2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ മലയാള സിനിമ വ്യവസായം സാമ്പത്തികമായി വലിയ മുന്നേറ്റത്തിലായിരുന്നു. നോട്ട് നിരോധന പ്രഖ്യാപനത്തിന് ഒരു മാസം മുമ്പാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ തീയറ്ററുകളിലെത്തിയത്. ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. ഈ അവസ്ഥയില്‍ നിന്ന് നോട്ട് അസാധുവാക്കല്‍ നടപടി എന്ത് മാറ്റമുണ്ടാക്കി എന്നാണ് പരിശോധിക്കപ്പെടേണ്ടത് എന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
ഷൂട്ടിംഗ് സെറ്റുകളിലെ ദൈനംദിന ചിലവുകളും ദിവസക്കൂലിക്കാരുടെ വേതനവുമെല്ലാം കറന്‍സി നോട്ടുകളായി തന്നെയാണ് മുമ്പ് കൊടുത്തിരുന്നത്. നോട്ട് നിരോധനം പെട്ടെന്ന് ഇതിനെ ചെക്കിലേക്ക് മാറ്റിയത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇപ്പോള്‍ 5000 രൂപയ്ക്ക് മുകളിലുള്ള തുകയെല്ലാം ചെക്കായാണ് കൊടുക്കുന്നത്. തുടക്കത്തിലെ ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ ഉണ്ട് എന്ന് പറയാനാവില്ലെങ്കിലും സിനിമ വ്യവസായം നേരത്തെ നേരിട്ടിരുന്ന പ്രതിസന്ധികളില്‍ കുറവൊന്നും ഉണ്ടായിട്ടില്ല.
നോട്ട് നിരോധനത്തിന് ശേഷം പുതിയ നിര്‍മ്മാതാക്കള്‍ സിനിമാരംഗത്തേക്ക് വരാന്‍ മടിക്കുകയാണ്. നേരത്തെ ഗള്‍ഫിലും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുമുള്ളവര്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായി വന്നിരുന്നു. ഇപ്പോള്‍ അത് കാര്യമായി കുറഞ്ഞിരിക്കുന്നു. തീയറ്ററുകളില്‍ നിന്നുള്ള കളക്ഷന്‍ കണക്കുകള്‍ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി പെരുപ്പിച്ച് കാട്ടുന്നുണ്ട്. യാഥാര്‍ത്ഥ്യം മനസിലാക്കുന്ന നിര്‍മ്മാതാക്കളില്‍ മിക്കവരും സിനിമകളെടുക്കാന്‍ തയ്യാറല്ല. സിനിമയെടുക്കാന്‍ തയ്യാറായി വരുന്നവര്‍ തന്നെ ചെറിയ ബജറ്റ് ചിത്രങ്ങള്‍ക്കാണ് ശ്രമിക്കുന്നത്.