുടെ തനിനിറം മനസ്സിലാകാന്‍.

കര്‍ഷക സമരങ്ങളെ എന്നും സ്റ്റേറ്റ് മെഷിനറിയെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ഥടഞ ശ്രമിച്ചിരുന്നത്. ജനാധിപത്യപരമായ ഒരു രീതിയിലും സമരക്കാരുമായി സംവദിക്കാന്‍ മുഖ്യമന്ത്രിയായ രാജശേഖര റെഡ്ഢി തയ്യാറായിരുന്നില്ല. YSR മുഖ്യമന്ത്രിയായി ആന്ധ്രപ്രദേശ് ഭരിച്ച സമയത്ത് 2007 ലാണ് ഇന്നത്തെ തെലങ്കാനയുടെ ഭാഗമായ ഖമ്മം ജില്ലയിലെ മുതിഗോണ്ടയില്‍ സിപിഐഎം നേതൃത്വത്തില്‍ നടന്ന ഭൂസമരത്തിനുനേരെ പോലീസ് വെടിവെപ്പുണ്ടാവുകയും എട്ട് സഖാക്കള്‍ രക്തസാക്ഷികളാവുകയും ചെയ്തത്. രക്തസാക്ഷികളായ കര്‍ഷകത്തൊഴിലാളി സഖാക്കളില്‍ ഒരു വനിതയുമുണ്ടായിരുന്നു. യൂറ്റിയുബില്‍ തപ്പിയാല്‍ അവിടെ നടന്ന വെടിവെക്കുന്നതുള്‍പ്പെടെയുള്ള പോലീസ് ബ്രൂട്ടാലിറ്റികള്‍ കാണാവുന്നതാണ്. മുഖ്യമന്ത്രി രാജശേഖര റെഡ്ഢിയും ആഭ്യന്തര മന്ത്രി ജനറെഡ്ഢിയും ഉള്‍പ്പെടെ ഉന്നത കേന്ദ്രങ്ങളില്‍ തീരുമാനിക്കപ്പെട്ട പോലീസ് നടപടിയായിരുന്നു അത്. ജനാധിപത്യ സമരത്തിലേര്‍പ്പെട്ട എട്ട് സഖാക്കള്‍ ഭരണകൂട വേട്ടയില്‍ മരിച്ചുവീണിട്ടും അവരുടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാന്‍ അന്നവിടെ സിപിഐഎം അല്ലാതെ അധികമാരും വന്നിരുന്നില്ല എന്നതുമോര്‍ക്കണം. ”നന്ദിഗ്രാമിലെ ഒപ്പ്രസ്സര്‍ ഖമ്മം ജില്ലയില്‍ അനുഭവിക്കട്ടെ” എന്നതായിരുന്നു പല മാവോയിസ്റ്റ് ഫാന്‍സിന്റെയും ‘തത്വാഥിഷ്ഠിത’ നിലപാട്. എന്നാല്‍, മുതിഗോണ്ട വെടിവെപ്പിന് ശേഷം കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെയും ദളിത്-ആദിവാസി ഭൂമി കയ്യേറ്റം ചെയ്തുവച്ചിരുന്ന പ്രദേശത്തെ ഭൂഉടമകള്‍ കൂടിയായ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെയും സിപിഐഎം നേതൃത്വത്തില്‍ ആന്ധ്ര മുഴുവന്‍ പോരാട്ടം ശക്തിപ്പെടുകയായിരുന്നു.

മൈനിങ് മാഫിയകളുമായും ഭൂമി കയ്യേറ്റക്കാരുമായും YSR നുള്ള ചങ്ങാത്തം രഹസ്യമൊന്നുമല്ല. കര്‍ണാടകയിലെ റെഡ്ഢി സഹോദരന്‍മാര്‍ YSRന്റെ പങ്കുകച്ചവടക്കാര്‍ കൂടിയായിരുന്നു. പരന്‍ജോയ് ഗുഹ താകുര്‍ത്തയുടെ ‘ബ്ലഡ് ആന്റ് അയേണ്‍’ എന്ന ഡോകുമെന്ററിയില്‍ ഇക്കാര്യം വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ നവലിബറല്‍ നയങ്ങള്‍ അതിനേക്കാള്‍ ശക്തമായി ആന്ധ്രയില്‍ അവതരിപ്പിക്കുകയാണ് തന്റെ ഭരണകാലത്തുടനീളം രാജശേഖര റെഡ്ഢി ചെയ്തത്. വാറങ്കലിലും മറ്റും കര്‍ഷക ആത്മഹത്യകള്‍ ഉയര്‍ന്നത് YSR ന്റെ ഭരണകാലത്താണ്.

രാഷ്ട്രീയ എതിരാളിയായ ചന്ദ്രബാബു നായിഡുവിനൊപ്പം ചങ്ങാത്ത മുതലാളിത്തത്തിന്റെ തെലുഗുനാട്ടിലെ എന്‍ഫോഴ്‌സറായി വര്‍ത്തിക്കാന്‍ കഴിഞ്ഞ, ഫ്യൂഡല്‍ മൂല്യങ്ങളില്‍ അഭിരമിക്കുന്ന അങ്ങേയറ്റം അരഗന്റ് ആയ ഒരു പക്കാ കോണ്‍ഗ്രസുകാരന്‍ മാത്രമാണ് YSR. ‘പാദയാത്ര’യെന്നപേരില്‍ കുറേ ഗിമ്മിക്കുകാട്ടാന്‍ അയാള്‍ക്കായിട്ടുണ്ട്. അതുവഴിയാണ് വീണ്ടും അധികാരം പിടിച്ചതും. പവര്‍ പൊളിറ്റിക്‌സിന്റെയും ഫാക്ഷണല്‍ കൊലപാതകങ്ങളുടെയും വക്താവെന്നതിലുപരിയായി YSR ഒന്നുമല്ല, സിനിമയിലെ അത്തരം ആഖ്യാനങ്ങള്‍ വെറും തള്ളുകള്‍ മാത്രമാണ്.

(ഫേസ്ബുക്ക് പോസ്റ്റ്‌)

ബ്ലഡ് ആന്റ് അയേണ്‍’

ജിതിന്‍ ഗോപാലകൃഷ്ണന്‍

ജിതിന്‍ ഗോപാലകൃഷ്ണന്‍

ഇൻസ്റ്റിറ്റ്യൂട് ഓഫ് സോഷ്യൽ ആൻഡ് എക്കണോമിക് ചേഞ്ചിലെ ഗവേഷണ വിദ്യാർത്ഥി

More Posts

Share on

മറ്റുവാര്‍ത്തകള്‍