UPDATES

വിദേശം

‘ആകാശത്തിന്റെ പകുതി സ്ത്രീകള്‍ കയ്യടക്കിയിരിക്കുന്നു’; ട്രംപിന്റെ അമേരിക്കയില്‍ മാവോയിസ്റ്റ് മുദ്രാവാക്യമുയര്‍ന്നപ്പോള്‍

വാഷിംഗ്ടണിലെ ട്രംപ് വിരുദ്ധ വനിതാ റാലിയില്‍ പങ്കെടുത്ത ചൈനീസ് ഫെമിനിസ്റ്റുകളുടെ അനുഭവങ്ങള്‍

                       

കിം വാള്‍

സ്പാനിഷ് സിവില്‍ വാറിലെ ഒരു വിപ്ലവകാരിയെ പോലെയായിരുന്നു ജാങ് ലിങ് വേഷം ധരിച്ചിരുന്നത്. വട്ടത്തൊപ്പിയില്‍ നിന്ന് നീണ്ടു കിടന്നിരുന്ന മുടിപ്പിന്നലും ‘കമ്മ്യൂണിസ്റ്റ് ചുവപ്പ്’ എന്നു സ്വയം വിശേഷിപ്പിച്ച നിറത്തിലുള്ള ട്രൌസേഴ്സും. ന്യൂയോര്‍ക്കിന്‍റെ വടക്കുഭാഗത്തുള്ള തന്‍റെ വീട്ടില്‍ നിന്ന് തലേ രാത്രി സ്വന്തം ഹോണ്ട കാറിലാണ് ജാങ് എത്തിയത്. വഴിയില്‍ മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ജാം കണ്ട് ദേഷ്യത്തിനു പകരം ഉത്തേജനമാണ് തോന്നിയതെന്ന് അവര്‍ പറയുന്നു. കടന്നു പോയ ഓരോ കാറും ഓടിച്ചിരുന്നത് ഒരു സ്ത്രീയാണെന്ന് തോന്നിപ്പോയെന്ന് അവര്‍ പറയുന്നു. “ഹൈവേ മുഴുവന്‍ സ്ത്രീകള്‍ കീഴടക്കിയിരിക്കുന്നു, നാളെ അവര്‍ നഗരം മുഴുവന്‍ കയ്യടക്കും,” ജാങ് ചിന്തിച്ചു.

സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ സിനിമ സ്റ്റഡീസ് പ്രൊഫസറായ ജാങ് ലിങ് തൊപ്പികളുടെ കടലില്‍ അലിഞ്ഞു ചേര്‍ന്നു. അമേരിക്കന്‍ പ്രതിഷേധക്കാര്‍ മാവോയിസ്റ്റ് മുദ്രാവാക്യമായ “ആകാശത്തിന്‍റെ പകുതി സ്ത്രീകള്‍ കയ്യടക്കിയിരിക്കുന്നു” എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയതു കണ്ട് ജാങ് പുഞ്ചിരിച്ചു. പക്ഷേ ആ വാചകം സങ്കടകരമായ ഓര്‍മ്മകളെയും കൊണ്ടു വന്നു. താന്‍ വളര്‍ന്ന പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയില്‍ തുടുത്ത കവിളുകളുള്ള ഉരുക്കു വനിതകള്‍ പുരുഷന്മാരായ സഖാക്കളോടൊപ്പം തന്നെ ഫാക്റ്ററികളിലും വയലുകളിലും പണിയെടുത്തിരുന്നു. പിന്നീട് ചൈന ലിംഗസമത്വം തുടങ്ങിയ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ നിന്ന് (ചിലപ്പോള്‍ അവയെ ആദരിച്ചും മറ്റു ചിലപ്പോള്‍ അവഗണിച്ചും) മുതലാളിത്ത, വ്യക്തിമാഹാത്മ്യ വാദത്തിലേയ്ക്കു തിരിഞ്ഞു.

