UPDATES

സിനിമ

ഒരു റീമേക്ക് കാണുന്ന ചെടിപ്പില്ല; വിശാലിന്റെ അയോഗ്യ കിടിലം

വെങ്കട്ട് മോഹൻ എന്ന സംവിധായകനിൽ നിന്നും കൂടുതൽ കാത്തിരിക്കാം

ശൈലന്‍

ശൈലന്‍

                       

തലേന്ന് ടിവിയിൽ കണ്ട് പഴകിയ വാർത്ത പിറ്റേന്ന് ന്യൂസ് പേപ്പറിൽ വായിക്കുമ്പോൾ ഉണ്ടാകുന്ന ചെടിപ്പ് ആണ് മിക്ക റീമേക്ക് സിനിമകളും സമ്മാനിക്കാറുള്ളത്. അതിനിയിപ്പോ ഒരു ഭാഷയിൽ എത്ര വമ്പൻ ഹിറ്റായിരുന്നാലും ശരി റീമേക്ക് വേർഷനുകൾക്ക് ഒറിജിനൽ സൃഷ്ടിച്ച ത്രിൽ അന്യമാവാറാണ് പതിവ്. അപൂർവത്തിൽ അപൂർവമായി മാത്രമേ മറിച്ചൊരു അനുഭവം ഉണ്ടാവാറുള്ളൂ. വിശാൽ നായകനായി എത്തിയിരുന്ന അയോഗ്യ അത്തരത്തിൽ ഒരു പുനരാഖ്യാനമാണ്.

2015 ൽ ആണ് തെലുങ്കിൽ ജൂനിയർ എൻ ടി ആറിന്റെ ടെംപർ പുറത്തുവന്നു ബോക്സ്ഓഫീസിൽ ബ്ലോക്ക് ബസ്റ്ററാകുന്നത്. പുരി ജഗന്നാഥ് ആയിരുന്നു സംവിധാനം. അപ്പീലില്ലാത്ത വിധം മാസ് എന്റര്‍ടെയിനര്‍ ആയ ടെംപർ തെന്നിന്ത്യയിൽ മൊബൈൽ ഫോണുള്ള സിനിമാപ്രേമികളെല്ലാം സബ് ടൈറ്റിലോടെ യൂടൂബിൽ പലവട്ടം കണ്ട് അര്‍മാദിച്ചതാവും. അത്തരമൊരു സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്ത് കൊണ്ടുവരാൻ വിശാലിനെന്താ പ്രാന്താണോ എന്ന് ആത്മാർഥമായി ചിന്തിച്ചു കൊണ്ടാണ് അയോഗ്യ കാണാൻ കയറിയത്.

സത്യം പറയാലോ, ഞെട്ടിച്ചുകളഞ്ഞു. പുരി ജഗന്നാഥ-എൻ ടി ആർ ടീമിന്റെ ടെംപറിനെക്കാൾ പല പടി മേലെയാണ് വിശാൽ-വെങ്കട്ട് മോഹൻ ടീമിന്റെ അയോഗ്യ. ഹിറ്റായ സ്ക്രിപ്റ്റിനെ അതേ പടി ഈച്ചകോപ്പി അടിക്കുന്നതിനുപകരം അതിൽ നന്നായി പണിത് ഒരു ക്ലാസ് ഫ്ലേവർ കൊടുക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു.

എ ആർ മുരുഗദോസിന്റെ ശിഷ്യൻ ആണ് വെങ്കട്ട്മോഹൻ. മൂപ്പര് ആദ്യമായി ആണ് സ്വാതന്ത്ര സംവിധായകൻ ആവുന്നത്. തന്റെയൊരു ക്ലാസും കയ്യൊപ്പും ആദ്യസൃഷ്ടിയിൽ ഉണ്ടാവണമെന്ന ബോധപൂർവമായ ശ്രമം അയോഗ്യയുടെ റിസൽറ്റിൽ കാണാം. ഇൻസ്‌പെക്ടർ കർണൻ എന്ന കേന്ദ്ര കഥാപാത്രത്തെ ഒറിജിനലിൽ നിന്നും പല മടങ്ങായി പൊലിപ്പിക്കാൻ പാത്രസൃഷ്ടിയുടെ ഓരോ ഘട്ടത്തിലും എഴുത്തുകാരൻ കൂടിയായ സംവിധായകൻ സപ്പോർട്ടിംഗ് ക്യാരക്ടറുകളെയും സംഭവവികാസങ്ങളെയും വിദഗ്ദമായി വാരി വിന്യസിച്ചിരിക്കുന്നു.

നടികർ സംഘത്തിന്റെയും പ്രൊഡ്യൂസേഴ്സ് കൗണ്സിലിന്റെയും ഒക്കെ നേതാവായ ശേഷം റോളുകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പക്വത കാണിക്കുന്ന ആളാണ് വിശാൽ. അയോഗ്യയിലെ കർണൻ വിശാലിന്റെ കരിയർ ബെസ്റ്റുകളിൽ ഒന്നാണ്. പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് വിശാലിന്റെ പെര്‍ഫോമൻസും ഒറിജിനലിനെ പൊളിച്ച് കഞ്ഞി വെക്കുന്ന ക്ളൈമാക്‌സും ആണ്. ടെംപറിന്റെ ക്ളൈമാക്‌സ് പക്കാമാസ് ആയിരുന്നെങ്കിൽ അയോഗ്യയുടെ ക്ളൈമാക്‌സ് മാസും ഒപ്പം ക്ലാസും ആണ്. നല്ല സിനിമ ആഗ്രഹിക്കുന്ന ഒരു മികച്ച നടന് മാത്രമേ ഇത്തരം ഒരു ക്ളൈമാക്സിനു സമ്മതം മൂളാൻ കഴിയൂ. വിശാലിന്റെ ചങ്കുറപ്പിനും നട്ടെല്ലിനും വേറെ ഉദാഹരണം തേടി പോവേണ്ടതില്ല.

രാശി ഖന്നയാണ് നായിക. കാജൽ അഗർവാൾ തെലുങ്കിൽ ചെയ്ത അതേ ഐറ്റം ഐ കാൻഡി ഹീറോയിൻ. വില്ലൻ ഈസിആർ കാളിരാജൻ ആയി ആർ പാർത്ഥിപൻ ആണ്. ഒട്ടും പോര വില്ലനിസം. പ്രകാശ് രാജിന്റെ ഒറിജിനലുമായി തട്ടിച്ച് നോക്കുമ്പോൾ പ്രത്യേകിച്ചും. സാന്നിധ്യം തെളിയിക്കുന്ന മറ്റൊരാൾ യോഗി ബാബു ആണ്.

നല്ല സിനിമ കണ്ടു മനസ് നിറഞ്ഞ ഒരനുഭവം അയോഗ്യ തീർന്ന് പുറത്തിറങ്ങുമ്പോൾ ഉള്ളിൽ ബാക്കിയാവുന്നുണ്ട്. വെങ്കട്ട് മോഹൻ എന്ന സംവിധായകനിൽ നിന്നും കൂടുതൽ കാത്തിരിക്കാം എന്ന പ്രതീക്ഷയും ഒപ്പമുണ്ട്.

Read More: ബിജെപി ‘ഹിറ്റ് ലിസ്റ്റ്’ തയ്യാറാകുന്നു: ലക്ഷ്യങ്ങളിൽ മമതയും കെജ്രിവാളും മുതൽ പിണറായി വരെ

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

Share on

മറ്റുവാര്‍ത്തകള്‍