UPDATES

ആദായ നികുതി ഇളവുകള്‍ ലഭ്യമായ രണ്ടു ദീര്‍ഘകാല സമ്പാദ്യ പദ്ധതികള്‍; അറിയേണ്ടതെല്ലാം

ചെറിയ തുകകളിലൂടെ ദീര്‍ഘകാല സമ്പാദ്യത്തിനുതകുന്ന രണ്ടു പദ്ധതികളാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ടും ഇക്വിറ്റി സേവിംഗ്‌സ് സ്‌കീമും

                       

ചെറിയ തുകകളിലൂടെ ദീര്‍ഘകാല സമ്പാദ്യത്തിനുതകുന്ന രണ്ടു പദ്ധതികളാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ടും ഇക്വിറ്റി സേവിംഗ്‌സ് സ്‌കീമും. ആദായ നികുതി ഇളവുകള്‍ ലഭ്യമായ ഈ രണ്ടു പദ്ധതികള്‍ സാധാരണക്കാര്‍ക്ക് തികച്ചും അനുയോജ്യമാണ്.

പബ്ലിക് പ്രോവിഡന്റ് ഫണ്ട്

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തപ്പെടുന്ന ഈ പദ്ധതി നിക്ഷേപത്തുകയുടെ സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു. പോസ്റ്റ് ഓഫീസുകളിലും ദേശസാല്‍കൃത ബാങ്കുകളിലും ഏതാനും ചില സ്വകാര്യ ബാങ്കുകളിലുമാണ് പിപിഎഫ് അക്കൌണ്ട് തുറക്കാന്‍ സൌകര്യമുള്ളത്. ദീര്‍ഘകാല സമ്പാദ്യ പദ്ധതികളില്‍ മെച്ചപ്പെട്ട ഒന്നാണിത്. ഈ പദ്ധതിയുടെ ചില പ്രത്യേകതകള്‍ ഇനി പറയുന്നു.

1. പലിശ നിരക്ക് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ താരതമ്യേന കൂടുതലാണ്. 
2. ഓരോ വര്‍ഷവും മാര്‍ച്ച് 31-ആം തീയതി പിപിഎഫ് അക്കൌണ്ടില്‍ വരവുവെക്കുന്നു. 
3. ഈ അക്കൌണ്ടില്‍ ഒരു വര്‍ഷം പരമാവധി 1,50,000 രൂപ വരെ നിക്ഷേപിക്കാം.
4. ഈ തുകയ്ക്ക് ആദായ നികുതി വകുപ്പ് 80C പ്രകാരമുള്ള ഇളവ് ലഭിക്കും.
5. പിപിഎഫ് അക്കൌണ്ടില്‍ ലഭിക്കുന്ന പലിശ തുകയ്ക്ക് ആദായ നികുതി ബാധകമല്ല. 
6. ദീര്‍ഘകാല സമ്പാദ്യത്തിനുതകുന്ന വിധം 15 വര്‍ഷത്തെ കാലയളവാണ് പിപിഎഫിനുള്ളത്. അതിനു മുന്‍പ് അക്കൌണ്ട് നിര്‍ത്തലക്കാന്‍ ആവില്ല. കുറഞ്ഞത് 500 രൂപയെങ്കിലും ഓരോ വര്‍ഷവും അക്കൌണ്ടില്‍  നിക്ഷേപിച്ചിരിക്കണം. 
7.വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പിപിഎഫ് അക്കൌണ്ട് തുറക്കാന്‍ ആവില്ല. എന്നാല്‍ വിദേശത്തു താമസിച്ചു ജോലി ചെയ്യുന്നവര്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന പിപിഎഫ് അക്കൌണ്ട് തുടരാന്‍ സാധിക്കും. 
8.പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് പിപിഎഫ് അക്കൌണ്ട് തുറക്കാനാവും.
9.ഒന്നിലധികം പേരുടെ ജോയിന്റ് ആകൌണ്ടില്‍ പിപിഎഫ് അക്കൌണ്ട് തുറക്കാനാവില്ല. 
10.നോമിനേഷന്‍ സൌകര്യം ലഭ്യമാണ്. 
11.വര്‍ഷത്തില്‍ 12 തവണയായി ഈ അക്കൌണ്ടില്‍ പണമടക്കാവുന്നതാണ്.  
12.ഒരു ബാങ്കിന്റെ ഒരു ശാഖയില്‍ നിന്നും മറ്റൊരു ശാഖയിലേക്കും ഒരു പോസ്റ്റ് ഓഫീസില്‍ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്കും പിപിഎഫ് അക്കൌണ്ട് മാറ്റാവുന്നതാണ്. 
13.നിബന്ധനകള്‍ക്ക് അനുസൃതമായി വായ്പ ലഭിക്കും. 
14.എഴുവര്‍ഷം കഴിഞ്ഞാല്‍ ഗഡുക്കളായി പണം തിരിച്ചെടുക്കാനാവും. 
15.15 വര്‍ഷ കാലാവധി കഴിഞ്ഞാല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് അക്കൌണ്ട് തുടരാനാവും. 
16.കാലാവധി കഴിയുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി ബാധകമല്ല.

കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശ നിരക്കാണ് ഈ പദ്ധതിക്ക് ബാധകമാവുന്നത്. 2017 ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 7.8 ശതമാനമാണ് പലിശനിരക്ക്. പിപിഎഫ് അക്കൌണ്ടിലെ നിക്ഷേപത്തുക അതീവ സുരക്ഷിതമായ ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുകയും അതില്‍ നിന്നു ലഭിക്കുന്ന വരുമാനമനുസരിച്ച് പലിശ നിരക്ക് നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ ഒരിക്കലാണ് പലിശനിരക്ക് നിര്‍ണ്ണയിക്കുന്നതെങ്കില്‍ ഇനിമേലില്‍ മൂന്നു മാസത്തിലൊരിക്കല്‍ പലിശ നിരക്ക് നിര്‍ണയിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. സര്‍ക്കാര്‍ ബോണ്ടുകളിലാണ് പിപിഎഫ് തുക നിക്ഷേപിക്കപ്പെടുന്നത് എന്നതിനാല്‍ സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കപ്പെടുന്നു. ചെറുകിട നിക്ഷേപങ്ങളിലൂടെ ദീര്‍ഘകാല സമ്പാദ്യമൊരുക്കാനും നികുതിഭാരം കുറയ്ക്കാനും പിപിഎഫ് അക്കൌണ്ടുകള്‍ സൌകര്യമൊരുക്കുന്നു.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം

നിക്ഷേപത്തുകയുടെ സമ്പൂര്‍ണ്ണ സുരക്ഷയും സാമാന്യം ഭേദപ്പെട്ട പലിശയും ലക്ഷ്യമിടുന്നവര്‍ക്ക് പിപിഎഫാണ് ഉതകുന്നതെങ്കില്‍ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായ ‘മാര്‍ക്കറ്റ് റിസ്‌കിന്’ വിധേയമായി കൂടുതല്‍ വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ വഴി ഇക്വിറ്റി സേവിംഗ്‌സ് സ്‌കീമില്‍ പണം നിക്ഷേപിക്കാവുന്നതാണ്. പിപിഎഫ് പോലെ ഈ പദ്ധതിയിലെ നിക്ഷേപതുകയ്ക്കും ആദായ നികുതി വകുപ്പ് 80C പ്രകാരമുള്ള ഇളവ് ലഭ്യമാണ്. ഈപദ്ധതിയുടെ പ്രത്യേകതകള്‍ ഇപ്രകാരം:

1.പദ്ധതി പ്രകാരം ഒരു വര്‍ഷം നിക്ഷേപിക്കാവുന്ന 1,50,000 രൂപയ്ക്ക് ആദായ നികുതി ഇളവ് ലഭ്യമാകും. 
2.ഈ സ്‌കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് മറ്റ് മൂച്വല്‍ ഫണ്ടുകളെക്കാള്‍ കുറഞ്ഞ ലോക്ക് ഇന്‍ പിരീഡ് (മൂന്നു വര്‍ഷം) മാത്രമേയുള്ളൂ. 
3.ഓഹരിവിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണെങ്കിലും ദീര്‍ഘകാല സമ്പാദ്യത്തിനും സമ്പാദ്യത്തുകയുടെ വളര്‍ച്ചയ്ക്കും ഈ പദ്ധതി വഴിയൊരുക്കുന്നു. 
4.ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുമ്പോള്‍ ലഭിക്കുന്ന തുകയെ ദീര്‍ഘകാല മൂലധന ലാഭമായി കണക്കാകുന്നതിനാല്‍ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 
5.ഒറ്റത്തവണയായി ഈ പദ്ധതിയില്‍ മൂച്വല്‍ ഫണ്ട് മുഖേന നിക്ഷേപം നടത്താവുന്നതാണ്. 
6.കൂടുതല്‍ ഫലപ്രദമായ ‘സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍’ മാര്‍ഗ്ഗത്തിലൂടെയും ഈ പദ്ധതിയില്‍ പണം നിക്ഷേപിക്കാവുന്നതാണ്. 
7.ഏറ്റവും കുറഞ്ഞ ഒറ്റത്തവണനിക്ഷേപം 500 രൂപയാണ്. പരമാവധി നിക്ഷേപ പരിധി ഇല്ല. 
8.എസ് ഐ പി നിക്ഷേപം എത്ര കാലം വേണമെങ്കിലും തുടര്‍ന്നു കൊണ്ടുപോകാനാകും. എപ്പോള്‍ വേണമെങ്കിലും നിര്‍ത്താനുമാകും.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമിന് രണ്ടു മാര്‍ഗ്ഗങ്ങളാണ് ഉള്ളത്-ഗ്രോത്ത്, ഡിവിഡന്‍റ് സ്‌കീമുകള്‍. ദീര്‍ഘകാല സമ്പാദ്യത്തിനും സ്വത്ത് ഉണ്ടാക്കുന്നതിനും ഗ്രോത്ത് ഓപ്ഷന്‍ സഹായകരമാകും. ഡിവിഡന്റ് നിശ്ചിത കാലയളവില്‍ കൈപ്പറ്റുകയോ ഡിവിഡന്റ് തുക അതേ പദ്ധതിയില്‍ തന്നെ പുനര്‍നിക്ഷേപിക്കുകയോ ആകാം ഡിവിഡന്റ് ഓപ്ഷനില്‍. അങ്ങനെ പുനര്‍നിക്ഷേപിക്കപ്പെടുന്ന ഡിവിഡന്റ് തുകയ്ക്കും 80 സി പ്രകാരമുള്ള ആദായ നികുതി ഇളവ് ലഭിക്കുന്നതാണ്.

