UPDATES

വിപണി/സാമ്പത്തികം

എത്യോപ്യയുടെ സാമ്പത്തിക ബജറ്റിനെക്കാള്‍ അധികം തുക സ്വന്തം സമ്പാദ്യമായുള്ള ആമസോണ്‍ മേധാവി; ലോകത്തിലെ കോടീശ്വരന്മാരെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ ഞെട്ടിക്കും

ലോകത്തിലെ കൃത്യം പാതി ദരിദ്രജനങ്ങളുടെ സമ്പത്തെല്ലാം കൂടി കൂട്ടുന്ന തുക കോടീശ്വരന്മാരായ 26 പേരുടെ കൈവശമുണ്ട്

                       

സാമ്പത്തികാസമത്വങ്ങള്‍ അനുദിനം കൂടി വരുന്നതിനെക്കുറിച്ച് ഓക്‌സ്ഫാം എന്ന സംഘടന നടത്തിയ പഠനങ്ങളുടെ കണ്ടെത്തല്‍ കേട്ടാല്‍ ആരുടേയും കണ്ണ് തള്ളിപ്പോകും. ലോകത്തിലെ കൃത്യം പാതി ദരിദ്രജനങ്ങളുടെ സമ്പത്തെല്ലാം കൂടി കൂട്ടുന്ന തുക, കോടീശ്വരന്മാരായ 26 പേരുടെ കൈവശമുണ്ട്. അതായത് 3.8 ബില്യണ്‍ ജനങ്ങള്‍ അധ്വാനിച്ചു നേടിയ സ്വത്തു മുഴുവന്‍ കൂട്ടിയാലേ ഈ 26 ലോക ധനികരുടെ സ്വത്തിനൊപ്പം വരൂ. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഓസ്‌ഫോം പുറത്തുവിട്ടത്. സമ്പത്തു മുഴുവന്‍ കുറച്ചിടങ്ങളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുകയും ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ നികത്താനാവാത്ത വിടവ് ഉണ്ടായി വരികയും ചെയ്യുന്നതിന്റെ കാരണം അടിയന്തിര പ്രാധാന്യത്തോടെ കാണേണ്ടതുണ്ടെന്നും ഫോറം പറയുന്നു. 2018 ല്‍ ധനികര്‍ കൂടുതല്‍ ധനികരും ദരിദ്രര്‍ അതി ദരിദ്രരും ആയി മാറിയെങ്കില്‍ അതിന്റെ കാരണങ്ങള്‍ പരിശോധിക്കാതെ ലോകത്തിനു മുന്നോട്ട് പോകാനാകില്ലെന്നും ഫോറത്തില്‍ ചര്‍ച്ചകളുണ്ടായെന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

22,00 ഓളം വരുന്ന ലോകത്തിലെ മൊത്തം കോടീശ്വരന്മാരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 900 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ്. അതായത് ഓരോദിവസവും ഇവര്‍ക്കുണ്ടായത് 5 ബില്യണ്‍ ഡോളറിന്റെ അധിക വളര്‍ച്ച! ധനികരുടെ സമ്പത്തില്‍ 12 ശതമാനം അധിക വളര്‍ച്ചയുണ്ടാകുമ്പോള്‍, ദരിദ്രരുടെ വരുമാനത്തില്‍ 11 ശതമാനത്തോളം ഇടിവുമുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ജനസംഖ്യയുടെ പാതി വരുന്ന ആളുകളുടെ സ്വത്തിന്റെ ആകെ തുകയ്ക്ക് തത്തുല്യമായ സ്വത്തു കൈവശം വെച്ചിട്ടുള്ള കോടീശ്വരന്മാരുടെ എണ്ണം 2017 ല്‍ 47 ആയിരുന്നു. 2016 ല്‍ 61 കോടീശ്വരന്മാരുടെ വരുമാനം ചേര്‍ക്കണമായിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ ലോകത്തെ കോടീശ്വരന്മാരുടെ എണ്ണം ഏകദേശം ഇരട്ടിയായി. 2017,18 വര്‍ഷങ്ങളില്‍ ഓരോ രണ്ട് ദിവസം ചെല്ലുന്തോറും ഓരോ പുതിയ കോടീശ്വരന്‍ ഉദയം കൊള്ളാന്‍ പാകത്തില്‍ വിപണിയും സാധ്യതകളും വലുതായി. ലോകത്തിലെ ഏറ്റവും ധനികനായ ആമസോണ്‍ ഉടമ ജെഫ് ബെസോസിന് സ്വത്ത് 112 ബില്യണായി വര്‍ധിച്ചു. അതായത് 105 ബില്യണ്‍ ആളുകള്‍ താമസിക്കുന്ന എത്യോപ്യയിലെ സാമ്പത്തിക ബജറ്റിലെ തുകയേക്കാള്‍ കൂടുതലാണ് ഈ ഒരൊറ്റ മനുഷ്യന്റെ കൈവശമുള്ളത്.

അതിദരിദ്രാവസ്ഥയില്‍ താമസിക്കുന്ന ആളുകളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക അസമത്വം ഇങ്ങനെ പെരുകി വരുന്നത് അപകടകരമായ ചൂഷണങ്ങളും മറ്റ് പ്രത്യാഘാതങ്ങളുമുണ്ടാക്കുമെന്ന് വിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ട്. ധനം അപകടകരമായ രീതിയില്‍ വളരെ കുറച്ചുപേരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയാണ്. ഇതേ ലോകത്തുതന്നെയാണ് പോഷകാഹാരക്കുറവുമൂലം നിരവധി പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കുന്നത്. എല്ലാവര്‍ക്കും നല്ല രീതിയില്‍ ജീവിക്കാനുള്ള വിഭവങ്ങള്‍ ഈ ലോകത്തുണ്ട്. അത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള കൃത്യമായ ആസൂത്രണമാണ് വിവിധ രാജ്യങ്ങളുടെ ഭരണകൂടങ്ങളില്‍ നിന്നുമുണ്ടാകേണ്ടതെന്ന് ഓസ്‌ഫോം ഡയറക്ടര്‍മാരില്‍ ഒരാളായ മാത്യു സ്‌പെന്‍സര്‍ നിര്‍ദ്ദേശിക്കുന്നു.

പൊതുമേഖലയില്‍ വേണ്ടത്ര പണം നിക്ഷേപിക്കാത്തത് കൊണ്ടാണ് ചില രാജ്യങ്ങളില്‍ സാമ്പത്തികാസമത്വങ്ങള്‍ കൈകാര്യം ചെയ്യാവുന്നതിലുമപ്പുറം വര്‍ധിക്കുന്നത്. നികുതി പിരിവുകള്‍ കാര്യക്ഷമമാക്കിക്കൊണ്ട് ധനികരുടെ കൂടെ സഹകരണത്തോടെയേ പുതിയൊരു ലോകം നിര്‍മിച്ചെടുക്കാനാകൂ. പഠനചിലവുകള്‍ താങ്ങാനാകാത്ത കൊണ്ട് മാത്രം 262 മില്യണ്‍ കുട്ടികള്‍ക്കാണ് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ പോകുന്നത്. ഈ അസമത്വങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും ഭരണകൂടങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ചൈനയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെയും ആഫ്രിക്കന്‍ നാടുകളിലെ അവസ്ഥ മെച്ചപ്പെട്ടതും അതി ദരിദ്രരുടെ എണ്ണം വലിയൊരളവോളം കുറച്ചതായും പഠനം കണ്ടെത്തുന്നു.

Share on

മറ്റുവാര്‍ത്തകള്‍