ജനുവരി 20നു ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന്‍റെ പിറ്റേന്ന് പ്രതിഷേധവുമായി തെരുവുകളിലേയ്ക്കിറങ്ങിയ ദശലക്ഷക്കണക്കിന് അമേരിക്കക്കാരോടൊപ്പം വിമന്‍സ് മാര്‍ച്ച് ഓണ്‍ വാഷിങ്ടണി’ല്‍ ചേരാന്‍ ചൈനയിലെ ഫെമിനിസ്റ്റ് സംഘടനയില്‍ നിന്നെത്തിയ അനേകം പ്രവര്‍ത്തകരില്‍ ഒരാളാണ് ലിങ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ ഒത്തു കൂടിയത്. ട്രംപിന്‍റെ നയങ്ങള്‍ അമേരിക്കയുടെ അതിര്‍ത്തികള്‍ക്കപ്പുറം അനുരണനങ്ങളുണ്ടാക്കുന്നുണ്ടെന്ന് ഉറപ്പാണ്: റിയാദ് മുതല്‍ കോപ്പന്‍ഹേഗന്‍ വരെ ലോകത്തെ വിവിധ നഗരങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അനേകം പേര്‍ അവരവരുടേതായ രീതികളില്‍ പ്രതിഷേധങ്ങള്‍ നടത്തി. പ്രതിഷേധങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്ന ചൈന അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ അമേരിക്കയില്‍ ജീവിക്കുന്ന ചൈനീസ് വംശജരെ സംബന്ധിച്ച് മാര്‍ച്ച് നല്ലൊരവസരമായിരുന്നു.

ട്രംപിന്‍റെ പ്രചാരണ കാലത്തെ വാചകമടിയെ പല ചൈനീസ് ഫെമിനിസ്റ്റ് പ്രവര്‍ത്തകരും വളരെ വ്യക്തിപരമായാണ് എടുത്തിരിക്കുന്നതെന്നു കാണാം. അങ്ങേയറ്റം സെക്സിസ്റ്റുകളായ പുരുഷന്മാരെ സൂചിപ്പിക്കുന്ന ചൈനീസ് പ്രയോഗമായ “straight man cancer” എന്നതിന്‍റെ ബാക്കിയായാണ് അവര്‍ അതിനെ കാണുന്നത്. ചൈനയില്‍ സെക്സിസ്റ്റ് മനോഭാവം വ്യാപകവും അതുപോലെ തന്നെ എതിര്‍ക്കപ്പെടുന്നതുമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പ്രമുഖ ഫെമിനിസ്റ്റായ ജങ് ഷുറന്‍ ട്വിറ്ററില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു: ക്യാമറയിലേയ്ക്ക് തറപ്പിച്ചു നോക്കുന്ന ഷുറന്‍, കയ്യിലെ പ്ലക്കാര്‍ഡില്‍ “ഫെമിനിസ്റ്റുകള്‍ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്” എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നു. “ഞങ്ങള്‍ ഇങ്ങ് ദൂരെ ചൈനയിലാണെങ്കിലും ട്രംപ്, നിങ്ങള്‍ സ്ഥിരമായി ലിംഗ വിവേചനപരമായ നടപടികളില്‍ ഏര്‍പ്പെടുന്നുവെന്ന് ന്യൂസ് റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്,” ജങ് WeChatല്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ പറയുന്നു. “കാന്‍സര്‍ ബാധിച്ച കോശങ്ങളെന്ന പോലെ “straight man cancer” എല്ലായിടത്തും പരന്ന് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കുകയും സാമൂഹ്യ സമത്വത്തിന് തുരങ്കം വയ്ക്കുകയും ചെയ്യുന്നു. സര്‍വ്വവ്യാപിയാണ് ഈ മനോഭാവം.”

പുരുഷാധിപത്യ അധികാരവ്യവസ്ഥയുടെ അപകടങ്ങള്‍ ജങിന് നല്ല പോലെ അറിയാമായിരുന്നു: കഴിഞ്ഞ വര്‍ഷം അവരെയും വേറെ നാല് പ്രധാന ഫെമിനിസ്റ്റ് നേതാക്കളെയും മാസങ്ങളോളം തടവിലാക്കിയിരുന്നു. പിന്നീട് ‘ഫെമിനിസ്റ്റ് ഫൈവ്’ എന്നറിയപ്പെട്ട ഇവരെ അന്താരാഷ്ട്ര തലത്തിലുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് വിട്ടയച്ചത്. (ഇവരിലാരും വിമന്‍സ് മാര്‍ച്ചില്‍ പങ്കെടുത്തില്ല.)