ദീര്‍ഘകാല നിക്ഷേപത്തിനും ഉയര്‍ന്ന വരുമാന ലബ്ദിക്കും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം തിരഞ്ഞെടുക്കാവുന്നതാണ്. ഓഹരിവിപണിയിലെ നഷ്ടസാധ്യതകള്‍ അറിഞ്ഞുകൊണ്ട്. മ്യൂച്വല്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് പരിചയ സമ്പന്നര്‍ ആണെന്നത് ഈ പദ്ധതിക്ക് ബലമേറുന്നു. ഏറെ ശ്രദ്ധയോടെ പഠിച്ചതിന് ശേഷമായിരിക്കണം ഏത് ഫണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടത് എന്നു തീരുമാനിക്കാന്‍. ഫണ്ടുകളുടെ ശേഷി നിര്‍ണ്ണയിക്കുവാന്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന ഫലങ്ങള്‍ പഠിക്കുകയും താരതമ്യം ചെയ്യുകയും വേണം. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം എന്നീ ആദായനികുതി കുറയ്ക്കുന്ന രണ്ടു പദ്ധതികളെ താഴെകൊടുക്കുന്ന രീതിയില്‍ താരതമ്യം ചെയ്യാവുന്നതാണ്.

മാനദണ്ഡം: പിപിഎഫ്  
ലോക്ക് ഇന്‍ പിരീഡ്: 15 വര്‍ഷം
നിക്ഷേപത്തുക- കുറഞ്ഞത്/പരമാവധി (പ്രതിവര്‍ഷം): മിനിമം-500 രൂപ പരമാവധി-1,50,000 രൂപ
വരുമാനം: ഇപ്പോഴത്തെ പലിശനിരക്ക് 7.8%
ആദായ നികുതി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍: ഇല്ല

മാനദണ്ഡം: ഇ എല്‍ എസ് എസ്
ലോക്ക് ഇന്‍ പിരീഡ്: 3 വര്‍ഷം
നിക്ഷേപത്തുക: പരിധിയില്ല ആദായ നികുതി ഇളവ് 1,50,000 രൂപയ്ക്ക് മാത്രം വരുമാനം, മിനിമം-500 രൂപ,
വരുമാനം: മാര്‍ക്കറ്റ് നിലവാരമനുസരിച്ച്
ആദായ നികുതി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍: ഇല്ല

രണ്ടു പദ്ധതികളും ആദായ നികുതി ഭാരം കുറയ്ക്കുന്നതിന് സഹായകരമാണ്. പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വവും താരതമ്യേന ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ കൂടിയ പലിശയും നേടിക്കൊണ്ട് ദീര്‍ഘകാല സമ്പാദ്യത്തിന് വഴിയൊരുങ്ങുന്നു. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനാല്‍ വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായ ഇക്വിറ്റി ലിങ്ക്ഡ് സെവിംഗ് സ്‌കീമില്‍ ദീര്‍ഘകാലമോ ഹൃസ്വകാലമോ പണം നിക്ഷേപിക്കുമ്പോള്‍ സമ്പദ് മേഖലയിലെ ഉണര്‍വ്വിനും ഉയര്‍ച്ചയ്ക്കും ഒപ്പം നേട്ടങ്ങള്‍ കൈവരിക്കാനുള്ള അവസരമൊരുങ്ങുന്നു. ഓഹരി വിപണിയിലെ ഏത് നിക്ഷേപങ്ങളും മാര്‍ക്കറ്റ് റിസ്‌കിന് വിധേയമാണ്.

കെ ആര്‍ മോഹനചന്ദ്രന്‍

കെ ആര്‍ മോഹനചന്ദ്രന്‍

ഫെഡറല്‍ ബാങ്ക് മുന്‍ ചീഫ് ജനറല്‍ മാനേജര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