November 06, 2024 |
Share on

ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാനൊരുങ്ങി ബോട്‌സ്വാന

പരിശോധനയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിശോധിക്കാനുള്ള ബോട്‌സ്വാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചു. 2019ല്‍ ബോട്‌സ്വാനയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ട യന്ത്രങ്ങള്‍ പരസ്യമായി പരിശോധിക്കാനുള്ള വെല്ലുവിളിയാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചത്. ഈ പരിശോധനയില്‍ പങ്കെടുക്കുമെന്ന് നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വോട്ടിംഗ് മെഷീനുകളാണ് ഇവിടെ ഉപയോഗിക്കുന്നത്.

ഭാരത് ഇലക്ട്രോണിക്‌സ് നിര്‍മ്മിക്കുന്ന യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പിലും ഡല്‍ഹി തദ്ദേശതിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ ഉന്നയിക്കാന്‍ ശേഷിയുള്ള എല്ലാ സാങ്കേതിക വിദഗ്ധരെയും കൂട്ടി പരിശോധന നടത്താനാണ് ബോട്‌സ്വാന സര്‍ക്കാരിന്റെ തീരുമാനം. ഭാരത്‌ ഇലക്ട്രോണിക്സും ഇതില്‍ സംബന്ധിക്കും.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നതിനെ കുറിച്ച ചര്‍ച്ച ചെയ്യുന്നതിന് 42 അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ യോഗം കഴിഞ്ഞ വെള്ളിയാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ വിളിച്ചിരുന്നു. കൃത്രിമം നടക്കാനുള്ള സാധ്യതകളെ കുറിച്ച് പരിശോധിക്കുമെന്നും അതിന് സൈബര്‍ വിദഗ്ധരെ ഉപയോഗിക്കുമെന്നുമായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ന് നല്‍കിയ വാഗ്ദാനം.

എന്നാല്‍ ഒരു വിദേശരാജ്യം യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്മാറാന്‍ തീരുമാനിക്കുന്നത് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കമ്മീഷന്റെ തീരുമാനം നിരാശാജനകമാണെന്ന് കെജിവ്രാള്‍ ട്വീറ്റ് ചെയ്തു.

https://www.azhimukham.com/foreign-botswana-evm-credibility/

Advertisement