യുണൈറ്റഡ് സ്റ്റേറ്റ്സില്‍ താമസിക്കുന്ന മുപ്പതിലധികം ചൈനീസ് സ്ത്രീകള്‍ ചൈനയില്‍ വന്‍തോതില്‍ പ്രചാരത്തിലുള്ള സോഷ്യല്‍ മീഡിയ ആപ്പായ WeChat വഴി സംഘടിക്കുകയും യു‌എസ് തലസ്ഥാനത്തേയ്ക്ക് എത്തിച്ചേരുകയും ചെയ്തു. അവരില്‍ മിക്കവരും തന്നെ അതിനു മുന്‍പ് തമ്മില്‍ കണ്ടിട്ടില്ല. പക്ഷേ അവര്‍ ഒരേപോലുള്ള ടീഷര്‍ട്ട് ധരിച്ചിരുന്നു. അതില്‍ വലിയ ചൈനീസ് അക്ഷരങ്ങളില്‍ “ഒരു ഫെമിനിസ്റ്റിനെ കണ്ടാല്‍ ഇങ്ങനെയിരിക്കും” എന്നെഴുതിയിരുന്നു.

“ഇതുപോലെ ഒരു അനുഭവം എനിക്കു മുന്‍പുണ്ടായിട്ടില്ല,” 29കാരിയും PhD വിദ്യാര്‍ത്ഥിനിയുമായ ഹുവാങ് യുഹാന്‍ പറഞ്ഞു. ഇന്‍ഡ്യാനയില്‍ നിന്നെത്തിയ ഹുവാങ് അവിടെ സാംസ്കാരിക വിപ്ലവത്തിലെ പോപ്പ് സംസ്കാരത്തിന്‍റെ പ്രാതിനിധ്യത്തെ പറ്റി ഗവേഷണം നടത്തുന്നു. സ്ത്രീകളുടെ പ്രത്യുല്‍പ്പാദനപരമായ അവകാശങ്ങള്‍ നേരിടുന്ന അമേരിക്കന്‍ ഭീഷണികളെ കുറിച്ച് അവിടെ നിന്നാണ് താന്‍ ശരിക്ക് അറിഞ്ഞതെന്ന് അവര്‍ പറയുന്നു. ചൈനയിലും സ്ത്രീശരീരങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നുണ്ട്, അതുപക്ഷേ തികച്ചും വിപരീത ദിശയിലാണെന്നു മാത്രം. ചൈനയില്‍ ‘ദമ്പതികള്‍ക്ക് ഒരു കുട്ടി’ എന്ന നയത്തിന്‍റെ ഭാഗമായി കോടിക്കണക്കിനു സ്ത്രീകളുടെ ശരീരത്തില്‍ നിര്‍ബന്ധമായി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നിക്ഷേപിച്ചിരുന്നു. ആ നയം ഉപേക്ഷിച്ചതോടെ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഇവ സൌജന്യമായി നീക്കം ചെയ്തു തരാമെന്നു ഗവണ്‍മെന്‍റിന്‍റെ വാഗ്ദാനം ചെയ്തു. ബലമായി ഗര്‍ഭനിരോധനം നടത്തിയതില്‍ പരസ്യമായ ക്ഷമാപണം പോലുമില്ലാതെ വന്ന ഈ വാഗ്ദാനത്തെ അനേകം സ്ത്രീകള്‍ അപലപിച്ചു.

ആദ്യമായി വലിയ തോതില്‍ നടത്തപ്പെടുന്ന ഒരു പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിന്‍റെ ആവേശവും അതിലൂടെ ലഭിക്കുന്ന വൈകാരിക സമാശ്വാസവുമാണ് ഹുവാങിനെ ഇവിടെയെത്തിച്ചത്. “ഇത്ര വലിയ ആള്‍ക്കൂട്ടത്തില്‍ കൂടുന്ന അനുഭവം എങ്ങനെയായിരിക്കും എന്നറിയാനാണ് ഞാന്‍ വന്നിരിക്കുന്നത്. ചൈനയില്‍ ഇങ്ങനെയുള്ള പ്രതിഷേധങ്ങള്‍ അധികമില്ല.”

