വ്യാജ പാന്‍ കാര്‍ഡുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ അടിയന്തര നടപടി
രാജ്യത്തെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കി. വ്യാജ പാന്‍ കാര്‍ഡുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ അടിയന്തര നടപടി. ഇക്കഴിഞ്ഞ ജൂലൈ 27-വരെ അസാധുവാക്കിയ പാന്‍ കാര്‍ഡുകളുടെ എണ്ണമാണിത്. നിയമമനുസരിച്ച് ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് ഉണ്ടാകാന്‍ പാടില്ല. വ്യാജ മേല്‍വിലാസം നല്‍കിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാന്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഈ നടപടി.
പാന്‍കാര്‍ഡ്, സാധുവായവരുടെയും അസാധുവാക്കപ്പെട്ടവരുടെയും വിവരങ്ങള്‍ ആദായനികുതി വകുപ്പിന്റെ സൈറ്റില്‍ പ്രവേശിച്ചാല്‍ മനസ്സിലാക്കാം. ആദായ നികുതി വകുപ്പിന്റെ സൈറ്റിലെ ഹോം പേജിലെ ഇടത് വശത്ത് കാണുന്ന servicse എന്ന തലക്കെട്ടിന്റെ കീഴിലുള്ള Know Your PAN എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുറന്നു വരുന്ന വിന്‍ഡോയില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ ചേര്‍ത്തിന് ശേഷം സബ്മിറ്റ് ചെയ്യുക. തുടര്‍ന്ന് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ‘വണ്‍ ടൈം പാസ്വേഡ്’ സൈറ്റില്‍ ചേര്‍ക്കുക. പാന്‍ കാര്‍ഡ് അസാധുവാക്കിയിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശദാംശങ്ങള്‍ക്കൊപ്പം ‘ആക്ടീവ്’ എന്ന സന്ദേശം തെളിയും.
ആസാധുവാണെങ്കില്‍ ആ വിവരവും ലഭിക്കും. നല്‍കിയ അതേ വിശദാംശങ്ങളുള്ള ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉള്ളപക്ഷം കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടിവരും.