June 14, 2025 |
Share on

ഭീമന്‍ സാമ്പത്തിക നഷ്ടം; വാള്‍സ്ട്രീറ്റ് ജേണല്‍ എഷ്യന്‍- യൂറോപ്യന്‍ എഡിഷനുകള്‍ അടച്ചുപൂട്ടുന്നു

2016 അവസാനത്തോടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തില്‍ നിന്നും തൊഴില്‍ നഷ്ടപെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

വരുമാനം കുറയുന്നതും എഡിറ്റോറിയല്‍ നവീകരിക്കുന്നതിന്റേയും ഭാഗമായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി വാള്‍സ്ട്രീറ്റ് ജേണല്‍ എഷ്യന്‍- യുറോപ്യന്‍ എഡിഷനുകള്‍ നിര്‍ത്തുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോട്ട് ചെയ്തു. 40 വര്‍ഷമായി പ്രസിദ്ധീകരിച്ചുവരുന്ന യൂറോപിലേക്കുളള പ്രത്യേക എഡിഷന് ഇന്നോടെ അവസാനിക്കും. എഷ്യന്‍ എഡിഷന്‍ ഒക്ടോബര്‍ 7 ന് പ്രസിദ്ധീകരണം അവസാനിപ്പിക്കുമെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിക്കുന്ന ന്യൂസ് കോര്‍പ്പ് കമ്പനിയെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

643 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് പ്രത്യേക എഡിഷനുകള്‍ പൂട്ടുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. ഈ വര്‍ഷം ജൂണ്‍ 30 ന് സമാപിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കാണിത്. മുന്‍ വര്‍ഷത്തെ നഷ്ടം 235 ദശലക്ഷം ഡോളാറായിരുന്നു. 1976 ലാണ് കമ്പനി എഷ്യന്‍ എഡിഷന്‍ ആരംഭിച്ചത്. തുടര്‍ന്ന് 1983 ല്‍ യുറോപ്യന്‍ എഡിഷനും ആരംഭിച്ചു. യുഎസില്‍ ചില നഗരങ്ങളില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എഷ്യന്‍ -യുറോപ്യന്‍ വായനക്കാര്‍ക്ക് ഒാണ്‍ലൈന്‍ സൗകര്യമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വരിസംഖ്യ ഉയര്‍ന്നാല്‍ വലിയ ധനനഷ്ടമുണ്ടാക്കില്ലെന്നും കമ്പനി അറിയിച്ചു.

എഷ്യന്‍ എഡിഷന്റെ ആസ്ഥാനമായ ഹോങ്കോങില്‍ നിലവില്‍ പ്രിന്റ് എഡിഷന്‍ വില്‍ക്കുന്നത് പ്രതി കോപ്പിക്ക് 2.20 യുറോ ആണ്. എന്നാല്‍ ഡിജിറ്റല്‍ സബസ്‌ക്രിബ്ഷന്‍ 82 യുറോക്കാണ് വരിസംഖ്യ ഈടാക്കുക. സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഒടുവിലെത്ത പാദത്തില്‍ പത്രം ഓണ്‍ലൈന്‍ എഡിഷനുവേണ്ടി വരിചേര്‍ത്തത് 322,000 പേരെയാണ്. മൊത്തമായി ചേര്‍ത്തത് 1.27 ദശലക്ഷം ഓണ്‍ലൈന്‍ വരിക്കാരെയാണെന്നും അധികൃതര്‍ അറിയിച്ചു. ജുണ്‍ അവസാന ആഴ്ചയിലാണ് തിരുമാനം വാള്‍സ്ട്രീറ്റ് അധികൃതര്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് അച്ചടിപ്രസിദ്ധീകരണമോ ഡിജിറ്റല്‍ മാധ്യമമോ ലാഭകരമെന്ന് പഠിച്ച്‌ശേഷമാണ് പുതിയ തിരുമാനം നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചതെന്നും പത്രം അറിയിച്ചു.

2016 അവസാനത്തോടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തില്‍ നിന്നും തൊഴില്‍ നഷ്ടപെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പത്രാധിപര്‍ക്കു യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചതിനെ തുടര്‍ന്ന് ജേണല്‍ ജീവനക്കാരായ പത്രപ്രവര്‍ത്തകര്‍ അസ്വസ്ഥരായിരുന്നു. ട്രംപുമായി  ബന്ധമുണ്ടെന്ന് പറയപെടുന്ന എഡിറ്റര്‍ ജെറി ബേക്കര്‍ വാര്‍ത്തകളില്‍ നേരിട്ട് ഇടെപട്ടുതുടങ്ങിയത് നിരവധി പേരെ നിരാശരാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×