“ഗര്‍ഭഛിദ്രം നിയമവിധേയമാക്കുക” എന്ന സൈന്‍ബോര്‍ഡുമായി തടിച്ചു കൂടിയ സ്ത്രീകളെ കണ്ടപ്പോള്‍ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെ വിമന്‍സ് സ്റ്റഡീസ് & ഹിസ്റ്ററി പ്രൊഫസറായ വാങ് ജങ് തന്‍റെ ചെറുപ്പകാലത്തെ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിച്ചു. ഇപ്പോള്‍ അറുപതുകളിലെത്തിയ വാങ് ജങ് അവസാനമായി പങ്കെടുത്ത പ്രകടനം നിയമാനുസൃതമായ ഗര്‍ഭച്ഛിദ്രത്തിനു വേണ്ടി 1980കളില്‍ ലോസ് ഏഞ്ചലസില്‍ നടന്ന റാലിയാണ്. അന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിനെ വച്ചു നോക്കുമ്പോള്‍ ചൈന സമത്വവാദത്തിന്‍റെ പ്രതീകമായി തോന്നിയിരുന്നു എന്ന് അവര്‍ പറയുന്നു. “ഞങ്ങളുടെ തലമുറയില്‍ എല്ലാവരും തന്നെ ഫെമിനിസ്റ്റുകളായിരുന്നു. മറ്റേണിറ്റി ലീവ് പോലുമില്ലാതിരുന്ന അമേരിക്കന്‍ വനിതകളോട് എനിക്ക് എന്നും സഹതാപമായിരുന്നു,” അവര്‍ ഓര്‍മ്മിക്കുന്നു.

സോഷ്യലിസ്റ്റ് ചൈനയില്‍ വളര്‍ന്ന താന്‍ ലിംഗ സമത്വം വളരെ സ്വഭാവികമാണെന്നു കരുതിയിരുന്നു. പക്ഷേ അവിടെ പിന്നീട് അതിന്‍റെ അധഃപതനം കണ്ട് ദുഃഖിച്ചിട്ടുണ്ട്. മറ്റു ചില ചൈനീസ് ആക്റ്റിവിസ്റ്റുകള്‍ പറയുന്നതനുസരിച്ച് സ്ത്രീകളെ ജോലിക്കെടുക്കുന്നതില്‍ ബീജിങ്ങിന് വലിയ താല്‍പ്പര്യമില്ല. ‘Neo-Confucian’ രീതിയിലുള്ള കുടുംബ സങ്കല്‍പ്പത്തിലേയ്ക്ക് മടങ്ങാന്‍ കൂടുതല്‍ പേര്‍ താല്‍പ്പര്യപ്പെടുന്നു. 27 വയസ്സിനു മുകളിലുള്ള അവിവാഹികളായ സ്ത്രീകള്‍ “ബാക്കി വന്നവര്‍” ആണെന്ന പൊതു മനോഭാവം ഇതാണു കാണിക്കുന്നത്.

ചൈനീസ് ഫെമിനിസ്റ്റുകള്‍ നേരിടുന്ന കര്‍ക്കശമായ ഇടപെടലുകളും ലിംഗപരമായ വേര്‍തിരിവുകളെ ശക്തിപ്പെടുത്താനുള്ള സ്റ്റേറ്റിന്‍റെ ശ്രമങ്ങളും അമേരിക്കന്‍ ഫെമിനിസ്റ്റുകള്‍ക്കായി ചിലതു ചെയ്യാനുണ്ടെന്ന് വാങിനെയും കൂടെയുള്ളവരെയും ബോദ്ധ്യപ്പെടുത്തി.

ഇലക്ഷന്‍ കഴിഞ്ഞയുടനെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന, ഗ്രാഫിക് ഡിസൈനറായ ലീയു ഷിന്‍റോങ് (26) ഫേസ്ബുക്കിലെ ഒരു ചൈനീസ് ഫെമിനിസ്റ്റ് പേജില്‍ “ട്രംപിന്‍റെ വിജയത്തിന്‍റെ ആഘാതത്തിലുള്ള എല്ലാ ഫെമിനിസ്റ്റുകള്‍ക്കും” എന്ന തലക്കെട്ടില്‍ ഒരു കുറിപ്പിടാന്‍ സഹായിച്ചു. അതില്‍ “നിരാശ മൂലം പരസ്പരം എതിരിടാന്‍ ഇടയാകരുത്” എന്ന് അവരെ ഉപദേശിക്കുന്നു. മാര്‍ച്ചിന്‍റെ പിറ്റേന്ന് പേജില്‍ പ്രത്യക്ഷപ്പെട്ട മെസ്സേജില്‍ പറയുന്നത് “കറുപ്പും തവിട്ടും നിറങ്ങളുള്ള മനോഹരമായ ശബ്ദങ്ങള്‍ക്ക് ശക്തി പകരാന്‍ ചൈനീസ് ഫെമിനിസ്റ്റുകള്‍ തെരുവിലേയ്ക്കിറങ്ങി” എന്നാണ്.

“ഡി‌സിയിലായിരിക്കുന്നത് ഭാഗ്യമായി തോന്നി. ചൈനയില്‍ മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കുറിച്ചോര്‍ക്കൂ- അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്,” ലീയു ഫോറിന്‍ പോളിസിയോടു പറഞ്ഞു.

സംഘടിക്കാനുള്ള സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നീ ആശയങ്ങളുടെയൊന്നും ഭാരമില്ലാത്ത, അടിച്ചമര്‍ത്തുന്ന ഒരു ഗവണ്‍മെന്‍റിനോടു പൊരുതിയുള്ള അനുഭവത്തില്‍ നിന്ന് ചൈനീസ് ഫെമിനിസ്റ്റുകള്‍ അമേരിക്കന്‍ വായനക്കാരെ ഫേസ്ബുക്ക് വഴി ഉപദേശിച്ചത് ഇങ്ങനെയാണ്: “വ്യവസ്ഥിതി നിങ്ങള്‍ക്കായി സ്വയം മെച്ചപ്പെടുന്നതിനു വേണ്ടി കാത്തിരിക്കരുത്. നമുക്കു മുന്‍പില്‍ തകര്‍ക്കാനുള്ള മതിലുകളുണ്ട്.”

യുഎസ്സിലെ സമാനമനസ്കരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് വാഷിങ്ടണില്‍ എത്തിയതെങ്കിലും തങ്ങളുടെ പ്രസിഡന്‍റ് ഷി ജിന്‍പിങ് ഭരണകൂടത്തിനുള്ള സന്ദേശം കൂടിയാണ് അതെന്ന് അവര്‍ പറയുന്നു. “പൊതു സമാധാനം തകര്‍ക്കുന്നു” എന്നു പറഞ്ഞും ബസ്സുകളിലെയും സ്ത്രീകളുടെ ശുചിമുറികളിലെയും ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രചാരണത്തെ “വിധ്വംസകം” എന്നാരോപിച്ചും ‘ഫെമിനിസ്റ്റ് ഫൈവി’നെ തടവിലിട്ടത് അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റാണ്. “മോശക്കാരായ ചൈനീസ് സ്ത്രീകള്‍ പറയുന്നു, അരുത്!” എന്നും “മി. പ്രസിഡന്‍റ്, സ്ത്രീവിദ്വേഷവും സെക്സിസവും രോഗമാണ്, ഫെമിനിസമാണ് നിങ്ങള്‍ക്കുള്ള ചികില്‍സ” എന്നുമെഴുതിയ വര്‍ണ്ണശബളമായ ബാനറുകള്‍ പിടിച്ച് ട്രംപ് ഇന്‍റര്‍നാഷണല്‍ ഹോട്ടലിനു മുന്‍പില്‍ നില്‍ക്കുന്ന ഗ്രൂപ്പിന്‍റെ ചിത്രങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പ്രചരിക്കപ്പെട്ടു.

