ഭക്ഷണത്തിനോടുള്ള നമ്മുടെ പ്രിയം അവസാനിക്കാത്തതാണ്. പുതിയ രുചികള്‍ അറിയാന്‍ നമ്മള്‍ ഇപ്പോഴും തല്‍പരരാണ്. എന്നാല്‍ തിരക്കു പിടിച്ച ഇന്നത്തെ ലോകത്തില്‍ പലപ്പോഴും നമുക്ക് ഇഷ്ടമുള്ള ഭക്ഷണം വീട്ടില്‍ പാകം ചെയ്യാന്‍ അവസരമുണ്ടാകാറില്ല. ഇന്ന് നിങ്ങള്‍ക്കിഷ്ടമുള്ള ഭക്ഷണം, പണം അധികം ചിലവാക്കാതെ തന്നെ വീട്ടില്‍ എത്തിച്ചു തരാന്‍ ധാരാളം ആപ്പുകള്‍ ഉണ്ട്. വളരെ വേഗം തന്നെ കേരളത്തിലെ പല നഗരങ്ങളും ഈ ആപ്പുകളുടെ അടിമയായി മാറിയിരിക്കുകയാണ്.
ഇന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ റോഡുകളില്‍ ഏറ്റവും അധികം കാണുന്നത് യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ എന്ന് എഴുതിയ ബാഗുകളുമായി രാത്രിയും പകലുമില്ലാതെ ഓടുന്ന ചെറുപ്പക്കാരെയാണ്. മുമ്പ് പുറത്തുപോയി ആഹാരം കഴിക്കുക എന്നത് ഒരു ഫാഷന്‍ ആയിരുന്നു, എന്നാല്‍ ഇന്ന് അതില്‍ നിന്നും മാറി ഫുഡ് ഓഡര്‍ ചെയ്യുന്നതിലേക്ക് എത്തി. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിക്കാരെ മുഴുവന്‍ ഞെട്ടിച്ചുകെണ്ട് ഒരു വാര്‍ത്ത എത്തി.
ഫുഡ് ഡെലിവറി ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കെ.എച്ച്.ആര്‍.എ-യുടെ നിലപാടായിരുന്നു അത്. ‘യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന്’ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) പ്രഖ്യാപിച്ചു.
കെ.എച്ച്.ആര്‍.എയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ് മൂസ പ്രതികരിച്ചത്, ‘തുടക്കത്തില്‍ പത്ത് ശതമാനം മാത്രം കമ്മിഷന്‍ ഈടാക്കിയിരുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ ഇപ്പോള്‍ തോന്നിയപോലെ 20- 30-60 ശതമാനം കമ്മിഷന്‍ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാവില്ല, ഇതിനിടയില്‍ കമ്പനികള്‍ സ്വന്തം ചിലവില്‍ ഭീമമായ കമ്മിഷനും കൂടി കൊടുക്കുന്നതോടെ നഷ്ടം പെരുകുകയും ഉപഭോതാക്കളും കട ഉടമകളും തമ്മില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുകയും ചെയ്യുന്നു.
നിലവില്‍ ജില്ലയില്‍ ഇരുനൂറോളം ഹോട്ടലുകളാണ് ഇത്തരം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളുമായി സഹകരിച്ച് ഭക്ഷണം വില്‍ക്കുന്നത്. തൊഴിലാളികളുടെ ശമ്പളം, സാധനങ്ങളുടെ വിലവര്‍ധന തുടങ്ങിയവ മൂലം ഹോട്ടല്‍ വ്യവസായം 15 ശതമാനം നഷ്ടത്തിലാണുള്ളത്. ഹോട്ടലുകള്‍ അടച്ചിടാന്‍ പറ്റാത്തതിനാല്‍ മാത്രമാണ് ഇവരുമായി (ഫുഡ് ഡെലിവറി ആപ്പുകള്‍) കൈകോര്‍ത്ത് പോകുന്നത്.’ എന്നാണ്.
തങ്ങളുടെ മെനുവില്‍ ലഭിക്കുന്ന വിലയ്ക്ക് വിഭവങ്ങള്‍ എടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഈ ആപ്പുകളുമായി ഇനി സഹകരിക്കുകയുള്ളൂ. 90 ശതമാനത്തോളം ഹോട്ടലുടമകളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം അസോസിയേഷന്‍ എടുത്തിട്ടുള്ളതെന്ന് കെ.എച്ച്.ആര്‍.എ.യുടെ എറണാകുളം ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
ആവശ്യങ്ങള്‍ അംഗീകരിക്കുകയില്ലെങ്കില്‍ ഇന്ത്യയിലുള്ള മറ്റ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ട് ആപ്പുകളുമായി സഹകരിച്ച് സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി തുടങ്ങാനാണ് അസോസിയേഷന്റെ തീരുമാനം. ഇതിനായി സ്റ്റാര്‍ട്ട് ആപ്പുകളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. അസോസിയേഷന്റെ നേതൃത്വത്തില്‍ ഭക്ഷണ വിതരണ ആപ്പ് അവതരിപ്പിക്കാനും ആലോചനയുണ്ട്.
ഹോട്ടലുകളെല്ലാം തന്നെ നേരിട്ട് ഡെലിവറി നടത്തുന്നുണ്ട്. അതിന് ഹോട്ടലുകള്‍ പ്രത്യേക ഡെലിവറി ചാര്‍ജുകള്‍ ഈടാക്കുന്നില്ല. ഇത്തരം ആപ്പുകള്‍ വഴി ഓഡര്‍ സ്വീകരിക്കാതെ ഹോട്ടലുകള്‍ നേരിട്ടുള്ള ഡെലിവറി കൂടുതല്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമായിരിക്കും വിലക്ക്. കോഴിക്കോട് ജില്ലയില്‍ ഇതിനോടകം ഇത്തരം ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.azhimukham.com/offbeat-farmers-will-march-to-parliament-photos/