വിദേശത്തെ വാസം ഒരു “ഫെമിനിസ്റ്റ് ഉണര്‍വ്വാ”യിരുന്നു എന്നാണ് ലീയു പറയുന്നത്. വിയോജിപ്പിനെ ഒരു കുറ്റമായി കാണാത്ത രാജ്യത്ത് ഏഷ്യന്‍, സ്ത്രീ, queer തുടങ്ങി സ്വന്തം വ്യക്തിത്വത്തിന്‍റെ പല തലങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സാധിക്കുന്നു. ചൈനയിലെ സ്ത്രീകളുടെ മുന്നേറ്റങ്ങളെ വിദേശ ഇടപെടലുകളും “ബാഹ്യശക്തികളും” മൂലമെന്നു പറഞ്ഞ് എതിരാളികള്‍ പലപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ആഗോളതലത്തില്‍ മനസിലാക്കപ്പെടേണ്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒന്നായി ഫെമിനിസത്തെ ലീയു കാണുന്നു. “ജനാധിപത്യം പടിഞ്ഞാറിന്‍റെ രോഗമാണ്- അവരുടെ ആശയപ്രചാരണ ഭാഷയാണത് എന്നാണ് അവര്‍ എപ്പോഴും പറഞ്ഞത്,” ചൈനീസ് നേതൃത്വത്തെ പറ്റി ലീയു പറഞ്ഞു. “പക്ഷേ ഞങ്ങള്‍ ഫെമിനിസത്തെ പടിഞ്ഞാറന്‍ പദമായി കാണുന്നില്ല.”

ഡി‌സിയുടെ പ്രാന്തപ്രദേശത്തെ ഒരു ചീസ്കേക്ക് ഫാക്റ്ററിയിലാണ് ആ രാത്രി അവസാനിച്ചത്. മധുരത്തിനും കയ്യടികള്‍ക്കുമിടയില്‍ കൊളംബിയയിലെ വിസിറ്റിങ് സ്കോളറായ ലു പിന്‍ എഴുന്നേറ്റു നിന്ന് ചൈനീസ് ഫെമിനിസ്റ്റ് കളക്റ്റീവ് എന്ന, യു‌എസ് ആസ്ഥാനമാക്കിയുള്ള പുതിയ NGOയുടെ തുടക്കം പ്രഖ്യാപിച്ചു. ആയിടെയാണ് അതിന്‍റെ നിയമനടപടികള്‍ പൂര്‍ത്തിയായത്. അടുത്ത തലമുറയിലെ ചൈനീസ് ആക്റ്റിവിസ്റ്റുകളെ പിന്തുണയ്ക്കുന്ന ഒരു നെറ്റ്വര്‍ക്ക് ആയും ചൈനയിലെ ആക്റ്റിവിസ്റ്റുകള്‍ക്ക് ഒരു ലോഞ്ചിങ് പാഡ് എന്ന രീതിയിലുമാണ് ലു പിന്‍ അതിനെ കാണുന്നത്.

“പുതിയ മുന്‍നിര പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കണം. ജീവിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിലാണെങ്കിലും ചൈനീസ് ഫെമിനിസത്തിന് സംഭാവനകള്‍ നല്‍കാന്‍ നമുക്കാകും: ഇവിടെ സ്വതന്ത്രമായി ചര്‍ച്ച ചെയ്യാന്‍ നമുക്കു കഴിയുന്ന വിഷയങ്ങളെ പറ്റി ചൈനയില്‍ സംസാരിക്കാന്‍ പറ്റിയേക്കില്ല,” ലു പറഞ്ഞു. 328,000ത്തിലധികം ചൈനീസ് വംശജര്‍ ഇപ്പോള്‍ യുഎസ്സില്‍ പഠിക്കുന്നുണ്ട്. തിരികെ ചെല്ലുമ്പോള്‍ ഫെമിനിസ്റ്റ് ആശയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഇവിടെ നിന്നുള്ള അനുഭവങ്ങള്‍ ചിലരെയെങ്കിലും പ്രചോദിപ്പിക്കുമെന്ന് ലു പ്രത്യാശ പ്രകടിപ്പിച്ചു.

ഒപ്പം തങ്ങള്‍ മനസിലാക്കിയ കാര്യങ്ങള്‍ അമേരിക്കയില്‍ നിന്നുള്ളവരുമായി പങ്കു വയ്ക്കാമെന്നു പ്രതീക്ഷിക്കുന്നതായും ലു പറഞ്ഞു.

“കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂന്നിയാണ് ചൈനീസ് ഫെമിനിസം മുന്നോട്ടു പോയിട്ടുള്ളത്. സ്വേച്ഛാധിപത്യത്തെ എങ്ങനെ നേരിടണമെന്ന് ചൈനക്കാര്‍ക്ക് നന്നായറിയാം,” അവര്‍ പറഞ്ഞു.

 

Share on

മറ്റുവാര്‍ത്തകള്‍